ഗൾഫ് രാജ്യങ്ങളിൽ പെൺകുട്ടികളുടെ ഓണ്‍ലൈന്‍ അടിമച്ചന്ത, ഞെട്ടിക്കും വിവരങ്ങൾ പുറത്ത്

slave
Photo Courtesy: BBC
SHARE

വൃത്തിയുള്ള, സുന്ദരമായ ചിരിയുള്ള ആഫ്രിക്കക്കാരി, ഒരു ദിവസം പോലും മുടങ്ങാതെ പണിയെടുക്കുന്ന നേപ്പാളി... വില്‍ക്കാന്‍ വച്ചിരിക്കുന്ന മനുഷ്യരെ വിശേഷിപ്പിക്കുന്നത് നൂറ്റാണ്ടുകള്‍ മുൻപത്തെ അടിമച്ചന്തയിലല്ല. മറിച്ച് ഓണ്‍ലൈന്‍ ആപ്ലിക്കേഷനുകളിലാണ്. അറബ് രാജ്യങ്ങളിൽ വീട്ടുജോലിക്ക് മനുഷ്യരെ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്നതിന് ഗൂഗിള്‍, ആപ്പിള്‍ ആപ്ലിക്കേഷനുകളും ഫെയ്സ്ബുക്കും ഉപയോഗിക്കുന്നുവെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. ബിബിസിയുടെ അറബി വാര്‍ത്താ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

നിരവധി സ്മാര്‍ട് ഫോണ്‍ ആപ്ലിക്കേഷനുകളാണ് ഓണ്‍ലൈന്‍ അടിമ വ്യാപാരത്തില്‍ സജീവമായിരിക്കുന്നത്. ഈ ആപ്ലിക്കേഷനുകള്‍ വഴി 3000 പൗണ്ട് മുടക്കി (ഏകദേശം 2.73 ലക്ഷം രൂപ) സ്ത്രീകളെ വാങ്ങാനാകും. ഓണ്‍ലൈനില്‍ അടിമ വ്യാപാരം പ്രോത്സാഹിപ്പിക്കുകയാണ് ഇവര്‍ ചെയ്യുന്നതെന്ന് അടിമത്വത്തിനെതിരായ യുഎന്‍ പ്രത്യേക വക്താവ് ഉര്‍മ്മിള ഫൂലെ പറഞ്ഞു. ഗൂഗിളും ആപ്പിളും ഫെയ്സ്ബുക്കും പോലുള്ള കമ്പനികളെ ഉപയോഗിച്ച് ആരെങ്കിലും ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നുണ്ടെങ്കില്‍ ആ കമ്പനികള്‍ക്കും ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാനാകില്ല.

ബിബിസി അന്വേഷണത്തില്‍ അടിമ കച്ചവടത്തിന് ഉപയോഗിക്കുന്ന സജീവമായ ഒരു ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് കണ്ടെത്തി. ഫെയ്സ്ബുക് ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റാഗ്രാമില്‍ സ്വകാര്യ സന്ദേശങ്ങള്‍ വഴിയാണ് കച്ചവടങ്ങള്‍ നടക്കുന്നത്. വാര്‍ത്ത വിവാദമായതോടെ തങ്ങളുമായി ബന്ധമുള്ള ആപ്ലിക്കേഷനുകള്‍ വഴിയുള്ള അടിമ കച്ചവടം നിര്‍ത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി ഗൂഗിളും ആപ്പിളുമെല്ലാം അറിയിച്ചു കഴിഞ്ഞു. മാത്രമല്ല തങ്ങളുടെ നയങ്ങള്‍ക്ക് വിരുദ്ധമാണ് ഇത്തരം പ്രവര്‍ത്തികളെന്നും ടെക് കമ്പനികള്‍ വ്യക്തമാക്കി കഴിഞ്ഞു.

ഗൾഫ് രാജ്യത്ത് പുതുതായി താമസത്തിനെത്തിയ ദമ്പതികളുടെ വേഷത്തിലാണ് ബിബിസി സംഘം അന്വേഷണം നടത്തിയത്. ജോലിക്കാരിക്ക് വേണ്ടി ഇവര്‍ വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ അന്വേഷിച്ചു. പലയിടത്ത് നിന്നും ഇടനിലക്കാരുടെ സന്ദേശങ്ങള്‍ ലഭിക്കുകയും ചെയ്തു. വൃത്തിയുള്ള പുഞ്ചിരിക്കുന്ന ആഫ്രിക്കക്കാരിയെന്നും ഒരു ദിവസം പോലും അവധിയെടുക്കാതെ പണിയെടുക്കുന്ന നേപ്പാളിയെന്നുമുള്ള വിശേഷണത്തില്‍ ഇടനിലക്കാര്‍ ജോലിക്കാരെ വില്‍ക്കാനെത്തുകയും ചെയ്തു.

സ്വന്തം വീട്ടു ജോലിക്കാരെ കൂടുതല്‍ ലാഭത്തിന് വില്‍ക്കാനായി ചിലര്‍ നേരിട്ട് വരികയും ചെയ്തു. പൊലീസുകാരനെന്ന് സ്വയം വിശേഷിപ്പിച്ച ഒരാള്‍ ഇത്തരത്തില്‍ സ്വന്തം ജോലിക്കാരിയെ വില്‍ക്കാന്‍ ശ്രമിച്ചത് നന്നായി പെരുമാറുന്ന ഒരിക്കലും പരാതിപ്പെടാത്ത എന്നും പറഞ്ഞായിരുന്നു. ജോലിക്കാരിയുടെ പാസ്‌പോര്‍ട്ട് മാറ്റിവെക്കണമെന്നും ഫോണ്‍ കൊടുക്കരുതെന്നുമുള്ള ഉപദേശം നല്‍കാനും ഇയാള്‍ മറന്നില്ല. പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ ഗിനിയയില്‍ നിന്നുള്ള 16കാരിയെ വാങ്ങാനുള്ള അവസരവും ബിബിസി സംഘത്തിന് ലഭിച്ചു.

ഭൂരിഭാഗം ഗള്‍ഫ് രാജ്യങ്ങളിലും വീട്ടുജോലിക്കാരെ ഏജന്‍സികള്‍ വഴിയാണ് ആദ്യഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ഈ ഏജന്‍സികളാണ് വീട്ടുകാര്‍ക്ക് ജോലിക്കാരെ നല്‍കുന്നത്. ഈ വേലക്കാര്‍ക്ക് ഉടമയുടെ സമ്മതമില്ലാതെ ജോലിയില്‍ നിന്നും രാജിവെക്കാനോ രാജ്യം വിട്ടുപോകാനോ യാതൊരു അവസരവുമുണ്ടാകില്ല.

English Summary: Tech giants including Instagram and Google 'are hosting online slave markets 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
FROM ONMANORAMA