ADVERTISEMENT

ലോകപ്രശസ്തമായ ഒരു മെസേജിങ് പ്ലാറ്റ്‌ഫോമിനെക്കുറിച്ചു പറഞ്ഞു കേള്‍ക്കുന്ന കഥയുണ്ട്- അത് പെണ്‍കുട്ടികളുടെ ഫോട്ടോ അടിച്ചുമാറ്റാന്‍ വേണ്ടി ഒരു പയ്യൻ ഉണ്ടാക്കിയ ഒന്നായിരുന്നുവത്രെ. എന്നാല്‍ പിന്നീട് തകച്ചും യാദൃശ്ചികമായി വെഞ്ച്വര്‍ ക്യാപ്പിറ്റലിസത്തിന്റെ കരുത്തില്‍ അതു തഴച്ച് മുന്നേറുകയായിരുന്നു. ഡെയ്റ്റിങ് ആപ്പുകളുടെ കാര്യത്തിലേക്കു വന്നാല്‍ ഇന്ന് പ്രശസ്തമായ പ്ലാറ്റ്‌ഫോമുകളാണ് ബാഡൂ (Badoo), ബംബിൾ (Bumble) എന്നിവ. പ്രത്യക്ഷത്തില്‍ ഇവ നിയന്ത്രിക്കുന്നത് രണ്ടു മാനേജ്‌മെന്റുകളാണ്. പക്ഷേ ഇവയ്ക്ക് രണ്ടിനും നിക്ഷേപമിറക്കുന്നത് 45-കാരനായ റഷ്യന്‍ കോടീശ്വരന്‍ ആന്‍ഡ്രെയ് ആന്‍ഡ്രീവ് (Andrey Andreev) ആണ്. ആദ്യം പറഞ്ഞ പ്ലാറ്റ്‌ഫോമിനെ പോലെയല്ലാതെ ആന്‍ഡ്രെയ് പല പരീക്ഷണങ്ങള്‍ നടത്തിയാണ് വിജയം കൈവരിച്ചത്. റഷ്യയില്‍ തന്റെ ആദ്യകാല പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയും പിന്നീട് ലണ്ടനിലേക്ക് സ്വയം പറിച്ചുനട്ട് ബ്രിട്ടിഷ് പൗരനാകുകയുമായിരുന്നു ആൻഡ്രെയ്.

bumble

 

ബാഡൂവും ബംബിളും തമ്മിലുളള വ്യത്യാസം

badoo

 

ബാഡൂവില്‍ ആണ്‍ പെണ്‍ വ്യത്യാസമില്ല. എന്നാല്‍ ബംബിളില്‍ പുരുഷന്‍ അങ്ങോട്ടു ചെന്നു പെണ്ണിനെ മുട്ടുകയല്ല, ആദ്യ നീക്കം നടത്താനുള്ള അവകാശം പെണ്ണിന്റേതായിരിക്കും. ബംബിളിന്റെ സ്ഥാപകയും ചീഫ് ഓപ്പറേറ്റിങ് ഓപ്പറേറ്ററും വൂള്‍ഫ്-ഹേര്‍ഡ് (Whitney WolfeHerd) എന്ന ചെറുപ്പക്കാരി സ്ത്രീയാണ്. എന്നാല്‍ അവര്‍ക്ക് കമ്പനിയില്‍ 20 ശതമാനം ഓഹരിയെ ഉളളു. ഏകദേശം 79 ശതമാനം വരെ ഓഹരി ആന്‍ഡ്രെയ് ആണ് കൈയ്യാളുന്നത്. അതേസമയം, ആന്‍ഡ്രെയ് ഒരു വംശവെറിയനാണോ ബാഡൂവില്‍ നിലനിന്നിരുന്ന തൊഴില്‍ സംസ്‌കാരം അംഗീകരിക്കപ്പെടാവുന്നതാണോ തുടങ്ങിയ ചോദ്യങ്ങളാണ് ഇപ്പോള്‍ ഉന്നയിക്കപ്പെടുന്നത്. 

 

andey
റഷ്യന്‍ കോടീശ്വരന്‍ ആന്‍ഡ്രെയ് ആന്‍ഡ്രീവ്

ആന്‍ഡ്രെയുടെ തുടക്കം

 

സാധാരണക്കാരനായിരുന്നു ആൻഡ്രെയ് പതിയെ പതിയെ പിടിച്ചു കയറി 1.5 ബില്ല്യന്‍ ഡോളര്‍ ആസ്തിയുള്ള ആളായി തീരുകയായിരുന്നു. പിതാവിന്റെ റേഡിയോ തുറന്ന് അതില്‍ അവിദഗ്ധമായി ഓരോന്നു ചെയ്തു പഠിച്ചു തുടങ്ങിയതാണ് അദ്ദേഹത്തിന്റെ കുട്ടിക്കാലം. അക്കാലത്തും അദ്ദേഹത്തെ കാത്ത് ഒരു അദ്ഭുതം ഇരിപ്പുണ്ടായിരുന്നു. 12-ാം വയസ്സില്‍ ഒരു അപരിഷ്‌കൃതമായ ഹാം (ham) റേഡിയോ ആന്‍ഡ്രെയ് ഉണ്ടാക്കി. അതിലൂടെ ലോകമെമ്പാടുമുള്ള അപരിചിതരോട് സംസാരിക്കുക കുട്ടിയുടെ ശീലമായിരുന്നു. അമേരിക്ക-റഷ്യ ശീതയുദ്ധത്തിന്റെ സമയവുമായിരുന്നു അത്. ആന്‍ഡ്രെയ് ആദ്യമായി തന്റെ ഹാം റേഡിയോയിലൂടെ സംസാരിച്ചയാള്‍ പറഞ്ഞത് താന്‍ ന്യൂയോര്‍ക്കിലാണ് ഉള്ളതെന്നാണ്. അയാള്‍ തമാശ പറയുകയാണ് എന്നാണ് താന്‍ കരുതിയതെന്ന് ആന്‍ഡ്രെയ് പറയുന്നു. എന്തായാലും പുറം ലോകത്തെക്കുറിച്ചുള്ള ചില ധാരണകള്‍ കുട്ടി ആന്‍ഡ്രെയില്‍ കയറി കൂടാന്‍ ഇത് ഉപകരിച്ചു.

 

പതിനെട്ടു വയസ്സു വരെ യൂണിവേഴ്‌സിറ്റി ഓഫ് മോസ്‌കോയിലെ വിദ്യാര്‍ഥിയായിരുന്നു. അതു പാതി വഴിയില്‍ നിർത്തി തന്റെ പാത തുറക്കുയായിരുന്നു അദ്ദേഹം. ശീതയുദ്ധം ശമിച്ചിരുന്നു. ആന്‍ഡ്രെയ് ലോകം കാണാന്‍ തീരുമാനിച്ചു. യാത്ര അദ്ദേഹത്തെ സ്‌പെയ്‌നിലെ വാലന്‍സിയയില്‍ എത്തിച്ചു. അവിടെ നിരവധി സ്റ്റാര്‍ട്ട്-അപ്പ് കമ്പനികള്‍ നിര്‍മിച്ചു വിറ്റു. വൈറസ് എന്ന ഓണ്‍ലൈന്‍ സ്‌റ്റോറും അദ്ദേഹം തുടങ്ങിയതാണ്. റഷ്യക്കാരായ ഉപയോക്താക്കള്‍ക്ക് ആദ്യ കാലം ഇന്റര്‍നെറ്റിലേക്കു കടക്കാന്‍ അനുവദിക്കുന്ന തരം കംപ്യൂട്ടറുകളും അക്‌സസറികളും ആയിരുന്നു വൈറസ് വിറ്റിരുന്നത്. വെബ്‌സൈറ്റുകളിലെത്തുന്ന സന്ദര്‍ശകരെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ സാധിക്കുന്ന സ്‌പൈലോഗ് എന്ന സോഫ്റ്റ്‌വെയറും അക്കാലത്തു സൃഷ്ടിച്ചു വിറ്റ ചരിത്രവും ആന്‍ഡ്രെയ്ക്കുണ്ട്. അധികം കാശില്ലെങ്കിലും ആന്‍ഡ്രെയ് അറിയപ്പെട്ടിരുന്നത് റഷ്യയില്‍ നിന്ന് ഇന്റര്‍നെറ്റിനെക്കുറിച്ച് ഏറ്റവുമധികം അറിയാവുന്ന ആള്‍ എന്നായിരുന്നു.

 

2002ല്‍ അദ്ദേഹം ഓണ്‍ലൈനില്‍ പരസ്യം നല്‍കാന്‍ സഹായിക്കുന്ന ബെഗണ്‍ എന്ന കമ്പനി തുടങ്ങി. അധികം താമസിയാതെ ഫിനാം ഹോള്‍ഡിങ്‌സസ് എന്ന കമ്പനി അതു വാങ്ങി. ഈ കച്ചവടം ആന്‍ഡ്രെയെ ഒരു കോടീശ്വരനാക്കി. 2004ല്‍ ആണ് റഷ്യക്കാര്‍ക്കു വേണ്ടിയുള്ള തന്റെ ആദ്യ ഡെയ്റ്റിങ് വെബ്‌സൈറ്റ് തുടങ്ങുന്നത്-മാംബ. ഓണ്‍ലൈന്‍ ഡെയ്റ്റിങ് എന്ന ആശയം പ്രചരിച്ചു വരുന്നതെയുളളു. അക്കാലത്ത് മാച്ച്‌ഡോട്ട്‌കോം (Match.com) ആയിരുന്നു ലോകത്തെ ഏറ്റവും വലിയ ഡെയ്റ്റിങ് പോര്‍ട്ടല്‍. ഇത് റഷ്യയില്‍ ലഭ്യമല്ലായിരുന്നു. 2006ല്‍ മാംബയും ഫിനാം കമ്പനി തന്നെ സ്വന്തമാക്കി. ആന്‍ഡ്രെയുടെ സ്വത്ത് മില്ല്യന്‍ കണക്കിന് പിന്നെയും വര്‍ധിച്ചു.

Whitney-WolfeHerd
ബംബിളിന്റെ സ്ഥാപകയും ചീഫ് ഓപ്പറേറ്റിങ് ഓപ്പറേറ്ററും വൂള്‍ഫ്-ഹേര്‍ഡ്

 

യുകെയിലും മാള്‍ട്ടയിലും പൗരത്വം നേടിയ ആന്‍ഡ്രെയ് 2006ല്‍ ഐഫോണിന്റെ ജനനത്തിന് ഒരു വര്‍ഷം മുൻപ് യൂറോപ്പുകാര്‍ക്കും അതിനപ്പുറവുമുള്ള കസ്റ്റമര്‍മാരെ തേടി ബാഡൂ അവതരിപ്പിക്കുകയായിരുന്നു. ഇതിന് അനുബന്ധമായി പല കമ്പനികളും അദ്ദേഹം തുടങ്ങുകയും ചെയ്തു. 2010ല്‍ ആണ് ബാഡു അതിന്റെ ആദ്യ ഐഫോണ്‍ ആപ് അവതരിപ്പിക്കുന്നത്. ഇതോടെ 20 ദശലക്ഷം ഉപയോക്താക്കള്‍ ഉണ്ടായിരുന്ന കമ്പനിക്ക് 10 കോടിയിലേറെയായി വരിക്കാര്‍. കമ്പനിയുടെ ഇപ്പോഴത്തെ പ്രതിവര്‍ഷ വരുമാനം 30 കോടി ഡോളറിലേറെയാണ്.

 

മാച്ച്‌ഡോട്ട്‌കോമിന്റെ ഉപയോക്താക്കള്‍ പ്രതിമാസം 34.99 ഡോളര്‍ വരിസംഖ്യ നല്‍കണമായിരുന്നു. എന്നാല്‍ ബാഡുവില്‍ മിക്ക സേവനങ്ങളും ഫ്രീ ആയിരുന്നു. കൂടാതെ പില്‍ക്കാലത്ത് പ്രശസ്തമായ ഇന്‍-ആപ്പ് പര്‍ചെയ്‌സസ് (ആപ്പ് ഫ്രീ ആയി ഡൗണ്‍ലോഡ് ചെയ്യാം. ചില സേവനങ്ങള്‍ വേണമെങ്കില്‍ ആപ്പിനുള്ളില്‍ നിന്നു പൈസ അടയ്ക്കാം.) എന്ന പരിപാടിയുടെ സൃഷ്ടാക്കളില്‍ ഒരാളുമായിരുന്നു അദ്ദേഹം. സേര്‍ച്ചില്‍ തന്റെ പ്രൊഫൈല്‍ മുകളില്‍ വരണമെന്നുള്ളവര്‍ക്കോ, പത്തു പേരില്‍ കൂടുതല്‍ പേര്‍ക്ക് സന്ദേശങ്ങള്‍ അയയ്ക്കണമെന്ന് ആഗ്രഹമുള്ളവര്‍ക്കോ പ്രതിമാസം ഒരു ഡോളറും, ഒരു പൗണ്ടുമൊക്കെ അടയ്ക്കാമായിരുന്നു. അക്കാലത്ത് അധികം പൈസയൊന്നും വേണ്ടിയിരുന്നില്ല. എന്തു പ്രൊഡക്ട് ഇന്റര്‍നെറ്റിനു വേണ്ടി ഉണ്ടാക്കിയാലും വന്‍ വിജയം നേടുമായിരുന്നുവെന്ന് ആന്‍ഡ്രെയ് പറയുന്നു.

 

വളര്‍ച്ചയ്‌ക്കൊപ്പം കുപ്രസിദ്ധിയും

 

ബാഡൂവിന്റെ ഉയര്‍ച്ചയ്‌ക്കൊപ്പം അതിലെ ജോലിക്കാര്‍ നടത്തിയിരുന്ന വന്യമായ പാര്‍ട്ടികളെക്കുറിച്ചുള്ള കുപ്രസിദ്ധിയും വാര്‍ത്തകളില്‍ ഇടം പിടിച്ചു. ജോലിക്കാരില്‍ പകുതിയിലേറെ പേര്‍ നടത്തിയ ഒരു പാര്‍ട്ടിയില്‍ ആര്‍ക്കും തുണിയില്ലായിരുന്നു. പാര്‍ട്ടിയുടെ ചിത്രങ്ങള്‍ കമ്പനിയുടെ ഔദ്യോഗിക ഇമെയിലിലൂടെ അയയ്ക്കുകയും ചെയ്തിരുന്നു. ഇത് സ്ഥിരം പരിപാടിയായിരുന്നു. ലൈംഗിക തൊഴിലാളികളും കൊക്കെയ്‌നും കെറ്റാമിനും എല്ലാം ഇത്തരം പാര്‍ട്ടികളില്‍ ഉണ്ടായിരുന്നു എന്നാണ് മുന്‍ ജോലിക്കാരെ ഉദ്ധരിച്ച് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന റിപ്പോര്‍ട്ട് പറയുന്നത്. എന്നാല്‍ ഈ പാര്‍ട്ടികളെക്കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്നെങ്കിലും ആന്‍ഡ്രെയ് അതു നിർത്താനുള്ള ശ്രമങ്ങള്‍ നടത്തിയില്ല.

 

കമ്പനി വളര്‍ന്നതോടെ തൊഴില്‍ നേടിയ സ്ത്രീകളോടുള്ള സമീപനത്തില്‍ സ്ത്രീവിരുദ്ധത കടന്നുകൂടിയെന്നും ആരോപണങ്ങളുണ്ട്. കമ്പനിയുടെ ചീഫ് മാര്‍ക്കറ്റിങ് ഓഫിസറായി പ്രവര്‍ത്തിച്ചിരുന്ന ജെസിക്കാ പവല്‍ പറയുന്നത് കമ്പനിയുടെ നിക്ഷേപകരെയും ജോലിക്കെത്തിയവരെയും കാമാതുരരായി നിർത്തുന്ന രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടു എന്നാണ്. സ്ത്രീകളെക്കുറിച്ച് അവരുടെ ബാഹ്യരൂപം കണക്കിലെടുത്തായിരുന്ന സംസാരമെന്നും അവര്‍ പറയുന്നു. ആന്‍ഡ്രെയ് പറയുന്ന ഏതെങ്കിലും കാര്യത്തിന് ഒരു സ്ത്രീ എതിരുപറഞ്ഞാല്‍ അവരെ സികാ (cyka എന്നറഷ്യന്‍ വാക്കിന് ബിച്ച് എന്നാണ് അർഥം) എന്നായരുന്നു വിളിക്കുക എന്നും പവല്‍ പറയുന്നു. പില്‍ക്കാലത്ത് ബാഡൂവിന്റെ വിചിത്ര തൊഴില്‍ സംസ്‌കാരത്തെക്കുറിച്ച് അവര്‍ ഒരു നോവല്‍ തന്നെ എഴുതി- ദി ബിഗ് ഡിസ്‌റപ്ഷന്‍. കമ്പനിയുടെ ഉരുപ്പിടിയായി (swag) ഡില്‍ഡോകള്‍ വിതരണം ചെയ്യണോ എന്നും ബാഡൂവിനെ ഒരു സെക്‌സ് ക്ലബ് ആക്കണമോ എന്നുമൊക്കെ ആന്‍ഡ്രെയ് തന്നോട് ചര്‍ച്ച ചെയ്തുവെന്നാണ് അവര്‍ അവകാശപ്പെടുന്നത്. എന്നാല്‍ കമ്പനിയും ആന്‍ഡ്രെയും ഇത്തരം ആരോപണങ്ങള്‍ തളളിക്കളയുകയായരുന്നു. ബാഡൂവില്‍ സ്ത്രീ ജോലിക്കാര്‍ക്ക് പ്രമോഷനും മറ്റും വേണമെങ്കില്‍ ആണ്‍ ജോലിക്കാരെ സുഖിപ്പിച്ചു നിർത്തേണ്ട കാര്യമുണ്ടെന്നും ആരോപണങ്ങളുണ്ട്.

 

അമേരിക്കയില്‍ ബാഡൂവില്‍ അംഗത്തമെടുത്തവരില്‍ ലാറ്റിനോ വംശജരും ഉണ്ടായിരുന്നു. ഇവരുടെ ഇരുണ്ട മുഖങ്ങള്‍ വെബ്‌സൈറ്റിന്റെ ശോഭ കെടുത്തുന്നതായും വെള്ളക്കാര്‍ തന്നെ വേണമൊന്നുമൊക്കെ ആന്‍ഡ്രെയ് പറഞ്ഞതായും ആരോപണങ്ങളുണ്ട്. ബംബ്‌ളിനെതിരെ ഇത്തരം ആരോപണങ്ങള്‍ കുറവാണെങ്കിലും അതിലും കൂടുതല്‍ മുതല്‍മുടക്കിയിരിക്കുന്നത് ആന്‍ഡ്രെയ് ആണെന്നതാണ് അതിനെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ കാരണം. 180 മില്ല്യന്‍ ആയിരുന്നു ബംബ്‌ളിന്റെ 2018ലെ വരുമാനം.

 

ബാഡൂവിന് കുതിപ്പു തന്നെ

 

ഇന്നത്തെ ഡെയ്റ്റിങ് വെബ്‌സൈറ്റുകളില്‍ ഒന്നാം സ്ഥാനത്ത് ടിന്‍ഡെര്‍ ആണ്- 287 മില്ല്യന്‍ ഉപയോക്താക്കള്‍. രണ്ടാം സ്ഥാനത്ത് ബാഡൂവും- 221 മില്ല്യന്‍ ഉപയോക്താക്കള്‍. ബംബിളിന് 32 മില്ല്യന്‍ ഉപയോക്താക്കളുണ്ട്. ആന്‍ഡ്രെയ് പുതിയതായി തുടങ്ങിയ ഡെയ്റ്റിങ് സൈറ്റുകളായ ലൂമെന് 1.4 മില്ല്യന്‍ ഉപയോക്താക്കള്‍ ഉള്ളപ്പോള്‍ ചാപ്പിക്ക് 444,000 ഉപയോക്താക്കളാണുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com