sections
MORE

സക്കർബർഗ് കാണിച്ചത് ‘മാജിക്’ ടെക്നോളജി, ഫെയ്സ്ബുക്കിന്റേത് വിസ്മയിപ്പിക്കും വിഭവങ്ങള്‍

facebooks-oculus-connect-vr
SHARE

ലോകത്തെ ഏറ്റവും വലിയ ടെക്‌നോളജി കമ്പനികളിലൊന്നായ ഫെയ്‌സ്ബുക് ഈ വര്‍ഷം നിര്‍ണായകമായ ചില പുതുമകളിലേക്ക് സാങ്കേതികവിദ്യയെ നയിക്കുകയാണ്. അവയിലൊന്ന് മനസു കൊണ്ട് കംപ്യൂട്ടറിനെ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന ഒരു സ്റ്റാര്‍ട്ട്-ആപ് (CTRL-Labs) ഏറ്റെടുത്തതാണ്. ഏകദേശം 1 ബില്ല്യന്‍ ഡോളറാണ് കമ്പനി ഇതിനായി ചിലവഴിച്ചത്. ഈ കമ്പനിയുടെ അംഗങ്ങള്‍ ഫെയ്‌സ്ബുക് റിയാലിറ്റി ലാബുമൊത്തു പ്രവര്‍ത്തിക്കും. അവര്‍ ആദ്യം പുറത്തിറക്കുക ഒരു റിസ്റ്റ്ബാന്‍ഡ് ആയിരിക്കുമെന്നാണ് സൂചന. ഇത് ഓഗ്‌മെന്റഡ് റിയാലിറ്റി, വെര്‍ച്വല്‍റിയാലിറ്റി ലോകങ്ങള്‍ക്ക് വന്‍ മാറ്റങ്ങളാണ് കൊണ്ടുവരാൻ പോകുന്നത്. 

എങ്ങനെയായിരിക്കും ഇതു പ്രവര്‍ത്തിക്കുക? നിങ്ങളുടെ സ്‌പൈനല്‍ കോഡില്‍ ന്യൂറോണ്‍സ് ഉണ്ട്. അവ വൈദ്യുത സന്ദേശങ്ങള്‍ നിങ്ങളുടെ കൈയിലെ മസിലുകളിലേക്ക് അയയ്ക്കുന്നു. ഒരു പ്രത്യേക രീതിയില്‍ ചലിപ്പിക്കാനുള്ള സന്ദേശങ്ങളാണ് അയയ്ക്കുന്നത്. ഉദാഹരണത്തിന് മൗസ് ചലിപ്പിക്കുക. അണിഞ്ഞിരിക്കുന്ന റിസ്റ്റ്ബാന്‍ഡ്, ഈ സന്ദേശങ്ങളെ കംപ്യൂട്ടറുകള്‍ക്ക് ഡിജിറ്റല്‍ സന്ദേശങ്ങളാക്കുന്നു.

വിആര്‍ ഹെഡ്‌സെറ്റിനും ഹാന്‍ഡ് ട്രാക്കിങ്

മറ്റൊരു വമ്പന്‍മാറ്റം ഫെയ്‌സ്ബുക്കിന്റെ ക്വെസ്റ്റ് റിയാലിറ്റി ഹെഡ്‌സെറ്റുകള്‍ക്ക് ആളുകളുടെ കരചലനം ട്രാക്കു ചെയ്യാനാകുമെന്നതാണ്. ചുരുക്കി പറഞ്ഞാല്‍ ഇതു വന്നു കഴിഞ്ഞാല്‍ ഗെയിം കളിക്കുന്നവര്‍ക്ക് കൺ‌ട്രോളറുകള്‍ ഉപയോഗിക്കേണ്ടി വരില്ല!

ഈ ഹാന്‍ഡ് ട്രാക്കിങ് സാങ്കേതികവിദ്യ 2020 ആദ്യ പകുതിയില്‍ കൊണ്ടുവരാനാണ് കമ്പനി ശ്രമിക്കുന്നതെന്ന് തങ്ങളുടെ വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റായ ഒക്ക്യുലസിന്റെ വാര്‍ഷിക കോണ്‍ഫറന്‍സിൽ ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചു. വെര്‍ച്വൽ ലോകങ്ങളുമായി ഇടപെടുന്നതില്‍ നിന്ന് കൺ‌ട്രോളറുകളെ പുറത്തു ചാടിക്കാനാണ് കമ്പനിയുടെ ശ്രമം. സാധാരണ ജീവിതത്തില്‍ നമ്മള്‍ കൈകള്‍ ചലിപ്പിക്കുന്ന രീതിയില്‍ ചലിപ്പിച്ചാല്‍ വെര്‍ച്വല്‍ ലോകവുമായി ഇടപെടാനാകും. അതോടെ കൺ‌ട്രോളറുകളും പുറമെ വയ്ക്കുന്ന സെന്‍സറുകളും ആവശ്യമില്ലാതാകും. വെറുതെ കരചലനങ്ങള്‍ മാത്രം മതിയാകും നിയന്ത്രണത്തിനെന്ന് സക്കര്‍ബര്‍ഗ് പറയുന്നു.

ഒക്യുലസും ഫെയ്‌സ്ബുക്ക് ഏറ്റെടുത്ത കമ്പനിയാണ്. പുതിയ ഇന്ററാക്ടീവ് സാങ്കേതികവിദ്യ ഒക്യുലസ് ഗെയിം കളിക്കാര്‍ക്കും ഒക്യുലസ് ശ്രേണിക്കും പുതിയ ഊര്‍ജം പകരുമെന്നാണ് കരുതുന്നത്. ഇത് കംപ്യൂട്ടിങില്‍ ഒരു വിപ്ലവമായിരിക്കും.

മനസറിയുന്ന സാങ്കേതികവിദ്യ

ആദ്യം കണ്ട ന്യൂറല്‍ സോഫ്റ്റ് വെയര്‍ കമ്പനിയുടെ (CTRL-Labs) മികവും ഉള്‍ക്കൊള്ളിച്ചായിരിക്കും ഇനിയുള്ള നീക്കങ്ങൾ. ആളുകള്‍ മനസിൽ ചിന്തക്കുമ്പോൾ തന്നെ വെര്‍ച്വല്‍ ലോകവുമായി സംവദിക്കാൻ കഴിയുക എന്ന സാങ്കേതികവിദ്യയിലേക്ക് എത്തുകയെന്നത് കമ്പനിയുടെ മനസിലുള്ള പദ്ധതിയാണ്. ചിന്തിച്ചാല്‍ അതു സംഭവിപ്പിക്കാന്‍ (കംപ്യൂട്ടിങ് ഇന്‍പുട്ട്) സാധിക്കുന്ന രീതിയിലുള്ള മാറ്റമാണ് കമ്പനി കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നതെന്നും സക്കര്‍ബര്‍ഗ് വെളിപ്പെടുത്തി. 2020ല്‍ കമ്പനി ഫെയ്‌സ്ബുക്ക് ഹൊറൈസണ്‍ എന്ന പേരില്‍ പുതിയ വിആര്‍ ആപ്പും ഒക്ക്യുലസ് കുടുംബത്തില്‍ നിന്നു പുറത്തിറക്കും. ഇതിലൂടെ മൈന്‍ക്രാഫ്റ്റ്, സെക്കന്‍ഡ് ലൈഫ് എന്നീ ഗെയിമുകളുടെ മിശ്രണമായിരിക്കും സാധ്യമാക്കുക. സ്‌പെയ്‌സസ് വിആര്‍ ആപ്പിനു പകരമായിരിക്കും പുതിയ ആപ് ഇറക്കുക.

ഓഗ്മെന്റഡ് റിയാലിറ്റി കണ്ണട

മൂന്നാമതായി ഫെയ്‌സ്ബുക്ക് ഒരുക്കുന്ന ഒരു ടെക്‌നോളജി വിഭവം, ഓഗ്മെന്റഡ് റിയാലിറ്റി കണ്ണട ആയിരിക്കും. യഥാര്‍ത്ഥ ലോകത്തിനുമേല്‍ ഡിജിറ്റല്‍ വസ്തുക്കള്‍ വയ്ക്കാനുള്ള കഴിവായിരിക്കും ഇതിനുണ്ടായിരിക്കുക. ഇത്തരം കണ്ണട മൈക്രോസോഫ്റ്റ് പുറത്തിറക്കിയിരുന്നു. ആപ്പിള്‍ അങ്ങനെയൊന്ന് നിര്‍മിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും വാര്‍ത്തകളുണ്ട്. പുതിയ വിആര്‍ കണ്ണടയെക്കുറിച്ചുള്ള വിവരം പുറത്തുവിട്ട ഫെയ്‌സ്ബുക്ക് വൈസ് പ്രസിഡന്റ് ആന്‍ഡ്രു ബോസ്വര്‍ത്ത്, അതിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ വിസമ്മതിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
FROM ONMANORAMA