sections
MORE

‘ഫെയ്സ്ബുക് വിഭജിച്ച് സക്കർബർഗിനെ പുറത്താക്കണം, ഉപയോക്താക്കളെ രക്ഷിക്കണം’

zuckerberg-
SHARE

പതിനഞ്ചു വര്‍ഷം മുൻപ് ഫെയ്‌സ്ബുക് തുടങ്ങാന്‍ സഹായിച്ച ക്രിസ് ഹ്യൂസ് കമ്പനിക്കും മേധാവി സക്കര്‍ബര്‍ഗിനുമെതിരെ അതിശക്തമായ വിമര്‍ശനവുമായി രംഗത്തു വന്നിരിക്കുകയാണ്. ക്ലിക്കുകകള്‍ക്കു വേണ്ടി മര്യാദയും സുരക്ഷയും ത്യജിച്ചിരിക്കുകയാണ് എന്നാണ് അദ്ദേഹം ന്യൂ യോര്‍ക്ക് പോസ്റ്റില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നത്. ഫെയ്‌സ്ബുക്കിനെ വിഭജിക്കണം എന്നും ഹ്യൂസ് ആവശ്യപ്പെടുന്നുണ്ട്. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഡോര്‍മിറ്ററിയില്‍ ഇരുവരും ഒരുമിച്ചിരിന്നാണ് 15 വര്‍ഷം മുൻപ് ഫെയ്‌സ്ബുക് ആദ്യമായി അവതരിപ്പിക്കുന്നത്. 34-വയസുകാരനായ സക്കര്‍ബര്‍ഗിനിപ്പോള്‍ ഫെയ്‌സ്ബുക് മേധാവി എന്ന നിലയില്‍ ആര്‍ക്കുമില്ലാത്തത്ര ശക്തിയുണ്ട്. ഇത് അമേരിക്കക്കാര്‍ക്കു ചേര്‍ന്നതല്ല. അതിനാല്‍ ഫെയ്‌സ്ബുക്കിനെ പല കമ്പനികളായി വിഭജിക്കണമെന്നാണ് ഹ്യൂസിന്റെ ആവശ്യം.

സക്കര്‍ബര്‍ഗിന്റെ സ്വാധീനം ചിന്തിക്കാനാവാത്ത വിധം വളര്‍ന്നിരിക്കുന്നു. സ്വകാര്യ മേഖലയിലോ, സർക്കാരിലോ അദ്ദേഹത്തോളം സ്വാധീനമുള്ള ആരുമില്ലെന്നും ഹ്യൂസ് പറയുന്നു. മാര്‍ക്ക് ഒരു നല്ല മനുഷ്യനൊക്കെയാണ്. എന്നാല്‍ അദ്ദേഹത്തിന്റെ ശ്രദ്ധ ക്ലിക്കുകള്‍ കൂട്ടുന്നതിലാണ്. മര്യാദയിലോ സുരക്ഷയിലോ അല്ലെന്നും അദ്ദേഹം പറയുന്നു. ഫെയ്‌സ്ബുക്കിനെ നിയന്ത്രിക്കുന്ന ബോര്‍ഡ് ഉപദേശങ്ങള്‍ നല്‍കുന്ന ഒരു കമ്മറ്റി മാത്രമാണ്. കാര്യങ്ങള്‍ നിയന്ത്രിക്കുന്നില്ല. ഫെയ്‌സ്ബുക്കില്‍ ഒരു കാര്യവും വോട്ടിനിട്ടിട്ടു കാര്യമില്ല. 60 ശതമാനം വോട്ടും സക്കര്‍ബര്‍ഗിന്റെ കൈയ്യിലാണ്. എന്നു പറഞ്ഞാല്‍, ബില്ല്യന്‍ കണക്കിന് ആളുകള്‍ ദിവസേന ഉപയോഗിക്കുന്ന ഫെയ്‌സബുക്, വാട്‌സാപ്, ഇന്‍സ്റ്റഗ്രാം എന്നീ കമ്പനികളുടെ സമ്പൂര്‍ണ്ണ നിയന്ത്രണം സക്കര്‍ബര്‍ഗിന്റെ മാത്രം കൈകളിലാണെന്നും അദ്ദേഹം പറയുന്നു.

തന്റെ ചിന്താഗതിയെ പ്രോത്സാഹിപ്പിക്കുന്ന ഒരു കൂട്ടം ആളുകളെയാണ് സക്കര്‍ബര്‍ഗ് ഒപ്പം കൂട്ടിയിരിക്കുന്നത്. അല്ലാതെ സ്വന്തം ആശയങ്ങളെ എതിര്‍ക്കുന്നവരെയല്ല. അമേരിക്കയ്ക്ക് വമ്പന്‍ കമ്പനികളെ വിഭജിച്ച ചരിത്രമുണ്ട്. സ്റ്റാന്‍ഡേര്‍ഡ് ഓയില്‍, എടി ആന്‍ ടി തുടങ്ങിയ കമ്പനികളെ മുന്‍ കാലങ്ങളില്‍ വിഭജിച്ചിട്ടുണ്ട്. സക്കര്‍ബര്‍ഗിന്റെ ശക്തികള്‍ എടുത്തു കളഞ്ഞ് ഫെയ്‌സ്ബുക്കിന്റെ ആധിപത്യത്തിന് കടിഞ്ഞാണിടണെന്നാണ് അദ്ദേഹം പറയുന്നത്. അമേരിക്കന്‍ സർക്കാർ രണ്ടു കാര്യങ്ങള്‍ ചെയ്യണം. ഒന്ന് ഫെയ്‌സ്ബുക്കിനെ വിഭജിക്കണം. രണ്ട് കമ്പനിക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം. അപ്പോള്‍ മാത്രമെ അവര്‍ അമേരിക്കക്കാരോട് കൂടുതല്‍ ഉത്തരവാദിത്വത്തോടെ പെരുമാറൂവെന്നും അദ്ദേഹം പറയുന്നു.

അമേരിക്കയുടെ ഫെഡറല്‍ ട്രേഡ് കമ്മിഷന്‍ സ്വകാര്യതയിലേക്കു കമ്പനി നടത്തിയ കടന്നുകയറ്റത്തിനെതിരെ ഫെയ്‌സ്ബുക്കിന് 5 ബില്ല്യന്‍ ഡോളര്‍ പിഴയിടാന്‍ ഒരുങ്ങുകയാണ് എന്നാണ് വര്‍ത്തകള്‍ പറയുന്നത്. എന്നാല്‍, നിരവധി ബില്ല്യന്‍ ഡോളര്‍ കൊടുത്ത് ഫെയ്സ്ബുക് വാങ്ങിയ വാട്‌സാപ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ കമ്പനികളെ ഫെയ്‌സ്ബുക്കില്‍ നിന്ന് വേര്‍പെടുത്തുകയും വേണം. ഫെയ്‌സ്ബുക് പുതിയ കമ്പനികളെ വാങ്ങുന്നത് നിരവധി വര്‍ഷത്തെക്കു വിലക്കണമെന്നും ഹ്യൂസ് പറയുന്നു. ടെക് കമ്പനികളെ നിയന്ത്രിക്കാന്‍ പ്രത്യേകമായി ഒരു സർക്കാർ ഏജന്‍സി തുടങ്ങണം. ഇത് ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതാകണം. ഫെയ്‌സ്ബുക്കിന്റെ പേരുകളഞ്ഞത് സ്വകാര്യത മാനിക്കുന്നില്ലെന്ന കാരണത്താലാണെന്നും ഹ്യൂസ് പറയുന്നു.

ഉടനടി നടപടി എടുത്തില്ലെങ്കില്‍ ഫെയ്‌സ്ബുക് വീണ്ടും കൊഴുക്കും. ലോകത്തെ ആളുകളുടെ മുഴുവന്‍ ഡേറ്റാ ശേഖരിച്ചു വച്ചിരിക്കുന്നതിനാല്‍, അതിലേക്കു കടന്നു ചെന്ന് ഏതു സമയത്തും പുതിയ ട്രെന്‍ഡുകളും സാധ്യതകളും മറ്റും മനസ്സിലാക്കാം. ഇതിലൂടെ മറ്റു കമ്പനികള്‍ക്കു മേല്‍ ഫെയ്‌സ്ബുക്കിന്റെ മറികടക്കാനാകാത്ത ആധിപത്യം തുടരും. വരുന്ന പതിറ്റാണ്ടുകളില്‍ പോലും എതിരാളികള്‍ക്ക് ഫെയ്‌സ്ബുക്കിനെ തൊടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഹ്യൂസിന്റെ ആരോപണങ്ങള്‍ക്ക് ഫെയ്‌സ്ബുക് ഇതുവരെ മറുപടി നല്‍കിയിട്ടില്ല. അദ്ദേഹമിപ്പോള്‍ ഇക്കണോമിക് സെക്യൂരിറ്റി പ്രൊജക്ടില്‍ ഉന്നത സ്ഥാനം വഹിക്കുന്നു.

zuckerberg

ഹ്യൂസ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഫെയ്‌സ്ബുക്കിന്റെ ചെയ്തികളെക്കുറിച്ച് ആളുകളില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കാന്‍ ഉപകരിക്കുമെങ്കിലും നിലവിലുള്ള നിയമങ്ങള്‍ വച്ച് അമേരിക്കയ്ക്ക് കമ്പനിക്കെതിരെ കാര്യമായി ഒന്നും ചെയ്യാന്‍ പറ്റിയേക്കില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. പല നിയമങ്ങളും പതിറ്റാണ്ടുകള്‍ പഴക്കമുള്ളവയാണ്. ഇത്തരം ഒരു സാഹചര്യത്തെ നേരിടാന്‍ അവ പര്യാപ്തമല്ല. എല്ലാ രാജ്യത്തെയും നിയമനിര്‍മാതാക്കള്‍ പുതിയ സാഹചര്യം പഠിച്ച് പുതിയ നിയമങ്ങള്‍ എഴുതിയുണ്ടാക്കുക എന്നതായിരിക്കും കൂടുതല്‍ പ്രായോഗികമായ മാര്‍ഗം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
FROM ONMANORAMA