ADVERTISEMENT

ഫെയ്‌സ്ബുക്കിനെ വിഭജിച്ച് ചെറിയ കമ്പനികളാക്കണം. അതായത് വാട്‌സാപ്പിനെയും ഇന്‍സ്റ്റാഗ്രാമിനെയും വേറെ കമ്പനിയാക്കണമെന്നു വാദിക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നതു കാണം. ദിവസങ്ങൾക്ക് മുൻപ് കമ്പനിയുടെ സഹസ്ഥാപകനായ ക്രിസ് ഹ്യൂസും ഇതേ വാദമുയര്‍ത്തി രംഗത്തെത്തിയിരുന്നു. അമേരിക്കയുടെ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ഥി എലിസബത്ത് വോറന്‍ അടക്കം നിരവധി നിയമനിര്‍മാതാക്കളും വക്കീലുമാരും നേരത്തെ തന്നെ ഇത് ആവശ്യപ്പെടുന്നുമുണ്ട്. എന്നാല്‍, ഇപ്പോഴത്തെ നിലയില്‍ ഇതു സാധ്യമാകണമെങ്കില്‍ നിരവധി കടമ്പകള്‍ കടന്നേ തീരൂ എന്നാണ് വിദഗ്ധര്‍ വാദിക്കുന്നത്.

 

വിഭജിക്കാനുള്ള അധികാരം അമേരിക്കയുടെ ഫെഡറല്‍ ട്രെയ്ഡ് കമ്മിഷനും (എഫ്ടിസി), നീതിന്യായ വകുപ്പിനുമാണ് ഉള്ളത്. എന്നാല്‍ ഇവര്‍ക്ക് തങ്ങള്‍ ചെയ്യുന്ന കാര്യം കൊണ്ട് ഗുണമുണ്ടെന്ന് ഒരു ഫെഡറല്‍ ജഡ്ജിയുടെ മുൻപാകെ തെളിയിക്കണം. പെട്ടെന്നു നടക്കുന്ന കാര്യമല്ല അത്. വര്‍ഷങ്ങളുടെ വാദപ്രദിവാദങ്ങള്‍ നടക്കും. പിന്നെ ഒരു വിധി വന്നാല്‍ പോലും സുപ്രീം കോടതിയെ സമീപിക്കാനുള്ള സാധ്യത തുറന്നു കിടക്കുകയും ചെയ്യുന്നു. ഇത്തരമൊരു കാര്യത്തിന് പൂര്‍വ്വ വിധികളെ ആശ്രയിക്കാനുമില്ല എന്നത് ഫെയ്‌സ്ബുക്, ഗൂഗിള്‍ പോലെയുള്ള കമ്പനികള്‍ക്കെതിരെ ആന്റിട്രസ്റ്റ് നടപ്പാക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന ആളുകള്‍ക്ക് വിലങ്ങുതടിയാകും എന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

 

ആളുകള്‍ക്കു ഗുണമുണ്ടാകുമെന്നു തെളിയിക്കണം

 

ഫെയ്‌സ്ബുക് വാട്‌സാപ്പിനെയും ഇന്‍സ്റ്റാഗ്രാമിനെയും ഏറ്റെടുത്തതു മൂലം ഉപയോക്താക്കള്‍ക്ക് ദോഷമുണ്ടായി എന്നുളളതിനു തെളിവുണ്ടാക്കകുകയാണ് ആദ്യം ചെയ്യേണ്ടത്. പല കമ്പനികളായി നിന്നിരുന്നെങ്കില്‍ അതായിരുന്നു ഉപയോക്താക്കള്‍ക്കു മെച്ചമെന്നു തെളിയിക്കണം. അല്ലാതെ വെറുതെ ഊഹങ്ങള്‍ പറഞ്ഞു കൊണ്ടിരുന്നതാല്‍ നടക്കില്ല എന്നാണ് യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വേനിയയിലെ പണ്ഡിതൻ ഹെര്‍ബ് ഹോവെന്‍ക്യാംപ് പറയുന്നത്. ഉദാഹരണമായി അദ്ദേഹം പറഞ്ഞത് ഫോര്‍ഡ് കമ്പനിയില്‍ നിന്ന് ലിങ്കണ്‍ വിഭാഗത്തെ വേര്‍തിരിച്ചാല്‍ വിപണിയില്‍ കൂടുതല്‍ മത്സരം ഉണ്ടാകുമെന്ന് തെളിയിക്കണം. അതിനുള്ള തെളിവുമായി വേണം വരാന്‍. അല്ലാതെ വാചകമടിച്ച് ആന്റിട്രസ്റ്റ് നീക്കം ജിയിക്കാമെന്ന മോഹം വേണ്ടെന്നാണ് അദ്ദേഹത്തിന്റ പക്ഷം.

 

അതു കൂടാതെ ഫെയ്‌സ്ബുക് ഫോര്‍ഡിനെക്കാള്‍ വളരെ വലിയ കമ്പനിയാണ്. 539 ബില്ല്യന്‍ ഡോളറാണ് (ഏകദേശം 37.48 ലക്ഷം കോടി രൂപ) കമ്പനിയുടെ വിപണി മൂല്യം. ഫോര്‍ഡിനെക്കാള്‍ പത്തിരട്ടി മൂല്യം! (നോക്കണേ ഒരു പരമ്പരാഗത കമ്പനിയുടെ ഗതിയും ഇന്റര്‍നെറ്റില്‍ ഉപയോക്താക്കളുടെ ഡേറ്റ കാശാക്കി മാറ്റുന്ന കമ്പനിയുടെ കുതിപ്പും.) ആഗോള തലത്തില്‍ 200 സ്ഥിരം ഉപയോക്താക്കളാണ് ഫെയ്‌സ്ബുക് എന്ന ഫ്രീ സര്‍വീസിനുള്ളത് എന്നാണ് കണക്കുകള്‍  സൂചിപ്പിക്കുന്നത്.

 

ക്രിസ് ഹ്യൂസും ഫെയ്‌സ്ബുക്കിനെ കൂടാതെ, ഗൂഗിള്‍ (ആല്‍ഫബെറ്റ്), ആമസോണ്‍ തുടങ്ങിയ കമ്പനികള്‍ക്കെതിരെയും വിമര്‍ശനമുയര്‍ത്തുന്നു. നിയമ നിര്‍മാതാക്കളും സാമ്പത്തിക വിദഗ്ധരും നിയമജ്ഞരും ഈ കമ്പനികളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് സൂക്ഷ്മമായ അന്വേഷണം തന്നെ നടത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വര്‍ഷങ്ങളോളം തന്നിഷ്ടപ്രകാരം പ്രവര്‍ത്തിക്കാനുള്ള അനുവാദമാണ് അവര്‍ക്കു കിട്ടിയിരുന്നത്. ഇതാകട്ടെ എതിരാളികളെ നിലംപരിശാക്കുകയും ചെയ്തിരിക്കുന്നു. ഫെയ്‌സ്ബുക്കിന്റെ കാര്യത്തിലേക്കു വന്നാല്‍ കമ്പനിക്ക് ഒരിക്കലും വാട്‌സാപ്പിനെയും ഇന്‍സ്റ്റാഗ്രാമിനെയും വാങ്ങാന്‍ അനുമതി നല്‍കരുതായിരുന്നു എന്നും വാദമുമുണ്ട്. അമേരിക്കയിലെ ഒരു ഫെയ്‌സ്ബുക് വിരുദ്ധ ഗ്രൂപ്പാണ് ഫ്രീഡം ഫ്രം ഫെയ്‌സ്ബുക്, അധവാ ഫെയ്‌സ്ബുക്കില്‍ നിന്നു മോചനം. ഗ്രൂപ്പിന്റെ നടത്തിപ്പുകാരില്‍ ഒരാളായ സേറാ മില്ലര്‍ പറയുന്നത് ഫെയ്‌സ്ബുക്കിനെ വിഭജിക്കുന്നതിനെക്കുറിച്ച് വ്യക്തമായ നിലപാടാണ് ഹ്യൂസ് സ്വീകരിച്ചിരിക്കുന്നത് എന്നാണ്. വാട്‌സാപ്പിനെയും ഇന്‍സ്റ്റാഗ്രാമിനെയും ഏറ്റെടുക്കാന്‍ ഫെയ്‌സ്ബുക്കിനെ അനുവദിച്ചു കൂടായിരുന്നുവെന്ന് അവരും ആവര്‍ത്തിക്കുന്നു.

 

എഫ്ടിസി സമ്മര്‍ദ്ദത്തില്‍

 

നടപടി സ്വീകരിക്കുന്ന കാര്യത്തില്‍ എഫ്ടിസിയും നീതിന്യായ വകുപ്പും സമ്മര്‍ദ്ദം നേരിടുകയാണ്. എഫ്ടിസി ചെയര്‍മാന്‍ സിമണ്‍സ് കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കാനായി ഈ വര്‍ഷമാദ്യം ടെക് വിദഗ്ധരുടെ ദൗത്യ സംഘം രൂപികരിച്ചിരുന്നു. മത്സരം ഇല്ലാതാക്കുന്നുണ്ടോ എന്നും കമ്പനികള്‍ തമ്മില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുന്നതുകൊണ്ട് ഉണ്ടായിട്ടുള്ള പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ് എന്നുമൊക്കെയാണ് പഠിക്കേണ്ട വിഷയങ്ങള്‍. ഇന്‍സ്റ്റാഗ്രാമിനെയും വാട്‌സാപ്പിനെയും ഏറ്റെടുത്തതിനെക്കുറിച്ച് പഠനം നടന്നു വരികയാണ്. എന്നാല്‍, ഒരു ടെക്‌നോളജി വിദഗ്ധരുടെ ദൗത്യ സംഘമല്ല ഇതൊന്നും പരിശോധിക്കേണ്ടത് എന്നാണ് ഒരു എതിര്‍ വാദം.

 

നിയമജ്ഞര്‍ പറയുന്നത് അന്വേഷണം രണ്ടു രിതീയില്‍ നടത്തണമെന്നാണ്. ഒന്ന് തങ്ങളുടെ ഉന്നതസ്ഥിതി ഉപയോഗിച്ച് എതിരാളികളെ ഇല്ലാതാക്കന്‍ ശ്രമിക്കുന്നുണ്ടോ? മൈക്രോസോഫ്റ്റിന് കൂച്ചു വിലങ്ങിടാന്‍ ഈ വഴിയാണ് 1990കളില്‍ അധികാരികള്‍ സ്വീകരിച്ചത്. ഒരു ജഡ്ജിക്കു മുൻപില്‍ ഫെയ്‌സ്ബുക്കിന്റെത് നിയമപരമാല്ലാത്ത ഏകാധിപത്യമാണെന്നു സമര്‍ഥിക്കാനായാല്‍ കമ്പനിയുടെ വിഭജനം നടക്കും. എന്നാല്‍, മൈക്രോസോഫ്റ്റിന്റെ കാര്യത്തില്‍ കീഴ്‌ക്കൊടതിയുടെ വിധി ഫെഡറല്‍ അപ്പീല്‍സ് കോര്‍ട്ട് തിരുത്തുകയുണ്ടായി എന്നത് ഫെയ്‌സ്ബുക് വിഭജനം ആവശ്യപ്പെടുന്നവര്‍ക്ക് തിരിച്ചടിയായിരിക്കുകയും ചെയ്യും.

 

രണ്ടാമത്ത മാര്‍ഗമെന്നു പറഞ്ഞാല്‍ വാട്‌സാപും ഇന്‍സ്റ്റഗ്രാമും ഏറ്റെടുത്ത ഇടപാട് പുനപരിശോധനയ്ക്കു വയ്ക്കുക എന്നതാണ്. ഇത് എഫ്ടിസിയുടെ അംഗീകരത്തോടെ ചെയ്തതാണ്. എഫ്ടിസിയുടെ അന്നത്തെ തീരുമാനം തെറ്റാണെന്നു പറഞ്ഞ് കേസു കൊടുക്കുകയാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗമത്രെ. അപ്പോഴും വാട്‌സാപും ഇന്‍സ്റ്റാഗ്രാമും വാങ്ങിയ ശേഷം എതിരാളികളെ ഇല്ലാതാക്കിയെന്ന് തെളിയിക്കേണ്ടിവരും. എന്നാല്‍ തങ്ങളുടെ സാമര്‍ഥ്യം കൊണ്ടാണ് വാട്‌സാപ്പും ഇന്‍സ്റ്റാഗ്രാമും ഇന്നത്തെ നിലയിലെത്തിയതെന്ന് ഫെയ്‌സ്ബുക്കിന് വാദിക്കാം. ചുരുക്കി പറഞ്ഞാല്‍ വിഭജിക്കല്‍ എന്നു പറഞ്ഞാല്‍ വളരെ വിഷമം പിടിച്ച കാര്യമാണ് എന്നാണ് വാഷിങ്ടണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നിയമജ്ഞനായ ഹാരള്‍ഡ് ഫെല്‍ഡ് പറയുന്നത്. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളെ നിലയ്ക്കുനിറുത്താനുള്ള ഒരു സംവിധാനമാണ് വേണ്ടത് എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. വിഭജിക്കലെല്ലാം വിജയകരമായി പൂര്‍ത്തിയാക്കിയാലും അതിന്റെ അടുത്ത ദിവസവും ഫെയ്‌സ്ബുക്കിന് 200 കോടി ഡോളര്‍ വരിക്കാരുണ്ടായിരിക്കുമെന്നും അദ്ദേഹം പറയുന്നു. ചുരുക്കി പറഞ്ഞാല്‍ വിഭജനം ഫെയ്‌സ്ബുക്കിനെ ഒരു ചുക്കും ചെയ്‌തേക്കില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

 

ഇതൊക്കെയാണെങ്കിലും എന്തൊക്കെ വെല്ലുവിളികളുണ്ടായാലും ഫെയ്‌സ്ബുക്കിനെതിരെ എഫ്ടിസിക്കു ചെയ്യാവുന്ന എല്ലാ നടപടികളിലേക്കും കടക്കണമെന്നു തന്നെയാണ് കൂടുതല്‍ പേരുടെയും ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com