sections
MORE

തീവ്രവാദിക്ക് എന്തിനു സ്വകാര്യത നല്‍കണമെന്ന് ഫെയ്‌സ്ബുക്കിനോട് സർക്കാർ; പുതിയ നിയമം വരും

whatsapp
SHARE

വാട്‌സാപിലെയും ഫെയ്‌സ്ബുക്കിലെയും സന്ദേശങ്ങള്‍ തങ്ങള്‍ക്കു വായിക്കാനാകണം എന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ. 'ഒരു തീവ്രവാദിക്ക് സ്വകാര്യത അവകാശപ്പെടാനാവില്ല എന്നും സന്ദേശങ്ങള്‍ തങ്ങള്‍ക്കു വായിക്കാനാവില്ല എന്ന് ഫെയ്‌സ്ബുക്കും വാട്‌സാപും പറയുന്നത് അംഗീകരിക്കാനാവില്ല എന്നും സുപ്രീം കോടതിയില്‍ നടക്കുന്ന വാദത്തിനിടെ ഇന്ത്യയുടെ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ പറഞ്ഞു. കേന്ദ്ര സർക്കാറും സാമൂഹ്യ മാധ്യമ വെബ്‌സൈറ്റായ ഫെയ്‌സ്ബുക്കും തമ്മിൽ നടക്കുന്ന കേസിന്റെ വാദപ്രതിവാദങ്ങള്‍ക്കിടെയാണ് ഈ വാദം.

ഫെയ്‌സ്ബുക്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വാട്‌സാപ് ഇന്ത്യയില്‍ ഏകദേശം 40 കോടി ആള്‍ക്കാര്‍ ആള്‍ക്കാര്‍ ഉപയോഗിക്കുന്നുണ്ട്. ഗ്രൂപ്പുകളും മറ്റും സൃഷ്ടിച്ച് ഇവര്‍ സന്ദേശങ്ങളും ചിത്രങ്ങളും വിഡിയോയും ഒക്കെ കൈമാറുന്നു. ഇവയ്ക്ക് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷനാണ് ഇപ്പോള്‍ നല്‍കുന്നത്. അതു കാരണം, സർക്കാറിനോ സ്വതന്ത്ര ഏജന്‍സികള്‍ക്കോ ഇവിടെ നടക്കുന്ന കാര്യങ്ങള്‍ പരിശോധിക്കാനാകുന്നില്ല.

വഴങ്ങുന്നില്ലെങ്കില്‍ നിയമനിര്‍മാണം

ഫെയ്‌സ്ബുക്ക് തങ്ങളുടെ ആവശ്യങ്ങള്‍ക്കു വഴങ്ങുന്നില്ലെങ്കില്‍ നിയമനിര്‍മാണം നടത്തുന്ന കാര്യം നോക്കുമെന്ന് സർക്കാർ സത്യാവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചു. സാമൂഹ്യ മാധ്യമങ്ങള്‍ക്കായി പുതിയ നിയമങ്ങള്‍ കൊണ്ടുവരാനൊരുങ്ങുക തങ്ങള്‍, വ്യക്തികളുടെ അവകാശങ്ങള്‍ക്കൊപ്പം രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സര്‍വ്വാധികാരത്തിനും സുരക്ഷയ്ക്കുമെതിരെ നീങ്ങുന്നവരെ നിലയ്ക്കു നിറുത്താനുള്ള വഴി നോക്കുമെന്നാണ് സർക്കാർ പറഞ്ഞത്. നമ്മുടെ രാജ്യത്തേക്കു വന്നിട്ട്, സർക്കാറിനു പരിശോധിക്കാനാകാത്തവിധം സംവിധാനം നടത്തിക്കൊണ്ടുപോകാനാവില്ല, വേണുഗോപാല്‍ പറഞ്ഞു. ജനങ്ങളുടെ സ്വകാര്യ വിവരങ്ങളിലേക്ക് അതിക്രമിച്ചു കയറാനല്ല, മറിച്ച്, തീവ്രവാദികളില്‍ നിന്ന് അവര്‍ക്ക് സംരക്ഷണം നല്‍കലാണ് സർക്കാറിന്റെ ഉദ്ദേശമെന്ന് സർക്കാറിനു വേണ്ടി ഹാജരായ മറ്റൊരു അഭിഭാഷകൻ തുഷാര്‍ മേത്ത കോടതിയില്‍ വാദിച്ചു.

നിയമം, സന്ദേശങ്ങള്‍ ഡീക്രിപ്റ്റ് ചെയ്യാന്‍ സർക്കാറിനെ അനുവദിക്കുന്നുണ്ട്. എന്നാല്‍, കമ്പനികള്‍ അതു സർക്കാറിന് വേണ്ടി ചെയ്തു തരണം എന്നു നിയമത്തിലില്ല. അതിനാൽ സാമൂഹ്യ മാധ്യമങ്ങളിലെ സന്ദേശങ്ങള്‍ ഡീക്രിപ്റ്റു ചെയ്യണം എന്നും പറഞ്ഞ് എന്തിനാണ് സോഷ്യല്‍ മീഡിയയുടെ പിന്നാലെ നടക്കുന്നതെന്ന് സുപ്രീം കോടതി ജഡ്ജി ദീപക് ഗുപ്ത ചോദിച്ചു. സ്വന്തമായി ഒരു ഡീക്രിപ്ഷന്‍ സംവിധാനം ഉണ്ടാക്കുന്നതിനെ ആരും എതിര്‍ക്കുന്നില്ലെന്നും ജഡ്ജി പറഞ്ഞു.

ഉപയോക്താക്കളുടെ ഡേറ്റാ സർക്കാറിന് നല്‍കാന്‍ നിര്‍ബന്ധിക്കാനാവില്ല എന്നാണ് ഫെയ്‌സ്ബുക്കിന്റെ അഭിഭാഷകന്‍ മുകുല്‍ റാഷ്ടോഗി കോടതിയില്‍ വാദിച്ചത്. സ്വകാര്യതയുമായി ബന്ധപ്പെട്ട് പല സംസ്ഥാനങ്ങളിലായി സമൂഹ്യ മാധ്യമങ്ങള്‍ക്കെതിരെ പല കേസുകളും നിലനില്‍ക്കുന്നുണ്ട്. ഇവയെല്ലാം സുപ്രീം കോടതിയിലേക്കു മാറ്റണമെന്ന് ഫെയ്‌സ്ബുക്ക് ഓഗസ്റ്റില്‍ ആവശ്യപ്പെട്ടതിന്‍പ്രകാരമുള്ള വാദപ്രതിവാദങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

തീവ്രവാദികളുടെ പ്രശ്‌നം മാത്രമല്ല, വാട്‌സാപ്പിലൂടെ തത്പരകക്ഷികള്‍ തെറ്റായ വാര്‍ത്തകളും മറ്റും പ്രചരിപ്പിക്കുന്നു എന്നതും കമ്പനിക്കൊരു തലവേദനയാണ്. ഇതിനെതിരെ വാട്‌സാപ് പല നടപടികളും സ്വീകരിച്ചുവെങ്കിലും അവ വേണ്ടത്ര ഫലപ്രദമായില്ല. എന്തൊക്കെയായാലും തങ്ങൾ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുകളയില്ല എന്ന നിലപാടിലാണ് വാട്‌സാപ്. ഉപയോക്താക്കളുടെ ഡേറ്റാ സർക്കാറിന് കൈമാറ്റം ചെയ്യണമെന്ന് നിയമം ആനുശാസിക്കുന്നില്ല എന്നാണ് റാഷ്ടോഗി കോടിതില്‍ പറഞ്ഞത്. വാട്‌സാപിന്റെയും മറ്റും സേര്‍വറുകള്‍ ഇന്ത്യയ്ക്കു വെളിയിലാണെന്ന വാദമാണ് അവര്‍ ഉയര്‍ത്തുന്നത്. ഇതിനെതിരെയും നിയമനിര്‍മാണം ഉണ്ടായേക്കും. ഇന്ത്യക്കാരുടെ ഡേറ്റാ രാജ്യത്തിനുവെളിയില്‍ കൊണ്ടുപോകരുതെന്നും നിയമം വന്നേക്കാം. 

രാജ്യത്തെ വിവിധ കീഴ്‌കോടതികളിലായി ഈ വിഷയങ്ങളിലുള്ള കേസുകള്‍ പഠിച്ച ശേഷം ജനുവരി അവസാന ആഴ്ച വീണ്ടും വാദം കേള്‍ക്കുമെന്ന് കോടതി പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
FROM ONMANORAMA