ADVERTISEMENT

കേംബ്രിഡ്ജ് അനലറ്റിക്ക വിവാദത്തെ തുടര്‍ന്ന് സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്ന ബ്രിട്ടനിലെ ഉപയോക്താക്കള്‍ക്ക് അഞ്ച് ലക്ഷം പൗണ്ട് ( ഏകദേശം 9.92 കോടി രൂപ) ഫെയ്സ്ബുക് നഷ്ടപരിഹാരം നല്‍കും. ഫെയ്സ്ബുക് മേധാവി മാർക്ക് സക്കർബർഗിന് വൻ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. വൈകാതെ മറ്റു രാജ്യങ്ങളിലെ ഉപയോക്താക്കൾക്കും നഷ്ടപരിഹാരം നൽകേണ്ടിവരും.  ബ്രിട്ടനിലെ ഇന്‍ഫര്‍മേഷന്‍ കമ്മീഷണേഴ്‌സ് ഓഫിസാണ് ഒരു വര്‍ഷം നീണ്ട നിയമയുദ്ധത്തിനൊടുവില്‍ നഷ്ടപരിഹാരത്തിന് ഫെയ്സ്ബുക് മേധാവി സമ്മതിച്ച വിവരം അറിയിച്ചത്.

 

ഫെയ്സ്ബുക് ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തിയെന്ന വിവരം പുറത്തുവന്നതിനെ തുടര്‍ന്ന് കേംബ്രിഡ്ജ് അനലറ്റിക്കക്കെതിരെ 2017ലാണ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണേഴ്‌സ് ഓഫിസ് അന്വേഷണം ആരംഭിക്കുന്നത്. 2007-14 കാലയളവില്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ഫെയ്സ്ബുക് മറ്റ് ആപ്ലിക്കേഷനുകള്‍ക്ക് നല്‍കിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയും ചെയ്തു. ഉപയോക്താക്കളുടെ സമ്മതമില്ലാതെയായിരുന്നു ഇതില്‍ ഭൂരിഭാഗവും നടന്നത്. ഇതേതുടര്‍ന്ന് 2018 ഒക്ടോബറില്‍ ഫെയ്സ്ബുക്കിനെതിരെ പിഴ ചുമത്തുകയും ചെയ്തു.

 

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്, ബ്രക്‌സിറ്റ്, മറ്റു ചില രാജ്യങ്ങളിലെ തെരഞ്ഞെടുപ്പുകൾ നടന്ന അവസരങ്ങളില്‍ വോട്ടര്‍മാരില്‍ സ്വാധീനം ചെലുത്താനായി കേംബ്രിഡ്ജ് അനലറ്റിക്ക ഇത്തരം ചോര്‍ത്തിയ വ്യക്തിഗത വിവരങ്ങള്‍ ഉപയോഗിച്ചുവെന്നാണ് ആരോപണം ഉയര്‍ന്നത്. വിവാദങ്ങളെ തുടര്‍ന്ന് 2018ല്‍ കേംബ്രിഡ്ജ് അനലറ്റിക്ക പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. 

 

തങ്ങളുമായി കരാറിലെത്തുന്ന ആപ്ലിക്കേഷനുകള്‍ക്ക് അനുവാദം നല്‍കുന്ന വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ മാത്രമല്ല അവരുടെ സുഹൃത്തുക്കളുടെ കൂടി സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താനാകുന്ന വിധത്തിലായിരുന്നു മുന്‍കാലങ്ങളില്‍ ഫെയ്സ്ബുക്കിന്റെ സെറ്റിങ്‌സ്. ഈ പഴുത് ഉപയോഗിച്ചാണ് കേംബ്രിഡ്ജ് അനലറ്റിക്ക വ്യാപകമായി ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയത്. 

 

5.5 കോടി ഫെയ്സ്ബുക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്നായിരുന്നു തുടക്കത്തില്‍ കേംബ്രിഡ്ജ് അനലറ്റിക്കക്കെതിരെ ആരോപണം ഉയര്‍ന്നത്. ഇതില്‍ 2.70 ലക്ഷം പേര്‍ മാത്രമായിരുന്നു വിവരങ്ങള്‍ നല്‍കാനായി ഔദ്യോഗികമായി അനുമതി നല്‍കിയത്. ഒരു സര്‍വേയുടെ മറവിലായിരുന്നു കേംബ്രിഡ്ജ് അനലറ്റിക്ക ഈ സമ്മതം നേടിയെടുത്തതും. 

 

സ്വകാര്യ വിവരങ്ങള്‍ അനുമതിയില്ലാതെ ചോര്‍ത്തിയതും അത് രാഷ്ട്രീയ ആവശ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിച്ചതും വലിയ തോതില്‍ വിവാദമായതോടെ കേംബ്രിഡ്ജ് അനലറ്റിക്കയിലെ മുന്‍ ജീവനക്കാര്‍ തന്നെ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തി. പിന്നീട് ഫെയ്സ്ബുക് തന്നെ തങ്ങളുടെ 8.7 കോടി ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെന്ന് സമ്മതിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com