ADVERTISEMENT

ഫെയ്സ്ബുക്ക് ഉപയോഗിക്കുന്ന 41.9 കോടി പേരുടെ ഫോൺ നമ്പറുകൾ ചോർന്നതായി റിപ്പോർട്ട്. ഫെയ്സ്ബുക് ഉപയോക്താക്കളുമായി ലിങ്ക് ചെയ്തിട്ടുള്ളവരുടെ ഫോൺ നമ്പറുകൾ ഓൺലൈൻ ഡേറ്റാബേസിൽ നിന്ന് കണ്ടെത്തി. ഫെയ്സ്ബുക്കിന് നേരിടുന്ന മറ്റൊരു വൻ തിരിച്ചടിയാണിത്. ഉപയോക്താക്കളുടെ ഡേറ്റ ചോർത്താൻ കാരണക്കാരനായ ഫെയ്സ്ബുക് മേധാവി മാർക്ക് സക്കർബർഗിനെ തടവിലാക്കണമെന്ന് കഴിഞ്ഞ ദിവസം അമേരിക്കൻ സെനറ്റർ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് മറ്റൊരു തിരിച്ചടി കൂടി നേരിട്ടിരിക്കുന്നത്.

 

അമേരിക്കൻ ഉപയോക്താക്കളുടെ 13.3 കോടി റെക്കോർഡുകളും യുകെ ഉപയോക്താക്കളുടെ 1.8 കോടി റെക്കോർഡുകളും വിയറ്റ്നാമിലെ 5 കോടി ഉപയോക്താക്കളുടെ റെക്കോർഡുകളും ഡേറ്റാബേസിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ടെക്‌ക്രഞ്ച് റിപ്പോർട്ട് ചെയ്യുന്നത്.

 

പുതിയ ഡേറ്റാ ചോർത്തൽ ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടെ ഫോൺ നമ്പറുകൾ അവരുടെ ഫെയ്സ്ബുക് ഐഡികളിൽ നിന്ന് മാത്രം സ്വരൂപിച്ചതാണ്. ഇത് അവരെ പിന്തുടർന്നുള്ള സ്പാം കോളുകൾക്കും ‘സിം സ്വാപ്പിങ്’ അല്ലെങ്കിൽ “സിം ജാക്കിംഗ്” നും ഇടയാക്കും. ഇതിനാൽ തന്നെ ചോർന്ന മൊബൈൽ നമ്പര്‍ ഉപേക്ഷിക്കുന്നതാണ് നല്ലതെന്നാണ് വിദഗ്ധർ പറയുന്നത്.

 

ഹേഗ് ആസ്ഥാനമായുള്ള ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയായ ജിഡിഐ ഫൗണ്ടേഷന്റെ സുരക്ഷാ ഗവേഷകനായ സന്യാം ജെയിൻ ആണ് ഡേറ്റാബേസ് കണ്ടെത്തിയത്. ഇദ്ദേഹം വെബ് ഹോസ്റ്റുമായി ബന്ധപ്പെട്ടതോടെ ഫെയ്സ്ബുക് ഉപയോക്താക്കളുടെ ഡേറ്റാബേസ് ഓഫ്‌ലൈനിൽ പിൻവലിക്കുകയായിരുന്നു.

 

ചില റെക്കോർഡുകളിൽ ഉപയോക്താവിന്റെ പേര്, ലിംഗഭേദം, രാജ്യം അനുസരിച്ച് സ്ഥാനം എന്നിവയുണ്ട്. എന്നാൽ ഡേറ്റാ സെറ്റ് പഴയതാണെന്നും ഇതെല്ലാം നീക്കം ചെയ്തതാണെന്നുമാണ് ഫെയ്സ്ബുക് വക്താവ് പറഞ്ഞത്. ‘ഈ ഡേറ്റാ സെറ്റ് പഴയതാണ്. മറ്റുള്ളവരുടെ ഫോൺ നമ്പറുകൾ ഉപയോഗിച്ച് കണ്ടെത്താനുള്ള സംവിധാനം കഴിഞ്ഞ വർഷം നീക്കം ചെയ്തിരുന്നു. മാറ്റങ്ങൾ വരുത്തുന്നതിനു മുൻപ് ലഭിച്ച വിവരങ്ങളാണ് ചോർന്നിരിക്കുന്നതെന്നും കമ്പനി വക്താവ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com