sections
MORE

എല്ലാം ഫ്രീ! സക്കർബർഗിന്റെ ലിബ്രയെ ലോകബാങ്കെന്ന് വിളിക്കേണ്ടി വരുമോ?

libra-zuckerberg
SHARE

ഫെയ്സ്ബുക്കിന്റെ മറ്റൊരു ഉൽപന്നമായി ലിബ്ര ക്രിപ്റ്റോകറൻസിയെ വിലയിരുത്തിയവർക്കു തെറ്റി. ലിബ്ര അടുത്ത ഫെയ്സ്ബുക് അല്ലെങ്കിൽ അതിനുമപ്പുറം എന്തോ ആണ്. സാമ്പത്തികരംഗത്തെ ഇന്റർനെറ്റ് എന്നോ കറൻസികളുടെ ഫെയ്സ്ബുക് എന്നോ വിശേഷിപ്പിക്കാം. ലിബ്ര ഔദ്യോഗികമായി പ്രഖ്യാപിച്ചതിനോടൊപ്പം പ്രസിദ്ധീകരിച്ച ധവളപത്രത്തിൽ പറയുന്ന സേവനങ്ങളും സൗകര്യങ്ങളും കണക്കിലെടുത്താൽ അടുത്തകാലത്തുണ്ടായ ഏറ്റവും വിപ്ലവകരമായ ഉൽപന്നമെന്ന് ഇതിനെ വിശേഷിപ്പിക്കാം. ക്രിപ്റ്റോകറൻസി എന്നു പറയുമ്പോൽ ‘ബിറ്റ്‍കോയിനെപ്പറ്റി കുറെയായി കേൾക്കുന്നു’ എന്നു പറയുന്നവർക്കു ലിബ്ര വേറെ ലെവൽ ആണെന്നുറപ്പിക്കാം. 

സങ്കീർണതകൾ ഏറെയുള്ള, സുരക്ഷാപിഴവുകളിൽപെട്ടു കാലിടറിയ, വിലയുടെ ഏറ്റക്കുറച്ചിലുകൾ കൊണ്ടു കുപ്രസിദ്ധമായ ബിറ്റ്കോയിന്റെ ‘ഹൈടെക് ബുദ്ധിജീവി സ്വഭാവം’ ലിബ്രയ്ക്കില്ല. ‘എന്റെ കാശെവിടെ’ എന്നു ചോദിക്കുന്ന സാധാരണക്കാരന് അണ.പൈ. കുറയാതെ ഉള്ളതു പൊതിഞ്ഞുകൊടുക്കുന്ന ലാളിത്യമാണ് ലിബ്രയെ വിപ്ലവകരമാക്കുന്നത്. രാജ്യാന്തര ധനകാര്യ സ്ഥാപനങ്ങളെയും രാജ്യങ്ങളുടെ സമ്പദ്‍വ്യവസ്ഥയെയും ഭയപ്പെടുത്തുന്നതും ഇതു തന്നെ. ലിബ്ര വന്നാൽ, പറയുന്നതുപോലൊക്കെ പ്രവർത്തിച്ചാൽ ലോകം ആ വഴിക്കു പോയെന്നു വരും. 230 കോടി അംഗങ്ങളുള്ള ഫെയ്സ്ബുക് ജനസംഖ്യയിൽ ലോകത്തെ ഏറ്റവും വലിയ രാജ്യത്തെക്കാൾ മുന്നിലാണ്. ആ ജനം ലിബ്ര ഏറ്റെടുത്താൽ അതിനെ ലോകബാങ്കെന്നു തന്നെ വിളിക്കേണ്ടിവരും.

എന്താണ് ലിബ്ര ?

ലിബ്ര ഒരു ക്രിപ്റ്റോകറൻസിയാണ് എന്ന ഒറ്റവാചകത്തിൽ അതിന്റെ സാങ്കേതികത്വം ഒതുക്കാം. രാജ്യത്തിന്റെയോ കറൻസികളുടെയോ അതിർവരമ്പുകളില്ലാതെ ലോകത്തെ എല്ലാവർക്കും തങ്ങളുടെ ഫോണിൽ ഉപയോഗിക്കാവുന്ന പുതിയൊരു നാണയാണ് ലിബ്ര. തിരമാലകളെ സൂചിപ്പിക്കുന്ന മൂന്നു വരകളാണ് ലിബ്രയുടെ ലോഗോ. ഭാരം അളക്കുന്നതിനുള്ള റോമൻ തോതിൽ നിന്നാണ് ലിബ്ര എന്ന പേരു സ്വീകരിച്ചിരിക്കുന്നത്. കാലിബ്ര എന്ന മൊബൈൽ വോലറ്റ് വഴിയാണ് ലിബ്ര ഇടപാടുകളെല്ലാം നടക്കുക. എന്നാൽ, സ്വതന്ത്ര വോലറ്റുകളുമായുള്ള ഇടപാടുകൾക്കു തടസമുണ്ടാവില്ല.  ബാങ്ക് അക്കൗണ്ടുമായോ ഫെയ്സ്ബുക് അക്കൗണ്ടുമായോ ലിബ്ര ബന്ധിപ്പിക്കേണ്ടതില്ല. 

ഇടപാടുകൾക്കു ഫീസ് ഇടാക്കുന്നില്ല എന്നതാണ് ലിബ്രയുടെ ഏറ്റവും വലിയ സവിശേഷത. അതായത് ന്യൂയോർക്കിൽ നിന്ന് ബന്ധു അയയ്ക്കുന്ന 100 ലിബ്ര ഏറ്റക്കുറച്ചിലുകളില്ലാതെ കേരളത്തിലുള്ളയാൾക്ക് തൽസമയം കാലിബ്രയിൽ ലഭിക്കും. വോലറ്റിലുള്ള ലിബ്രയെ രൂപയാക്കി മാറ്റാൻ ഒരു താമസവുമില്ല. ആവശ്യക്കാർക്ക് ഒറ്റ ക്ലിക്കിൽ വോലറ്റിൽ നിന്ന് രൂപയായി പണം ബാങ്ക് അക്കൗണ്ടിലേക്കോ മറ്റേതെങ്കിലും വോലറ്റിലേക്കോ മാറ്റാം. ഇതിനൊന്നും സർവീസ് ചാർജ്, പ്രൊസസിങ് ചാർജ്, ട്രാൻസാക്‌ഷൻ ഫീസ് തുടങ്ങിയവയൊന്നും ഈടാക്കില്ല.

ഫെയ്സ്ബുക്, വാട്സാപ്, മെസഞ്ചർ എന്നിവയിൽ 2020 പകുതിയോടെ ലിബ്ര ഔദ്യോഗികനാണയമായി അവതരിക്കപ്പെടുന്നതോടെ ഈ മാധ്യമങ്ങളിലൂടെയുള്ള ഇടപാടുകൾക്കെല്ലാം നാണയമാറ്റം നടത്താതെ തന്നെ നേരിട്ടു ലിബ്ര ഉപയോഗിക്കാം. ഫെയ്സ്ബുക് വഴി ഒരു ഇ-കൊമേഴ്സ് വെബ്സൈറ്റിൽ നിന്ന് മൊബൈൽ ഫോൺ വാങ്ങിയാൽ വില ലിബ്രയായി കൊടുത്താൽ മതി. വാട്സാപ്പിലും ഇ-കൊമേഴ്സ് സംവിധാനം വരുന്നതോടെ ദശലക്ഷക്കണക്കിനു ചെറുകിട വ്യാപാരികൾക്കും ലിബ്ര മുഖ്യനാണയമായി ഉപയോഗിക്കാനാവും.

വിലയിൽ സ്ഥിരത

ക്രിപ്റ്റോകറൻസിയുടെ അമരക്കാരനായി എത്തി അവധിവ്യാപാരത്തിലും ഊഹക്കച്ചവടത്തിലും പെട്ടു ‘ഭാവി തുലച്ച’ ബിറ്റ്കോയിനെപ്പോലെ ഞെട്ടിക്കുന്ന വിലക്കയറ്റമോ, ബോധംകെടുത്തുന്ന വിലത്തകർച്ചയോ ലിബ്രയ്ക്ക് ഉണ്ടാവില്ല. രൂപയും ഡോളറും പോലെ സാമ്പത്തിക-രാഷ്ട്രീയ മാറ്റങ്ങൾക്കനുസരിച്ചുള്ള വ്യതിയാനങ്ങൾ പോലും ലിബ്രയെ ബാധിക്കില്ല എന്നാണ് കണക്കുകൂട്ടൽ. ഒരു ലിബ്രയുടെ വില എത്രയാണെന്നത് ലിബ്ര അസോസിയേഷൻ ഇതുവരെ തീരുമാനിച്ചിട്ടില്ലെങ്കിലും ഡോളർ, യൂറോ, പൗണ്ട് സ്റ്റെർലിങ് - മൂന്നിന്റെയും മധ്യത്തിൽ ഡോളറിനോട് അടുത്ത് എവിടെയെങ്കിലും വിലയുറപ്പിക്കുമെന്നാണു സൂചന. ഈ വിലയിൽ മാറ്റമുണ്ടാകാതെ പിടിച്ചുനിർത്തുന്നതിനാണു ലിബ്ര അസോസിയേഷനിൽ അംഗങ്ങളാകുന്ന 100 കമ്പനികളിൽ നിന്ന് 1 കോടി ഡോളർ വീതം നിക്ഷേപമായി സ്വീകരിക്കുന്നത്. 

വിലയിലെ ഏറ്റക്കുറച്ചിലുകൾക്കനുസരിച്ച് ഈ നിക്ഷേപം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുന്നത് ഈ കമ്പനികളായിരിക്കും. കോടിക്കണക്കിനുപയോക്താക്കളുടെ വോലറ്റുകളിൽ നിശ്ചിതകാലയളവിൽ നിക്ഷേപമായി കിടക്കുന്ന തുകയുടെ പലിശയാണ് ലിബ്ര അസോസിയേഷൻ അംഗങ്ങൾക്കുള്ള പ്രതിഫലമായി കണക്കാക്കിയിരിക്കുന്നത്. വീസ, മാസ്റ്റർകാർഡ്, ഊബർ, വോഡഫോൺ, പേയ്‍പാൽ, ഇബേ, ഫെയ്സ്ബുക്, സ്പോട്ടിഫൈ തുടങ്ങിയ 28 കമ്പനികളാണ് നിലവിൽ നിക്ഷേപം നടത്തി ലിബ്ര അസോസിയേഷനിൽ അംഗങ്ങളായിരിക്കുന്നത്. 2020ൽ ലിബ്ര പ്രചാരത്തിൽ വരും മുൻപ് അംഗസംഖ്യ 100 തികയ്ക്കും.

എന്നാലും ഫെയ്സ്ബുക്കല്ലേ ?

വിശ്വസിക്കാൻ കൊള്ളാത്ത കമ്പനിയാണ് ഫെയ്സ്ബുക് എന്നതാണ് ലിബ്രയ്ക്കെതിരായി ഉയർന്നിരിക്കുന്ന ആരോപണങ്ങളുടെയെല്ലാം കാതൽ. എന്നാൽ, ലിബ്ര അസോസിയേഷനിൽ അംഗങ്ങളാകുന്ന 100 നിക്ഷേപകരിൽ ഒന്നു മാത്രമാണ് ഫെയ്സ്ബുക്. ഗവേണിങ് ബോഡിയിൽ ഫെയ്സ്ബുക്കിന് വോട്ടും ഒന്നു മാത്രം. ലിബ്ര ക്രിപ്റ്റോകറൻസി നെറ്റ്‍വർക്കിന്റെ നിരീക്ഷണവും നിയന്ത്രണവും എല്ലാം ഈ 100 കമ്പനികളുടെയും ഉത്തരവാദിത്തമാണ്. പണമിടപാടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നത് മാസ്റ്റർകാർഡ്, വീസ, പേയ്പാൽ, പേയ്‍യു, സ്ട്രൈപ് എന്നീ കമ്പനികളാണ്. 

സാങ്കേതികവിദ്യയും ഇ-കൊമേഴ്സും നിയന്ത്രിക്കുന്നത് ഫെയ്സ്ബുക്, ഊബർ, ലിഫ്റ്റ്, സ്പോട്ടിഫൈ, ബുക്കിങ് ഹോൾഡിങ്സ്, ഇബേ തുടങ്ങിയ കമ്പനികൾ. ഇലിയഡ്, വോഡഫോൺ എന്നിവ ടെലികമ്യൂണിക്കേഷൻ വിഭാഗവും അങ്കറേജ്, കോയിൻബേസ്, സാപോ ഹോൾഡിങ്സ് എന്നിവ ബ്ലോക്ചെയിൻ വിഭാഗവും കൈകാര്യം ചെയ്യുന്നു. അതായത്, മാർക്ക് സുക്കർബർഗ് വിചാരിച്ചാലും ലിബ്രയിൽ തരികിടകൾ നടക്കില്ല.

വൻകിട തട്ടിപ്പുകാർ വളരെ ആസൂത്രിതമായി സോഫ്റ്റ്‍വെയറിലെയും നെറ്റ്‍വർക്കിലെയും പിഴവുകൾ മുതലെടുത്ത് തട്ടിപ്പുകൾ നടത്താനുള്ള സാധ്യത മാത്രമാണുള്ളത്. ബ്ലോക്ചെയിൻ അധിഷ്ഠിത കറൻസി എന്ന നിലയ്ക്ക് അതിനുള്ള സാധ്യതയും വിരളമാണ്. 

എങ്കിലും, കോലിബ്ര സോഫ്റ്റ്‍വെയറിലും ലിബ്ര നെറ്റ്‍വർക്കിലും എന്തെങ്കിലും പിഴവുകളുണ്ടെങ്കിൽ കണ്ടെത്താൽ ബഗ് ബൗണ്ടി പ്രോഗ്രാമിനും തുടക്കമിട്ടിട്ടുണ്ട്. പിഴവുകൾ കണ്ടെത്തുന്നവർക്ക് നല്ല പ്രതിഫലം കിട്ടും.

ഭീതി, ഭീഷണി

കള്ളപ്പണം, കള്ളക്കടത്ത്, തീവ്രവാദം തുടങ്ങിയ മേഖലകൾക്കെല്ലാം ലിബ്രയുടെ വരവ് ശുഭവാർത്തയാണെന്നാണ് ആരോപണം. സർക്കാരുകളുടെ നിയന്ത്രണമില്ലാത്ത ലിബ്ര തീവ്രവാദവും കള്ളക്കടത്തും പ്രോൽസാഹിപ്പിക്കുമെന്നും അങ്ങനെ എല്ലാ രാജ്യങ്ങൾക്കും ഭിഷണിയായേക്കാവുന്ന ഒരു ബദൽ സമ്പദ്‌‍വ്യവസ്ഥയുടെ കീഴിലുള്ള വെർച്വൽ രാജ്യം സ്ഥാപിക്കാനാണ് ഫെയ്സ്ബുക്കിന്റെ ശ്രമമെന്നും പലരും ഭയപ്പെടുന്നു. യൂറോപ്യൻ യൂണിയനിൽ ലിബ്രയ്ക്ക് പ്രവേശനം നൽകരുതെന്ന് വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ആവശ്യമുന്നയിച്ചു കഴിഞ്ഞു. 

ലിബ്രയുടെ പ്രവർത്തനങ്ങൾ എത്രയും വേഗം നിർത്തിവയ്ക്കണമെന്ന ആവശ്യവുമായി ഏതാനും യുഎസ് സെനറ്റർമാരും രംഗത്തെത്തിയിട്ടുണ്ട്. ആരൊക്കെയോ ലിബ്രയെ ഭയക്കുന്നു എന്നതിൽ സംശയമില്ല. അതുകൊണ്ടു തന്നെ ഫെയ്സ്ബുക്കിന്റെ മുൻകാലവീഴ്ചകൾ ചൂണ്ടിക്കാട്ടി നാളെയുടെ നാണയം മുളയിലേ നുള്ളാനുള്ള സംഘടിതശ്രമങ്ങളും നടക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
FROM ONMANORAMA