ADVERTISEMENT

കേംബ്രിജ് അനലിറ്റിക്കാ വിവാദം ഉയര്‍ന്നതിന് 16 മാസത്തിനു ശേഷം ഫെയ്‌സ്ബുക്കിനെതിരെ അമേരിക്കയുടെ ഫെഡറല്‍ ട്രെയ്ഡ് കമ്മിഷന്‍ 500 കോടി ഡോളര്‍ (ഏകദേശം 34,280 കോടി രൂപ) പിഴയിട്ടിരിക്കുകയാണ്. കമ്മിഷനില്‍ അഞ്ച് അംഗങ്ങളാണുള്ളത്. മൂന്നു റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരും രണ്ട് ഡെമോക്രാറ്റുകളും. ഇവരില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരാണ് പിഴയ്ക്കു വേണ്ടി വോട്ടു ചെയ്തത്. ഡെമോക്രാറ്റുകളുടെ വാദം ഫെയ്‌സ്ബുക്കിനെതിരെ മറ്റു കാര്യങ്ങളും പരിഗണിച്ച ശേഷം കൂടുതല്‍ തുക പിഴയിടണമെന്നായിരുന്നുവെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇനി ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റാണ് ഇതില്‍ തീരുമാനം എടുക്കേണ്ടത്. ഡിപ്പാര്‍ട്ട്‌മെന്റ് ഈ പിഴ തള്ളിക്കളയാനാണ് സാധ്യതയെന്നും പറയുന്നു. ഫെയ്‌സ്ബുക്കിനെതിരെ കാര്യമായ നടപടികള്‍ പ്രതീക്ഷിച്ചിരുന്ന ഓഹരി കമ്പോളമാകട്ടെ ആവേശത്തിലുമാണ്, കമ്പനിയുടെ ഓഹരി വില ഉയരുകയാണ് ഉണ്ടായത്.

 

വന്‍ തുകയായ 500 കോടി ഡോളര്‍ എന്നത് അമേരിക്കയുടെ ചരിത്രത്തില്‍ ഒരു ടെക്‌നോളജി കമ്പനി നേരിടുന്ന ഏറ്റവും വലിയ പിഴയാണ്. ഇതിനു മുൻപ് ഏറ്റവുമധികം പിഴ വീണത് ഗൂഗിളിനാണ്, 22 മില്ല്യന്‍. (ഗൂഗിളിനെതിരെ 5 ബില്ല്യന്‍ ഡോളര്‍ പിഴ യൂറോപ്യന്‍ റെഗുലേറ്റര്‍മാര്‍ ഇട്ടിരുന്നു.) എന്നാല്‍ ഇത്തരം പിഴകളൊന്നും ആഴമുള്ള പോക്കറ്റുകളുള്ള ഈ കമ്പനികളെ അശേഷം ബാധിക്കുകയില്ല എന്നതാണ് ഓഹരി മാര്‍ക്കറ്റില്‍ പ്രതിഫലിച്ചത്. 2018ല്‍ മാത്രം ഫെയ്‌സ്ബുക്കിന്റെ വരുമാനം 55 ബില്ല്യന്‍ ഡോളറായിരുന്നു. അതായത് കഴിഞ്ഞ വര്‍ഷം അവര്‍ക്ക് ദിവസേന 152 മില്ല്യന്‍ ഡോളര്‍ വരുമാനമുണ്ടായിരുന്നു. എന്തായാലും ടെക്‌നോളജി കമ്പനികള്‍ക്കെതിരെയുള്ള പടയൊരുക്കത്തിന്റെ തുടക്കമായി ഇതിനെ കാണാമെന്നു വാദിക്കുന്നവരും ഉണ്ട്.

 

പിഴ എന്തിന്?

 

2011ല്‍ ഫെയ്‌സ്ബുക്കും ഫെഡറല്‍ ട്രെയ്ഡ് കമ്മിഷനുമായി ഒരു കരാറിലെത്തിയിരുന്നു. ഉപയോക്താക്കളുടെ ഡേറ്റ ഉപയോഗിക്കുന്നതിനു മുൻപ് അവരുടെ അനുമതി വാങ്ങണം എന്നതായിരുന്നു അത്. ഈ കരാര്‍ ലംഘിച്ചുവെന്ന കണ്ടെത്തലിലാണ് പിഴ. ഈ കരാറിന്റെ അടിസ്ഥാനത്തില്‍ കമ്മിഷനു വേണമെങ്കില്‍ ഫെയ്‌സ്ബുക്കിന് ദിവസം 40,000 ഡോളര്‍ വരെ പിഴയിടാനാകുമായിരുന്നു. ഇപ്പോഴത്തെ നിലയില്‍ കേംബ്രിജ് അനലിറ്റിക്ക വിവാദത്തൈ തുടര്‍ന്ന് 2 ട്രില്ല്യന്‍ ഡോളര്‍ വരെ പിഴയിടാനുള്ള വകയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ലോകമെമ്പാടും പടര്‍ന്നു പന്തലിച്ച അമേരിക്കന്‍ ടെക് കമ്പനികളെ പാടേ നശിപ്പിക്കുന്ന തരത്തിലുളള നിലപാട് രാജ്യം സ്വീകരിച്ചേക്കില്ലെന്ന കാര്യത്തിലും ആര്‍ക്കും സംശയമില്ല.

 

ഫെയസ്ബുക്കിന് 'വെറും 500 കോടി' ഡോളര്‍ പിഴയിട്ടതില്‍ അമേരിക്കയിലെ പ്രതിപക്ഷമായ ഡെമോക്രാറ്റുകള്‍ ഒട്ടും സന്തുഷ്ടരല്ല. ഫെയ്‌സ്ബുക്കിനെയും ഗൂഗിളിനെയും പോലെയുള്ള കമ്പനികള്‍ക്ക് വന്‍ പിഴ തന്നെ ഇടണമെന്നാണ് അവരില്‍ പലരുടെയും വാദം. ഫെയ്‌സ്ബുക് ആവര്‍ത്തിച്ച് നിയമ ലംഘനം നടത്തിയെന്ന കാരണം കൊണ്ട്, നിയമങ്ങളില്‍ അടിസ്ഥാനപരമായ മാറ്റം വരുത്തേണ്ടിയിരിക്കുന്നു എന്നാണ് സെനറ്റര്‍ മാര്‍ക്ക് വാര്‍ണര്‍ പറഞ്ഞത്. ഫെയ്‌സ്ബുക്കിന്റെ ചെയ്തികളെക്കുറിച്ച് കൂടുതല്‍ വിശദമായ അന്വേഷണം ആവശ്യമാണെന്ന നിലപാടിലാണ് അദ്ദേഹം. ഫെഡറല്‍ ട്രെയ്ഡ് കമ്മിഷന് ഒന്നുകില്‍ ഫെയ്‌സ്ബുക്കിന്റെ ചെയ്തികളില്‍ യുക്തിസഹമായ പിഴ കണ്ടെത്താനായിട്ടില്ല. അല്ലെങ്കില്‍ അതു കണ്ടില്ലെന്നു നടിക്കുന്നു. എന്തായാലും ഉപയോക്താക്കളുടെ ഡേറ്റ സംരക്ഷിക്കുന്ന നിയമം ഉണ്ടാകുക തന്നെ വേണമെന്ന വാദമാണ് ഉയരുന്നത്.

 

പിഴയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരാനിരിക്കുന്നതെയുള്ളു. ഫെയ്‌സ്ബുക്കിന്റെയും ഗൂഗിളിന്റെയും പ്രവര്‍ത്തനത്തിനു മേല്‍ കൂടുതല്‍ നിയമങ്ങള്‍ വന്നേക്കും. അവര്‍ ഉപയോക്താക്കളുടെ ഡേറ്റാ കൈകാര്യം ചെയ്യുന്ന രീതിക്ക് മാറ്റം വരുത്താനായിരിക്കും ശ്രമം. ഇപ്പോള്‍ അടിച്ച 500 കോടി പിഴ പ്രതീകാത്മകമായി കാണുകയും അവരുടെ പ്രവര്‍ത്തനത്തിന് കൂച്ചുവിലങ്ങിടുകയും ചെയ്യാനാണ് ഉദ്ദേശമെങ്കില്‍ ഇതു നല്ലൊരു തുടക്കമാണെന്നു വാദിക്കുന്നവരും ഉണ്ട്. എന്തായാലും 21011ലെ നിയമങ്ങള്‍ കമ്പനി ലംഘിച്ചുവെന്നും ലംഘനം വീണ്ടും ആവര്‍ത്തിച്ചുകൊണ്ടിരുന്നുവെന്നും കമ്മിഷന്‍ കണ്ടെത്തിയത് പുതിയ ഒരു തുടക്കം കുറിക്കുമെന്നാണ് കരുതുന്നത്.

 

ഉപയോക്താക്കളുടെ അറിവില്ലായ്മ

 

ഇന്റര്‍നെറ്റിലൂടെ എന്തെല്ലാം ചെയ്യാമെന്നതിനെക്കുറിച്ച് ഉപയോക്താക്കള്‍ക്ക് കാര്യമായ ധാരണയൊന്നുമില്ല എന്നതാണ് ഫെയ്‌സ്ബുക്കും ഗൂഗിളുമൊക്കെ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നത് എന്നാണ് ഉയരുന്ന ഒരു ആരോപണം. ഇവരുടെ ഏതെങ്കിലും സേവനങ്ങള്‍ സ്വീകരിക്കാത്തതായി ആരും തന്നെകാണില്ല. ഇത്തരം ഉപയോക്താക്കളെക്കുറിച്ച് വളരെ ആഴത്തില്‍ ഈ കമ്പനികള്‍ പഠിക്കുന്നുവെന്നാണ് ഒരു വാദം. വളരെ സ്വകാര്യമായ കാര്യങ്ങള്‍ പോലും പലപ്പോഴും അറിഞ്ഞു കൊണ്ടിരിക്കാനാകും. ഓരോ ഉപയോക്താവിന്റെയും ഡേറ്റയ്ക്ക് എന്തു വിലവരുമെന്ന് അമേരിക്ക ഈ കമ്പനികളോട് ചോദിക്കാനിരിക്കുകയാണെന്നും കേള്‍ക്കുന്നു. അമേരിക്കയ്ക്ക് തങ്ങളുടെ ബിസിനസ് ഭീമന്മാരോട് ഒരു മൃദു സമീപനം ഉണ്ട്. എന്നാല്‍ യൂറോപ്യന്‍ യൂണിയന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിച്ചേക്കുമെന്നും കേള്‍ക്കുന്നു. തങ്ങളുടെ കമ്പനികളെ യൂറോപ്യന്‍ യൂണിയന്‍ ക്രൂശിക്കുന്നുവെന്ന സമീപനമാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വരെ സ്വീകരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com