ADVERTISEMENT

വാട്‌സാപ് പോലെയുള്ള ഇന്റര്‍നെറ്റ് മെസേജിങ് സേവനങ്ങളുടെ വരവോടെ ഒതുങ്ങിപ്പോയ എസ്എംഎസ് ഒരു പക്ഷേ ഉടനടി സടകുടഞ്ഞെഴുന്നേറ്റേക്കാം എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 2ജി സംവിധാനത്തിന്റെ കാലത്തു നിലനിന്നിരുന്ന 'കോള്‍-എസ്എംഎസ്' സംവിധാനത്തില്‍ നിന്ന് ടെലികോം കമ്പനികളും മറ്റും മാറി ചിന്തിക്കാന്‍ തയാറാകാത്തതിന്റെ പരിണിതഫലമാണ് വാട്‌സാപ് പോലെയുള്ള ആപ്പുകളുടെ ആവിര്‍ഭാവം. ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ എളിയ സന്ദേശം കൈമാറല്‍ സംവിധാനമായ എസ്എംഎസിനു നല്‍കിയിരുന്നെങ്കില്‍ വാട്‌സാപ്പിനും മറ്റും കടന്നുവരല്‍ എളുപ്പമാകുമായിരുന്നില്ല. വന്നെങ്കില്‍ പോലും ഇന്നത്തെയത്ര പ്രചാരം നേടുകയില്ലായിരുന്നു. എസ്എംഎസിന്റെ കാര്യത്തില്‍ വീണ്ടുവിചാരം വന്ന അമേരിക്കയിലെ ടെലികോം കമ്പനികള്‍ ഒരുമയോടെ പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുകയാണിപ്പോള്‍. 

 

അമേരിക്കയില്‍ വാട്‌സാപ്പിന് ഇന്ത്യയിലെയത്ര പ്രചാരമില്ലാത്തതിന്റെ കാരണങ്ങളിലൊന്ന് ആപ്പിളിന്റെ ഐമെസേജിന്റെ സാന്നിധ്യമാണ്. ആപ്പിള്‍ പുതിയ നീക്കത്തില്‍ പങ്കാളിയാകുമോ എന്ന് ഇപ്പോള്‍ അറിയില്ല എങ്കിലും ആന്‍ഡ്രോയിഡ് ഫോണുകളിലെ എസ്എംഎസ് സംവിധാനത്തിന് അടിമുടി മറ്റംവരുത്താനായി അമേരിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട ടെലികോം സേവനദാതാക്കളായ എടിആന്‍ഡ്ടി, സ്പ്രിന്റ് , ടി-മൊബൈല്‍, വെറിസണ്‍ എന്നിവര്‍ ഒരുമിച്ചിരിക്കുകയാണ്. എസ്എംഎസ് ആപ്പിനെ റിച്ച് കമ്യൂണിക്കേഷന്‍ സര്‍വീസ് (ആര്‍സിഎസ്) കേന്ദ്രീകൃതമാക്കാനാണ് ഈ കമ്പനികള്‍ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ മൊബൈല്‍ ഡേറ്റയിലൂടെയോ വൈ-ഫൈയിലൂടെയോ എസ്എംഎസ് സന്ദേശങ്ങള്‍ ഫോണിലെത്തും. വാട്‌സാപ്പിലും മറ്റും പങ്കുവയ്ക്കുന്നതു പോലെയുള്ള സന്ദേശങ്ങള്‍ അയക്കാനും സ്വീകരിക്കാനും എസ്എംഎസ് ആപ്പിനും സാധിക്കും. എസ്എംഎസിന് ഈ കഴിവ് ഇല്ലായിരുന്നു എന്നതാണ് വാട്‌സാപ്പും മറ്റും പ്രിയങ്കരമാകാന്‍ കാരണം. എന്നാല്‍ ശീലങ്ങള്‍ പൊളിച്ചെഴുതാന്‍ ഈ വൈകിയ വേളയില്‍ എസ്എംഎസിനു സാധിക്കുമോ എന്നാണ് ടെക് വിദഗ്ധര്‍ ഉറ്റുനോക്കുന്നത്.

 

ഇതൊരു പുതിയ ആശയമല്ല. തങ്ങളുടെ എതിരാളികളായ ഫെയ്‌സ്ബുക്കിന്റെ കീഴിലുള്ള വാട്‌സാപ്പിനെതിരെ ഇത്തരമൊരു നീക്കം നടത്താന്‍ ഗൂഗിള്‍ കുറെയധികം കാലമായി ശ്രമിച്ചിരുന്നു. എന്നാല്‍ ടെലികോം കമ്പനികള്‍ ഇതില്‍ താത്പര്യം കാണിച്ചെത്തിയതോടെ ഇതിനൊരു പുതുജീവന്‍ കൈവന്നിരിക്കുകയാണ്. ടെലികോം കമ്പനികള്‍ ഒരുമിച്ചൊരു തീരുമാനം എടുത്താല്‍ മാത്രമെ ഇതു സാധ്യമാകുമായിരുന്നുള്ളു എന്നതാണ് ഗൂഗിളിന്റെ ശ്രമം പാഴായി കിടന്നിരുന്നത്. ടെലികോം സേവനദാതാക്കളുടെ കൂട്ടായ ശ്രമത്തിനെ വിളിക്കുന്നത് ക്രോസ് കരിയര്‍ മെസേജിങ് ഇനിഷ്യേറ്റീവ് (Cross Carrier MessagingInitiative (CCMI) എന്നാണ്. അടുത്ത തലമുറയിലെ എസ്എംഎസ് സംവിധാനം എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഇത് ആന്‍ഡ്രോയിഡ് ഫോണുകളില്‍ അമേരിക്കയില്‍ അവതരിപ്പിക്കപ്പെടും. വാട്‌സാപ്പിന്റെ ഉടമയായ ഫെയ്‌സ്ബുക് വ്യക്തികളുടെ ഡേറ്റ ചോര്‍ത്തുന്ന കാര്യത്തില്‍ കുപ്രസിദ്ധി നേടിയിരിക്കുന്നു എന്നതാണ്. വാട്‌സാപ് ഉപയോക്താക്കളെ സമാനമായ മെസേജിങ് സംവിധാനം ഒരുക്കുക വഴി തിരിച്ചുപിടിക്കാമെന്ന് കമ്പനികള്‍ കരുതാനുള്ള പ്രധാന കാരണങ്ങളിലൊന്ന്.

 

അപ്പോള്‍ എസ്എംഎസ് ആപ്പിന് എന്തു സംഭവിക്കുമെന്നാണ് പറഞ്ഞത്?

 

∙ ആര്‍സിഎസ് അനുവദിക്കപ്പെടുന്നതോടെ, 160നു പകരം ഉപയോക്താക്കള്‍ക്ക് എസ്എംഎസ് ആയി 8000 ക്യാരക്ടേഴ്‌സ് വരെ അയയ്ക്കാം. 

∙ ഉപയോക്താക്കള്‍ക്ക് സന്ദേശം എപ്പോഴാണ് വായിച്ചതെന്ന് അറിയാം.

∙ എതിർ ഭാഗത്തുളള ഉപയോക്താവ് ടൈപ് ചെയ്യുന്ന കാര്യവും അറിയാം.

∙ ഫോട്ടോകളും വിഡിയോയും യഥേഷ്ടം കൈമാറാം.

∙ 100 പേരുടെ വരെ ചാറ്റ് ഗ്രൂപ്പുകള്‍ ഉണ്ടാക്കാം

∙ വൈ-ഫൈയിലും മൊബൈല്‍ ഡേറ്റയിലും എസ്എംഎസ് ആപ് പ്രവര്‍ത്തിക്കും.

 

അമേരിക്കയിലെ കാര്യം കിടക്കട്ടെ; ഇന്ത്യയിലോ?

 

ഇത്തരമൊരു സംവിധാനം കൊണ്ടുവരണമെങ്കില്‍ ടെലികോം സേവനദാതാക്കള്‍ ഒത്തു ചേര്‍ന്ന് തീരുമാനമെടുത്ത് ചില അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണം. ആര്‍സിഎസ് ചാറ്റ് ആപ് എല്ലാ സേവനദാതാക്കളും ചേര്‍ന്ന് നിര്‍മിക്കുക എന്നതാണ് ആദ്യം നടക്കേണ്ട കാര്യം. അതേസമയം, പുതിയ സംവിധാനത്തിന് വാട്‌സാപ്പിന്റേത് പോലെ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ഉണ്ടായിരിക്കുമൊ എന്ന് ഇപ്പോള്‍ അറിയില്ല. ഒരു പക്ഷേ, അതില്‍ ഇനി പ്രസക്തിയുമുണ്ടാവണമെന്നുമില്ല. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷനൊക്കെ നീക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എസ്എംഎസ് വന്‍ തിരിച്ചു വരവ് നടത്തുമോ എന്ന കാര്യം വരും വര്‍ഷങ്ങളില്‍ തീര്‍ച്ചപ്പെടുത്താം. എസ്എംഎസ് അമേരിക്കയിൽ വിജയിച്ചാൽ ഇന്ത്യയിലും വരുമെന്നാണ് ടെക് വിദഗ്ധർ പറയുന്നത്.

English Summary : Android Users Will Ditch Whatsapp & Use SMS Again: Messenger Revolution Coming?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com