ADVERTISEMENT

രാജ്യത്ത് സോഷ്യൽ മീഡിയകൾക്ക് കർശന നിയന്ത്രണമേർപ്പെടുത്തുന്ന നിയമങ്ങൾ മൂന്നു മാസത്തിനുള്ളിൽ കൊണ്ടുവരുമെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. സോഷ്യൽ മീഡിയ നിയന്ത്രിക്കുന്നതിനുള്ള നിയമങ്ങൾ അന്തിമമാക്കുന്നതിനുള്ള മുഴുവൻ നടപടികളും 2020 ജനുവരിയിൽ പൂർത്തിയാകുമെന്ന് കേന്ദ്രം തിങ്കളാഴ്ച സുപ്രീം കോടതിയെ അറിയിച്ചു. അതേസമയം പരിഷ്കരിച്ച നിയമങ്ങൾ പൊതുജനത്തെ അറിയിക്കാൻ മൂന്ന് മാസം കൂടി സമയം ആവശ്യപ്പെട്ടിട്ടുണ്ട്.

 

സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുന്നവരെ കണ്ടെത്താനും സോഷ്യൽ മീഡിയയെ നിയന്ത്രിക്കുന്നതിനും കൃത്യമായ നിബന്ധനകളും മാനദണ്ഡങ്ങളും സമർപ്പിക്കാൻ സുപ്രീംകോടതി കേന്ദ്ര സർക്കാരിന് നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് മാസങ്ങൾക്കുള്ളിൽ ഫെയിസ്ബുക്, ട്വിറ്റർ, വാട്സാപ് തുടങ്ങിയ സോഷ്യൽമീഡിയകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി നിയമം കൊണ്ടുവരുമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയത്.

 

അടുത്തിടെ പുറത്തുവന്ന എല്ലാ സോഷ്യൽമീഡിയാ വിവരങ്ങളും ശേഖരിച്ച് വിശകലനം ചെയ്ത ശേഷമാണ് പുതിയ നിയമം അവതരിപ്പിക്കുക. ഇലക്‌ട്രോണിക്‌സ്, ഐടി മന്ത്രാലയം ഇൻഫർമേഷൻ ടെക്‌നോളജി ഇന്റർമീഡിയറീസ് മാർഗനിർദ്ദേശ (ഭേദഗതി) ചട്ടങ്ങൾ 2018 ൽ തന്നെ തയാറാക്കിയിട്ടുണ്ടെന്നും പൊതുജനങ്ങളുടെ അഭിപ്രായത്തിനുള്ള മുഴുവൻ കരടും 2018 ഡിസംബർ 24 ന് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

 

സോഷ്യല്‍മീഡിയ കുറ്റകൃത്യങ്ങൾ കണ്ടെത്താനുള്ള ടെക്നോളജി ഞങ്ങൾക്കില്ലെന്ന് പറഞ്ഞു കയ്യൊഴിയാൻ സാധിക്കില്ല, കുറ്റകൃത്യങ്ങൾ ചെയ്യുന്നതിനായി സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നുണ്ട്, എങ്കിൽ അത് തടയുന്നതിനും കൃത്യമായ ടെക്നോളജി സംവിധാനങ്ങൾ ഉണ്ടാകണമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com