ADVERTISEMENT

വ്യാജ വാര്‍ത്ത തടയാനായി ഒരു മെസേജ് അഞ്ചു പേര്‍ക്കു മാത്രമെ ഫോര്‍വെഡ് ചെയ്യാനാകൂ എന്നതടക്കമുള്ള മുന്‍കരുതലുകള്‍ എടുത്തിരുന്നെങ്കിലും ഇന്ത്യയിലും ബ്രസീലിലും നടന്ന പൊതു തിരഞ്ഞെടുപ്പുകളില്‍ വാട്‌സാപ് വ്യപകമായി ദുരുപയോഗം ചെയ്യപ്പെട്ടുവെന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു. ബ്രസീലിലെ ഫെഡറല്‍ യൂണിവേഴ്‌സിറ്റി ഓഫ് മിനാസ് ഗെറായിസും അമേരിക്കയിലെ മാസച്ചൂസിറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയും (എംഐടി) ചേര്‍ന്നു നടത്തിയ പഠനത്തിലെ കണ്ടെത്തല്‍ പ്രകാരം ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സാപ് തിരഞ്ഞെടുപ്പു സമയത്തെ വ്യാജ പ്രചരണങ്ങള്‍ തടയുന്നതില്‍ പരാജയപ്പെട്ടുവെന്നാണ്.

 

തെറ്റായ വാര്‍ത്തയുടെ പ്രചാരണം തങ്ങള്‍ തടയുമെന്ന് വാട്‌സാപ് പറഞ്ഞിരുന്നു. ഇത് എത്രമാത്രം സാധിച്ചു എന്നറിയാനുള്ള ശ്രമമായിരുന്നു ഈ പഠനം. ഇലക്ഷന്‍ ദിവസവും, അതിന് 60 ദിവസം മുൻപും, തിരഞ്ഞെടുപ്പിനു ശേഷം 15 ദിവസവും വാട്‌സാപ്പിലുടെ ഇന്ത്യ, ബ്രസീല്‍, ഇന്തൊനീഷ്യ എന്നീ രാജ്യങ്ങളില്‍ പ്രചരിച്ച ഡേറ്റ വിശകലനം ചെയ്താണ് കണ്ടെത്തല്‍ നടത്തിയതെന്ന് ഗവേഷകര്‍ പറയുന്നു.

 

തങ്ങളുടെ പഠനങ്ങള്‍ പ്രകാരം ഇപ്പോള്‍ വാട്‌സാപ് സ്വീകരിച്ചിരിക്കുന്ന നടപടികള്‍ മൂലം വ്യാജ വാര്‍ത്ത പ്രചരിക്കുന്നതിന് അല്‍പം കാലതാമസം എടുക്കുന്നു എന്നല്ലാതെ അവ കാര്യക്ഷമമല്ലെന്നു കണ്ടെത്തിയെന്ന് ഗവേഷകര്‍ പറയുന്നു. പബ്ലിക് ഗ്രൂപ്പുകളിലൂടെ വ്യാജ പ്രചാരണങ്ങള്‍ വ്യാപകമായി തന്നെ വൈറലാകുകയായിരുന്നുവെന്ന് പഠനം പറയുന്നു.

 

വാട്‌സാപ് ചാറ്റ് ഗ്രൂപ്പുകളിലൂടെ സമാനമനസ്‌കരായ 256 പേർ തമ്മില്‍ സന്ദേശങ്ങള്‍ കൈമാറാന്‍ അനുവദിച്ചിരുന്നു. ഇത് പ്രൈവറ്റും പബ്ലിക്കും ആകാം. പ്രൈവറ്റ് ഗ്രൂപ്പുകളില്‍ പുതിയ മെമ്പര്‍മാരെ ചേര്‍ക്കാന്‍ ഗ്രൂപ്പ് അഡ്മിനിസ്‌ട്രേറ്റര്‍ ഉണ്ട്. എന്നാല്‍ പബ്ലിക് ഗ്രൂപ്പുകളില്‍ ഇന്‍വിറ്റേഷന്‍ ലിങ്കുകളാണ് ഉപയോഗിക്കുന്നത്. ഇവ വെബിലുള്ള ആരുമായും ഷെയർ ചെയ്യാം. 

whatsapp

 

വാട്‌സാപ്പിലുള്ള ചാറ്റ് ഗ്രൂപ്പുകള്‍ പ്രധാനമായും പ്രൈവറ്റാണ്. ഫെയ്‌സ്ബുക്കിലെയും ട്വിറ്ററിലെയും സന്ദേശങ്ങള്‍ നിരീക്ഷിക്കുന്നതു പോലെ ഇവയെ നിരീക്ഷിക്കാനാവില്ല. വാട്‌സാപ്പില്‍ പൊതുവെ (80 ശതമാനം) ഫോട്ടോകളും രണ്ടു ദിവസത്തിലധികം നില്‍ക്കാറില്ല. എന്നാല്‍ ഇന്ത്യയിലും ബ്രസീലിലും പ്രചരിച്ച ചില ഫോട്ടോകള്‍ രണ്ടു മാസത്തിനു ശേഷവും ലഭ്യമായിരുന്നുവെന്നു പഠനം പറയുന്നു. 80 ശതമാനം ചിത്രങ്ങള്‍ രണ്ടു ദിവസത്തേക്കു മാത്രമെ നിലനിന്നുള്ളെങ്കില്‍ പോലും അവ പബ്ലിക് ഗ്രൂപ്പുകളില്‍ പകുതിയിലേറെ പേരിലേക്ക് എത്തുകയും ചെയ്തിരുന്നു. ബാക്കി 20 ശതമാനം ചിത്രങ്ങള്‍ വൈറലാകുകയും ചെയ്തുവെന്നാണ് പഠനം പറയുന്നത്. 

 

ഏപ്രില്‍ 11 മുതല്‍ മെയ് 19 വരെ, ഏഴു ഘട്ടങ്ങളായി നടന്ന ഇന്ത്യയിലെ ലോക് സഭാ ഇലക്ഷനു മുന്നോടിയായി വാട്‌സാപ് വ്യാജ വാര്‍ത്തയും മറ്റും വൈറലാകാതിരിക്കാന്‍ പല മുന്‍കരുതലുകളും സ്വീകരിച്ചിരുന്നു. തങ്ങളുടെ പ്ലാറ്റ്‌ഫോമിലൂടെ വ്യാജ വാര്‍ത്ത പ്രചരിക്കാതിരിക്കാന്‍ പലവിധ ശ്രമങ്ങളും നടത്തിയെങ്കിലും പല പ്രചാരണങ്ങളും ആപ്പിലൂടെ നടക്കുക തന്നെ ചെയ്തു എന്നാണ് ഗവേഷകര്‍ പറയുന്നത്. 

 

ഒരു സന്ദേശം എത്ര പേര്‍ക്ക് ഫോര്‍വേഡ് ചെയ്യാമെന്നതിന് പരിധിയേര്‍പ്പെടുത്തിയതു കൂടാതെ, ഫോര്‍വേഡ് ചെയ്യപ്പെടുന്ന മെസേജുകളില്‍ അവ ഫോര്‍വേഡ് ചെയ്യപ്പെട്ടവായാണെന്ന് അടയാളപ്പെടുത്തുകയും ചെയ്തിരുന്നു. വ്യാജ വാര്‍ത്തയ്‌ക്കെതിരെ വാട്‌സാപ് വന്‍തോതില്‍ പ്രചാരണങ്ങളും നടത്തിയിരുന്നു. 

 

വാട്‌സാപ്പിന്റെ കണക്കു പ്രകാരം ആപിലൂടെ സഞ്ചരിക്കുന്ന 10 ല്‍ 9 സന്ദേശവും രണ്ടു പേര്‍ തമ്മില്‍ കൈമാറപ്പെടുന്നതാണ്. കൂടാതെ ഗ്രൂപ്പുകളില്‍ ശരാശരി 10 പേരാണ് ഉള്ളതും. തങ്ങളുടെ പ്ലാറ്റ്‌ഫോം വ്യാജ വാര്‍ത്താ മുക്തമാക്കാനുള്ള പരിശ്രമം ഇനിയും തുടരുമെന്ന് വാട്‌സാപ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com