sections
MORE

ഫെയ്‌സ്ബുക്കിന്റെ ‘സ്വകാര്യ’ മെസേജിങ് വൈകിപ്പിക്കണമെന്ന് അറ്റോര്‍ണി ജനറല്‍

zuckerberg
SHARE

ഫെയ്‌സ്ബുക് മുഴുവനും എന്‍ക്രിപ്റ്റ് ചെയ്ത മെസേജിങ് സംവിധാനം തുടങ്ങുന്നതു വൈകിപ്പിക്കണമെന്ന് അമേരിക്കയുടെ അറ്റോര്‍ണി ജനറല്‍ വില്ല്യം ബാറും (William Barr), രാജ്യത്തിന്റെ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റും കമ്പനിയോട് ആവശ്യപ്പെടും. കഴിഞ്ഞ മാര്‍ച്ചിലാണ് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസറായ മാര്‍ക്ക് സക്കര്‍ബര്‍ഗ് ഫെയ്‌സ്ബുക്കിനും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ കൊണ്ടുവരുന്ന കാര്യം പറഞ്ഞത്. ഇതിലൂടെ തന്റെ ഉടമസ്ഥതയിലുള്ള ഫെയ്‌സ്ബുക്, വാട്‌സാപ്, ഇന്‍സ്റ്റഗ്രാം എന്നീ പ്ലാറ്റ്‌ഫോമുകളിലുള്ളവര്‍ക്ക് പരസ്പരം സന്ദേശങ്ങളയയ്ക്കാനുള്ള അവസരമൊരുങ്ങുമെന്നും അദ്ദേഹം അന്നു പറഞ്ഞിരുന്നു. പുതിയ മാറ്റം വരുന്നതോടെ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷാ ഫീച്ചറുകള്‍ കിട്ടുമെന്നും മെസേജുകള്‍ ഓട്ടോ-ഡിലീറ്റ് ചെയ്യുന്ന സംവിധാനമടക്കം കൊണ്ടുവരാനാകുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

എന്നാല്‍ അത്തരം സുരക്ഷ വര്‍ധിപ്പിക്കല്‍ നടത്തിയാല്‍ ക്രിമിനല്‍ കേസുകള്‍ അന്വേഷിക്കുന്ന കുറ്റാന്വേഷകര്‍ക്ക് അത് പ്രശ്‌നമാകുമെന്നാണ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് ഇപ്പോള്‍ വാദിക്കുന്നത്. ആരോപിതരായ വ്യക്തികളുടെ മെസേജ് ലോഗും മറ്റും പരിശോധിക്കല്‍ വിഷമമാകുമെന്നാണ് പറയുന്നത്. ഈ ഫീച്ചര്‍ അവതരിപ്പിക്കുന്നത് മാറ്റിവയ്ക്കണമെന്നാണ് അവര്‍ ഒരു തുറന്ന കത്തിലൂടെ ഫെയ്‌സ്ബുക്കിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. വെര്‍ച്വല്‍ ലോകത്ത് സുരക്ഷ വര്‍ധിപ്പിക്കുക വഴി യഥാര്‍ഥ ലോകത്ത് നമുക്കു പ്രശ്‌നങ്ങള്‍ ഉണ്ടാകരുത് എന്നാണ് വാദം. 

കമ്പനികള്‍ തങ്ങളുടെ സിസ്റ്റം മനപ്പൂര്‍വം കണ്ടെന്റ് മറയ്ക്കാന്‍ അനുവദിക്കുന്ന രീതിയില്‍ ക്രമീകരിക്കരുത്. ഇങ്ങനെയൊരു വാദമുയരുമെന്ന് സക്കര്‍ബര്‍ഗ് പ്രതീക്ഷിച്ചിരുന്നതായും വാര്‍ത്തകള്‍ പറയുന്നു. ഫെയ്‌സ്ബുക്കിന്റെ കീഴില്‍ നിന്ന് വാട്‌സാപ്പിനെയും ഇന്‍സ്റ്റഗ്രാമിനെയും മാറ്റുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്.

ശതകോടീശ്വരരുടെ വളര്‍ച്ച

ഫെയ്‌സ്ബുക്കിന്റെ ജോലിക്കാരുമായി സക്കര്‍ബര്‍ഗ് നടത്തിയ സംഭാഷണത്തില്‍ പല വിഷയങ്ങളും സംസാരിച്ചു. അടുത്ത അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരാർഥിയാകാന്‍ ആഗ്രഹിക്കുന്ന ബേണി സാന്‍ഡേഴ്‌സും എലിസബത് വാറനും ഉന്നയിച്ച ചില പ്രശ്‌നങ്ങളെക്കുറിച്ചും ചോദ്യമുയര്‍ന്നു. സെനറ്റര്‍ സാന്‍ഡേഴ്‌സ് പറയുന്നത് ശതകോടീശ്വരന്മാര്‍ ഉണ്ടാകാന്‍ പാടില്ല എന്നാണ്. ഫെയ്‌സ്ബുക്കിന്റെ ഉടമയായ സക്കര്‍ബര്‍ഗിന് ഇപ്പോള്‍ ഏകദേശം 69 ബില്ല്യന്‍ ഡോളര്‍ ആസ്തിയുണ്ടെന്നാണ് പറയുന്നത്. സാന്‍ഡേഴ്‌സിന്റെ വാദം ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ സക്കര്‍ബര്‍ഗ് പറഞ്ഞത് 'ഒരാളും ഇത്രയധികം പണം അര്‍ഹിക്കുന്നില്ല' എന്നാണ്. വാറനും ഒട്ടും മോശമല്ലാത്ത ആക്രമണമാണ് നടത്തുന്നത്. 

ഫെയ്‌സ്ബുക്കിനെ പല കമ്പനികളാക്കണമെന്ന വാദം ഉയര്‍ത്തുന്നവരില്‍ പ്രമുഖയാണ് വാറന്‍. എന്നാല്‍ ഈ നീക്കത്തെ താന്‍ നഖശിഖാന്തം എതിര്‍ക്കുമെന്നാണ് സക്കര്‍ബര്‍ഗ് പറഞ്ഞത്. പക്ഷേ, കൂടുതല്‍ സംസാരിച്ച് വാറനെ കൂടുതല്‍ പ്രകോപിപ്പിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ താന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍, തന്റെ ഉദ്ദേശത്തില്‍ നിന്നു പിന്നോട്ടു പോകില്ലെന്ന് വാറനും പ്രതികരിച്ചു.

ഇന്ത്യയില്‍ ഇന്‍സ്റ്റഗ്രാമിനെ മറികടന്ന് ടിക്‌ടോക്

ജോലിക്കാരുടെ മറ്റൊരു ചോദ്യത്തിനു മറുപടി നല്‍കവെ, ഇന്ത്യയില്‍ ചൈനീസ് ആപ്പായ ടിക്‌ടോക് പ്രചാരത്തില്‍ ഇന്‍സ്റ്റഗ്രാമിനെ മറികടന്നുവെന്ന് സക്കര്‍ബര്‍ഗ് പറഞ്ഞു. ഇന്ത്യയില്‍ മറികടന്നതു കൂടാതെ അമേരിക്കയിലും ടിക്‌ടോക് നല്ല വളര്‍ച്ചയാണു കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ടിക്‌ടോകിനെ നേരിടാന്‍ ലാസോ (Lasso) എന്നൊരു ആപ് ആണ് ഫെയ്‌സ്ബുക് ഇറക്കുന്നത്. ഇത് ആദ്യം മെക്‌സിക്കോയിലായിരിക്കും പരീക്ഷിക്കുക. ടിക്‌ടോക് കടന്നു ചെല്ലാത്ത രാജ്യങ്ങളില്‍ ലാസോ ആദ്യം പരീക്ഷിക്കാനാണ് ഫെയ്‌സ്ബുക്കിന്റെ തീരുമാനം. എന്നാല്‍, ഇപ്പോള്‍ തന്നെ ടിക്‌ടോക് പ്രചാരം നേടിയ രാജ്യങ്ങളില്‍ ലാസോയ്ക്ക് എന്തു ഭാവിയുണ്ടെന്ന കാര്യത്തിലും കമ്പനിക്കു സംശയമുണ്ട്.

യൂറോപ്യന്‍ കോടതിയുടെ ചരിത്ര വിധി ഫെയ്‌സ്ബുക്കിനു തിരിച്ചടി

ഫെയ്‌സ്ബുക് അടക്കമുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ വരുന്ന നിയമപരമല്ലാത്ത കണ്ടെന്റ് നീക്കം ചെയ്യാന്‍ അവകാശമുണ്ടെന്നാണ് ഒരു പ്രമുഖ യൂറോപ്യന്‍ യൂണിയന്‍ കോടതി അടുത്തിടെ വിധി പ്രഖ്യാപിച്ചത്. ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
FROM ONMANORAMA