sections
MORE

ഡേറ്റ അംബാനി പറഞ്ഞതു പോലെ എണ്ണയല്ല, മറിച്ച് വെള്ളമാണെന്ന് ഫെയ്സ്ബുക്

facebook-team
SHARE

കഴിഞ്ഞ പല വര്‍ഷങ്ങളായി പടിഞ്ഞാറന്‍ ടെക്‌നോളജി വിദഗ്ധര്‍ പറയുന്ന കാര്യമാണ് ഡേറ്റ പെട്രോളിനെ പോലെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നായി തീരുമെന്നത്. ഇതേ വാദം ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനി ഏറ്റുപിടിച്ചിരുന്നു. ഇന്ത്യക്കാരുടെ ഡേറ്റാ ഇന്ത്യയില്‍ തന്നെ സൂക്ഷിക്കണമെന്നാണ് അദ്ദഹം വാദിച്ചത്. എന്നാല്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന ഫെയ്‌സ്ബുക്കിന്റെ വൈസ് പ്രസിഡന്റായ നിക്ക് ക്ലെഗ് പറഞ്ഞത് ഡേറ്റ എണ്ണയല്ല മറിച്ച് വെള്ളമാണ് എന്നാണ്. ഇന്ത്യക്കാരുടെ ഡേറ്റ വിദേശ കമ്പനികള്‍ കൊണ്ടുപോകുന്നതിനെതിരെ രാജ്യം നിയമനിര്‍മാണം നടത്തിയേക്കാമെന്ന വാര്‍ത്ത പരക്കുന്നതിനിടെയാണ് ബ്രിട്ടന്റെ മുന്‍ ഉപ പ്രധാനമന്ത്രി കൂടെയായിരുന്ന ക്ലെഗിന്റെ പരാമര്‍ശം.

ഇന്റര്‍നെറ്റില്‍ ഇന്ത്യക്കാരുടെ ഉപയോഗം മൂലം സൃഷ്ടിക്കപ്പെടുന്ന ഡേറ്റ, സമൂഹ മാധ്യമങ്ങളില്‍ കൂടെയാണെങ്കില്‍ പോലും രാജ്യത്തിനു വെളിയില്‍ പോകരുതെന്നായിരുന്നു റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉടമ കൂടിയായ അംബാനിയുടെ വാദം. എന്നാല്‍ എണ്ണയെ പോലെ ഒരിക്കല്‍ തീര്‍ന്നുപോകാവുന്ന ഒന്നല്ല അത്, മറിച്ച് വെള്ളത്തെപ്പോലെ ഒഴുക്കേണ്ട ഒന്നാണ് എന്നാണ് ക്ലെഗിന്റെ പക്ഷം. ഇതിലൊരു വളച്ചൊടിക്കല്‍ ഉണ്ട്. എണ്ണയെ പോലെ പ്രാധാന്യമുള്ളതാണ് ഡേറ്റാ എന്ന വാദം കൊണ്ട് ഉദ്ദേശിക്കുന്നത് അതിന് വിലയുണ്ട് എന്നാണ്. അമേരിക്കയും മറ്റു ചില രാജ്യങ്ങളും ചിലപ്പോള്‍ വ്യക്തിയുടെ ഡേറ്റ ഉപയോഗിക്കണമെങ്കില്‍ പ്രതിവര്‍ഷം നിശ്ചിത തുക ഓരോ ഉപയോക്താവിനും നല്‍കണമെന്ന നിയമം പോലും കൊണ്ടുവന്നേക്കാം. ക്ലെഗിന്റെ വാദം മറച്ചുപിടിക്കുന്നത് ഇതാണ്. ഡേറ്റാ വെള്ളമാണെന്ന അദ്ദേഹത്തിന്റെ വാദം ശരിയാകുന്നത് എങ്ങനെയാണെന്നു ചോദിച്ചാല്‍, എണ്ണ അഥവാ പെട്രോളിയം ഉല്‍പന്നങ്ങള്‍ ഭൂമിക്കടിയില്‍ നിന്ന് ഒരിക്കല്‍ ഖനനം ചെയ്തു തീരാം. എന്നാല്‍ ഇന്റര്‍നെറ്റ് ഉപയോഗം വര്‍ധിക്കുന്നതോടെ ഡേറ്റാ ഉത്പാദിപ്പിക്കുന്നതു വര്‍ധിക്കുകയെ ഉള്ളു എന്നാണ് അദ്ദേഹം പറയുന്നത്.

ഉപയോക്താക്കളുടെ ഡേറ്റയ്ക്കു വേണ്ടി കടിപിടി കൂടുന്ന വന്‍കിട കമ്പനികള്‍ സൗകര്യപൂര്‍വ്വം മറച്ചുവയ്ക്കുന്ന കാര്യം സ്വകാര്യ ഡേറ്റയിലേക്കു കടക്കാനാകുക എന്നത് അവര്‍ക്ക് അനിഷേധ്യമായ മുന്‍തൂക്കം നല്‍കും എന്നതാണ്. ചെറിയ കമ്പനികളെ ഇല്ലായ്മ ചെയ്യാനും എതിരാളികളുടെ വളര്‍ച്ച മുരടിപ്പിക്കാനും അടക്കമുള്ള പലതിനും ഈ ഡേറ്റാ ഉപയോഗിക്കാം. ഇത്തരം ആരോപണങ്ങള്‍ ഫെയ്‌സ്ബുക്, ഗൂഗിള്‍ തുടങ്ങിയ കമ്പനികള്‍ അമേരിക്കയിലും യൂറോപ്പിലും നേരിടുന്നുണ്ട്. തിരഞ്ഞെടുപ്പ് അട്ടിമറിക്കു വരെ സ്വകാര്യ ഡേറ്റ ഉപയോഗിക്കാമെന്ന് വാദിക്കുന്നവരും ഉണ്ട്. ഡേറ്റയെക്കുറിച്ചുള്ള അവബോധം വര്‍ധിച്ചുവരുന്ന രാജ്യങ്ങളില്‍ ഉപയോക്താക്കളുടെ ഡേറ്റ സ്വദേശിയോ, വിദേശിയോ ആയ കമ്പനികളല്‍ നിന്ന് എങ്ങനെ രക്ഷിക്കാമെന്നാണ്.

ഉപയോക്താക്കള്‍ക്കളുടെ മേല്‍ ഫെയ്‌സ്ബുക്കിന് സർക്കാരുകളെക്കാള്‍ നിയന്ത്രണമില്ല

ഉപയോക്താക്കളുടെ മേല്‍ ഫെയ്‌സ്ബുക് പോലെയുള്ള കമ്പനികള്‍ക്ക് സർക്കാരുകള്‍ക്ക് ഉള്ളതിനെക്കാള്‍ അധികാരമുണ്ടെന്ന വാദവും ക്ലെഗ് തള്ളി. ഏതു സർക്കാരിനും രാജ്യത്തെ പൗരന്മാര്‍ക്കുമേല്‍ ഉള്ളതു പോലെയുള്ള അധികാരമൊന്നും ഫെയ്‌സ്ബുക്കിനില്ലെന്ന് അദ്ദേഹം പറഞ്ഞു. ഫെയ്‌സ്ബുക്കിന്റെ സ്വാധീനത്തെക്കുറിച്ചു പരക്കുന്നത് അതിശയോക്തി കലര്‍ന്ന പരമാമര്‍ശങ്ങളാണ് എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. രാജ്യത്തെ പൗരന്മാരുടെ ദൈനംദിന കാര്യങ്ങളില്‍ സർക്കാരുകള്‍ ഇടപെടുന്നു. അത്തരത്തിലുള്ള ഒരു സ്വാധീനവും ഫെയ്‌സ്ബുക്കിനില്ല. എന്നാല്‍ ബ്രിട്ടനില്‍ നടന്ന ബ്രെക്‌സിറ്റ് മുതല്‍ 2016ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പു വരെ നിരവധി കാര്യങ്ങളില്‍ ഫെയ്‌സ്ബുക് സംശയത്തിന്റെ നിഴലിലുമാണ്. 

ബ്രെക്‌സിറ്റില്‍ ഒരു റഷ്യന്‍ ഇടപെടലും ഉണ്ടായില്ലെന്ന് ക്ലെഗ് പറഞ്ഞു. ഫെയ്‌സ്ബുക് സ്വന്തമായി നടത്തിയ അന്വേഷണത്തിലും റഷ്യന്‍ ഇടപെടല്‍ കണ്ടെത്താനായില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം അരോപണങ്ങള്‍ വസ്തുതകള്‍ പഠിക്കാതെ നടത്തുന്നവയാണെന്നാണ് അദ്ദേഹം പറയുന്നത്. 

വാട്‌സാപ് കാശുണ്ടാക്കുന്നില്ല; താമസിയാതെ പരസ്യം വന്നേക്കാം

ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലാണ് ഇന്ത്യയിലെ അതിപ്രസിദ്ധ മെസേജിങ് സംവിധാനമായ വാട്‌സാപ്. ഈ ഫ്രീ ആപ് ഒരു ലാഭവുമുണ്ടാക്കുന്നില്ലെന്ന് ക്ലെഗ് പറഞ്ഞു. 140 കോടി ഉപയോക്താക്കളുണ്ടെങ്കിലും ലാഭമില്ലാത്ത ആപ്പാണിത് എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ വാട്‌സാപ്പില്‍ താമസിയാതെ പരസ്യം കാണിച്ചു തുടങ്ങുന്ന കാര്യം കമ്പനിയുടെ പരിഗണനയിലാണെന്നാണ് അദ്ദേഹം പറഞ്ഞത്. അതിലൂടെ വരുമാനമുണ്ടാക്കാന്‍ കമ്പനി ശ്രമിക്കും. വാട്‌സാപ്പിലൂടെയുള്ള പണമിടപാടുകള്‍ ഇന്ത്യയില്‍ തുടങ്ങാനുള്ള സാധ്യതയും വളരെ ഏറെയാണ്. അംഗീകാരം ലഭിച്ചാല്‍ ഇതും വരുമാന മാര്‍ഗമായിരിക്കാം.

ഫെയ്‌സ്ബുക് ആര്‍ക്കും ഫ്രീ ആയി ഉപയോഗിക്കാം. കമ്പനിയുടെ വരുമാനം പരസ്യത്തിലൂടെ ലഭിക്കുകയും ചെയ്യും. ഇതാണ് ഫെയ്‌സബുക്കിന്റെ പ്രവര്‍ത്തന മാതൃക. തങ്ങളുടെ പരസ്യ വരുമാനം പ്രധാനമായും അമേരിക്ക, ചൈനയിലെ കയറ്റുമതിക്കാര്‍, യൂറോപ്പ് തുടങ്ങിയ സ്രോതസുകളില്‍ നിന്നാണ്. ഫെയ്‌സ്ബുക് സബ്‌സ്‌ക്രിപ്ഷന്‍ രീതി പരീക്ഷിക്കാനുള്ള സാധ്യതയും അദ്ദേഹം തള്ളിക്കളഞ്ഞില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
FROM ONMANORAMA