sections
MORE

വരുന്നത് വമ്പന്‍ മാറ്റം! വാട്‌സാപ് സന്ദേശങ്ങള്‍ പൊലീസിന് പരിശോധിക്കാനായേക്കും

WhatsApp
SHARE

വാട്‌സാപ് സന്ദേശങ്ങള്‍ പരിശോധിക്കാന്‍ തങ്ങള്‍ക്കു സാധിക്കണം എന്നാവശ്യപ്പെട്ട രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. എന്നാല്‍, വാടാസാപ് സന്ദേശങ്ങള്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡാണ്, അവ പരിശോധിക്കാന്‍ അനുവദിക്കില്ല എന്ന നിലപാടാണ് കമ്പനി കൈക്കൊണ്ടത്. അങ്ങനെ വേണ്ടിവന്നാല്‍ ഇതിനായി തങ്ങള്‍ രാജ്യത്തെ ഇടപാടുകള്‍ അവസാനിപ്പിക്കാന്‍ തയാറാണ് എന്നുവരെ ഒരു ഘട്ടത്തില്‍ അവര്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍, അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ക്ലൗഡ് ആക്ടില്‍ (CLOUD Act) ഒപ്പു വച്ചതോടെ തങ്ങളുടെ നിലപാട് കമ്പനിക്കു മയപ്പെടുത്തേണ്ടി വന്നു. എങ്കിലും, നിയമപാലകര്‍ക്ക് ഇഷ്ടാനുസരണം ഉപയോക്താക്കളുടെ ഡേറ്റയിലേക്ക് കടന്നുകയറാന്‍ ്അനുവദിക്കില്ല എന്ന നിലപാട് കമ്പനി തുടര്‍ന്നു വരികയായിരുന്നു.

എന്നാലിപ്പോള്‍ കാറ്റു മാറി വീശുകയാണ്. ഫെയ്‌സ്ബുക്കിലൂടെയും വാട്‌സാപിലൂടെയും അയയ്ക്കുന്ന എന്‍ക്രിപ്റ്റഡ് സന്ദേശങ്ങള്‍ ബ്രിട്ടിഷ് പൊലിസിനു കൈമാറണം എന്ന് അമേരിക്കയും ബ്രിട്ടനും തമ്മില്‍ ധാരണയിലെത്തിച്ചേര്‍ന്നിരിക്കുകയാണ്. ബ്ലൂംബര്‍ഗ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം തീവ്രവാദവും കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളും അടക്കമുള്ള ക്രിമിനല്‍കുറ്റങ്ങളെക്കുറിച്ച് അന്വേഷണം നടത്താന്‍ ഈ സന്ദേശങ്ങള്‍ കിട്ടിയേ തീരൂവെന്നാണ് രാജ്യങ്ങളുടെ ആവശ്യം. ബ്രിട്ടനും അമേരിക്കയും തമ്മിലുള്ള ഈ ചരിത്ര കരാര്‍ അടുത്ത മാസം ഒപ്പുവയ്ക്കും.

കരാര്‍ പ്രകാരം അമേരിക്കയിലെ പൗരന്മാരെക്കുറിച്ച് ബ്രിട്ടനോ, തിരിച്ച് അമേരിക്കയോ അന്വേഷണം നടത്തില്ല. എന്നാല്‍, ഈ നീക്കത്തിനെതിരെ ഫെയ്‌സ്ബുക്ക് രംഗത്തെത്തിയിട്ടുണ്ട്. ഇതു നിലവില്‍ വന്നാല്‍, ലോകമെമ്പാടുമുള്ള ഉപയോക്താക്കളുടെ സ്വകാര്യത അപകടത്തിലാകുമെന്നാണ് അവര്‍ പറയുന്നത്. സർക്കാർ കൊണ്ടുവന്ന ക്ലൗഡ് ആക്ട് നിയമമനുസരിച്ച്, നിയമപാലകര്‍ ആവശ്യപ്പെടുമ്പോള്‍ തങ്ങള്‍ ഡേറ്റ നല്‍കുന്നു. എന്നാല്‍, പുതിയ മാറ്റം വന്നാല്‍, എല്ലായിടത്തും പിന്‍ വാതിലുകള്‍ (back doors) നിര്‍മിക്കേണ്ടതായി വരുമെന്നാണ് അവര്‍ വാദിക്കുന്നത്.

ഏതു രാജ്യത്തുള്ള നിയമപാലകര്‍ക്കും അമേരിക്കന്‍ കമ്പനികളുടെ കൈവശമുള്ള ഡേറ്റ ചോദിക്കാന്‍ അനുവദിക്കുന്ന നിയമമാണ് ക്ലൗഡ് ആക്ട് എന്നറിയപ്പെടുന്ന ക്ലാരിഫൈയിങ് ലോഫുള്‍ ഓവര്‍സീസ് യൂസ് ഓഫ് ഡേറ്റാ ആക്ട്. ഇതില്‍ 2018ലാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചത്. ഏതു രാജ്യത്തു സ്റ്റോറു ചെയ്തിരിക്കുന്ന ഡേറ്റയും നിയമപാലകര്‍ക്ക് ആവശ്യപ്പെടാമെന്നാണ് പറഞ്ഞിരിക്കുന്നത്. ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്ന എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷനെ ബ്രിട്ടന്റെ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേല്‍ നിശിതമായി വിമര്‍ശിച്ചിരുന്നു. ഇത് ഭീകരവാദികളെയും കുട്ടികളോട് മോശമായി പെരുമാറുന്നവരെയും സംരക്ഷിക്കുന്നുവെന്നാണ് അവര്‍ ആരോപിച്ചത്. അതുകൊണ്ട് സാമൂഹ്യ മാധ്യമങ്ങള്‍ തങ്ങളുടെ കൈവശമുള്ള ഡേറ്റയിലേക്ക് നിയമപാലകര്‍ക്കായി പിന്‍വാതിലുകള്‍ തുറക്കണമെന്നാണ് പ്രീതി ആവശ്യപ്പെട്ടത്. അടുത്ത മാസം ഒപ്പു വയ്ക്കാന്‍ പോകുന്ന കരാര്‍അനുസരിച്ച് കുറ്റാന്വേഷകര്‍ക്ക് ഡേറ്റ തുറന്നു കൊടുക്കുക എന്നത് നിര്‍ബന്ധമാക്കുകയാണ് ചെയ്യുന്നത്. ഫെയ്‌സ്ബുക്ക്, വാട്‌സാപ് തുടങ്ങിയവയടക്കമുള്ള സാമൂഹ്യ മാധ്യമ ആപ്പുകള്‍ക്ക് ഇതു ബാധകമായിരിക്കും.

പുതിയ ഉടമ്പടി ബ്രിട്ടനും അമേരിക്കയും തമ്മില്‍ മാത്രമാകാന്‍ മറ്റു രാജ്യങ്ങള്‍ സമ്മതിക്കണമെന്നില്ല. കൂടാതെ, തങ്ങള്‍ മറ്റു രാജ്യങ്ങളിലൊന്നും ഇതനുവദിക്കുന്നില്ല എന്ന വാദവും ഇനി ഇന്ത്യയുടെ മുന്നിൽ വിലപ്പോകില്ല. ചുരുക്കിപ്പറഞ്ഞാല്‍, വാട്‌സാപ് സന്ദേശങ്ങൾ ഇനി ആരു കാണാതെ കൈമാറാവുന്ന ഒന്നായിരിക്കില്ല. അതില്‍ നിയമപാലകര്‍ക്ക് കണ്ണുവയ്ക്കാനായേക്കും.

വാട്‌സാപിന് 2016ലെ കണക്കു പ്രകാരം ഇന്ത്യയില്‍ ഏകദേശം 20 കോടി ഉപയോക്താക്കളാണ് ഉള്ളത്. ഇന്ത്യയില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളുടെ എണ്ണം വര്‍ദ്ധിച്ചിട്ടേയുള്ളൂ. പലരും ഫോണ്‍ വാങ്ങുമ്പോള്‍ അന്വേഷിക്കുന്നതു തന്നെ അതില്‍ വാട്‌സാപ് ഉണ്ടോ എന്നാണ്. ഇപ്പോൾ കമ്പനിക്ക് ഇന്ത്യയില്‍ 30 കോടിയിലേറെ ഉപയോക്താക്കള്‍ കണ്ടേക്കാമെന്നാണ് അനുമാനം. ഫെയ്‌സ്ബുക്കിന്റെ കീഴിലുള്ള വാട്‌സാപിന് ലോകത്ത് ഏറ്റവുമധികം ഉപയോക്താക്കളുള്ളതും ഇന്ത്യയിലാണ്.

ഫെയ്‌സ്ബുക്ക് പറയുന്നത്, വാട്‌സാപ് ലാഭമുണ്ടാക്കുന്ന ഒരു കമ്പനിയല്ല എന്നാണ്. അതിനായി അവര്‍ ഗൂഗിള്‍ പേ പോലെയുള്ള പണമിടപാടുകള്‍ ആപ്പിലൂടെ നടത്താനും ആലോചിക്കുന്നുണ്ട്. ഇത് അനുവദിക്കണമോ എന്ന കാര്യം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പരിഗണനയിലാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA