sections
MORE

സ്ത്രീകളുടെ ലൈംഗികബന്ധ സമയം പോലും ഫെയ്‌സ്ബുക്കിൽ; ചതിച്ചത് മായയും മിയയും

mobile
SHARE

ആര്‍ത്തവം ട്രാക്കു ചെയ്യുന്ന രണ്ട് ആപ്പുകള്‍ ദശലക്ഷക്കണക്കിനു സ്ത്രീകള്‍ ലൈംഗികബന്ധത്തിലേര്‍പ്പെടാത്ത സമയത്തെക്കുറിച്ചും അവരുടെ ആരോഗ്യ നിലയെക്കുറിച്ചും വരെ ഫെയ്‌സ്ബുക്കിന് അറിവു നല്‍കുന്നുവെന്ന് മുന്നറിയിപ്പ്. പ്രൈവസി ഇന്റര്‍നാഷണല്‍ എന്ന ഗവേഷണ ഗ്രൂപ്പാണ് ഈ കണ്ടെത്തല്‍ തങ്ങളുടെ പ്രബന്ധത്തിലൂടെ തുറന്നു കാണിച്ചിരിക്കുന്നത്. പീരിയഡ് ട്രാക്കിങ് ആപ്പുകളായ മായ മിയ ഫെം എന്നിവയാണ് തങ്ങളുടെ ഉപയോക്താക്കളുടെ ഡേറ്റാ ഫെയ്‌സ്ബുക്കിനു കൈമാറിയതായി ഗവേഷകര്‍ കണ്ടെത്തിയത്.

ഉപയോക്താക്കളോട് നിങ്ങള്‍ക്ക് എന്താണ് ഇപ്പോള്‍ തോന്നുന്നതെന്ന് മായാ ആപ് ചോദിക്കുന്നതിനൊപ്പം അവര്‍ തന്നെ ചില സാധ്യതകളും പറയും. ബ്ലഡ് പ്രഷര്‍, വീങ്ങല്‍, മുഖക്കുരു എന്നിങ്ങനെ പോകുമിത്. ഒരാളില്‍ നിന്ന് ശേഖരിക്കുന്ന ഇത്തരം വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുമെന്നായിരിക്കും പലരും കരുതുന്നത്. എന്നാല്‍ ഇത്തരം വിവരങ്ങള്‍ പോലും അവര്‍ ഫെയ്‌സ്ബുക്കിനു നല്‍കുന്നുവെന്നാണ് പഠനം പറയുന്നത്.

രണ്ട് ആപ്പുകളും പല സ്വകാര്യ വിവരങ്ങളും ചോദിച്ചു മനസിലാക്കും: എന്നാണ് ഗര്‍ഭധാരണം നടന്നത്? അല്ലെങ്കില്‍ എന്തു ഗര്‍ഭനിരോധന മാര്‍ഗമാണ് സ്വീകരിച്ചത്? ആര്‍ത്തവ ദിനങ്ങള്‍ എന്നൊക്കെയാണ്? ആര്‍ത്തവ സമയത്ത് ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങള്‍, എന്നാണ് അവസാനമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടത്? തുടങ്ങിയവയെല്ലാം മനസിലാക്കുന്ന ആപ്പുകള്‍ ഇത്തരം വിവരങ്ങള്‍ ഫെയ്‌സ്ബുക്കിന് എത്തിച്ചു കൊടുക്കുന്നുവെന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്. ചുരുക്കി പറഞ്ഞാല്‍ ആപ്പുകളുടെ ഉപയോക്താക്കള്‍ എന്ന് ലൈംഗികബന്ധത്തിലേപ്പെട്ടു എന്നു പോലും ഫെയ്ബുക്കിനറിയാം. 

പുതിയ വിവാദത്തിനു തിരികൊളുത്തിയ വാര്‍ത്ത വന്നപ്പോള്‍ മായാ ആപ്പിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത് ആളുകളെ തിരിച്ചറിയാവുന്ന വിവരങ്ങളൊന്നും ഫെയ്‌സ്ബുക്കിനു കൈമാറിയിട്ടില്ല എന്നാണ്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ഈ ആപ് അമ്പതു ലക്ഷത്തിലേറെ തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. മിയ ഫെം ഈ കണ്ടെത്തലിനെക്കുറിച്ച് ഇനിയും പ്രതികരിച്ചിട്ടില്ല. 

ഇതേക്കുറിച്ചു പ്രതികരിച്ച ഫെയ്‌സ്ബുക് പറഞ്ഞത് തങ്ങള്‍ ആപ് ഡെവലപ്പര്‍മാരോട് ഉപയോക്താക്കളുടെ ആരോഗ്യത്തെയും ധനസ്ഥിതിയെയും കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവയ്ക്കരുതെന്ന് പറഞ്ഞിരിക്കുന്നു എന്നാണ്. 

ഫെയ്‌സ്ബുക് നെറ്റ്‌വര്‍ക്കിലൂടെ പരസ്യം കാണിച്ച് പണം നേടാനാണ് ആപ്പുകള്‍ ഇങ്ങനെ ചെയ്യുന്നതത്രെ. ആര്‍ത്തവകാലത്തെക്കുറിച്ചും പ്രസവത്തെക്കുറിച്ചും മറ്റുമുള്ള വിരങ്ങള്‍ വാങ്ങി പ്രവര്‍ത്തിക്കുന്ന ആപ്പുകളായ മായയും മിയയും അടുത്തകാലത്ത് ധാരാളം ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

ഇത്തരം ഡേറ്റ ശേഖരിക്കുന്ന പല ആപ്പുകളും, തങ്ങളുടെ ഉപയോക്താക്കള്‍ക്ക് തൊഴില്‍ നല്‍കുന്ന കമ്പനികള്‍ക്കും, ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും മറ്റും ആ ഡേറ്റ എത്തിച്ചുകൊടുത്ത് കാശുണ്ടാക്കുന്ന രീതിയും ഉണ്ടെന്നാണ് മറ്റൊരു ആരോപണം. ഇത് അറിയാതെ പലരും ആപ്പുകളുടെ കെണിയില്‍ചാടുന്നു. എന്നാല്‍, ചുരുക്കം ചില സൂത്രക്കാരികള്‍ തെറ്റായ വിവരങ്ങള്‍ ആപ്പിനു നല്‍കി അതിന്റെ സേവനങ്ങള്‍ ഉപയോഗിക്കുന്നു. തങ്ങളുടെ വ്യക്തി വിവരങ്ങള്‍ വ്യക്തത വരുത്താതെയാണ് ഇവര്‍ നല്‍കുക. 

ഉപയോക്താക്കളും വിദഗ്ധരും ഭയപ്പെടുന്നത് അതീവ സ്വകാര്യമാക്കി വയ്ക്കാന്‍ ആഗ്രഹിക്കുന്ന ഡേറ്റാ പോലും ഒരിക്കല്‍ ചോര്‍ന്ന് വെളിപ്പെടാമെന്നാണ്. പല കമ്പനികളും ഇത്തരം ഡേറ്റ തങ്ങളുടെ ജോലിക്കാര്‍ക്കെതിരെ ഉപയോഗിക്കാറുണ്ടെന്നും ഇന്‍ഷ്വറന്‍സ് കമ്പനികള്‍ ഇതില്‍ നിന്ന് പലതും അറിയുന്നുണ്ടെന്നും ആരാപണങ്ങളുണ്ട്.

ലോകത്തെ ഏറ്റവും വലിയ സോഷ്യൽ നെറ്റ്‌വര്‍ക്കായ ഫെയ്‌സ്ബുക് കഴിഞ്ഞ ദിവസമാണ് അമേരിക്കയില്‍ ഡേറ്റിങ് സേവനവും തുടങ്ങിയത്. ഫെയ്‌സ്ബുക് ആക്ടിവിറ്റി അടക്കമുള്ള കാര്യങ്ങള്‍ മനസിലാക്കിയായിരിക്കും സൈറ്റിലൂടെ ഇണകളെ തേടാന്‍ സാധിക്കുക. ദിവസവും 120 കോടി ആക്ടീവ് ഉപയോക്താക്കള്‍ ഫെയ്‌സ്ബുക്കിനുണ്ടെന്നാണ് വാര്‍ത്തകള്‍ പറയുന്നത്. തങ്ങളെ വിശ്വസിക്കണമെന്നും കമ്പനി ഉപയോക്താക്കളോട് പറയും. എന്നാല്‍ ക്രേംബ്രിജ് അനലിറ്റിക്കാ വിവാദമടക്കമുള്ള കാര്യങ്ങള്‍ കമ്പനിയെക്കുറിച്ച് നല്ല പ്രതികരണമല്ല ഉപയോക്താക്കള്‍ക്കിടയില്‍ ഉണ്ടാകികയിരിക്കുന്നത്. സ്വകാര്യവിവരങ്ങള്‍ പോലും ഉപയോക്താവിന്റെ പ്രൊഫൈലിനോട് ബന്ധിപ്പിച്ച് ഫെയ്‌സ്ബുക്കിനു വേണമെങ്കില്‍ ഉപയോഗിക്കാമെന്നാണ് ആരോപണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA