sections
MORE

ഇന്ത്യയിൽ ‘നമോ സൂനാമി’; ആ തന്ത്രം അമിത് ഷായുടേത്, നടപ്പിലാക്കിയത് മോദി

Modi-Amit-Shah
SHARE

ലോകം ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരുന്ന, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ വൻ വിജയമാണ് നേടിയത്. രാജ്യത്തുടനീളം ‘നമോ സൂനാമി’യാണ് കാണാനായത്. യുവാക്കളെ ഉപയോഗിച്ച് കൃത്യമായ തന്ത്രങ്ങളിലൂടെയാണ് ബിജെപി ഇത്രയും വലിയ വിജയം നേടിയത്. എതിർ കക്ഷിയായ കോൺഗ്രസ് തള്ളിക്കളഞ്ഞ തിരഞ്ഞെടുപ്പ് തന്ത്രങ്ങളാണ് അമിത് ഷായും മോദിയും നടപ്പിലാക്കിയത്. 2014 ൽ പരീക്ഷിച്ച സോഷ്യല്‍മീഡിയ തന്ത്രങ്ങൾ തന്നെയാണ് ബിജെപി 2019 ലും പയറ്റി വിജയിച്ചിരിക്കുന്നത്.

ഓൺലൈനിലെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളും ബിജെപിയും

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച രാജ്യത്തെ ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബിജെപിയാണ് ഓണ്‍ലൈന്‍ പരസ്യങ്ങള്‍ക്കായി ഏറ്റവുമധികം പൈസ ചിലവഴിച്ചതെന്നത് കണക്കുകളിൽ നിന്ന് വ്യക്തമാണ്. 27.4 കോടി രൂപയാണ് അവര്‍ ഗൂഗിളിലും ഫെയ്‌സ്ബുക്കിലും പരസ്യം നല്‍കാനായി ചിലവഴിച്ചത്. ഇന്ത്യയിലെ മൊത്തം രാഷ്ട്രീയപാര്‍ട്ടികള്‍ ഈ രണ്ടു പ്ലാറ്റ്‌ഫോമുകളിലുമായി പരസ്യത്തിനായി ചിലവഴിച്ച തുക 54.8 കോടി രൂപയാണ് എന്നു കണക്കുകള്‍ പറയുന്നു. അതായത്, മൊത്തം തുകയുടെ പകുതിയോളം ബിജെപി തന്നെ ചിലവഴിച്ചു. യുവാക്കളെ ലക്ഷ്യമിട്ടായിരുന്നു ഈ ക്യാംപയിനുകൾ. കണക്കിൽ പെടാത്ത ഓൺലൈൻ പരസ്യങ്ങൾ വേറെയുമുണ്ട്. എന്തായാലും ബിജെപിയുടെ ഓൺലൈൻ നീക്കങ്ങളെല്ലാം കൃത്യമായിരുന്നു.

ഡിജിറ്റല്‍ യുഗത്തിലെ രാഷ്ട്രീയ പ്രചാരണം

ഫെയ്‌സ്ബുക്കിലും ഗൂഗിളിലും പരസ്യത്തിനായി ബിജെപി ചിലവഴിച്ച തുക ഇവയിലൂടെയുള്ള പ്രചാരണം എത്ര പ്രാധാന്യമര്‍ഹിക്കുന്നതാണെന്നു വെളിവാക്കുന്നു. കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം ഇരട്ടിയായിട്ടുണ്ട് (15 ശതമാനമായിരുന്നത് 34 ശതമാനമായി). ഈ വളര്‍ച്ച അടുത്ത കാലത്തെങ്ങും കുറയുമെന്ന് കരുതേണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഫെബ്രുവരി 2019 മധ്യത്തോടെ ഫെയ്‌സ്ബുക്കും ഗൂഗിളും തങ്ങള്‍ക്ക് ഇന്ത്യയില്‍ ലഭിക്കുന്ന രാഷ്ട്രീയ പരസ്യങ്ങളുടെ കണക്കുകള്‍ പുറത്തുവിട്ടു തുടങ്ങിയിരുന്നു. ഇത്തരം പരസ്യങ്ങളുടെ സുതാര്യത ഉറപ്പാക്കാനായിരുന്നു അവര്‍ അതു ചെയ്തു തുടങ്ങിയത്. ഫെയ്‌സ്ബുക്-കേംബ്രിജ് അനലിറ്റിക്കാ വിവാദം പുറത്തു വരുന്നതിനു വളരെ മുൻപെ ലോകമെമ്പാടുമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ സമൂഹ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങള്‍ വന്‍ തോതില്‍ തന്നെ നടത്തിയിരുന്നതായി കാണാം. 2014ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കു വേണ്ടി സമൂഹ മാധ്യമങ്ങളില്‍ അഴിച്ചുവിട്ട വമ്പന്‍ പ്രചാരണം അദ്ദേഹത്തിന്റെ വിജയത്തില്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ചുവെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. അതു തന്നെയാണ് 2019 ലും അമിത് ഷാ–മോദി കൂട്ടുക്കെട്ട് ആവര്‍ത്തിച്ചിരിക്കുന്നത്.

അഞ്ചു വര്‍ഷത്തിനു ശേഷം നടന്ന ഈ തിരഞ്ഞെടുപ്പില്‍ മിക്കവാറും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തന്നെ തങ്ങളുടെ ഓണ്‍ലൈന്‍ സാന്നിധ്യം ഉറപ്പാക്കുന്നതിനായി ആഞ്ഞു ശ്രമിച്ചിരുന്നുവെന്ന് കണക്കുകളിൽ നിന്ന് വ്യക്തമാണ്. എന്നാൽ ഇക്കാര്യത്തിലും കോൺഗ്രസ് ബഹുദൂരം പിന്നോട്ടു പോയി. 

ബിജെപിയുടെ ധനസ്ഥിതിയുടെ വിജയം

നേരത്തെ തന്നെ സമൂഹമാധ്യമങ്ങളുടെ വില മനസ്സിലാക്കിയ പാര്‍ട്ടി എന്ന നിലയില്‍ ബിജെപിക്ക് ഇത്തവണ സമൂഹമാധ്യമങ്ങളെ കൂടുതല്‍ നന്നായി ഉപയോഗിക്കാനായി. രാജ്യത്ത് ഏറ്റവുമധികം സംഭാവനകള്‍ ലഭിച്ച പാര്‍ട്ടി എന്ന നിലയില്‍ അവരുടെ സമൂഹമാധ്യമ പരസ്യ തന്ത്രങ്ങളും തക്കരീതിയില്‍ മികച്ചതായിരുന്നു. ബിജെപി ചിലവഴിച്ച 27.4 കോടി രൂപയില്‍ 10.3 കോടി ഫെയ്‌സ്ബുക്കിലെ പരസ്യങ്ങള്‍ക്കായിരുന്നുവെങ്കില്‍, 17.1 കോടി രൂപ ഗൂഗിളിലെ പരസ്യങ്ങള്‍ക്കായിരുന്നു.

ബിജെപി ഇറങ്ങി ആഴ്ചകള്‍ക്കു ശേഷം സമൂഹമാധ്യമ പരസ്യങ്ങളിലൂടെ സജീവമാകാന്‍ ശ്രമിച്ച കോണ്‍ഗ്രസ് ഫെയ്‌സബുക്കിലും ഗൂഗിളിലും ഏകദേശം 2.8 കോടി രൂപ വീതം ചിലവാക്കുകയായിരുന്നു. ഫെബ്രുവരി മധ്യത്തില്‍ മുതല്‍ ബിജെപി സമൂഹ മാധ്യമങ്ങളില്‍ തകര്‍ത്താടിയെങ്കില്‍, മാര്‍ച്ച് പകുതുയോടെയാണ് പ്രാദേശിക പാര്‍ട്ടികള്‍ സാന്നിധ്യമറിയിച്ചു തുടങ്ങിയത്. ഒരു പ്രാദേശിക പാര്‍ട്ടി മാത്രം ഏകദേശം ബിജെപി രംഗത്തിറങ്ങിയ സമയത്തു തന്നെ പരസ്യങ്ങള്‍ നല്‍കി തുടങ്ങിയിരുന്നു. വൈഎസ്ആര്‍ കോണ്‍ഗ്രസ് മാത്രമാണ് കോൺഗ്രസിനേക്കാൾ ഇക്കാര്യത്തിൽ മുന്നിട്ടു നിന്നത്. അവർ വൻ മുന്നേറ്റം നടത്തുകയും ചെയ്തു. എന്നാല്‍, ബിജെപിയെ അപേക്ഷിച്ച് നോക്കുമ്പോൾ ചെറിയ തുക മാത്രമാണ് അവര്‍ ചിലവിട്ടതെന്നും കാണാം. 2014ല്‍ മോദിയുടെ പ്രചാരണത്തിനു ചുക്കാന്‍ വഹിച്ചുവെന്നു വിശ്വസിക്കപ്പെടുന്ന പ്രശാന്ത് കിഷോറാണ് ഇത്തവണ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനു പിന്നില്‍ എന്നതായിരുന്നു മറ്റൊരു സവിശേഷത. 

ദക്ഷിണേന്ത്യയിലെ മറ്റു പ്രാദേശിക പാര്‍ട്ടികളായ ടിഡിപിയും ഡിഎംകെയും ഓണ്‍ലൈന്‍ സാന്നിധ്യം ശക്തിപ്പെടുത്തിയതായി കാണാം. ഇരുവരും ഏകദേശം നാലു കോടി രൂപയാണ് പരസ്യങ്ങള്‍ക്കായി ചിലവിട്ടതെന്നു പറയുന്നു. പക്ഷേ, ഈ പൈസയിലേറെയും സ്വന്തം സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു തീയതിക്ക് ഒരാഴ്ച മുൻപ് മാത്രമാണ് ചിലവിട്ടത്. എഎപി, ടിഎംസി എന്നീ പാര്‍ട്ടികള്‍ യഥാക്രമം 2.4 കോടി, 1.2 കോടി രൂപ വീതം ഓണ്‍ലൈന്‍ പരസ്യങ്ങള്‍ക്കായി ചിലവിട്ടു.

ഇതൊരു സവിശേഷ തന്ത്രം

ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള പരസ്യ തന്ത്രങ്ങള്‍ ഉപയോഗിച്ച് വിവിധ ദേശങ്ങള്‍, പ്രായക്കാര്‍ തുടങ്ങിയവര്‍ക്ക് പ്രത്യേകം പ്രത്യേകം പരസ്യങ്ങള്‍ നല്‍കാനാകും. ഇങ്ങനെ ചില കൂട്ടം ആളുകളെ ലക്ഷ്യം വച്ചുള്ള പരസ്യങ്ങള്‍ കൂടുതലും ഇറക്കിയത് ആന്ധ്രയിലും (6.8 കോടിരൂപ), ഡല്‍ഹിയിലും (5.1 കോടി രൂപ), തമിഴ്‌നാട്ടിലും (4.3 കോടി രൂപ) ആണ്. ഡൽഹിയിൽ ബിജെപി റെക്കോർഡ് വിജയ നേട്ടമാണ് കൈവരിച്ചത്. മറ്റൊരു താത്പര്യജനകമായ കാര്യം മേയ് 14 വരെ ബിജെപി ഗൂഗിള്‍ പരസ്യത്തിനു ചിലവിട്ട തുക 14 കോടി രൂപയായിരുന്നെങ്കില്‍, മേയ് 15ന് അത് 17 കോടി രൂപയായി ഉയര്‍ന്നു. ഈ ദിവസങ്ങളില്‍ 19–ാം തീയതി തിരഞ്ഞെടുപ്പു നടന്ന ബംഗാളിലെ ഒൻപത് മണ്ഡലങ്ങള്‍ ലക്ഷ്യമാക്കിയായിരുന്നു മൂന്നു കോടി രൂപയുടെ പരസ്യങ്ങള്‍. ബംഗാളിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളിലേക്ക് എത്തിച്ചേരാനുള്ള ബിജെപിയുടെ അവസാന ശ്രമമായി ഇതിനെ കാണാമെന്ന് പറയുന്നു. അക്കാര്യത്തിൽ ബിജെപി സമ്പൂർണ്ണ വിജയം നേടിയെന്നാണ് ബംഗാളിൽ നിന്നുള്ള ഫലങ്ങൾ വ്യക്തമാക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA