sections
MORE

‌ചൈനയിലേത് കൊടും ക്രൂരത; പരീക്ഷിക്കാൻ മറ്റു രാജ്യങ്ങൾ, സാധാരണക്കാർ ഭീതിയിൽ...

china-credit
SHARE

താന്‍ ചൈനയിലെ പൗരനാണ്. അതുകൊണ്ട് എല്ലാം തനിക്കു പോരട്ടെ എന്ന് ചിന്തിച്ച് ചൈനക്കാര്‍ക്ക് ജീവിക്കാനാകില്ല. അവരുടെ പ്രവൃത്തികള്‍ക്ക് ചൈനീസ് സർക്കാർ മാര്‍ക്കിടുന്നുണ്ട്. 'സോഷ്യല്‍ ക്രെഡിറ്റ് സ്‌കോര്‍' എന്നറിയപ്പെടുന്ന ഈ പരിപാടി ആദ്യമായി തുടങ്ങിയത് 2010ല്‍ആണ്. ഇതെങ്ങിനെ പ്രവര്‍ത്തിക്കുന്നുവെന്നും ഉപയോഗിക്കുന്ന അല്‍ഗോറിതം എന്താണെന്നും ഇതുവരെയും പിടികിട്ടിയിട്ടില്ല. എന്തായാലും ചില പ്രവൃത്തികള്‍ ഒരാളുടെ മാര്‍ക്ക് വര്‍ധിപ്പിക്കാന്‍ ഉതകും.

ഉദാഹരണത്തിന് സാമൂഹ്യ സേവനത്തില്‍ ഏര്‍പ്പെടുക, ചൈനീസ് കമ്പനികളുടെ ഉല്‍പന്നങ്ങള്‍ വാങ്ങുക തുടങ്ങിയ കാര്യങ്ങള്‍ ചൈനീസ് പൗരന്മാരുടെ സോഷ്യല്‍ ക്രെഡിറ്റ് മാര്‍ക്ക് വര്‍ധിപ്പിക്കും. പക്ഷേ വഞ്ചന, ടാക്‌സ് വെട്ടിപ്പ്, അനുവദനീയമല്ലാത്ത സ്ഥലങ്ങളിലെ പുകവലി തുടങ്ങിയ കാര്യങ്ങള്‍ സ്‌കോര്‍ കുറയ്ക്കുമെന്ന് ചൈനക്കാര്‍ക്ക് മനസിലായി കഴിഞ്ഞു. കൂടുതല്‍ സ്‌കോര്‍ നേടുന്നവര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും കിട്ടുന്നു. വീടുവയ്ക്കാന്‍ സമയത്തും, യാത്രയ്ക്കായി വീസ സംഘടിപ്പിക്കാന്‍ ശ്രമിക്കുമ്പോഴും, എന്തിന് ജോലിയിലെ പ്രമോഷനു പോലും ഈ സ്‌കോര്‍ ഉപകരിക്കും.

ഇത്തരം സാഹചര്യങ്ങളെ, ആശയങ്ങളെ, സാമൂഹ്യ വ്യവസ്ഥയെ എല്ലാം വിശേഷിപ്പിക്കുന്ന പദമാണ് ഓര്‍വിലിയന്‍ എന്നത്. ജോര്‍ജ് ഓര്‍വെല്‍ എന്ന എഴുത്തുകാരന്‍ ഭാവനയില്‍ കണ്ട ഒരു സ്വാതന്ത്ര്യരഹിതമായ അവസ്ഥയാണിത്. പൗരന്റെ എല്ലാ ചെയ്തികളിലും സർക്കാരും മറ്റും നോക്കിയിരിക്കുക എന്നതാണിത്. ഇതിനാല്‍ തന്നെ പൗരന്റെ സ്വകാര്യതയെ മാനിക്കുന്ന പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ഇത് ഒരിക്കലും പഥ്യമായിരുന്നില്ല. അങ്ങനെ ഈ സംവിധാനം ചൈനയില്‍ ഒതുങ്ങിയിരിക്കുകയായിരുന്നു. 

എന്നാല്‍, ഇപ്പോള്‍ ഇതിനു സമാനമായ ചില പരിപാടികള്‍ മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചു തുടങ്ങിയതായി പറയുന്നു. അമേരിക്കയില്‍ ചില സിലിക്കന്‍ വാലി കമ്പനികളാണ് ഉപയോക്താക്കള്‍ക്ക് മാര്‍ക്കിടുന്ന സംവിധാനവുമായി എത്തിയിരിക്കുന്നത്. 'ഫാസ്റ്റ് കമ്പനി' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം എയര്‍ബിഎന്‍ബി, ഊബര്‍ തുടങ്ങിയ കമ്പനികള്‍ ഉപയോക്താക്കള്‍ക്ക് മാര്‍ക്കിടല്‍ തുടങ്ങിയിരിക്കുകയാണ്. (ഇന്ത്യയിലും ഇത് ബാധകമാണ്.) മോശം സ്‌കോര്‍ ലഭിക്കുന്നവര്‍ക്ക് പൊതുവാഹനങ്ങള്‍ ഉപയോഗിക്കുന്നതിന്, രാജ്യത്തിനു വെളിയില്‍ പോകുന്നതിന്, ചില ജോലികള്‍ ലഭിക്കുന്നതിന് എല്ലാം പ്രശ്‌നമുണ്ടാകാം.

ഇത്തരം സ്‌കോര്‍ സിസ്റ്റങ്ങള്‍ ദേശീയ തലത്തില്‍ തന്നെ തുടങ്ങാനുള്ള സാധ്യതയാണ് അമേരിക്കയില്‍ നിലനില്‍ക്കുന്നതത്രെ. പടിഞ്ഞാറന്‍ സർക്കാരുകള്‍ സോഷ്യല്‍ ക്രെഡിറ്റ് സ്‌കോര്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ മടിച്ചു നില്‍ക്കുകയാണെങ്കിലും സ്വകാര്യ കമ്പനികള്‍ അതിനു മുന്നിട്ടിറങ്ങുന്ന കാഴ്ചയാണ് കാണുന്നത്. കസ്റ്റമറുടെ റേറ്റിങ് അനുസരിച്ച് അയാള്‍ക്ക് സേവനം നല്‍കുന്ന രീതിയാണ് ഈ കമ്പനികള്‍ ഇപ്പോള്‍ തുടങ്ങിയിരിക്കുന്നത്. ചില ഇന്‍ഷ്വറന്‍സ് കമ്പനികളും ഈ രീതി പിന്തുടര്‍ന്നു തുടങ്ങിയിരിക്കുകയാണ്. ഒരാളുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പോലും അയാളുടെ പോയിന്റ് ഉയര്‍ത്തുകയോ താഴ്ത്തുകയോ ചെയ്‌തേക്കാം. ഉദാഹരണത്തിന് തന്റെ വനത്തിലേക്കുള്ള യാത്രകളെക്കുറിച്ചുള്ള വിവരങ്ങളും ചിത്രങ്ങളും മറ്റും ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിടുന്നയാളിന് വെറുതെ വീട്ടില്‍ കുത്തിയിരിക്കുന്നയാളെക്കാള്‍ പോയിന്റുകള്‍ ലഭിച്ചേക്കാം. ഒരാളോട് നിങ്ങള്‍ കാനന യാത്രകള്‍ ആസ്വദിക്കുന്നോ എന്നു ചോദിച്ചാല്‍ ഉവ്വ് എന്നു വെറുതെ പറഞ്ഞിട്ടു കാര്യമില്ല. നിങ്ങളുടെ സമൂഹ മാധ്യമ പേജുകളില്‍ അതിന്റെ തെളിവും വേണ്ട കാലമായിരിക്കാം വരുന്നത്.

വേണ്ടത്ര സ്‌കോറില്ലാത്ത യാത്രക്കാരെ ഒഴിവാക്കുന്ന കാര്യത്തില്‍ ഊബര്‍ ഒരു മയവും കാണിക്കാറില്ല. സ്‌കോര്‍ തീരുമാനിക്കുന്നത് ഡ്രൈവര്‍മാരാണ്. തന്റെ ഏതു പ്രവര്‍ത്തിയാണ് സ്‌കോര്‍ കൂട്ടിയതെന്നോ കുറച്ചതെന്നോ യാത്രക്കാരന് അറിയില്ല. വീടു ഷെയര്‍ ചെയ്യുക, യാത്ര ഷെയർ ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ക്ക് നിങ്ങളുടെ സ്‌കോര്‍ വളരെയധികം ഉപകരിക്കുന്ന രീതിയിലേക്ക് എത്തിക്കഴിഞ്ഞിരിക്കുകയാണ്. ഹൃസ്വകാല താമസ സൗകര്യമൊരുക്കുന്ന കമ്പനിയായ എയര്‍ബിഎന്‍ബി ഒരാള്‍ക്കേര്‍പ്പെടുത്തുന്ന വിലക്ക് ചിലപ്പോള്‍ ആജീവനാന്ത കാലത്തേക്കു പോലും ആകാം.

ക്രെഡിറ്റ് സംവിധാനം ഉപയോഗിച്ച് ചിലയാളുകളെ ചില സ്ഥലങ്ങളില്‍ പ്രവേശിക്കുന്നതു നിരോധിക്കുന്ന കമ്പനികള്‍ പോലും ഇപ്പോഴുണ്ട്. അമേരിക്ക, ബ്രിട്ടൻ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലെ ബാറുകള്‍ പെയ്ട്രണ്‍സ്‌കാന്‍ എന്ന സേവനം പ്രയോജനപ്പെടുത്തുന്നു. ഇതിലൂടെ ഒരാള്‍ ബാറിലെത്തി വഴക്കുണ്ടാക്കുമോ, ലൈംഗീകാക്രമണം നടത്തുമോ തുടങ്ങിയ കാര്യങ്ങള്‍ മനസിലാക്കി അയാളെ സ്വീകരിക്കണമോ ഒഴിവാക്കണമോ എന്നൊക്കെ തീരുമാനിക്കുന്നു. കുടിയന്മാരില്‍ പേടിവളര്‍ത്തുന്ന നാമമായി തീര്‍ന്നിരിക്കുകയാണ് പെയ്ട്രണ്‍സ്‌കാന്‍!

എന്നാല്‍, ഇത്തരം സംവിധാനങ്ങള്‍ ഓരോ രാജ്യത്തും നിലവിലുള്ള നിയമവാഴ്ചയ്ക്ക് മുകളില്‍ കയറിയല്ലെ കളിക്കുന്നതെന്ന ചോദ്യവുമുയരുന്നു. എന്തായാലും അമേരിക്ക, ചൈനീസ് മോഡലിലൊരു പോയിന്റ് സംവിധാനം തങ്ങളുടെ പൗരന്മാര്‍ക്ക് അടുത്തകാലത്തെങ്ങും ഏര്‍പ്പെടുത്തില്ല എന്നാണ് പറയുന്നത്. എന്നാല്‍ ചൈനയിലെ രീതിയിലുള്ള സോഷ്യല്‍ ക്രെഡിറ്റ് സംവിധാനങ്ങള്‍ സ്വകാര്യ കമ്പനികള്‍ വിവിധ രാജ്യങ്ങളില്‍ ഏര്‍പ്പെടുത്താന്‍ വെമ്പല്‍കൊള്ളുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചുരുക്കി പറഞ്ഞാല്‍ ആരുടെ മേലും ചാപ്പകുത്താനുള്ള സാധ്യത നിലനില്‍ക്കുന്നു. എല്ലാവര്‍ക്കും എല്ലാം പ്രാപ്യമാണെന്ന ഘട്ടം കഴിയുന്നുവെന്നു വേണമെങ്കിലും പറയാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
FROM ONMANORAMA