ADVERTISEMENT

ഫെയ്‌സ്ബുക് മേധാവി മാര്‍ക് സക്കര്‍ബര്‍ഗിന്റെ സഹപാഠിയും ആഗോള ഫെയ്‌സ്ബുക് എന്ന ആശയം പുറത്തെടുത്തയാളുമായ ആരന്‍ ഗ്രീന്‍സ്പാന്‍ വീണ്ടും കമ്പനിക്കെതിരെ തുറന്നടിച്ചു രംഗത്തെത്തി. ബ്രിട്ടനിലെ എംപിമാരടങ്ങുന്ന ഡിജിറ്റല്‍ കള്‍ചര്‍ മീഡിയ ആന്‍ഡ് സ്പോര്‍ട്ട് സബ്-കമ്മിറ്റിയുടെ മുന്‍പിലാണ് ഇപ്പോള്‍ ഫെയ്‌സ്ബുക്കില്‍ ഉള്ളതിന്റെ പകുതിയിലേറെ അക്കൗണ്ടുകള്‍ വ്യാജമാണെന്ന് അവകാശപ്പെട്ടത്. മനുഷ്യരാശിക്കു സംഭവിച്ച ചെര്‍ണോബില്‍ അപകടമാണ് ഫെയ്‌സ്ബുക് എന്നാണ് അദ്ദേഹം പറഞ്ഞത്. ഫെയ്‌സ്ബുക്കില്‍ കുമിഞ്ഞു കൂടിയിരിക്കുന്ന വ്യാജ വിവരങ്ങളും മറ്റും ചെര്‍ണോബിലിലെ റേഡിയേഷന്‍ പോലെയാണ്. അതിനി നീക്കം ചെയ്യാനാവില്ലെന്നും അദ്ദേഹം കമ്മറ്റിയോടു പറഞ്ഞു.

 

ഫെയ്‌സ്ബുക്കിനു മേലുള്ള നിയന്ത്രണം കമ്പനിയെ നിയന്ത്രിക്കുന്നവര്‍ക്കു നഷ്ടപ്പെട്ടു. അതു തിരിച്ചു കിട്ടുമെന്നു കരുതുന്നില്ലെന്നും ഗ്രീന്‍സ്പാന്‍ പാര്‍ലമെന്ററി കമ്മറ്റിയോടു പറഞ്ഞു. വിഷയത്തെപ്പറ്റി ഈ വര്‍ഷം ആദ്യം പ്രസിദ്ധീകരിച്ച തന്റെ പുസ്തകത്തില്‍ ഗ്രീന്‍സ്പാന്‍ പറയുന്നത് ഫെയ്‌സ്ബുക്കിലെ 50 ശതമാനമോ അതിലേറെയോ അക്കൗണ്ടുകള്‍ വ്യാജമാണ് എന്നാണ്. ഫെയ്‌സ്ബുക്കില്‍ അനുദിനം കുമിഞ്ഞുകൂടുന്ന വ്യാജപ്രചരണങ്ങളും കമ്പനിയുടെ സ്വകാര്യതാ ഭഞ്ജനവും അടക്കമുള്ള കാര്യങ്ങളാണ് ബ്രിട്ടന്റെ കമ്മറ്റി പഠിക്കുന്നത്.              

 

ബ്രിട്ടന്റെയോ കാനഡയുടെയോ അല്ലെങ്കില്‍ മറ്റേതെങ്കിലും രാജ്യത്തിന്റെയോ പാര്‍ലമെന്ററി കമ്മറ്റിക്കു മുന്നില്‍ ഹാജരാകാനോ ഗൗരവമുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനോ സക്കര്‍ബര്‍ഗ് തയാറാവില്ലെന്നും ഗ്രീന്‍സ്പാന്‍ പറഞ്ഞു. കാരണം കമ്മറ്റികള്‍ ഉന്നയിക്കാനിടയുള്ള നിയമസാധുതയുള്ള ചോദ്യങ്ങള്‍ക്കു നല്‍കാന്‍ അദ്ദേഹത്തിന്റെ കയ്യില്‍ ഉത്തരങ്ങളില്ലെന്ന് അദ്ദേഹം പറഞ്ഞു. ഫെയ്‌സ്ബുക്കിനെ ഒരിക്കലും വിശ്വസിക്കാനാവില്ല. കമ്മറ്റിയോട് കമ്പനിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സ്വതന്ത്രമായ ഒരു വിശകലനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വകാര്യതയെക്കുറിച്ചും മറ്റും സക്കര്‍ബര്‍ഗ് ഇപ്പോള്‍ സംസാരിക്കുന്നുണ്ടെങ്കില്‍ അത് അദ്ദേഹത്തിനു നേരെ ഏതു സമയത്തും അഴിച്ചു വിട്ടേക്കാവുന്ന ആന്റിട്രസ്റ്റ് നീക്കത്തെ പ്രതിരോധിക്കാന്‍ നടത്തുന്ന പ്രസംഗങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

 

ഹാര്‍വാര്‍ഡില്‍ ഇരുവരും പഠിക്കുന്ന സമയത്ത് കുട്ടികള്‍ക്കായി ഹൗസ്‌സിസ്റ്റം (houseSYSTEM) എന്ന പേരില്‍ ഒരു വെബ്‌സൈറ്റ് ഇരുവരും ചേര്‍ന്നു തുടങ്ങുകയും പിന്നീടത് ദി ഫെയ്‌സ്ബുക് എന്ന പേരില്‍ അറിയപ്പെടുകയുമായിരുന്നു. പിന്നീട് ഗ്രീന്‍സ്പാന്‍ ദി യൂണിവേഴ്‌സല്‍ ഫെയ്‌സ്ബുക് (The Universal Face Book) എന്ന പേരില്‍ ഗ്രീന്‍സ്പാന്‍ ഒരു പോര്‍ട്ടല്‍ തുടങ്ങിയിരുന്നു. അതിനു ശേഷമാണ് സക്കര്‍ബര്‍ഗ് 2004ല്‍ ഫെയ്‌സബുക് അവതരിപ്പിക്കുന്നത്. ഇതേതുടര്‍ന്ന് ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു. 2009 ല്‍ ഒരു തുക സക്കര്‍ബര്‍ഗ് ഗ്രീന്‍സ്പാനു നല്‍കിയാണ് പ്രശ്‌നങ്ങള്‍ ഒതുക്കിയത്. എന്നാല്‍ കമ്പനിയുടെ പ്രവര്‍ത്തന രീതി അറിയാവുന്ന ഗ്രീന്‍സ്പാന്‍ ഫെയ്‌സ്ബുക്കിനെതിരെ പലപ്പോഴും തുറന്നടിച്ചിട്ടുണ്ട്.

 

2004ല്‍ തന്നെ താന്‍ സക്കര്‍ബര്‍ഗിനോട് ഫെയ്‌സ്ബുക് സ്വകാര്യതയുടെ കാര്യത്തില്‍ ഒരു പേക്കിനാവായി തീരുമെന്ന മുന്നറിയിപ്പു നല്‍കിയിരുന്നതായും ഗ്രീന്‍സ്പാന്‍ അവകാശപ്പെട്ടു. തന്റെ അഭിപ്രായത്തെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞാണ് സക്കര്‍ബര്‍ഗ് നീങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. തുടക്കത്തിലെ തന്നെ കമ്പനി നിയന്ത്രണാതീതമായിരുന്നുവെന്നും അദ്ദേഹം പാര്‍ലമെന്ററി കമ്മറ്റിക്കു മുന്നില്‍ പറഞ്ഞു.

 

കമ്മറ്റിയുടെ ചെയര്‍മാന്‍ ഡെയ്മിയന്‍ കോളിന്‍സ് പല തവണ തങ്ങള്‍ക്കു മുന്നില്‍ ഹാജരാകാന്‍ സക്കര്‍ബര്‍ഗിനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തിരിഞ്ഞു നോക്കിയിട്ടില്ല. ഫെയ്‌സ്ബുക്കിലെ 5 ശതമാനം അക്കൗണ്ടുകള്‍ മാത്രമാണ് വ്യാജമെന്നാണ് കമ്പനി നിലപാട്. എന്നാല്‍ ഫെയ്‌സ്ബുക്ക് അടുത്തിടെ പുറത്തുവിട്ട ട്രാന്‍സ്പരന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നത് തങ്ങള്‍ 300 കോടി അക്കൗണ്ടുകള്‍ നീക്കം ചെയ്തുവെന്നാണ്. ഇത് 2018 ഒക്ടോബറിനും 2019 മാര്‍ച്ചിനും ഇടയില്‍ മാത്രം സംഭവിച്ച കാര്യമാണ്. ഇവയില്‍ പലതും സൃഷ്ടിച്ചു മിനിറ്റുകള്‍ക്കുള്ളില്‍ നീക്കം ചെയ്യപ്പെടുകയായിരുന്നു.

 

എന്നാല്‍, ഗ്രീന്‍സ്പാന്‍ ഫെയ്ബുക് തന്നെ നേരത്തെ പുറത്തുവിട്ട ചില റിപ്പോര്‍ട്ടുകളെ കേന്ദ്രമാക്കി എഴുതിയ തന്റെ പുസ്തകത്തില്‍ പറയുന്നത് ഫെയ്‌സ്ബുക്കില്‍ കൂടുതലും വ്യാജ അക്കൗണ്ടുകളായിരിക്കാം എന്നാണ്. ഫെയ്‌സ്ബുക് കാശുണ്ടാക്കുന്നത് പരസ്യക്കാരില്‍ നിന്നാണ്. അതിനാല്‍ ഉപയോക്താക്കളുടെ എണ്ണം പെരുപ്പിച്ചു കാണിക്കുന്നതും വ്യാജ അക്കൗണ്ടുകളും കമ്പനിക്ക് കാശാക്കി മാറ്റാമെന്ന ആരോപണവും കൂടെയാണ് ഗ്രീന്‍സ്പാന്‍ ഉന്നയിക്കുന്നതെന്നു പറയന്നു. ശരിക്കുള്ള ഉപയോക്താക്കളോടാണോ ഫെയ്‌സ്ബുക്കില്‍ ഒരാള്‍ ഇടപെടുന്നതെന്ന് അറിയാനാവില്ല എന്നാണ് അദ്ദേഹത്തിന്റെ മറ്റൊരു ആരോപണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com