ADVERTISEMENT

ലോകം അടുത്തതായി നേരിടാന്‍ പോകുന്ന പ്രശ്‌നങ്ങളിലൊന്ന് ഡീപ്‌ഫെയ്ക് (deepfake) വിഡിയോകളുടെ പ്രചാരണമാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ഒരാള്‍ പറയാത്ത കാര്യങ്ങള്‍ അയാള്‍ പറയുന്ന വിഡിയോ സൃഷ്ടിക്കുന്ന ക്ലിപ്പുകളെയാണ് ഡീപ്‌ഫെയ്ക് എന്നു വിളിക്കുന്നത്. ഇത് മുളയിലെ നുള്ളിയില്ലെങ്കില്‍ വന്‍വിപത്തായി തീരാം. ഇന്ന് ഈ ടെക്‌നോളജി അല്‍പം കംപ്യൂട്ടിങ് അറിയാവുന്നവരാണ് സഷ്ടിക്കുന്നത്. ഫെയ്‌സ്ബുക്കും യുട്യൂബും അടക്കമുള്ള മാധ്യമങ്ങള്‍ ഇത്തരം വിഡിയോ പ്രചരിപ്പിക്കില്ലെന്ന വ്യക്തമായ നിലപാടെടുക്കുന്നില്ലെന്നു വരുകില്‍ നാളെ ഇത്തരം വിഡിയോ ആരെക്കുറിച്ചും സൃഷ്ടിക്കാവുന്ന ആപ്പുകള്‍ തന്നെ ഇറങ്ങി ഡീപ്‌ഫെയ്ക് വിഡിയോകളുടെ പ്രളയം തന്നെ സൃഷ്ടിച്ചേക്കാം. 

 

രാജ്യങ്ങള്‍ തമ്മിലും കുടുംബങ്ങള്‍ക്കുള്ളിലും വ്യക്തികള്‍ തമ്മിലും ആവശ്യമില്ലാത്ത പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ഇതു വഴിവച്ചേക്കും. ഈ പ്രശ്‌നങ്ങളെക്കുറിച്ച് അറിയാവുന്ന ഫെയ്‌സ്ബുക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് ഇത്തരം വിഡിയോ പ്രചരിപ്പിക്കില്ലെന്ന ദൃഢമായ തീരുമാനമെടുക്കാന്‍ വൈകുന്നുവെന്നത് അമേരിക്കന്‍ ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സിലെ സ്പീക്കറായ നാന്‍സി പെലോസിയെക്കുറിച്ചു ഫെയ്‌സ്ബുക്കിൽ പ്രചരിച്ച വ്യാജ വിഡിയോ നീക്കം ചെയ്യാന്‍ വിസമ്മതിച്ചതിലൂടെ വ്യക്തമാണ്. നീക്കം ചെയ്യാതിരിക്കുന്നതിന് കാരണമായി പറഞ്ഞത് ആവിഷ്‌കാര സ്വാതന്ത്ര്യമാണ്. ഇതിനു ശേഷം പെലോസി സക്കര്‍ബര്‍ഗിന്റെ ഫോണ്‍ കോള്‍ എടുക്കാന്‍ വിസമ്മതിച്ചതായും വാര്‍ത്തകളുണ്ട്.

 

സക്കര്‍ബര്‍ഗിന്റെ ഫെയ്ക് വിഡിയോ

 

ഇപ്പോഴിതാ സക്കര്‍ബര്‍ഗ് പറയാത്ത കാര്യങ്ങളുമായി വ്യാജ വിഡിയോ പ്രചരിച്ചു തുടങ്ങുകയാണ്. വിഡിയോയെക്കുറിച്ചുള്ള രസകരമായ ഒരു വസ്തുത എന്താണെന്നു ചോദിച്ചാല്‍ സക്കര്‍ബര്‍ഗിനെക്കുറിച്ച് ലോകം ഭയക്കുന്ന കാര്യങ്ങളാണ് അദ്ദേഹത്തിനെ കൊണ്ടു പറയിക്കുന്നത് എന്നതാണ്. ഇതു പ്രത്യക്ഷപ്പെട്ടത് ഫെയ്‌സ്ബുക്കിന്റെ അധീനതയിലുള്ള ഇന്‍സ്റ്റാഗ്രാമിലാണ്. വിഡിയോ സൃഷ്ടിച്ചത് കലാകാരന്മാരായ ബില്‍ പോസ്‌റ്റേഴ്‌സും ഡാനിയല്‍ ഹാവും പരസ്യ ഏജന്‍സിയായ കാനിയും ചേര്‍ന്നാണ്. ഇത്തരം വിഡിയോ ഉണ്ടാക്കാവുന്ന വിപത്തുകളെക്കുറിച്ചുളള ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് ഇതു സൃഷ്ടിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ ക്ലിപ് പിന്നീട് ഒരാള്‍ ഇന്‍സ്റ്റാാഗ്രാമില്‍ അപ്‌ലോഡു ചെയ്യുകയായിരുന്നു. ക്ലിപ്പിലെ സക്കര്‍ബര്‍ഗ് പറയുന്നത് 'ഒരു നിമിഷം ഇതെക്കുറിച്ചു ചിന്തിക്കൂ – ബില്ല്യന്‍കണക്കിന് ആളുകളുടെ മോഷ്ടിക്കപ്പെട്ട ഡേറ്റയുടെ പരിപൂര്‍ണ്ണ നിയന്ത്രണമുള്ള ഓരള്‍. അവരുടെ എല്ലാ രഹസ്യങ്ങളും ജീവിതവും ഭാവിയുമെല്ലാം അതിലുണ്ട്. ഇതിനു ഞാന്‍ കടപ്പെട്ടിരിക്കുന്നത് സ്‌പെക്ടറിനോടാണ്. ആരാണോ ഡേറ്റാ നിയന്ത്രിക്കുന്നത് അയാള്‍ ഭാവിയെ നിയന്ത്രിക്കുമെന്ന് എനിക്കു കാണിച്ചു തന്നത് സ്‌പെക്ടറാണ് എന്നാണ്.

 

ഈ വിഡിയോ മനപ്പൂര്‍വ്വം പൂര്‍ണ്ണതയില്ലാതെ സൃഷ്ടിച്ചതാണ്. വ്യാജമാണെന്നു തോന്നിപ്പിക്കാനുള്ള സൂചനകള്‍ അതിന്റെ സൃഷ്ടാക്കള്‍ ഇട്ടിട്ടുണ്ട്. ആരുടെ വായിലും അവര്‍ പറയാത്ത വാക്കുകള്‍ തിരുകാന്‍ അനുവദിക്കുന്ന ഡീപ്‌ഫെയ്ക് വിഡിയോകള്‍ പ്രചരിച്ചാലുണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ കാണിച്ചുകൊടുക്കാനാണ് ഇത് ഉണ്ടാക്കിയത്. പെലോസിയുടെ വിഡിയോയില്‍ അവരുടെ സംഭാഷണത്തിന്റെ വേഗം കുറയ്ക്കുകയാണ് ചെയ്തത്. ഓരോ വാക്കും ഉച്ചരിക്കുന്ന രീതി തന്നെ, പറയുന്നയാള്‍ ഉദ്ദേശിക്കാത്ത വ്യാഖ്യനത്തിന് സാധ്യത നല്‍കുന്നു. ഇതാകട്ടെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയുമൊക്കെ പ്രവര്‍ത്തനം തന്നെ അവതാളത്തിലാക്കാം. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഇപ്പോഴത്തെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ അധിക്ഷേപിക്കുന്ന വിഡിയോ കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയിരുന്നല്ലൊ. ഡീപ്‌ഫെയ്ക് എത്ര അപകടകാരിയാകാം എന്നതിനെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കാനാണിത് സൃഷ്ടിച്ച് പ്രചരിപ്പിച്ചത്.

 

ഡീപ്‌ഫെയ്ക് വിഡിയോ മറ്റൊരു രീതിയിലും പ്രചരിപ്പിക്കാം. ഒരാളുടെ മുഖം മറ്റൊരാളുടെ ഉടലുമായി ചേര്‍ത്തും വിഡിയോ സൃഷ്ടിക്കാം. ഇപ്പോള്‍ തന്നെ പ്രശസ്തരുടെ മുഖം ഉപയോഗിച്ചുള്ള പോണ്‍ വിഡിയോകള്‍ പ്രചരിക്കുന്നുണ്ടെന്നാണ് വാര്‍ത്തകള്‍ പറയുന്നത്. ഇതിപ്പോള്‍ സെലബ്രിറ്റികളെയാണ് ലക്ഷ്യം വയ്ക്കുന്നതെങ്കില്‍ നാളെ ഇത് ആര്‍ക്കെതിരെയും പ്രയോഗിക്കപ്പെടാം. ഇത്തരം വിഡിയോകള്‍ പ്രിയപ്പെട്ടവരെ തമ്മില്‍ വേര്‍പിരിക്കും. ഇതായിരിക്കാം ഡിജിറ്റല്‍ വിപ്ലവത്തിലെ അടുത്ത ചുവട് എന്നു ഭയക്കുന്നവരുമുണ്ട്.

 

നാന്‍സി പെലോസിയുടെ കാര്യത്തിലേക്കു വന്നാല്‍, അവരുടെ പ്രതിച്ഛായയ്ക്കു കളങ്കം തട്ടുന്നതില്‍ ഫെയ്‌സ്ബുക്കിന് താത്പര്യമുണ്ടെങ്കില്‍ അതില്‍ അദ്ഭുതപ്പെടേണ്ട എന്നാണ് പറയുന്നത്. കഴിഞ്ഞ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ഉണ്ടായി എന്ന് ആരോപിക്കപ്പെടുന്ന റഷ്യന്‍ ഇടപെടല്‍ അബദ്ധത്തില്‍ സംഭവിച്ചതല്ല, അത് ഫെയ്‌സ്ബുക്കിന്റെ അറിവോടെയാണ് എന്ന് അവര്‍ പറഞ്ഞിരുന്നു. അനാവശ്യമായ രീതിയില്‍ ചില വ്യക്തികളുടെ കൈയ്യില്‍ ധനം കേന്ദ്രീകരിക്കപ്പെടുന്നത് ജനാധിപത്യത്തിന് അപകടമാണ്. പ്രത്യേകിച്ചും ഡിജിറ്റല്‍ കമ്പനികള്‍ ഉള്ളടക്കങ്ങള്‍ കൈയ്യടക്കി വച്ചിരിക്കുന്ന സ്ഥിതിയെന്നും അവര്‍ വിമര്‍ശിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com