ADVERTISEMENT

ചൈനീസ് ആപ്പായ ടിക്‌ ടോക്കിലൂടെ ലഭിക്കുന്ന ഡേറ്റ ചൈനീസ് സർക്കാരിനു കൈമാറ്റം ചെയ്യുന്നുണ്ടെന്ന മുന്നറിയിപ്പ് ശശി തരൂർ എംപി രംഗത്തെത്തി. ടിക് ടോകിലൂടെ സൃഷ്ടിക്കപ്പെടുന്ന ഡേറ്റയിലേക്ക് ചൈനയ്ക്ക് എളുപ്പത്തില്‍ എത്തിനോക്കാൻ സാധിക്കുമത്രെ. ഇക്കാര്യത്തിൽ ഏറ്റവും കൂടുതൽ കരുതിയിരിക്കേണ്ടത് ഇന്ത്യ തന്നെയാണ്. രാജ്യത്തെ ടിക് ടോക് ഉപയോക്താക്കളുടെ എണ്ണം ഓരോ ദിവസവും കുത്തനെ കൂടിക്കൊണ്ടിരിക്കുകയാണ്.

 

എന്നാൽ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തുന്നുവെന്ന ആരോപണം ‘ടിക്ടോക്’ തള്ളി. ഓരോ രാജ്യത്തെയും നിയമങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്നും ടിക്ടോക് ഉടമസ്ഥരായ ചൈനീസ് കമ്പനി ബൈറ്റ് ഡാൻസ് വ്യക്തമാക്കി.

 

ടിക്ടോക് നിയമവിരുദ്ധമായി ചൈനയ്ക്കു വിവരങ്ങൾ ചോർത്തി നൽകുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി അടിയന്തര നടപടി ആവശ്യപ്പെട്ട് ശശി തരൂർ ലോക്സഭയിൽ നടത്തിയ പ്രസ്താവനയ്ക്കു മറുപടിയായാണ് കമ്പനിയുടെ വിശദീകരണം. സർക്കാർ ഉടമസ്ഥതയിലുള്ള ചൈന ടെലികോം വഴി ടിക്ടോക്കിന്റെ ഡേറ്റ ചൈന കൈക്കലാക്കുകയാണെന്ന് തരൂർ ആരോപിച്ചിരുന്നു. കുട്ടികളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തിയതിന്റെ പേരിൽ ഇവർക്ക് യുഎസ് 57 ലക്ഷം ഡോളർ പിഴ വിധിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

ചൈന ടെലികോമിന് സ്ഥാപനത്തിൽ പങ്കാളിത്തമില്ലെന്നും ബൈറ്റ് ഡാൻസ് വിശദീകരിച്ചു. ഇന്ത്യയിൽനിന്നുള്ള ഉപയോക്താക്കളുടെ ഡേറ്റ യുഎസിലും സിംഗപ്പൂരിലുമാണു സൂക്ഷിക്കുന്നത്.

 

അതേസമയം ഡേറ്റയും സ്വകാര്യവിവരങ്ങളും ചോർത്തുന്നതു തടയാൻ രണ്ടു ദിവസം സമൂഹമാധ്യമങ്ങൾ ബഹിഷ്കരിച്ചു പ്രതിഷേധിക്കാൻ ഓൺലൈൻ സർവവിജ്ഞാന കോശമായ വിക്കിപീഡിയയുടെ സഹ സ്ഥാപകൻ ഡോ. ലാറി സാൻജർ ആഹ്വാനം ചെയ്തു.

 

ചൈനീസ് ആപ്പുകളുടെ ഇപ്പോഴത്തെ അപ്രതീക്ഷിത കടന്നുകയറ്റവും ഗുരുതരമായ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നതാണ്. ചൈനയ്ക്കുള്ളത് അതിശക്തമായ നിരീക്ഷണ സിസ്റ്റമാണ്. ഈ സിസ്റ്റത്തിന് ആപ്പുകളിലൂടെ കിട്ടുന്ന ലോകമെമ്പാടും നിന്നുള്ള മുഖങ്ങളെ മനസ്സിലാക്കിവയ്ക്കാനും വിഷമമുണ്ടാവില്ല. ഇതിലൂടെ സുരക്ഷാ ഉദ്യോഗസ്ഥന്മാരുടെയും സൈന്യങ്ങളുടെയും വരെ നീക്കങ്ങളെക്കുറിച്ച് അറിയാന്‍ വരെ കഴിഞ്ഞേക്കുമെന്നും സംശയിക്കുന്നു. അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഈ സുരക്ഷാ ഭീഷണിക്ക് വേണ്ടത്ര ശ്രദ്ധ നല്‍കിയിട്ടില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 

 

ടിക്‌ടോക് ഭീഷണി

 

ചെറിയ വിഡിയോ (15 സെക്കൻഡ്) ഷെയർ ചെയ്യുന്ന ആപ്പാണ് ടിക്‌ടോക്. പ്രശസ്ത ഗാനങ്ങള്‍ക്കൊപ്പം ചുണ്ടനക്കി അപ്‌ലോഡ് ചെയ്യുന്ന വിഡിയോകള്‍ പ്രശസ്തി ആഗ്രഹിക്കുന്നവരാണ് നിര്‍മിക്കുന്നത്. പൊതുവെ ചെറുപ്പക്കാരാണ് ഇതില്‍ കമ്പമുള്ളവര്‍. ഇന്ന് ലോകത്ത് ഏറ്റവുമധികം ഡൗണ്‍ലോഡു ചെയ്യപ്പെടുന്ന ആപ്പുകളിലൊന്ന് ഇതാണ്. അമേരിക്കയിലടക്കം അതിവേഗം ജനസമ്മതി നേടുകയാണ് ഈ ആപ്. ടിക്‌ടോക്കില്‍ സബ് കമ്യൂണിറ്റികളുമുണ്ട്. ഏറ്റവുമധികം പ്രശസ്തമായ ഒന്ന് അമേരിക്കയില്‍ സൈനിക സേവനം ചെയ്യാനെത്തിയിരിക്കുന്ന യുവാക്കളുടേതാണ്. ഐഡി പ്രൂഫ് തൂക്കി എക്‌സര്‍സൈസ് ചെയ്യുന്ന വിഡിയോയും മറ്റും ഇവര്‍ ടിക്‌ടോക്കില്‍ അപ്‌ലോഡ് ചെയ്യുന്നു. ഇവയില്‍ പലതും സൈനിക കേന്ദ്രങ്ങള്‍ക്കുള്ളില്‍ വച്ചു റെക്കോഡു ചെയ്തവയാണ്. ടിക്‌ടോക് ലൊക്കേഷന്‍ ഡേറ്റ ശേഖരിക്കുന്നുണ്ട്. സൈനിക താവളങ്ങളും മറ്റും എവിടെ സ്ഥിതിചെയ്യുന്നുവെന്ന് കൃത്യമായി അറിയാന്‍ മറ്റെവിടെയും അന്വേഷിക്കേണ്ട.

 

വ്യക്തികളുടെ സ്വകാര്യത ചോർത്തുന്നതിന്റെ കാര്യത്തില്‍ ഫെയ്‌സ്ബുക് ലോകമെമ്പാടും വെല്ലുവിളി നേരിടുന്ന സമായമാണിത്. അപ്പോള്‍ ഒരു ചൈനീസ് കമ്പനി സ്വകാര്യത സംരക്ഷിക്കുമെന്നു പ്രതീക്ഷിക്കാനാകുമോ എന്നതാണ് ഒരു ചോദ്യം. വിദേശികളുടെയും മറ്റും കാര്യങ്ങള്‍ അവര്‍ ഒരിക്കലും സ്വകാര്യമായി സൂക്ഷിക്കില്ലെന്നു തന്നെയാണ് വിലയിരുത്തല്‍. ഓണ്‍ലൈന്‍ സ്വകാര്യതയെക്കുറിച്ച് ജനങ്ങള്‍ ബോധവാന്മാരായി വരുന്നതെയുള്ളു. എത്ര പ്രതിബന്ധങ്ങള്‍ സൃഷ്ടിച്ചാലും സ്വകാര്യ കമ്പനികള്‍ ഡേറ്റയില്‍ കൈവയ്ക്കുമെന്നും ഇത് സർക്കാരുകള്‍ക്ക് കൈമാറ്റം ചെയ്യപ്പെട്ടേക്കാമെന്നും ഭയപ്പെടുന്നു. സ്വകാര്യ കമ്പനികളില്‍ നിന്ന് എപ്പോള്‍ വേണമെങ്കിലും ചൈനീസ് സർക്കാർ ഡേറ്റ ചോദിച്ചു വാങ്ങിയേക്കാം.

 

ടിക്‌ടോക്കിന്റെ അമേരിക്കയിലെയും യൂറോപ്പിലെയും പ്രൈവസി പോളിസി പറയുന്നത് ഡേറ്റാ ചൈനയിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടേക്കാം എന്നാണ്. ഉപയോക്താക്കളുടെ സമ്മതത്തോടെയാണെങ്കില്‍ ഇതില്‍ നിയമവിരുദ്ധമായി ഒന്നുമില്ല താനും. ഒരുപക്ഷേ, ടിക്‌ടോക്കിന്റെ ഉടമയായ ബൈറ്റ്ഡാന്‍സ് തങ്ങളുടെ ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നു പോലും ഉണ്ടാകാം. പക്ഷേ, ഡേറ്റ ചൈനയുടെ ഗ്രേറ്റ് ഫയര്‍വാളിനുള്ളില്‍ ചെന്നു കഴിഞ്ഞാല്‍ എന്തു സംഭവിക്കുമെന്നുള്ളത് ഈഹിക്കാനാവില്ല. യൂറോപ്പിന്റെ ഡേറ്റാ സംരക്ഷണനിയമമായ ജിഡിപിആര്‍ അടക്കമുള്ള നിയമങ്ങള്‍ നിലവില്‍ വന്നെങ്കിലും എന്റർടെയിൻമെന്റ് ആപ്പുകളായി ഭാവിക്കുന്ന ടിക്‌ടോകിനെ പോലെയുള്ള ആപ്പുകളുടെ ചെയ്തികളെക്കുറിച്ച് വേണ്ടത്ര പഠനം നടത്തിയിട്ടില്ല.

 

ഇത്തരം ആപ്പുകളുടെ കടന്നുകയറ്റം സൂക്ഷിച്ചു നിരീക്ഷിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ തന്നെ സൃഷ്ടിച്ചേക്കാമെന്ന് സുരക്ഷാ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നത്. ഇത്തരം ആപ്പുകള്‍ക്ക് വളരെ ആഴത്തില്‍ തന്നെ ഉപയോക്താക്കളെ അറിയാനാകും. ഇവ ഉപയോഗിച്ച് ചാരവൃത്തിയും അഭിപ്രായ രൂപീകരണവും നടത്താനായേക്കുമെന്നും വാദമുണ്ട്. ടിക്‌ടോക് ആപ് ഒരു പക്ഷേ, ടീനേജുകാരില്‍ ഒതുങ്ങിപ്പോയേക്കും. പക്ഷേ എല്ലാവരെയും ആകര്‍ഷിക്കുന്ന ചൈനീസ് ആപ്പെത്തി ഒരു ജ്വരം പോലെ പടര്‍ന്ന് ഡേറ്റ ശേഖരിക്കുന്ന കാലം അധികം അകലെയല്ലെന്നും പറയുന്നു.

 

വിദേശ സമൂഹമാധ്യമ വെബ്‌സൈറ്റുകളെ പൂര്‍ണ്ണമായും ചൈനയില്‍ നിന്ന് സർക്കാർ കെട്ടുകെട്ടിച്ചു എന്നതും ഒട്ടും പ്രാധാന്യം കുറഞ്ഞ കാര്യമല്ല. അതേകാരണം കൊണ്ടു തന്നെ, അവരുടെ ആപ്പുകള്‍ അന്യ രാജ്യങ്ങളില്‍ തകര്‍ത്താടുന്നതു കണ്ട് ചൈനയ്ക്ക് നാവില്‍ വെള്ളമൂറുന്നുമുണ്ടാകും. മറ്റു മേഖലകളിലും ഇത് ചൈനയ്ക്കു ഗുണം  ചെയ്യും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വികസിപ്പിക്കാനടക്കം ഉപകരിക്കും. നിഷ്‌കളങ്കമെന്നു തോന്നുന്ന ടിക്‌ടോക് പോലെയുള്ള ആപ്പുകള്‍ ചൈനയുടെ ട്രോജന്‍ കുതിരകളാകാമെന്നാണ് ചില വിദഗ്ധര്‍ പറയുന്നത്. വിദേശ ആപ്പുകളെ അനുവദിക്കാത്ത ചൈനയെ അവരുടെ ആപ്പുകളിലൂടെ മറ്റു രാജ്യങ്ങളിലേക്ക് കടന്നുകയറി ഡേറ്റാ ശേഖരണം നടത്താന്‍ അനുവദിക്കരുതെന്നും വാദമുണ്ട്. എന്നാല്‍ ഓണ്‍ലൈന്‍ സ്വകാര്യതയുടെ പ്രാഥമിക പാഠങ്ങള്‍ പോലും അറിയാത്ത സാധാരണക്കാരോട് ഇതൊക്കെ എങ്ങനെ പറഞ്ഞു മനസ്സിലാക്കുമെന്ന വിഷമഘട്ടത്തെ നേരിടുകയാണ് മിക്ക രാജ്യങ്ങളും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com