ADVERTISEMENT

ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ടിക്ടോക്കിനും ഹെലോയ്ക്കും കേന്ദ്ര ടെലികോം മന്ത്രാലയം നോട്ടീസ് അയച്ചു. രാജ്യവിരുദ്ധ, നിയമവിരുദ്ധ കാര്യങ്ങൾക്ക് ടിക്ടോക് ഉപയോഗിക്കുന്നുണ്ടെന്നും 21 ചോദ്യങ്ങൾക്ക് ഉടൻ മറുപടി നൽകണമെന്നുമാണ് നോട്ടീസിലുള്ളത്. ജൂലൈ 22 നു മുന്‍പ് ഈ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി ലഭിച്ചില്ലെങ്കിൽ ആപ്പുകൾ നിരോധിക്കുമെന്ന് മുന്നറിയിപ്പ്.

 

രാഷ്ട്രീയം സ്വയംസേവക് സംഘ് (ആർ‌എസ്‌എസ്) അനുഭാവി പ്രധാനമന്ത്രിക്ക് നൽകിയ പരാതിയെ തുടർന്നാണ് ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയത്തിന്റെ നടപടി. ദേശീയ വിരുദ്ധ പ്രവർത്തനങ്ങൾക്കായി ചൈനീസ് ആപ്പുകൾ ഉപയോഗിക്കുന്നുവെന്നാണ് ആരോപണം.

 

ഇന്ത്യയിൽ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കുന്നതിനായി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 100 കോടി ഡോളർ നിക്ഷേപിക്കാൻ പദ്ധതിയിട്ടിരിക്കുകയാണെന്നും പുതിയ ആരോപണങ്ങൾക്ക് മറുപടി നൽകുമെന്നും ടിക്ടോക്കും ഹെലോയും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

 

ഈ പ്ലാറ്റ്‌ഫോമുകൾ ‘ദേശവിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രമായി’ മാറിയെന്നാരോപിച്ചാണ് ടെലികോം മന്ത്രാലയം ടിക് ടോക്കിൽ നിന്നും ഹലോയിൽ നിന്നും മറുപടി തേടിയത്. കൂടാതെ ഇന്ത്യൻ ഉപയോക്താക്കളുടെ ഡേറ്റ നിലവിൽ കൈമാറ്റം ചെയ്യപ്പെടുന്നില്ലെന്നും ഭാവിയിലും കൈമാറ്റം ചെയ്യില്ലെന്നും ഉറപ്പ് തേടിയിട്ടുണ്ട്. മറ്റേതെങ്കിലും വിദേശ സർക്കാരിനോ ഏതെങ്കിലും മൂന്നാം കക്ഷിയിലേക്കോ സ്വകാര്യ സ്ഥാപനത്തിലേക്കോ ഡേറ്റ കൈമാറുന്നില്ലെന്നാണ് ചൈനീസ് കമ്പനികളുടെ വാദം.

 

വ്യാജ വാർത്തകൾ പരിശോധിക്കുന്നതിനും ഇന്ത്യൻ നിയമങ്ങൾ പാലിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനും ഐടി മന്ത്രാലയം ടിക്ടോകിന്റെ പ്രതികരണം തേടിയിട്ടുണ്ട്. 11,000 മോർഫഡ് രാഷ്ട്രീയ പരസ്യങ്ങൾ മറ്റു സോഷ്യൽ മീഡിയ സൈറ്റുകളിൽ പോസ്റ്റ് ചെയ്യാൻ വലിയ തുക നൽകിയതിലും ഐടി മന്ത്രാലയം ഹെലോയിൽ നിന്ന് വിശദീകരണം ചോദിച്ചു. കുട്ടികളുടെ സ്വകാര്യത ലംഘിക്കുന്നതിനെക്കുറിച്ചും മന്ത്രാലയം ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. 18 വയസ്സിന് താഴെയുള്ളവരെയാണ് ഇന്ത്യയിൽ കുട്ടികളായി കണക്കാക്കുന്നത്. 

 

ഇന്ത്യയുടെ വളർന്നുവരുന്ന ഡിജിറ്റൽ സമൂഹം നൽകിയ പിന്തുണയ്ക്ക് നന്ദിയുണ്ടെന്ന് ടിക് ടോക്കും ഹെലോയും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. പ്രാദേശിക സമൂഹത്തിന്റെ പിന്തുണയില്ലാതെ ഇന്ത്യയിൽ വിജയം സാധ്യമല്ല. സമൂഹത്തോടുള്ള ഉത്തരവാദിത്തങ്ങൾ ഗൗരവമായി എടുക്കുകയും ബാധ്യതകൾ നിറവേറ്റുന്നതിനും സർക്കാരുമായി പൂർണമായും സഹകരിക്കാനുള്ള ഈ അവസരത്തെ സ്വാഗതം ചെയ്യുകയും ചെയ്യുന്നുവെന്ന് ടിക് ടോക്കിന്റെ പ്രസ്താവനയിൽ പറയുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com