ADVERTISEMENT

മക്കളും മാതാപിതാക്കളും തമ്മിലുള്ള സമവാക്യം ചരിത്രത്തിലൊരിക്കലും പ്രതീക്ഷിക്കുക പോലും ചെയ്യാത്ത രീതിയില്‍ സാങ്കേതികവിദ്യ തകര്‍ത്തെറിഞ്ഞിരിക്കുകയാണ്. സമൂഹ മാധ്യമങ്ങള്‍ തങ്ങളുടെ കുട്ടികളുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്ന ആകുലതയില്ലാത്ത മാതാപിതാക്കള്‍ ഇന്നുണ്ടാവാന്‍ തരമില്ല. എന്നാല്‍, പുതിയൊരു പഠനം പറയുന്നത് തങ്ങളെക്കുറിച്ച് അച്ഛനമ്മമാര്‍ നടത്തുന്ന സമൂഹ മാധ്യമ പോസ്റ്റുകള്‍ കുട്ടികള്‍ക്ക് അന്ധാളിപ്പുണ്ടാക്കുന്നു എന്നാണ്. മാതാപിതാക്കള്‍ കുട്ടികളെക്കുറിച്ചു വീമ്പിളക്കാനും ശകാരിക്കാനും മറ്റുമായി വീണ്ടുവിചാരമില്ലാതെ നടത്തുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകളടക്കമുള്ളവയാണ് അവര്‍ക്കു പ്രശ്‌നമാകുന്നത്. ആ വശം ഇവിടെ പരിശോധിക്കാം:

 

കുട്ടികളെക്കുറിച്ച് മാതാപിതാക്കള്‍ പുറത്തുവിടുന്ന വിവരങ്ങളില്‍ പലതും കുട്ടികള്‍ക്ക് പ്രശ്‌നം സൃഷ്ടിക്കുന്നു എന്നാണ് കാണുന്നത്. മൈക്രോസോഫ്റ്റ് 25 രാജ്യങ്ങളില്‍ നിന്നുള്ള 12,500 പേരെ പങ്കെടുപ്പിച്ചു നടത്തിയ സര്‍വെയിലാണ് പുതിയ കണ്ടെത്തലുകളുള്ളത്. മാതാപിതാക്കള്‍ തങ്ങളെക്കുറിച്ചിടുന്ന സോഷ്യല്‍ മീഡിയോ പോസ്റ്റുകളെക്കുറിച്ച് തങ്ങള്‍ അവരോട് സംസാരിച്ചിട്ടുണ്ടെന്നാണ് മിക്കവാറും എല്ലാ ടീനേജ് കുട്ടികളും പ്രതികരിച്ചത്. മാതാപിതാക്കള്‍ കുട്ടികളെക്കുറിച്ചിടുന്ന പോസ്റ്റുകളെ ഷെയറെന്റിങ് (sharenting) എന്ന ഗണത്തില്‍ പെടുത്താറുണ്ട്. ഷെയര്‍-പാരെന്റിങ് എന്നീ രണ്ടു വാക്കുകള്‍ ഒരുമിപ്പിച്ചാണ് ഈ വാക്കു സൃഷ്ടിച്ചിരിക്കുന്നതെന്നു കാണം. തങ്ങള്‍ മക്കളെ വളര്‍ത്തുന്ന രീതി ഇങ്ങനെയൊക്കെയാണ്, ഇത് അനുകരണീയമാണ് എന്നെല്ലാമാണ് മാതാപിതാക്കള്‍ ഉദാഹരണസഹിതം സമര്‍ഥിക്കാന്‍ ശ്രമിക്കുന്നത്. ഇതില്‍ നിന്നുള്ള പാഠങ്ങള്‍ മറ്റു മാതാപിതാക്കള്‍ക്ക് ഉപകരിക്കും എന്ന ഭാവത്തിലൊക്കെയാണ് ഇത്തരം പോസ്റ്റുകള്‍ ഇടുന്നത്. എന്നാല്‍ പലപ്പോഴും കുട്ടികളുടെ പേരും മറ്റും വയ്ക്കുമ്പോള്‍ അവ കുട്ടികളെ നാണംകെടുത്തുന്നു. എന്റെ മകന്‍ 'ബെഡ് നനയ്ക്കുന്നത് എങ്ങനെ നിർത്തി' എന്നൊക്കെ പറഞ്ഞുള്ള പോസ്റ്റുകള്‍ കുട്ടികളുടെ ഭാവിയെ എങ്ങനെ ബാധിക്കുമെന്ന് ഓര്‍ത്തു നോക്കണം.

 

സര്‍വെയില്‍ പങ്കെടുത്ത ടീനേജര്‍മാരില്‍ മൂന്നില്‍ രണ്ടുപേരും മാതാപിതാക്കള്‍ തങ്ങളെക്കുറിച്ചിടുന്ന ഓണ്‍ലൈന്‍ പോസ്റ്റുകള്‍ അസ്വസ്ഥത പകരുന്നുവെന്ന അഭിപ്രായക്കാരാണ്. സമൂഹ മാധ്യമങ്ങള്‍ മാതാപിതാക്കളിലെ മോശം പ്രവണതകളെ മറനീക്കി പുറത്തുകൊണ്ടുവരുന്നു. തങ്ങളെക്കുറിച്ചും സമൂഹത്തെക്കുറിച്ചും പഠിച്ചു തുടങ്ങുന്ന കുട്ടികളെക്കുറിച്ചുള്ള പരുക്കനും വിലകുറഞ്ഞതുമായ വിമര്‍ശനങ്ങള്‍ തങ്ങള്‍ക്കു വിനയാകുന്നു എന്നാണ് കുട്ടികള്‍ പറയുന്നത്. 

 

മാതാപിതാക്കള്‍ സമൂഹ മാധ്യമ പോസ്റ്റുകളിലൂടെ കുട്ടികളെ വിമര്‍ശിക്കുമ്പോള്‍ വീട്ടില്‍ വച്ചൊരു തെറ്റു തിരുത്തുന്നതു പോലെയല്ല, തെരുവില്‍ വച്ച്, പരിചിതരും, അപരിചിതരുമായ ആളുകളുടെ മുന്നില്‍ വച്ച് വിമര്‍ശിക്കുന്നതു പോലെയാണ്. വാക്കാലുള്ള വിമര്‍ശനങ്ങൾ മറന്നുപോകാനും ഇടയുണ്ട്. എന്നാല്‍ ഓണ്‍ലൈന്‍ പോസ്റ്റുകള്‍ അവ പിന്‍വലിച്ചാല്‍ പോലും നശിക്കണമെന്നില്ല. നിരന്തരം വിമര്‍ശിക്കുന്ന മാതാപിതാക്കളും ഉണ്ട്. ഇതു കാണുമ്പോള്‍ കുട്ടികള്‍ തങ്ങളൊരു പരാജയമാണല്ലോ എന്നു കരുതുമെന്നാണ് സൈക്കോതെറാപ്പിസ്റ്റായ സീന്‍ ഗ്രോവര്‍ പറയുന്നത്.

 

മാതാപിതാക്കളുടെ വാക്കുകള്‍ക്ക് അത്രമേല്‍ ശക്തിയുണ്ട്. അത് ഉരുത്തിരിഞ്ഞുവരുന്ന ഒരു ടീനേജറുടെ ജീവിതത്തെ അത്രമേല്‍ സ്വാധീനിക്കും. പുറമെ കുട്ടികള്‍ ധൈര്യം കാണിച്ചാല്‍ പോലും ഉള്ളിൽ അവര്‍ ദുര്‍ബലരാകുന്നു. തങ്ങളുടെ സമൂഹ മാധ്യമ പോസ്റ്റുകളില്‍ കുട്ടികളുടെ കാര്യം പരാമര്‍ശിക്കുന്നതില്‍ മാതാപിതാക്കളോട് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് മൈക്രോസോഫ്റ്റിന്റെ ഗവേഷകര്‍ ആവശ്യപ്പെടുന്നു. ഷെയർ ചെയ്യണോ വേണ്ടയോ എന്നുള്ളത് ഒരു കുടുംബത്തിന്റെ തീരുമാനമാണ്. എന്നാല്‍ ഷെയർ ചെയ്യാനാണ് തീരുമാനമെങ്കില്‍ മാതാപിതാക്കള്‍ അതു വളരെ ശ്രദ്ധാപൂര്‍വമായിരിക്കണം ചെയ്യുന്നത്. ഇതില്‍ വിവേചനം കാണിക്കണം. ഒരുപാടു കാര്യങ്ങള്‍ വെളിപ്പെടുത്തരുത്. 

കുട്ടികളുടെ മുഴുവന്‍ പേരും വയസും അവര്‍ക്ക് ഇഷ്ടപ്പെട്ട സ്‌പോര്‍ട്‌സ് ടീമുകളെക്കുറിച്ചുള്ള കാര്യങ്ങളും, വളര്‍ത്തു മൃഗങ്ങളുടെ പേരുകളും, അവയുടെ ഫോട്ടോകളും ഒന്നും ഷെയർ ചെയ്യരുതെന്നാണ് ഗവേഷകര്‍ പറയുന്നത്. 

 

ഷെയര്‍ വിത് കെയര്‍, കുട്ടികളുടെ സുരക്ഷിതത്വത്തിനു ഊന്നല്‍ നല്‍കി മാത്രം സമൂഹ മാധ്യമ പോസ്റ്റുകളിടുക എന്നതാണ് മാതാപിതാക്കള്‍ മനസില്‍ വയ്‌ക്കേണ്ട കാര്യമെന്ന് ഗവേഷകര്‍ ഓര്‍മിപ്പിക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഉപദേശം ഇതാണത്രെ: നഗരങ്ങളിലും മറ്റും വച്ചിരിക്കുന്ന വലിയ പരസ്യ ബോര്‍ഡുകളില്‍ എഴുതി വയ്ക്കാന്‍ ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റു ചെയ്യേണ്ട എന്നതാണത്രെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com