ADVERTISEMENT

ശ്രീലങ്കൻ സ്ഫോടന പരമ്പരയുടെ ഉത്തരവാദിത്വം ഐഎസ് ഭീകരർ ഏറ്റെടുത്തിരുന്നു. ആക്രമണം നടത്തിയവരെന്ന് അവകാശപ്പെട്ട് എട്ടു പേര്‍ അടങ്ങിയ ചിത്രവും ഐഎസ് പുറത്തുവിട്ടിരുന്നു. ശ്രീലങ്കയിലെ  ചാവേറുകളെ ബന്ധപ്പെടാനും സ്ഫോടനം ആസൂത്രണം ചെയ്യാനും ചില രഹസ്യ ആപ്പുകളും ഓൺലൈൻ സേവനങ്ങളുമാണ് ഐഎസ് ഉപയോഗിച്ചതെന്നാണ് അറിയുന്നത്. സ്ഫോടനം സംബന്ധിച്ചുള്ള ഓരോ നീക്കങ്ങളും അവർ ടെലഗ്രാം പോലുള്ള ആപ്പുകൾ ഉപയോഗിച്ചാണ് കൈമാറിയിരുന്നത്. വിവിധ പേരുകളിലായി ഐഎസിന്റെ നിരവധി ഗ്രൂപ്പുകൾ ടെലഗ്രാമിലുണ്ട്. ഈ ഗ്രൂപ്പുകളിലെല്ലാം ഇത്തരം ആക്രമണങ്ങളെ കുറിച്ചാണ് ചർച്ച നടക്കുന്നത്. ശ്രീലങ്കയിലെ സ്ഫോടനത്തിന്റെ വിഡിയോ സന്ദേശങ്ങൾ മലയാളം, തമിഴ് ഉള്‍പ്പടെയുള്ള ഭാഷകളി‍ൽ ഐഎസിന്റെ ടെലഗ്രാം ഗ്രൂപ്പുകളിലൂടെ പ്രചരിക്കുന്നുണ്ട്. ടെലഗ്രാം കേന്ദ്രീകരിച്ചാണ് ഐഎസ് വിവിധ രാജ്യങ്ങളിലെ അണികളെ നിയന്ത്രിക്കുന്നത്. ഐഎസിലേക്ക് റിക്രൂട്ടിങ് നടക്കുന്നതും ഇത്തരം ഗ്രൂപ്പുകൾ കേന്ദ്രീകരിച്ചാണ്. നിരവധി മലയാളികൾ ഐഎസിന്റെ ടെലഗ്രാം ഗ്രൂപ്പുകളിൽ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

 

ഭീകരവാദികളുടെ സംഘടനയായ ഐഎസ് ടെക്‌നോളജി ഉപയോഗിക്കുന്നതില്‍ നേരത്തെയും മിടുക്കു കാണിച്ചവരാണ്. ടെക്‌നോളജി കമ്പനികള്‍ അതീവജാഗ്രത പുലര്‍ത്തേണ്ട കാലമാണിത്. കാരണം സാങ്കേതികവിദ്യ ഒരു ഇരുമുഖ നാണയമാണ്. സാധാരണക്കാരില്‍ താത്പര്യമുണര്‍ത്തുന്ന അതേ കാര്യങ്ങള്‍ തന്നെയാണ് ഐഎസ് (ISIS) തുടങ്ങിയ ഭീകരവാദ സംഘടനകളെയും ആകര്‍ഷിക്കുന്നത്. 

 

സാങ്കേതികവിദ്യയുടെ ചിറകിലേറി അവരുടെ ആശയങ്ങള്‍ ലോകമെമ്പാടും പ്രചരിപ്പിക്കുന്നതില്‍ അതീവ വ്യഗ്രത കാണിക്കുന്ന ഗ്രൂപ്പാണ് ഐഎസ്. സ്ട്രീമിങ്, ഫയല്‍ ഷെയറിങ്, മെസഞ്ചര്‍ ആപ്പുകള്‍ സമൂഹമാധ്യമ സേവനങ്ങള്‍ എന്നിവയെല്ലാം യഥേഷ്ടം ഉപയോഗിച്ചാണ് അവരുടെ മുന്നേറ്റം. പല ടെക്‌നോളജി കമ്പനികളും ഇതറിഞ്ഞു പ്രവര്‍ത്തിക്കുന്നുണ്ടെന്ന കാര്യവും വിസ്മരിക്കാന്‍ വയ്യ. ഫെയ്‌സ്ബുക്, ട്വിറ്റര്‍ യുട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകള്‍ ഐഎസിന് അവസരം നല്‍കാറില്ല. അവരുടെ കണ്ടെന്റ് ഉണ്ടെന്നറിഞ്ഞാല്‍ പുകച്ചു ചാടിക്കുന്നതില്‍ ഒരു ദാക്ഷിണ്യവും കാണിക്കാറുമില്ല. ഇതിനാല്‍ തന്നെ അവര്‍ അധികം അറിയാത്ത ആപ്പുകളിലേക്ക് ചേക്കേറിയാണ് പ്രചാരണ നടപടികള്‍ തുടരുന്നത്. 

 

ടെലഗ്രാം

 

ടെലഗ്രാം (Telegram) ആണ് ഐഎസിന്റെ പ്രധാന മെസേജിങ് ആപ്പ്. ഇതിലൂടെയാണ് മീഡിയ ഫയലുകള്‍ വിതരണം നടത്തുന്നത്. ഐഎസിന് പലപ്പോഴും വെബ് പേജുകളും ബ്ലോഗുകളും ടംബ്ലറിലും വേഡ്പ്രസിലും തുടങ്ങിയിട്ടുണ്ട്. ഇവയാണ് ഐഎസിന്റെ പ്രചാരണത്തിന് ഉത്തമമായ പ്ലാറ്റ്‌ഫോമുകള്‍. ടെലഗ്രാമില്‍ അയയ്ക്കുന്ന പ്രചാരണ മെസേജുകൾ എടുത്ത് എളുപ്പത്തില്‍ ഇവിടെ അപ്‌ലോഡ് ചെയ്യാമെന്ന ഗുണവുമുണ്ട്. നല്ല രീതിയില്‍ പേജുകള്‍ രൂപകല്‍പന ചെയ്യുകയുമാകാം. 2018ല്‍ ഐഎസിന്റെ അമാഖ് (Amaq) ന്യൂസ് ഏജന്‍സി സര്‍വ്വശക്തിയും ഉപയോഗിച്ച് ഈ വെബ് പേജുകള്‍ സംരക്ഷിക്കാന്‍ ശ്രമിച്ചിരുന്നു. ഡിഡിഒഎസ് ആക്രമണങ്ങളെ തകര്‍ക്കാന്‍ ക്ലൗഡ്ഫ്‌ളെയറിന്റെ സേവനം തേടിയിരുന്നു. ബ്രൗസര്‍ എക്‌സ്റ്റെന്‍ഷനുകള്‍ ഉപയോഗിച്ച് പുതിയ യുആര്‍എല്ലുകള്‍ നിര്‍മിച്ചു നല്‍കുകയും ചെയ്തു. എന്നാല്‍ ഈ പ്രതിരോധങ്ങളെല്ലാം ഹാക്കര്‍മാര്‍ തകര്‍ത്തെറിഞ്ഞ് അവരെ കെട്ടുകെട്ടിച്ചു. ഇതിനു ശേഷം പുതിയ മെസഞ്ചര്‍ ആപ്പുകളിലായി അവരുടെ കണ്ണ്. സോഷ്യല്‍ മീഡിയ പോലെ സൃഷ്ടിച്ച ചാറ്റ് ഗ്രൂപ്പുകളിലാണ് അവര്‍ പിന്നീട് ആകൃഷ്ടരായത്. 

 

റോക്കറ്റ്ചാറ്റ് (RocketChat)

isis

 

2018 മധ്യത്തില്‍ ഐഎസുമായി ബന്ധപ്പെട്ട ഗ്രൂപ്പുകള്‍ ബിസിനസ് സ്ഥാപനങ്ങള്‍ക്കായി നടത്തുന്ന ഓപണ്‍ സോഴ്‌സ് മെസഞ്ചര്‍ സേവനമായ റോക്കറ്റ് ചാറ്റില്‍ കയറിക്കൂടി. മൊബൈലിലും ഡെസ്‌ക്ടോപ്പിലും ലഭ്യമാണിതെന്നത് അവര്‍ക്ക് കൂടുതല്‍ ആകര്‍ഷകമായിരുന്നു. ഏകദേശം ഒരു കോടി ഉപയോക്താക്കളാണ് ഇതിനുള്ളത്. ഐഎസിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന നാഷിര്‍ (Nashir) വാര്‍ത്താ ഏജന്‍സി തങ്ങളെ പിന്തുണയ്ക്കുന്നവരോട് ആപ്പില്‍ ചേരാന്‍ ആവശ്യപ്പെട്ടു. 'ദൈവഹിതം അനുകൂലമെങ്കില്‍ ഉള്ളടക്കം ടെലഗ്രാമില്‍ വരുന്നതിനു മുൻപ് റോക്കറ്റ്ചാറ്റില്‍ വരും,' ഇതായിരുന്നു നാഷിർ സന്ദേശം.

 

ഇതേസമയത്തു തന്നെ, പല ഐഎസ് അനുകൂല മീഡിയാ ഗ്രൂപ്പുകളും റോക്കറ്റ് ചാറ്റില്‍ ചേര്‍ന്നു പ്രചാരണം കൊഴുപ്പിച്ചു. ചിലര്‍ ഭീകരാക്രമണങ്ങള്‍ നടത്താനുള്ള ആഹ്വാനങ്ങള്‍ നടത്തിയെങ്കില്‍ മറ്റു ചിലര്‍ ടെലഗ്രാമിലെ മാതൃചാനലിലെ ഉള്ളടക്കം വീണ്ടും പോസ്റ്റു ചെയ്തു. ക്ഷണത്തില്‍ റോക്കറ്റ്ചാറ്റ് ഐഎസ് അനുകൂല ഖിലാഫാ (Khilafah) ന്യൂസ് അടക്കമുള്ള പലതും ഈ പ്ലാറ്റ്‌ഫോമില്‍ ലഭ്യമായി. ആക്രമണ ഗൈഡ് ആയ ജസ്റ്റ് ടെറര്‍, ഇംഗ്ലിഷ് ചാനലായ ഹലുമ്മു മുതല്‍ ഡീപ്-വെബ് ചര്‍ച്ചാവേദിയായ ഷുമുഖ്-അല്‍-ഇസ്‌ലാം (Shumukh al-Islam) തുടങ്ങിയവയും റോക്കറ്റ്ചാറ്റില്‍ കുടിയേറിക്കഴിഞ്ഞു. എങ്ങനെയാണ് റോക്കറ്റ്ചാറ്റ് ഉപയോഗിക്കേണ്ടത് എന്നതിനെക്കുറിച്ചുള്ള ഒരു ഗൈഡ് ടെക്സ്റ്റ് പോലും അവര്‍ ഇറക്കിയിട്ടുണ്ട്.

 

isis-

ഐഎസിന്റെ റോക്കറ്റ്ചാറ്റിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയപ്പോള്‍ മനസ്സിലായത് അമാഖ് വാര്‍ത്താ ഏജന്‍സിയാണ് ഇവിടെ ആദ്യം അക്കൗണ്ട് തുടങ്ങിയത് എന്നാണ്. ഇതില്‍ നിന്നു മനസ്സിലായത് ഐഎസിന്റെ സിരാകേന്ദ്രം തന്നെയാണ് റോക്കറ്റിലേക്കുള്ള കുടിയേറ്റത്തിനുള്ള ഉത്തരവിറക്കിയത് എന്നാണ്. ഇവിടെ അവര്‍ വളരുകയാണ്. ഈ വര്‍ഷം ജനുവരി എട്ടിലെ കണക്കു പ്രകാരം 700 ഉപയോക്താക്കള്‍ ഐഎസ് പ്രചാരകരായി ആപ്പിലുണ്ട്. 

 

യാഹൂ ടുഗതര്‍ (Yahoo Together)

 

യാഹു മെസഞ്ചറിനു പകരം അവതരിപ്പിച്ച മൊബൈലില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ആപ്പാണ് യാഹൂ ടുഗതര്‍. റോക്കറ്റ്ചാറ്റിലേക്കുള്ള കുടിയേറ്റ സമയത്തു തന്നെയാണ് യാഹുവിലേക്കും ഐസിസിന്റെ ആളുകള്‍ എത്തുന്നത്. റോക്കറ്റ് ചാറ്റ് ഉപയോഗിക്കുന്ന രീതിയില്‍ തന്നെയാണ് പ്രചാരണവേലയ്ക്കായി ഇതും പ്രയോജനപ്പെടുത്തുന്നത്.

 

വൈബര്‍ (Viber)

 

മറ്റൊരു തത്ക്ഷണ മെസേജിങ് പ്ലാറ്റ്‌ഫോമാണ് വൈബര്‍. ഐഎസും സമാന ചിന്താഗതിക്കാരും കുറച്ചു കാലമായി ഈ ആപ് ഉപയോഗിച്ചിരുന്നുവെങ്കിലും കഴിഞ്ഞ മാസമാണ് നാഷിര്‍ വാര്‍ത്താ ഏജന്‍സി വൈബറില്‍ പ്രവര്‍ത്തമാരംഭിക്കുന്ന കാര്യം ഐഎസ് അറിയിക്കുന്നത്. എന്നാല്‍, നാഷിറിന്റെ അക്കൗണ്ട് ഇപ്പോള്‍ കാണുന്നില്ല. വൈബർ ആപ് ശ്രീലങ്കയിലും സജീവമാണ്

 

ഡിസ്‌കോഡ് (Discord)

 

ഐസിസിന്റെ മാധ്യമവിഭാഗം നടത്തുന്ന നീക്കങ്ങള്‍ കൂടാതെ കടുത്ത ജിഹാദി വാദക്കാര്‍, ഓണ്‍ലൈന്‍ സാന്നിധ്യത്തിനായി അപ്രതീക്ഷിത നീക്കങ്ങള്‍ നടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്. അത്തരമൊന്നാണ് ഡിസ്‌കോഡ്. ഗെയിം കളികാരാണ് ഇത് കൂടുതലും ഉപയോഗിക്കുന്നത്. ഒരു കോടി മുപ്പതു ലക്ഷത്തോളം ഉപയോക്താക്കളാണ് ഇതിനുള്ളത്. ഡിസ്‌കോഡില്‍ ചാറ്റ് കമ്യൂണിറ്റികളെ വിളിക്കുന്നത് സെര്‍വറുകള്‍ എന്നാണ്.

 

ഐസിസുകാരുടെ ഒരു ഡിസ്‌കോര്‍ഡ് സെര്‍വറിന്റെ പേര് അല്‍ ബാഗ്ദാദി എന്നാണ്. വേറോന്ന് ഡൗളറ്റുളിസ്‌ലിബിക്കിയ (dawlatulislambiqiyah) ആണ്. ഇത് ഐഎസിന്റെ ഒരു മുദ്രാവക്യമാണ്. ന്യൂയോര്‍ക്ക്, പാരിസ്, ബാഴ്‌സലോണ തുടങ്ങിയ പാശ്ചാത്യ നഗരങ്ങളില്‍ ക്രിസ്മസ് ആഘോഷത്തിനിടയില്‍ ആക്രമണം നടത്തുന്ന കാര്യവും മറ്റും ഇവിടെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. റഷ്യന്‍, ജാപ്പനീസ് ഭാഷകളില്‍ പോലും ഇവിടെ ചര്‍ച്ചകള്‍ കൊഴുക്കുന്നു. ഇതെല്ലാം കുട്ടിക്കളിയാണെന്നു തോന്നാമെങ്കിലും ഇവിടെയാണ് ഐഎസിലേക്കുള്ള റിക്രൂട്ടിങ് നടക്കുന്നതെന്നും പറയുന്നു.

 

ഈ ആപ്പുകളുടെയെല്ലാം സഹായം തേടുന്നതോടെ ഐഎസിന്റെ പല സുരക്ഷാ ഭീഷണിയും അലിഞ്ഞില്ലാതാകുന്നു. ടെക് കമ്പനികളുടെ സാധാരണ ഉപയോക്താക്കള്‍ക്കൊപ്പം പതിയിരിക്കുമ്പോള്‍ അവരെ തിരിച്ചറിഞ്ഞു തുരത്തുക എളുപ്പമല്ല. റോക്കറ്റ്ചാറ്റും വൈബറും കണ്ടെന്റ് ഇഷ്ടാനുസരണം ഉപയോഗിക്കാനും സഹായകമാണ് എന്നതും ഐഎസിന് അവയെ ഇഷ്ടമാകാനുള്ള കാരണങ്ങളാണ്. ആപ്പുകളുടെ നിര്‍മാതാക്കള്‍ വേഗം പ്രതികരിക്കുമെന്ന പ്രതീക്ഷയിലാണ് പൊതുജനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com