sections
MORE

1 ജിബി ഡേറ്റയ്ക്ക് 250ൽ നിന്ന് 15 രൂപയായപ്പോൾ നേട്ടമുണ്ടാക്കിയത് യുട്യൂബ്

Youtube-star
SHARE

ഇന്ത്യയിലെ ഇന്റര്‍നെറ്റ് വിപ്ലവത്തിന് തീ കൊളുത്തിയതില്‍ റിലയന്‍സ് ജിയോയ്ക്കുള്ള പങ്ക് കുറച്ചു കാണാനാകില്ല. ഒരു ജിബി ഡേറ്റയ്ക്ക് 250 രൂപ വാങ്ങിയിരുന്ന പകല്‍ക്കൊള്ളക്കാരായ ചില മൊബൈല്‍ ഡേറ്റാ സേവനദാതാക്കള്‍ സ്പീഡിന്റെ കാര്യത്തില്‍ പോലും തങ്ങളുടെ ഉപയോക്താക്കളോട് നീതി പുലര്‍ത്തിയിരുന്നില്ല എന്നത് ചരിത്രം. അതുകൊണ്ടു തന്നെ അവരുടെ പതനത്തില്‍ അധികമാരും മുതലക്കണ്ണീര്‍ പൊഴിച്ചേക്കുകയുമില്ല.

2016 സ്പറ്റംബറില്‍ ജിയോ അവതരിപ്പിക്കുന്നതിനു തൊട്ടു മുൻപത്തെ മാസം ഇന്ത്യയിലെ ഡേറ്റാ ഉപയോഗം 20 കോടി ജിബി ആയിരുന്നു. ജിയോ എത്തി ആദ്യ മാസത്തിനു ശേഷം അത് 370 കോടി ജിബി ആയി വര്‍ധിച്ചു. ഡേറ്റയുടെ വില 1 ജിബിക്ക് 250 രൂപ എന്നതില്‍ നിന്ന് 15 രൂപയില്‍ താഴേക്ക്നിലം പൊത്തി. 2016-17ല്‍ ജിയോയ്ക്ക് 10 കോടി ഉപയോക്താക്കളായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ 2018-19ല്‍ അത് 30.7 കോടിയായി വര്‍ധിച്ചിരിക്കുകയാണ്. ജിയോയുടെ എതിരാളികളും ഡേറ്റാ വില കുറയ്‌ക്കേണ്ടി വന്നതോടെ ലോകത്ത് ഏറ്റവും കുറഞ്ഞ ചിലവില്‍ ഡേറ്റ ലഭിക്കുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ തീര്‍ന്നു. ഇത് പലതരം മാറ്റങ്ങള്‍ക്കും വഴിവച്ചിരിക്കുകയാണ്. വാട്‌സാപ്പിലൂടെ സാമ്രാജ്യം വികസിപ്പിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ മുതല്‍ പ്രാദേശിക യുട്യൂബ്-ടിക്‌ടോക് സ്റ്റാറുകള്‍ വരെ സജീവമായി.

ഡേറ്റയുടെ വില കുറഞ്ഞതിനും സ്പീഡ് കൂടിയതിനുമൊപ്പം സ്മാര്‍ട് ഫോണ്‍ എന്ന ഉപകരണത്തിന്റെ പ്രചാരവും നാട്ടിന്‍പുറങ്ങളെ വരെ മാറ്റിമറിച്ചിരിക്കുകയാണ്. ഫോണിന്റെ ദീര്‍ഘചതുരക്കളത്തിലേക്ക് കണ്ണും നട്ടിരിക്കുന്നവരെ എമ്പാടും കാണാം. പലരും യുട്യൂബ് ചാനലുകളില്‍ മുഴുകുന്നുവെന്നത് ഒരു വന്‍മാറ്റമാണ് കൊണ്ടുവന്നിരിക്കുന്നത്. കുറച്ചാളുകള്‍ ഒന്നിച്ചിരുന്ന് ടിവി കാണുന്നതു പോലെയല്ലാതെ വ്യക്തിപരമായ താത്പര്യങ്ങള്‍ സംരക്ഷിച്ചു കണ്ടെന്റ് കാണാന്‍ ഓരോരുത്തരെയും സജ്ജരാക്കുകയാണ് ഈ വിപ്ലവം ചെയ്തിരിക്കുന്നത്. ഒരു ദിവസം ഓണ്‍ലൈന്‍ വിഡിയോ കാണാന്‍ ഇന്ത്യയില്‍ ഒരാള്‍ 2012ല്‍ ശരാശരി 2 മിനിറ്റാണ് ചിലവഴിച്ചിരുന്നതെങ്കില്‍ 2018ല്‍ അത് ഏകദേശം ഒരു മണിക്കൂര്‍ ആയി വര്‍ധിച്ചു. ഈ വര്‍ഷം അത് 67 മിനിറ്റ് ആകുമെന്ന് കണക്കുകള്‍ പറയുന്നത്. 2021ല്‍ ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ 75 ശതമാനവും വിഡിയോ സ്ട്രീമിങ്ങിനു വേണ്ടിയായിരിക്കും ഉപയോഗിക്കുക എന്നും പറയുന്നു.

youtube-war

പല ഇന്ത്യക്കാര്‍ക്കും യുട്യൂബ് വിനോദോപാധികളുടെയും അറിവിന്റെയും പുതിയ വാതിലുകള്‍ തുറന്നിരിക്കുകയാണ്. 2016ല്‍ ആറു കോടി ഉപയോക്ക്താക്കള്‍ ഉണ്ടായിരുന്ന യുട്യൂബിന്റെ ഇന്ത്യന്‍ ആപ്പിന് ഇപ്പോള്‍ 26.5 കോടി ആക്ടീവ് യൂസര്‍മാരാണുള്ളത്. ആദ്യകാല ഉപയോക്താക്കളിൽ ഭൂരിഭാഗവും നഗരങ്ങളില്‍ നിന്നുള്ളവരായിരുന്നു എന്നതും എടുത്തു പറയേണ്ട കാര്യമാണ്. ആളുകളുടെ സമയത്തിനായി പത്രങ്ങളും ടിവി ചാനലുകളും ഓണ്‍ലൈന്‍ മാധ്യമങ്ങളും റേഡിയോയും മറ്റും മത്സരിക്കുന്നുണ്ടെങ്കിലും യുട്യൂബാണ് പ്രിയങ്കരമായി കൊണ്ടിരിക്കുന്നത്.

യുട്യൂബ് ഇന്ത്യയുടെ ഹോം പേജില്‍ പത്ത് ഭാഷകള്‍ ലഭ്യമാണ്. വിഡിയോ കാണുന്നവരില്‍ 60 ശതമാനം പേരും രാജ്യത്തെ ഏറ്റവും വലിയ ആറു നഗരങ്ങള്‍ക്കു വെളിയിലുള്ളവരാണെന്ന കണക്കും സൂചിപ്പിക്കുന്നത് ഇപ്പോള്‍ നടക്കുന്നതും ഇനി വരാനിരിക്കുന്നതും പ്രാദേശികവല്‍ക്കരണമാണെന്ന കാര്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. ഹിന്ദിക്കു ശേഷം ഏറ്റവുമധികം ഉപയോക്താക്കളുള്ള ഭാഷ തെലുങ്കാണ്. 2016ല്‍ തെലുങ്കില്‍ 1.6 കോടി യുട്യൂബ് സബ്‌സ്‌ക്രൈബര്‍മാരാണ് ഉണ്ടായിരുന്നതെങ്കില്‍ 2018ല്‍ അത് 16.6 കോടിയായി. തമിഴ്, മലയാളം തുടങ്ങിയ ഭാഷകളിലും കാഴ്ചക്കാരുടെ എണ്ണം കൂടുന്നുണ്ട്. ഈ ഭാഷകള്‍ക്കായി കണ്ടെന്റ് സൃഷ്ടിക്കുന്നവരുടെ എണ്ണവും വര്‍ധിക്കുന്നതായി കാണാം.

youtube-music-1

നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം തുടങ്ങിയ സ്ട്രീമിങ് സര്‍വീസുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്. ആര്‍ക്കും ചെറിയ വിഡിയോ അപ്‌ലേഡ് ചെയ്യാവുന്ന സ്ഥിതിയിലേക്ക് എത്തിച്ച ടിക്‌ടോക്കും വന്‍ കുതിപ്പാണ് ഇന്ത്യയില്‍ നടത്തിയരിക്കുന്നത്. ടിക്ടോക്കിന് പ്രതിമാസം 12.0 കോടി ആക്ടീവ് സന്ദര്‍ശകരാണുള്ളത്. ഫെയ്‌സബുക്കിലും ഇന്‍സ്റ്റഗ്രാമിലും വിഡിയോ കണ്ടെന്റ് അപ്‌ലോഡ് ചെയ്യുന്നവരുടെ എണ്ണവും വര്‍ധിച്ചിരിക്കുകയാണ്. അധികം വിദ്യാഭ്യാസമില്ലാത്തവരും ടൈപ് ചെയ്യാന്‍ അറിയാത്തവരും ഉപയോക്താക്കളുടെ കൂടെ ഉള്ളതിനാല്‍ പ്രാദേശിക ഭാഷകളില്‍വോയിസ് സേര്‍ച്ച് കൂടുതല്‍ മികച്ചതാക്കേണ്ടതാണെന്നാണ് ഇപ്പോള്‍ ഉയരുന്ന ഒരു ആവശ്യം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA