ADVERTISEMENT

കുറച്ചു കാലമായി ഫെയ്‌സ്ബുക് അവതരിപ്പിക്കുമെന്നു പറഞ്ഞു കേട്ടിരുന്ന ക്രിപ്‌റ്റോ കറന്‍സിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്. തങ്ങളുടെ കറന്‍സിയുടെ പേര് ലിബ്രാ (Libra) എന്നായിരിക്കുമെന്ന് കമ്പനി അറിയിച്ചു. ഇത് 2020ല്‍ അവതരിപ്പിക്കും. ധനലാഭം ലക്ഷ്യം വച്ചല്ലാതെ പ്രവര്‍ത്തിക്കുന്ന ലിബ്രാ അസോസിയേഷനായിരിക്കും ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുക. ബാങ്കിങ് സിസ്റ്റം ഉപയോഗിക്കാനാകാത്തവരായി ലോകത്ത് ഇന്ന് 31 ശതമാനം പേരുണ്ടെന്നും അവരെയാണ് തങ്ങളുടെ കറന്‍സി പ്രധാനമായും ലക്ഷ്യം വയ്ക്കുന്നതെന്നും കമ്പനി പറഞ്ഞു.

 

ലിബ്രായുടെ നിയന്ത്രണം ഫെയ്‌സ്ബുക്കിന്റെ കയ്യിലായിരിക്കില്ല. തങ്ങള്‍ക്കൊപ്പം ലോകമെമ്പാടും നിന്നുള്ള 27 കമ്പനികളെയും ഒപ്പം ചേര്‍ത്താണ് ഇതു നടത്തുന്നത്. ലിബ്രാ സംബന്ധിച്ച എന്തെങ്കിലും കാര്യത്തില്‍ വോട്ടെടുപ്പു വേണ്ടിവന്നാല്‍ ഫെയ്‌സ്ബുക്കിന് ഒരു വോട്ട് മാത്രമായിരിക്കും ഉണ്ടായിരിക്കുക എന്നും കമ്പനി അറിയിച്ചു. ലിഫ്റ്റ് (Lyft), ഊബര്‍, വീസാ, മാസ്റ്റര്‍കാര്‍ഡ്, സ്‌പോട്ടിഫൈ, കോയിന്‍ബെയ്‌സ്, പേപാല്‍ തുടങ്ങിയവയാണ് ലിബ്രായ്ക്കായി ഫെയ്‌സ്ബുക്കിനോടു കൈകോര്‍ക്കുന്ന മറ്റു ചില കമ്പനികള്‍. എന്നാല്‍ 27 അല്ല, 100 സ്ഥാപകാംഗങ്ങളുമായി ലിബ്രാ തുടങ്ങാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് ഫെയ്‌സ്ബുക് മേധാവി മാര്‍ക് സക്കര്‍ബര്‍ഗ് അറിയിച്ചു.

 

ആര്‍ക്കും കയറാനായി ബാങ്കിങ് മേഖലയിലെ ഒരു എളുപ്പ വഴി എന്ന നിലയിലാണ് ലിബ്രാ അവതരിപ്പിക്കുന്നത്. ഈ കറന്‍സിക്കു മാത്രമായി ഒരു പ്രോട്ടോകോള്‍ ഉണ്ടായരിക്കും. ലിബ്രാ ഉപയോഗിച്ചു നടത്തുന്ന ഇടപാടുകള്‍ സ്വകാര്യമായിരിക്കും. ഇതു കേന്ദ്രീകൃതവുമായിരിക്കും. ഇതുപയോഗിച്ച് ലോകത്തെവിടെയും പണമിടപാടുകള്‍ നടത്താം. ഒരിടത്തും യൂസര്‍ ഫീ ഈടാക്കുകയുമില്ല.

 

ഒരു തുടക്ക സ്മാര്‍ട് ഫോണെങ്കിലും കയ്യില്‍ വയ്ക്കുകയും ഡേറ്റാ സേവനം ഉപയോഗിക്കുകയും ചെയ്യുന്ന ആര്‍ക്കും ഉപയോഗിക്കാവുന്നതായിരിക്കും ലിബ്രാ. കാലിബ്രാ (Calibra) എന്നാ ആപ് ഇന്‍സ്‌റ്റാള്‍ ചെയ്താല്‍ പുതിയ കറന്‍സി ഉപയോഗിച്ചു തുടങ്ങാം. തങ്ങളുടെ കറന്‍സിയുടെ വില പിടിച്ചു നിർത്താനായി റിസേര്‍വുകളും സൃഷ്ടിക്കും. ബാങ്ക് നിക്ഷേപങ്ങളും സർക്കാർ സെക്യൂരിറ്റീസും സൃഷ്ടിക്കപ്പെടുന്ന ഓരോ ലിബ്രായ്ക്കു വേണ്ടിയും കരുതലായി സൂക്ഷിക്കും. അങ്ങനെ കാതലുള്ള ഒരു കറന്‍സിയായി ലിബ്രയെ വളര്‍ത്താനാണ് ഫെയ്‌സ്ബുക്കിന്റെ ലക്ഷ്യം. ഇത്തരം നടപടികളിലൂടെ സാധാരണ ക്രിപ്‌റ്റോ കറന്‍സികളുടെ മൂല്യത്തില്‍ ഉണ്ടാകുന്ന ചാഞ്ചാട്ടം ഒഴിവാക്കാനാകുമെന്നാണ് ഫെയ്‌സ്ബുക് പറയുന്നത്. ലിബ്രാ അസോസിയേഷനിലുള്ള എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യം ഉപയോക്താക്കള്‍ വളരെ വിശ്വാസത്തോടെ തങ്ങളുടെ കറന്‍സി ഉപയോഗിക്കണമെന്നാണ്.

 

ലിബ്രായിക്കു പിന്നിലും ബ്ലോക് ചെയ്ന്‍ സാങ്കേതികവിദ്യയായരിക്കും ഉപയോഗിക്കുക. അടുത്ത വര്‍ഷം ലിബ്രാ അസോസിയേഷനും നിലവില്‍ വരും. ലിബ്രാ അസോസിയേഷന്‍ കൊണ്ടുവരാനും ലിബ്രോ ബ്ലോക്‌ചെയ്ന്‍ സാങ്കേതികവിദ്യയ്ക്കു വേണ്ടിയും ഫെയ്‌സ്ബുക്കിന്റെ ടീമുകളാണ് മുന്‍കൈ എടുക്കുക. ലിബ്രയെക്കുറിച്ചുള്ള അന്തിമ തീരുമാനം എടുക്കുന്നത് ലിബ്രാ അസോസിയേഷനാണെങ്കിലും 2019ല്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഫെയ്‌സ്ബുക് ആയിരിക്കും. എന്നാല്‍ ഒരിക്കല്‍ ലിബ്രാ അസോസിയേഷന്‍ നിലവില്‍ വന്നു കഴിഞ്ഞാല്‍ തങ്ങള്‍ വല്ല്യേട്ടന്‍ കളിക്കില്ലെന്നും സക്കർബർഗ് പറഞ്ഞു.

 

പുതിയൊരു കമ്പനിയായി കാലിബ്രാ അവതരിപ്പിക്കാനാണ് ഫെയ്‌സ്ബുക്കിന്റെ തീരുമാനം. ലിബ്രയിലൂടെ നടത്തുന്ന എല്ലാ പണമിടപാടുകളും നിയന്ത്രിക്കുക കാലിബ്രായിയിരിക്കും. ഇത് ഫെയ്‌സ്ബുക് ഡേറ്റയില്‍ നിന്ന് മാറ്റി സൂക്ഷിക്കുമെന്നും കമ്പനി പറയുന്നു. അതിലൂടെ സ്വകാര്യത കൈവരിക്കാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മറ്റു തേഡ്പാര്‍ട്ടി വോലറ്റുകളുമായും സഹകരിച്ചു പ്രവര്‍ത്തിക്കാനാണ് ഉദ്ദേശം. കാലിബ്രാ വോലറ്റ് വാട്‌സാപ്പിലേക്കും ഫെയ്‌സ്ബുക് മെസഞ്ചറിലേക്കും ബന്ധിപ്പിക്കും. കൂടാതെ ഒറ്റയ്ക്കു പ്രവര്‍ത്തിക്കുന്ന കാലിബ്രാ ആപ്പും പുറത്തിറക്കും. മറ്റെല്ലാ പണമിടപാട് ആപ്പുകളെയും പോലെ കാലിബ്രയെയും നിയന്ത്രിക്കുമെന്നും അതിലെ വിവരങ്ങള്‍ ഫെയ്‌സ്ബുക്കില്‍ നിന്നു മാറ്റി സൂക്ഷിക്കുമെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു. സ്മാര്‍ട് ഫോണും ഡേറ്റാ കണക്‌ഷനുമുള്ള ആര്‍ക്കും കാലിബ്രാ ആപ്പിലൂടെ ലിബ്രാ കോയിന്‍ മറ്റാര്‍ക്കും ഫ്രീ ആയോ നാമമാത്രമായ പണം മുടക്കിയോ കൈമാറാമെന്ന് അദ്ദേഹം പറഞ്ഞു. കുറച്ചു കാലം കഴിഞ്ഞ് തങ്ങളുടെ സേവനത്തിന്റെ പരിധി വര്‍ധിപ്പക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിസിനസുകാര്‍ക്കു പോലും ഉപയോഗിക്കാവുന്ന രീതിയിലേക്ക് ഇത് എത്തിക്കാനായിരിക്കും ഫെയ്‌സ്ബുക്കിന്റെ ശ്രമം. ചായക്കടയില്‍ കയറി ചായ കുടിക്കുന്നതിനും ബസില്‍ ടിക്കറ്റെടുക്കാനും എല്ലാം ഉപയോഗിക്കത്തക്ക രീതിയില്‍ വികസിപ്പിക്കാനും ഉദ്ദേശമുണ്ട്. കാലിബ്രയ്ക്കു മാത്രമായി സാങ്കേതികവിദഗ്ധരുടെ ഒരു ടീമുണ്ടായരിക്കും. തട്ടിപ്പും മറ്റും ഒഴിവാക്കാനുള്ള ശ്രമവും ഉണ്ടായരിക്കും. ലിബ്രയ്ക്ക് അതിന്റെ സ്വന്തം പ്രോഗ്രാമിങ് ഭാഷയും ഉണ്ടായിരിക്കും.

 

ക്രിപ്‌റ്റോകറന്‍സികളുടെ പര്യായപദമായി പലരും ഉപയോഗിക്കുന്നത് 'ബിറ്റ്‌കോയിന്‍' എന്ന വാക്കാണ്. ബിറ്റ്‌കോയിന്‍ പോലെയുള്ള കറന്‍സികള്‍ക്ക് ഒരു വെല്ലുവിളി ഉയര്‍ത്തലല്ല ലിബ്രാ എന്നാണ് പറയുന്നത്. പക്ഷേ അവയിലേക്കുള്ള ഒരു പാലമായിരിക്കാം. ലോകത്തെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന മിക്ക ആളുകളെക്കുറിച്ചും അറിയാവുന്ന കമ്പനിയാണ് ഫെയ്‌സ്ബുക്. അവര്‍ ലോകമെമ്പാടും ഉപയോഗിക്കാവുന്ന ഒരു സമാന്തര സമ്പദ്‌വ്യവസ്ഥ കൊണ്ടുവരാനുള്ള ശ്രമത്തിന്റെ തുടക്കമാണോ ഇതെന്ന് ഇപ്പോള്‍ പറയാന്‍ വയ്യ. ഇതേപ്പറ്റി ലോകരാഷ്ട്രങ്ങള്‍ എങ്ങനെ പ്രതികരിക്കുമെന്നും കണ്ടറിയേണ്ടിയിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com