ADVERTISEMENT

കുട്ടികളുടെയും സ്ത്രീകളുടെ ലൈംഗികത വിൽക്കാൻ ടെലിഗ്രാം വഴി നിരവധി ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. എത്രയും പെട്ടെന്ന് ടെലിഗ്രാം ആപ് ഇന്ത്യയിൽ നിരോധിക്കണമെന്നും ആവശ്യപ്പെട്ട് കോഴിക്കോട് തിരുവമ്പാടി സ്വദേശിനിയായ നിയമവിദ്യാർഥി അഥീന സോളമൻ ഹൈക്കോടതിയിൽ ഹർജി നൽകി. അഥീനയുടെ ഹർജിയിൻമേൽ ഹൈക്കോടതി കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിശദീകരണം തേടിയിട്ടുണ്ട്. സമാനമായ കേസ് സുപ്രീം കോടതിയുടെ പരിഗണനിയിലുണ്ടെന്നാണ് റിപ്പോർട്ട്.

 

കേരളത്തിനകത്തും പുറത്തുമുള്ള നിരവധി കുട്ടികളുടെയും സ്ത്രീകളുടെയും ചിത്രങ്ങളും വിഡിയോകളും വിവിധ ഗ്രൂപ്പുകൾ വഴി പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ ഇതിനു പിന്നിൽ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്താനോ നിയമനടപടി സ്വീകരിക്കാനോ പൊലീസിന് സാധിക്കുന്നില്ല. രാജ്യത്തെ പൊലീസ് സംവിധാനങ്ങൾക്ക് പോലും പ്രതികളെ കണ്ടെത്താൻ കഴിയാത്ത തലത്തിലാണ് ഈ ആപ്ലിക്കേഷൻ പ്രവര്‍ത്തിക്കുന്നതെന്നാണ് ഹർജിയിൽ പറയുന്നത്.

 

2013ൽ റഷ്യൻ സുരക്ഷാ ഏജൻസികൾ സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി നിർമിച്ച ഈ ആപ്പിന് ഇന്ത്യയിൽ പ്രവർത്തിക്കാൻ വേണ്ട ലൈസൻസോ അനുമതിയോ ഇല്ലെന്നുമാണ് ആരോപണം. എന്‍ക്രിപ്റ്റഡ് സന്ദേശങ്ങള്‍ അയക്കാന്‍ അനുവദിക്കുന്ന ടെലിഗ്രാം ആപ് പോൺ നിർമാതാക്കൾക്കും മത തീവ്രവാദികൾക്കും പ്രിയങ്കരമാണെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. 

 

പോൺ ഗ്രൂപ്പുകൾ വർധിച്ചതോടെ ടെലിഗ്രാമിനെ ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ നിന്ന് കഴിഞ്ഞ വർഷം നീക്കം ചെയ്തിരുന്നു. 'നിയമവിരുദ്ധമായ ഉള്ളടക്കം' ഉണ്ടെന്നു പറഞ്ഞ് ആപ്പിൾ തങ്ങളുടെ ആപ്പിനെ പുറത്താക്കിയെന്ന് ടെലിഗ്രാം സ്ഥാപകന്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. തീവ്രവാദ പോസ്റ്റുകളുടെയും പോൺ വിഡിയോകളുടെയും പ്രളയമാണ് ടെലിഗ്രാം ആപ്പിൽ.

 

ഉപയോക്താവു സൃഷ്ടിക്കുന്ന ഉള്ളടക്കത്തെ ആശ്രയിക്കുന്ന ആപ്പുകള്‍ക്ക് ആപ്പിള്‍ വ്യത്യസ്തമായ മാനദണ്ഡങ്ങളാണ് നല്‍കിയിട്ടുള്ളത്. ഇവയ്ക്ക് അനുചിതമായ ഉള്ളടക്കം നീക്കം ചെയ്യാനുള്ള ഫില്‍റ്ററുകള്‍ വേണ്ടതുണ്ടെന്നാണ് ആപ്പിൾ പറയുന്നത്. അനിഷ്ടകരമായ ഉള്ളടക്കം പോസ്റ്റു ചെയ്യപ്പെട്ടാല്‍ അതു റിപ്പോര്‍ട്ടു ചെയ്യപ്പെടണം.

 

അധികം വിലക്കുകളില്ലാത്ത 'ടെലിഗ്രാം' ആപ്പില്‍ അശ്ലീലത ഉണ്ട്. പക്ഷേ, അന്ന് ആപ്പിന്റെ വിലക്കിലേക്കു നയിച്ചത് അശ്ലീലതയെക്കാളേറെ തീവ്രവാദികളുടെ ഭീഷണിയായിരുന്നു. ആയുധമേന്തി യുദ്ധ സജ്ജരാകാനും മറ്റുമുള്ള ആഹ്വാനങ്ങള്‍ തീവ്രവാദികള്‍ ആപ്പിലൂടെ നടത്തുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com