ADVERTISEMENT

കോടിക്കണക്കിന് രൂപ മുടക്കി വാങ്ങിയ വാട്സാപ് ഫെയ്സ്ബുക്കിന് വൻ തലവേദനയാകുന്നുവെന്ന് കമ്പനി മേധാവി മാർക് സക്കർബർഗിന്റെ പ്രതികരണം. ലോകത്തെ ഏറ്റവും ജനപ്രിയ മെസേജിങ് ആപ്പായ വാട്സാപ് 1900 കോടി ഡോളറിനാണ് (ഏകദേശം 1.32 ലക്ഷം കോടി രൂപ) വാങ്ങിയത്. ഫെയ്സ്ബുക്കിന് ഭീഷണിയാകുമെന്ന് മുൻകൂട്ടി കണ്ടാണ് തിടുക്കത്തിൽ വാട്സാപ് വാങ്ങിയത്. എന്നാൽ വാട്സാപ് ലാഭകരമാക്കുന്ന കാര്യത്തിൽ ഫെയ്സ്ബുക്കും സക്കർബർഗും പരാജയപ്പെടുകയായിരുന്നു.

ഫെയ്സ്ബുക്കിന് ഇന്നും ഏറ്റവും വലിയ വെല്ലുവിളി വാട്സാപ് തന്നെയാണ്. കാര്യമായി വരുമാനമില്ലാത്ത വാട്സാപ് നിയന്ത്രിക്കാൻ കോടികളാണ് ഫെയ്സ്ബുക് ചെലവാക്കുന്നത്. വാട്സാപ് വഴിയുള്ള കേസുകളും കൂടി. ഇതെല്ലാം ഫെയ്സ്ബുക്കിന്റെ നിലനിൽപ്പിന‌ു തന്നെ ഭീഷണിയായി മാറിയെന്നാണ് സക്കർബർഗിന്റെ പ്രതികരണത്തിൽ നിന്നു മനസ്സിലാകുന്നത്.

വാട്‌സാപ്പിന്റെ ജനപ്രീതി കൂടിയതോടെ ഏറെ വരുമാനം ലഭിച്ചുക്കൊണ്ടിരുന്ന ഫെസ്ബുക്കില്‍ ജനങ്ങള്‍ ചിലവഴിക്കുന്ന സമയത്തില്‍ വലിയ ഇടിവുണ്ടായി. മിക്ക രാജ്യങ്ങളിലും വാട്സാപ്പാണ് കൂടുതൽ ഉപയോഗിക്കുന്ന ആപ്. പരസ്യങ്ങൾ നൽകാൻ കഴിയുന്ന ഫെയ്സ്ബുക് മെസഞ്ചർ ഉപയോഗിക്കുന്നവർ നന്നെ കുറവാണ്. ഇന്ത്യയിൽ വാട്സാപ് തന്നെയാണ് മുന്നിൽ നിൽക്കുന്നത്. ഇന്ത്യയിൽ ഫെയ്സ്ബുക്കിന്റെ നിലനിൽപ്പിനും വരുമാനത്തിനും ഏറ്റവും വലിയ വെല്ലുവിളി വാട്സാപ് തന്നൊണെന്നാണ് അനലിസ്റ്റിലുകളുടെ യോഗത്തില്‍ സക്കർബർഗ് പറഞ്ഞത്.

ഏറ്റെടുത്തതിന് ശേഷം കഴിഞ്ഞ അഞ്ച് വര്‍ഷമായി വാട്‌സാപ് നഷ്ടത്തിലാണ്. ഫെയ്സ്ബുക് ഏറ്റെടുത്തതിനു ശേഷം വാട്സാപ് ഏറെ പ്രചാരം നേടി. നിരവധി ഫീച്ചറുകൾ ഉൾപ്പെടുത്തി. ഉപയോക്താക്കളുടെ എണ്ണം കുത്തനെ കൂടി. എന്നാല്‍ വരുമാനം മാത്രം കൂടിയില്ല. മാത്രമല്ല ഫെയ്സ്ബുക്കിന്റെ വരുമാനത്തിൽ വൻ ഇടിവുണ്ടാക്കാൻ വാട്സാപ്പിനു സാധിക്കുകയും ചെയ്തു. വാട്സാപ്പിനെ എങ്ങനെ ലാഭത്തിലാക്കാമെന്നത് സംബന്ധിച്ച് ഫെയ്സ്ബുക്കിന് ഇപ്പോഴും വ്യക്തത ഇല്ലെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു.

ഫെയ്സ്ബുക്കിന്റെ പ്രധാന വിപണി ഇന്ത്യയാണ്. 30 കോടി പേരാണ് ഇന്ത്യയില്‍ ഫെയ്സ്ബുക് ഉപയോഗിക്കുന്നത്. എന്നാൽ ഇന്ത്യയിൽ 40 കോടി പേർ വാട്സാപ് ഉപയോഗിക്കുന്നുണ്ട്. വാട്സാപ് വഴി വരുമാനം കൊണ്ടുവരാൻ ചില നീക്കങ്ങൾ നടത്തിയെങ്കിലും വേണ്ടത്ര വിജയം കണ്ടില്ല. ഫെയ്സ്ബുക്കിന്റെ ഏറ്റവും വലിയ വരുമാന മാർഗം ന്യൂസ് ഫീഡുമായി ബന്ധപ്പെട്ടാണ്. എന്നാൽ വ്യാജ വാർത്തകളും വിവിധ രാജ്യങ്ങൾ കേന്ദ്രീകരിച്ചുള്ള നിയമനടപടികളും ഫെയ്സ്ബുക്കിന് വൻ തലവേദനയായിരിക്കുകയാണ്.

കലിഫോർണിയ കേന്ദ്രമായി പ്രവർത്തിക്കുന്ന ഫെയ്സ്ബുക്കിന്റെ 2019 വര്‍ഷത്തെ ആദ്യപാദത്തിലെ ലാഭം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പകുതിയായി കുറഞ്ഞു. ജനുവര‍ി മുതല്‍ മാർച്ച് വരെയുള്ള ആദ്യപാദത്തിലെ ലാഭം 2.43 ബില്ല്യണ്‍ കോടി ഡോളറാണ്. അതേസമയം, ഫെയ്സബുക്കിനെതിരെ 300 കോടി ഡോളറിന്റെ പിഴയാണ് അമേരിക്കയിൽ ചുമത്തിയിരിക്കുന്നത്. ആദ്യപാദത്തിൽ കമ്പനിയുടെ വരുമാനം 15.08 ബില്ല്യൻ ഡോളറാണ്. കഴിഞ്ഞ വർഷം ഇക്കാലയളവിൽ കമ്പനിയുടെ വരുമാനം 11.97 ബില്ല്യൻ ഡോളറായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com