ADVERTISEMENT

മാര്‍ക്ക് സക്കര്‍ബര്‍ഗിനെ ഫെയ്ബുക്കിന്റെ ചെയര്‍മാന്‍ സ്ഥാനത്തു നിന്നു പുറത്താക്കാനുള്ള ശ്രമം പൊളിഞ്ഞു. കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തിലാണ് ഓഹരിയുടമകള്‍ക്ക് സക്കര്‍ബര്‍ഗിനെ വോട്ടു ചെയ്ത് പുറത്താക്കാനുള്ള അവസരം ലഭിച്ചത്. സക്കര്‍ബര്‍ഗ് ഫെയ്‌സ്ബുക്കിന്റെ ചീഫ് എക്‌സിക്യൂട്ടീവും ചെയര്‍മാനുമാണ്. ഒരു പക്ഷേ, ടെക്‌നോളജി ലോകത്തെ ഏറ്റവും അധികാരമുള്ള വ്യക്തി ഈ 34 കാരനായിരിക്കണം. 

ഫെയ്‌സ്ബുക്കിനെതിരെ സമീപ കാലത്ത് നിരവധി ആരോപണങ്ങളുയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് സക്കര്‍ബര്‍ഗ് ഇരട്ട പദവികളിലൊന്ന് ഉപേക്ഷിക്കണമെന്ന നിര്‍ദ്ദേശവുമായി കമ്പനിയുടെ ചില ഓഹരിയുടമകള്‍ രംഗത്തെത്തിയത്. ഇവരില്‍ പ്രധാനി ട്രിലിയം അസെറ്റ് മാനേജ്‌മെന്റ് കമ്പനിയാണ്. ഫെയ്‌സ്ബുക്കിന്റെ 70 ലക്ഷം ഡോളര്‍ വിലയുള്ള ഓഹരികളാണ് അവരുടെ കൈവശമുള്ളത്.

 

സക്കര്‍ബര്‍ഗ് ചീഫ് എക്‌സിക്യൂട്ടീവ് സ്ഥാനത്തു തുടരുകയും മറ്റാരെയെങ്കിലും ചെയര്‍മാനാക്കുകയും ചെയ്യണമെന്നാണ് ട്രിലിയം വൈസ് പ്രസിഡന്റ് ജോനാസ് ക്രോണ്‍ ആവശ്യപ്പെട്ടത്. സക്കര്‍ബര്‍ഗ്, ഗൂഗിളിന്റെ ലാറി പേയ്ജിനെയും മൈക്രോസോഫ്റ്റിന്റെ ബില്‍ ഗെയ്റ്റ്‌സിനെയും ഒരുപാഠമായി കാണണം എന്നൊക്കെയാണ് അദ്ദേഹത്തിന്റെ നിര്‍ദ്ദേശം. എന്തായാലും സക്കര്‍ബര്‍ഗിനെതിരെ വോട്ടു ചെയ്യാന്‍ ഓഹരിയുടമകള്‍ക്ക് ഇപ്പോള്‍ നടക്കുന്ന വാര്‍ഷിക പൊതുയോഗത്തില്‍ അവസരം ലഭിക്കുമെന്ന കാര്യം വാര്‍ത്തയായിരുന്നു. എന്നാല്‍, മീറ്റിങ് വേദിയില്‍ നിന്നുള്ള വാര്‍ത്ത പറയുന്നത് സക്കര്‍ബര്‍ഗ് വോട്ടിങ്ങില്‍ വിജയിച്ചു എന്നാണ്.

 

എങ്ങനെ വിജയിക്കാതിരിക്കും?

 

‌ഇതാണ് തമാശ. സക്കര്‍ബര്‍ഗിനെതിരെയുള്ള നീക്കം വിജയിക്കണമായിരുന്നെങ്കില്‍ അദ്ദേഹം അദ്ദേഹത്തിനെതിരെ വോട്ടു ചെയ്യണമായിരുന്നു! കമ്പനിയുടെ 60 ശതമാനത്തോളം വോട്ടിങ് അവകാശവും അദ്ദേഹം തന്നെ കൈവശം വച്ചിരിക്കുകയാണ്! നടന്നതു പറയണമല്ലോ, മീറ്റിങില്‍ ചില ഓഹരിയുടമകള്‍ അദ്ദേഹത്തോട് ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി. ഇവരില്‍ പ്രധാനി ജോനാസ് ക്രോണ്‍ തന്നെയായിരുന്നു.

 

അദ്ദേഹം മാറിനിന്ന്, സ്വതന്ത്ര ചുമതലയുള്ള ഒരു ചെയര്‍മാനെ നിയമിക്കുമോ എന്ന ഓഹരിയുടമകളുടെ ചോദ്യം സക്കര്‍ബര്‍ഗ് കേട്ടതായി ഭാവിച്ചതു പോലുമില്ല. സ്വകാര്യതയുടെ കാര്യത്തിലാണ് ചെയര്‍മാനു പിഴവു പറ്റിയിരിക്കുന്നതെങ്കില്‍ അതേപ്പറ്റിയൊക്കെ സർക്കാരുകള്‍ വ്യവസ്ഥകളുമായി എത്തുമ്പോള്‍ അതൊക്കെ നടപ്പാക്കാമെന്ന തന്റെ പതിവു വാദം അദ്ദേഹം മീറ്റിങ്ങിലെപ്പോഴോ ഉന്നയിക്കുകയും ചെയ്തു. മീറ്റിങ് വേദിക്കു വെളിയില്‍ ഏതാനും പ്രതിഷേധക്കാരും എത്തിയിരുന്നു. യാഥാസ്ഥിതികര്‍ക്കു ജോലി ചെയ്യാന്‍ പറ്റിയ സ്ഥലമല്ല ഫെയ്‌സ്ബുക് എന്ന വാദം ചിലര്‍ ഉന്നയിക്കുകയുണ്ടായി. ഇതൊക്കെയാണെങ്കിലും കമ്പനി കഴിഞ്ഞ സാമ്പത്തിക വര്‍ഷവും പ്രതീക്ഷിച്ചതിലേറെ ലാഭമുണ്ടാക്കിയതും സക്കര്‍ബര്‍ഗിനെതിരെ വലിയ ഒച്ചപ്പാടുണ്ടാക്കിയിട്ടു കാര്യമില്ലെന്നത് ഓഹരിയുടമകളെ ഓര്‍മപ്പെടുത്തുന്ന കാര്യമായിരുന്നു.

 

സക്കര്‍ബര്‍ഗിന് അമിത അധികാരം

 

മുന്‍ മുഖ്യ സുരക്ഷാ ഉദ്യോഗസ്ഥനായ അലക്‌സ് സ്റ്റാമൊസ് സക്കര്‍ബര്‍ഗിനോട് ചീഫ് എക്‌സിക്യൂട്ടീവ് സ്ഥാനം രാജിവയ്ക്കാനാണ് ആവശ്യപ്പെട്ടത്. സക്കര്‍ബര്‍ഗിന്‌ അമിത അധികാരമുണ്ടെന്ന വാദം വളരെ ശരിയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍, തന്റെ നേതൃത്വത്തില്‍ അത്രവലിയ കുഴപ്പമൊന്നും കാണാന്‍ തനിക്കു സാധിക്കുന്നില്ല എന്നാണ് സക്കര്‍ബര്‍ഗ് മറുപടി നല്‍കിയത്. ഫെയ്‌സ്ബുക് പോലെ, മുൻപ് നിലവിലില്ലാത്ത ഒന്ന് സൃഷ്ടിക്കുമ്പോള്‍ ചില കാര്യങ്ങളില്‍ നിങ്ങള്‍ക്കു തെറ്റു സംഭവിക്കാം. ഞങ്ങള്‍ ഞങ്ങളുടെ തെറ്റുകളില്‍ നിന്നു പാഠം ഉള്‍ക്കൊള്ളുന്നില്ലെങ്കില്‍ ഞങ്ങളെക്കൊണ്ട് സമാധാനം പറയിക്കണമെന്നാണ് സക്കര്‍ബര്‍ഗ് പറഞ്ഞത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com