sections
MORE

ടിക് ടോക്കിൽ മലയാളി വീട്ടമ്മയ്ക്ക് സംഭവിച്ചത് നാളത്തെ വൻ ദുരന്തങ്ങളുടെ സൂചന...

TikTok-hits
SHARE

നൂറുകണക്കിന് ആരാധകരെ നേടി ടിക് ടോക്കിൽ താരമായി മാറിയ വീട്ടമ്മ ഒടുവിൽ അനാഥാലയത്തിലെ അന്തേവാസിയായി. ഇതായിരുന്നു കഴിഞ്ഞ ദിവസത്തെ ഒരു വാർത്ത. നിരവധി ആരാധകരെ സമ്മാനിച്ച ടിക് ടോക് തന്നെയാണ് വില്ലനായതും അനാഥാലയത്തിലേക്കുള്ള വഴി തുറന്നതും. ടിക് ടോക് വിഡിയോകളുടെ കടുത്ത ആരാധകനെന്നു പറഞ്ഞ് വീട്ടമ്മയുമായി സൗഹൃദം സ്ഥാപിച്ച യുവാവ് പിന്നീടു കാമുകനായി മാറിയതോടെയാണ് കുടുംബ ജീവിതം കീഴ്മേൽ മറിഞ്ഞത്. ഇതോടെ വീട്ടിൽ നിന്ന് പുറത്താക്കി. പോകാൻ വഴിയില്ലാതെ വീട്ടമ്മ അനാഥാലയത്തിലുമായി. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. നിരവധി കുടുംബങ്ങളെ തകർക്കുന്നതിൽ ഇത്തരം സോഷ്യൽ മീഡിയകൾക്കുള്ള പങ്ക് ചെറുതല്ല. ഇതൊരു സൂചന മാത്രമാണ്. വരാനിരിക്കുന്നത് ഇതിലും വലിയ ദുരന്തങ്ങളാണെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.

ഓൺലൈൻ ലോകം അതിവേഗം പിടിച്ചടക്കികൊണ്ടിരിക്കുന്ന ചൈനീസ് ആപ്പ് ടിക് ടോക്കിന്റെ 2019 ലെ കണക്കുകൾ പുറത്തുവന്നപ്പോൾ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. ഫെയ്സ്ബുക്കിനും വാട്സാപ്പിനും സ്നാപ്ചാറ്റിനും പോലും കീഴടങ്ങാത്ത കുഞ്ഞു കുട്ടികൾ മുതൽ വീട്ടമ്മമാർ പോലും രാപ്പകൽ ടിക് ടോക്കിലാണ്. ഇതെങ്ങനെ സാധിച്ചെടുത്തു എന്നത് സംബന്ധിച്ച് ടെക് വിദഗ്ധർ ഗവേഷണം നടത്തുന്നുണ്ട്.

ലൈക്കും ഫോളവേഴ്സും കൂടുതല്‍ ലഭിക്കാനായി അര്‍ധ നഗ്നവിഡിയോകൾ പോസ്റ്റ് ചെയ്യുന്ന സ്ത്രീകളുടെ എണ്ണം കുത്തനെ കൂടിയിട്ടുണ്ട്. ലൈക്ക് കുറഞ്ഞ പോയാൽ അടുത്ത വിഡിയോയിൽ കൂടുതൽ സെക്സിയായി എത്താൻ ചിലർ തയാറാകുന്നുവെന്നത് വൻ ഭീഷണിയാണ്. ടിക് ടോക്കിൽ നിന്നുള്ള പല വിഡിയോകളും ഇതിനകം തന്നെ മുൻനിര പോൺ വെബ്സൈറ്റുകളിലും യുട്യൂബ്, ഫെയ്സ്ബുക് പോലും പൊതു പോർട്ടലുകളിലും ‘സെക്സ്’ ടാഗോടെ പോസ്റ്റ് ചെയ്യാൻ തുടങ്ങിയിരിക്കുന്നു. ഇതെല്ലാം നാളെ സ്ത്രീകളുടെ കുടുംബജീവിതം തകർക്കുന്നതാണ്. ടിക് ടോക് പോസ്റ്റ് ഉടമയുടെ അനുമതിയോടെയല്ല ഇതുനടക്കുന്നതെന്നാണ് മറ്റൊരു വസ്തുത.

ടിക് ടോകിലെ സ്ത്രീകളുടെ സെക്സി വിഡിയോകൾ മാത്രം ഉൾപ്പെടുത്തി വിഡിയോ ബ്ലോഗുകളും വെബ്സൈറ്റുകളും ചെയ്യുന്നവരുണ്ട്. ടിക് ടോക് ആപ്പ് ഓപ്പൺ ചെയ്താൽ തന്നെ നിരവധി വിഡിയോകളാണ് മുന്നിലേക്ക് വരുന്നത്. ഇതിൽ നിന്ന് തിരഞ്ഞെടുത്ത സെക്സി വിഡിയോകൾ ഉൾപ്പെടുത്തി ആല്‍ബം നിര്‍മിക്കുന്നവർ വരെയുണ്ട്.

തമാശകൾ, സ്കിറ്റുകൾ, നഗ്നത, നിയോ–നാസി, കരോക്കെ വിഡിയോകൾ, പാട്ടുകൾ അങ്ങനെ പോകുന്നു ടിക് ടോക് തരംഗം. ഭൂരിഭാഗം വിഡിയോകളിലും സ്ത്രീകളാണ് താരങ്ങൾ. എന്നാൽ കുറ്റകൃത്യങ്ങളുടെ കേന്ദ്രമായ സോഷ്യല്‍മീഡിയ മേഖലയിൽ ഈ വിഡിയോകൾ നാളെ എന്തു ദുരന്തമാണ് ഉണ്ടാക്കാൻ പോകുന്നതെന്ന് പ്രവചിക്കാനാവില്ല.

ടിക് ടോകിലെ വിഡിയോകൾ കാരണം കുടുംബം തകർന്നവരും ബന്ധുക്കൾ കൈവിട്ടരും അടുത്ത സുഹൃത്തുകളെ നഷ്ടപ്പെട്ടവരും നിരവധിയാണ്. ടിക് ടോക്കിലെ ചില സെക്സി വിഡിയോകൾ പലരെയും വേട്ടയാടി ജീവിതം തന്നെ തകർത്തേക്കാം. ടിക് ടോക്കില്‍ ഒന്നിനും നിയന്ത്രണമില്ല. എന്തും ഏതും എപ്പോഴും പോസ്റ്റ് ചെയ്യാം. നിയന്ത്രണമുണ്ടെന്ന് പറയുന്നുണ്ടെങ്കിലും പിന്നണിയിൽ നടക്കുന്ന പല സംഭവങ്ങളും കമ്പനി അധികൃതർ അറിയുന്നില്ല.

മിക്ക രാജ്യങ്ങളിലെയും പൊലീസ് തന്നെ മുന്നറിപ്പ് സന്ദേശങ്ങൾ നല്‍കിയിട്ടുണ്ട്. ടിക് ടോകിലെ കൗമാര ഉപയോക്താക്കൾ സൂക്ഷിക്കണം. ലൈംഗിക ആക്രമണങ്ങളെ കരുതിയിരിക്കണമെന്നുമാണ് മുന്നറിയിപ്പ്. എന്തിന് ചൈനയിലെ മുൻനിര മാധ്യമമായ സൗത്ത് ചൈന മോർണിങ് പോസ്റ്റ് വരെ ടിക് ടോകിനെ സൂക്ഷിക്കണമെന്ന് പറഞ്ഞു. സെക്സി വിഡിയോകൾ പോസ്റ്റ് ചെയ്യുന്ന സ്ത്രീകളെ കുറ്റവാളികള്‍ പിന്തുടരുന്നുണ്ട്. ടിക് ടോക്കിലെ പേര്, ഫോൺ നമ്പർ, ധരിക്കുന്ന സ്കൂൾ യൂണിഫോം എന്നിവ മനസ്സിലാക്കി പിന്തുടരുന്നുണ്ട്. ഇവിടെ നിന്നു ലഭിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് ഓൺലൈനിൽ ലഭ്യമായ, ഫെയ്സ്ബുക്, ട്വിറ്റർ പോലുള്ള മറ്റു വെബ്സൈറ്റുകളിൽ നിന്നും വ്യക്തമായ വിവരങ്ങൾ ശേഖരിച്ച് പെൺകുട്ടികളെ ഭീഷണിപ്പെടുത്തി കീഴ്പ്പെടുത്തുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
FROM ONMANORAMA