ADVERTISEMENT

അതിവേഗം വളരുന്ന ചൈനീസ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ടിക്‌ടോകിന്റെ പിതൃകമ്പനിയായ ബൈറ്റ്ഡാന്‍സ് വമ്പന്‍ ടെക് കമ്പനികളില്‍ പ്രവൃത്തിപരിചയം ഉള്ളവരെ ജോലിക്കെടുക്കുന്നു. ചെറിയ വിഡിയോ ക്ലിപ്പുകള്‍ അപ്‌ലോഡു ചെയ്യാവുന്ന ടിക്‌ടോകിന് ലോകമെമ്പാടും ടീനേജര്‍മാര്‍ക്കിടയില്‍ വമ്പന്‍ സ്വീകരണമാണ് ലഭിക്കുന്നത്. പക്ഷെ, ആപ്പിന് മറ്റു സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് വന്‍ വെല്ലുവിളിയാണ് ഉയരുന്നത്. ടിക്‌ടോകിന് കൂടുതല്‍ സ്വീകാര്യത എങ്ങനെ കൈവരിക്കാനാകും എന്ന ചിന്തയിലാണ് ബൈറ്റ്ഡാന്‍സ് ഇപ്പോള്‍. അതിനായി ആവിഷ്‌കരിച്ച പദ്ധതികളാണ് സമൂഹ്യമാധ്യമ രംഗത്തു ജോലിചെയ്ത് തഴക്കം വന്ന കൂടുതല്‍ പേരെ ജോലിക്കെടുക്കുക എന്നത്.

ഇപ്പോള്‍ കമ്പനിയില്‍ ജോലിക്കു ചേര്‍ന്നവരില്‍ പ്രധാനി മുന്‍ ഫെയ്‌സ്ബുക്ക് ഉദ്യോഗസ്ഥന്‍ ബ്ലെയ്ക് ചാന്‍ഡ്‌ലി ആണ്. ടിക്‌ടോകിന് തന്ത്രപരമായി സഹകരിക്കാവുന്ന പങ്കാളികളെ കണ്ടെത്തുക എന്ന ചുമതലയാണ് അദ്ദേഹത്തിന്. ആഗോള മാര്‍ക്കറ്റില്‍ മറ്റു കമ്പനികളുമായി സഹകരണത്തിലെത്തുക എന്നതായിരിക്കും അദ്ദേഹത്തിന്റെ ആദ്യ ദൗത്യം. ബൈറ്റ്ഡാന്‍സ് കുടുംബത്തിന് ലഭിച്ച ഉഗ്രന്‍ നേട്ടമാണ് ബ്ലെയ്ക് എന്നാണ് കമ്പനിയുടെ വക്താവ് ഹിലറി മക്വെയ്ഡ് പറഞ്ഞത്. ബൈറ്റ്ഡാന്‍സിന്റെ ഗ്ലോബല്‍ ബിസിനസ് സൊലൂഷന്‍സ് സെക്ഷന്റെ വൈസ് പ്രസിഡന്റായാണ് അദ്ദേഹം ചുമതല ഏല്‍ക്കുക.'നമ്മുടെ രാഷ്ട്രീയ നിലപാടും, മതപരമായ നിലപാടുകളും മാറ്റിയാല്‍ ലോകത്തെ മനുഷ്യര്‍ തമ്മില്‍ നിങ്ങള്‍ വിചാരിക്കുന്നതിനെക്കാളേറെ സാമ്യമുണ്ട്,' എന്നാണ് ചാന്‍ഡ്‌ലി, ബൈറ്റ്ഡാന്‍സിലേക്കുള്ള കുടിയേറ്റത്തിന്റെ മുന്നോടിയായി തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചത്.

ഏകദേശം ഒരു പതിറ്റാണ്ടാണ് ചാന്‍ഡ്‌ലി ഫെയ്‌സ്ബുക്കില്‍ ഉണ്ടായിരുന്നത്. അമേരിക്കയിലും യൂറോപ്പിലും ലാറ്റിന്‍ അമേരിക്കയിലും ഫെയ്‌സ്ബുക്കിന്റെ പല ബിസിനസ് പങ്കാളികളെയും കണ്ടെത്തിയ അദ്ദേഹം ടിക്‌ടോകിന് ഒരു മുതല്‍ക്കൂട്ടാകുമെന്നാണ് കരുതുന്നത്. യൂട്യൂബില്‍ നിന്നു പല എക്‌സിക്യൂട്ടീവുകളെയും ബൈറ്റ്ഡാന്‍സ് തങ്ങള്‍ക്കൊപ്പം ഇതിനോടകം എത്തിച്ചു കഴിഞ്ഞു. ഇവരില്‍ പ്രധാനിയായ വനേസാ പാപ്പാസിന് ഗൂഗിള്‍ വിഡിയോസില്‍ 7 വര്‍ഷത്തിലേറെ പ്രവൃത്തി പരിചയം ഉണ്ട്. കഴിഞ്ഞ ജനുവരിയില്‍ അവര്‍ ടിക്‌ടോക് ജനറല്‍ മാനേജരായി ചുമതലയേറ്റിരുന്നു. ടിക്‌ടോകിന്റെ ചൈനീസ് വേര്‍ഷനായ ഡോയിനില്‍ പരസ്യങ്ങള്‍ കാണിക്കാറുണ്ട്. ഇതിന്റെ ചുവടുപിടിച്ച് ടിക്‌ടോകിലും പരസ്യങ്ങള്‍ കാണിച്ചു തുടങ്ങാനും കമ്പനി ഉദ്ദേശിക്കുന്നുണ്ട്. ആഗോള തലത്തില്‍ ടിക്‌ടോക് പ്രചരിപ്പിക്കാന്‍ ബൈറ്റ്ഡാന്‍സ് കഠിന പ്രയത്‌നമാണ് നടത്തുന്നത്. എന്നാൽ അവര്‍ക്ക് ഫെയ്‌സ്ബുക്കില്‍ നിന്നും സ്‌നാപ് ചാറ്റില്‍ നിന്നും അടക്കം ശക്തമായ വെല്ലുവിളികളാണിപ്പോള്‍ ഉള്ളത്.

തങ്ങള്‍ക്ക് എത്ര ഉപയോക്താക്കളാണ് ഉള്ളത് എന്ന് കമ്പനി വെളിപ്പെടുത്തുന്നില്ല. എന്നാല്‍, ഗൂഗിള്‍ പ്ലേസ്റ്റോറിലും ആപ്പിള്‍ ആപ് സ്റ്റോറിലും ഏറ്റവുമധികം ഡൗണ്‍ലോഡു ചെയ്യപ്പെടുന്ന ആപ്പുകളിലൊന്ന് ടിക്‌ടോക് ആണ്. അതി പ്രശസ്തമായ പല ആപ്പുകളിലും ഉപയോക്താക്കൾക്ക് താത്പര്യം നശിച്ചു തുടങ്ങിയ സമയത്താണ് ടിക്‌ടോകിന്റെ രംഗപ്രവേശം എന്നതിനാല്‍ അതിനോടുള്ള കമ്പം ഇപ്പോഴും തുടരുന്നു എന്നു കാണാം. ഇന്ത്യയിലും മികച്ച പ്രതികരണമാണ് ടിക്‌ടോകിനു ലഭിക്കുന്നത്. പുതിയ നീക്കത്തിലൂടെ അവരുടെ പ്രശസ്തി വീണ്ടും ഉയരുമെന്നാണ് വിലയിരുത്തല്‍. 

ലോകത്തെ ഏറ്റവും മൂല്യമുള്ള സ്റ്റാര്‍ട്ട്-അപുകളിലൊന്നാണ് ടിക്്ടോക്കിന്റെ മാതൃ കമ്പനിയായ ബൈറ്റ്ഡാന്‍സ്. നിലവിൽ  ഏകദേശം 75 ബില്ല്യന്‍ ഡോളര്‍ ആസ്തിയാണുള്ളത്. കമ്പനിയുടെ വരുമാനത്തിന്റെ വലിയൊരു പങ്കും സമ്മാനിക്കുന്നത് അവരുടെ വാര്‍ത്താ ആപ് ആയ ടൗടിയോ (Toutiao) ആണ്. ഇത് ചൈനീസ് ഭാഷയിലുള്ളതാണ്. എന്നാല്‍, ചൈനയ്ക്കു വെളിയില്‍ ബൈറ്റ്ഡാന്‍സിന്റെ പ്രശസ്തി ടിക്‌ടോകിലൂടെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com