sections
MORE

രക്തദാഹമുള്ള സോഷ്യൽ മീഡിയ കൂട്ടത്തോട്; മാപ്പ് പറഞ്ഞ സ്ത്രീയെ ഇനിയും ആക്രമിക്കണോ?

sad-girl
SHARE

ക്യാൻസർ രോഗമാണെന്ന് കാണിക്കാൻ തെറ്റായ ചികിത്സാരേഖകൾ കാണിച്ച് സാമ്പത്തിക സഹായം തേടിയിറങ്ങിയ യുവതിക്കെതിരെ ഇപ്പോഴും സോഷ്യൽ മീഡിയയിൽ ആക്രമണം തുടരുകയാണ്. മുടി മൊട്ടയടിച്ചായിരുന്നു ഫോട്ടോ പോസ്റ്റ് ചെയ്തത്. എന്നാൽ സംഭവത്തിൽ തെറ്റുപറ്റിയെന്നും മാപ്പ് പറയുന്നുവെന്നും യുവതി പറഞ്ഞെങ്കിലും ഒരു വിഭാഗം സോഷ്യൽമീഡിയക്കാർ വിട്ടില്ല. ഈ വിഷയത്തിൽ അഡ്വ ശ്രീജിത്ത് പെരുമനയുടെ ഫെയ്സ്ബുക് പോസ്റ്റ്.

ക്യാൻസർ രോഗമാണെന്ന പേരിൽ മുടി മൊട്ടയടിച്ച് ലക്ഷക്കണക്കിന് രൂപ ഓൺലൈൻ ചാരിറ്റിയിലൂടെ പറിച്ചെടുത്തെന്നും തെറ്റുപറ്റിയെന്നും ഏറ്റുപറഞ്ഞ ആ സ്ത്രീയെ ഇനിയും സോഷ്യൽ മീഡിയ ആൾക്കൂട്ടം ആക്രമിച്ച് ആത്മഹത്യയിലേക്ക് നയിക്കരുത്, അഭ്യർഥനയാണിത്.

ഒരു ബോൺ ക്രിമിനലോ, കുറ്റവാളിയോ, ക്രിമിനൽ സ്വഭാവമുള്ള ഒരാളോ അല്ല പ്രതിയായ സ്ത്രീ എന്നുള്ള പരിഗണ നൽകണം. അതിലുപരി അന്തവും കുന്തവുമില്ലാത്ത സോഷ്യൽ മീഡിയ ആൾക്കൂട്ടമാണ് ആ സ്ത്രീയെ ഈ തട്ടിപ്പിന്റെ ഭാഗമാക്കിയത് എന്നത് തിരിച്ചറിയണം.

മുടി മൊട്ടയടിച്ച് ക്യാൻസർ എന്ന പേരിൽ പണം തട്ടാമെന്ന് ഒരു സുപ്രഭാതത്തിൽ അവർക്ക് ബോധോദയമുണ്ടായതല്ല എന്നുറപ്പാണ്. നിരവധി ഓൺലൈൻ ചാരിറ്റികളുടെയും, ചാരിറ്റി പ്രവർത്തകരുടെയും വിശ്വസ്തയായി നിന്ന ശേഷം, നിരവധിയാളുകൾക്ക് വേണ്ടി ചാരിറ്റിയുടെ പേരിൽ പണം പിരിച്ചു നൽകി പേരെടുത്ത ശേഷം ഏറ്റവും ഒടുവിലാണ് സ്വയം ക്യാൻസറാണെന്നു പ്രചരിപ്പിച്ചു പണം തട്ടാൻ ശ്രമിച്ചത്. അതായത് ഈ രംഗത്തുള്ള ഇത്തരം തട്ടിപ്പുകൾ കണ്ടു മനസിലാക്കിയ ശേഷവും, ആളുകൾ ഇത്തരത്തിലുള്ള രോഗാവസ്ഥയുടെ പേരിൽ തട്ടിപ്പ് സാധ്യമാണെന്ന വസ്തുത മനസിലാക്കിയ ശേഷവും, പ്രമുഖ ചാരിറ്റി പ്രവർത്തകരുടെ അംഗീകാരം നേടിയ ശേഷവുമാണ് ഈ തട്ടിപ്പ് നടന്നിട്ടുള്ളത് എന്നതാണ് യാഥാർഥ്യം.

കൊച്ചിയിലുള്ള ഒരു സ്ത്രീ ഡോക്ടറാണെന്നു കാണിക്കാൻ രാത്രിയും പകലും കഴുത്തിൽ സ്റ്റെതസ്കോപ്പും തൂക്കിയിട്ട് നടക്കുന്നുണ്ട്. അവരുടെ പ്രധാന പണി ആദിവാസി ഊരുകളിൽ അതായത് മറ്റുള്ളവർക്ക് പ്രവേശനം പോലും നിരോധിച്ചിട്ടുള്ള ചോലനായിക്കരുടെ ഉൾപ്പെടെയുളള ഗുഹാവാസികളുടെ ഉൾപ്പെടെയുള്ളവരുടെ വീടുകളിൽ പോയി രോഗികളെ ചികിത്സിക്കുക എന്നതാണ്. ഫോറസ്റ്റുകാർ, പൊലീസുകാരുമെല്ലാം അവരെ ഇത്തരം സ്ഥലങ്ങളിലക്ക് അനുഗമിക്കുന്നതായും കണ്ടിട്ടുണ്ട്. ഇക്കാര്യം അവരുടെ സുഹൃത്തു തന്നെ വിളിച്ചു പറഞ്ഞശേഷമാണ് മനസിലായത് അവർക്കുള്ളത് ഒരു പിഎച്ച്ഡിയാണെന്നും, അതും കൊൽക്കൊത്തയുള്ള ഒരു യൂണിവേഴ്‌സിറ്റിയിൽ നിന്നുമുള്ളതാണ് എന്നതും. പിന്നീട് യുജിസി പുറത്തിറക്കിയ ഈ വർഷത്തെ വ്യാജ യൂണിവേഴ്‌സിറ്റിയുടെ ലിസ്റ്റ് കണ്ടപ്പോഴാണ് ശരിക്കും ഞെട്ടിയത് പ്രസ്തുത നന്മ മര ഡോക്ടറുടെ പിഎച്ചഡിയും ഒരു ഔദ്യോദിക വ്യാജ യൂണിവേഴ്സിറ്റിയുടേതാണെന്ന്. കുറച്ചധികം വിവരങ്ങൾ ഇനിയും ലഭ്യമാകേണ്ടതിനാൽ നിയമനടപടികൾ ആരംഭിച്ചട്ടില്ല.

ഒരു സ്ത്രീ മുടി മുറിച്ച ശേഷം ആ മുടി കയ്യിൽ പിടിച്ചുകൊണ്ടു ‘ഇതാ ക്യാൻസർ രോഗികൾക്ക് നൽകാൻ ഞാൻ മുടിമുറിച്ചു’ എന്നൊരു ഫെയ്സ്ബുക് പോസ്റ്റിട്ടാൽ ഉറങ്ങി എഴുനേൽക്കുന്നതിന്റെ മുൻപ് അവരെ ആഘോഷിച്ച് നന്മ മരം മാത്രമല്ല ആൾ ദൈവം വരെയാക്കാൻ കാത്തുനിൽക്കുന്ന വികാരജീവികളുടെ ആൾക്കൂട്ടം കൂടിയാണ് സോഷ്യൽ മീഡിയ. മുടി മൊട്ടയടിക്കുന്നവരെല്ലാം ക്യാൻസർ രോഗികളാണെന്നും, തെരുവിൽ വിശക്കുന്നവർക്ക് ഭക്ഷണം കൊടുത്ത എച്ച്ഡി കളരിയിൽ ദയനീയത പ്രദർശിപ്പിക്കുന്നവർ പ്രവാചകന്മാരാണെന്നും, ഫെയ്സ്ബുക് ലൈവിട്ട് കോടികൾ പിരിവെടുക്കുന്നവർ ആൾ ദൈവങ്ങളാണെന്നും പഠിപ്പിക്കുന്ന സോഷ്യൽ മീഡിയ ആൾക്കൂട്ടം അക്ഷരത്തിൽ ഒരു തലമുറയെ വഴിതെറ്റിക്കുകയാണ് ചെയ്യുന്നത്.

പാലക്കാട് ജില്ലയിൽ നിന്നുമാത്രം ഏകദേശം 345 ൽ അധികം യുവാക്കൾ രാവിലെ മുതൽ ഫോണുമെടുത്ത് ചാരിറ്റി ഫെയ്സ്ബുക് ലൈവിടാൻ നടക്കുകയാണെന്നാണ് കണക്കുകൾ. വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെയും ഇത്തരം ചാരിറ്റി തട്ടിപ്പുണ്ടെന്നു കഴിഞ്ഞ ദിവസം പാലക്കാടു നിന്നും വിളിച്ച സുഹൃത്ത് പറയുന്നു.

ദയ കരുണ, പ്രതീക്ഷ, കനക, ആത്മ , തീ, കനൽ, കൈതാങ്, കാൽതങ്ങു തുടങ്ങി കേൾക്കുന്ന പേരിൽ പോലും ജനങ്ങളിൽ വികാരം ജനിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇവർ നടത്തുന്നത്. ഓൺലൈൻ ചാരിറ്റിക്ക് സംഘടനാ വേണം എന്ന നിരന്തരമായ പ്രചാരണം ഞാനുൾപ്പെടെ നടത്തിയതിനാൽ ഇപ്പോൾ ജില്ലാ രജിസ്‌ട്രേഷൻ കേന്ദ്രങ്ങളിൽ കടലാസ് ചാരിറ്റി സംഘങ്ങൾ രജിസ്റ്റർ ചെയ്യാനുള്ള തിരക്കാണെന്നും രജിസ്‌ട്രേഷൻ വിഭാഗവും പറയുന്നു.

ചില നന്മ മരങ്ങളോട് ‘ ചാരിറ്റി എങ്ങനെ പോകുന്നു ’ എന്ന് ചോദിച്ചപ്പോൾ ‘മഴക്കാലമല്ലേ ഡൾ dull ആണ്’ എന്ന കോർപ്പറേറ്റ് മറുപടികൾ പോലും ലഭിച്ചു. പരാതികൊടുക്കുന്നു എന്നൊക്കെ പറഞ്ഞതുകൊണ്ടാകാം പ്രസിദ്ധരായ മറ്റ് ചില ചാരിറ്റിക്കാർ രഹസ്യമായി കാണാൻ വന്നിരുന്നു. സത്യസന്ധമായി കാര്യങ്ങൾ പറയുകയാണേൽ കേൾക്കാം എന്ന കാര്യത്തിൽ ഉറച്ചുനിന്നതോടെ പല ഞെട്ടിക്കുന്ന വിവരങ്ങളും പുറത്ത് പറയരുതെന്നവശ്യപ്പെട്ട് വെളിപ്പെടുത്തി.

പുണ്യ പ്രവർത്തിയാണ് ചെയ്യുന്നതെന്ന് ഉറപ്പിച്ച് പറഞ്ഞ ചിലരോട് അവരുടെ സ്വന്തം ശബ്ദ ശകലം കേൾപ്പിച്ചപ്പോൾ ഉപദ്രവികരുത് ഇനി ഒരിക്കലും ആവർത്തിക്കില്ല എന്നപേക്ഷിച്ചു.

ചാരിറ്റി രംഗത്തെ ചില കച്ചവട താത്പര്യങ്ങൾ തുറന്നുപറഞ്ഞപ്പോൾ ഉണ്ടായ സംഘടിതമായ ആക്രമണമാണ് തീയില്ലാതെ പുകയുണ്ടാകില്ലലോ എന്ന ചിന്തയിലേക്കും തുടർന്നുള്ള ഈ അന്വേഷണങ്ങൾക്കും എന്നെ പ്രേരിപ്പിച്ചത്.

ആയിരങ്ങളും ലക്ഷങ്ങളുമായിരുന്നു അന്ന് ചാരിറ്റിക്കായി പിരിവെടുത്തുകൊണ്ടിരുന്നത് എങ്കിൽ ഇപ്പോൾ അത് കോടികളാണ് എന്നതും, ആഡംബര ജീവിതത്തിനും, എളുപ്പത്തിൽ കാശുണ്ടാക്കാനുള്ള മാർഗമെന്ന രീതിയിലും ചെറുപ്പക്കാർ കൂടുതലായി ഇത്തരം മാഫിയ പ്രവർത്തനങ്ങളിലേക്ക് ആകൃഷ്ടരാകുന്നുണ്ടെന്ന കാര്യവും വിസ്മരിക്കരുത്.

∙ സമൂഹത്തിൽ ഏറ്റവും അംഗീകാരമുള്ള പ്രവൃത്തി.

∙ സെലിബ്രറ്റി സ്റാറ്റസ്

∙ ഏറ്റവും മികച്ച ജോലിയുള്ളവരേക്കാൾ കൂടുതൽ പണം

∙ മറ്റുള്ളവരിൽ ഇന്നും ലഭിക്കുന്ന വിലകൂടിയ സമ്മാനങ്ങൾ

∙ ആഡംബര വാഹനങ്ങൾ

∙ പെൺസുഹൃത്തുക്കളുമായി ബന്ധമുണ്ടാക്കാനുള്ള സാഹചര്യം

∙ സ്ത്രീകളെ ലൈംഗികമായി ഉപയോഗപ്പെടുത്താനുള്ള അവസരങ്ങൾ

∙ വിദേശരാജ്യങ്ങൾ സന്ദർശിക്കാനുള്ള അവസരങ്ങൾ

∙ ഏറെ അധ്വാനിക്കാതെ ഏറ്റവും നല്ല വരുമാനം കിട്ടുന്ന ജോലി.

∙ മുടക്ക് മുതലില്ലാതെ ചെയ്യാൻ സാധിക്കുന്ന ഏറ്റവും നല്ല ജോലി

∙ സമൂഹത്തിൽ ഉന്നത സ്ഥാനം. അവാർഡ്, മന്ത്രിമാരും എംഎൽഎ മാരും ഉൾപ്പെടെയുള്ളവരുമായി ബന്ധപ്പെടാം

ഇത്തരത്തിൽ ഏതെങ്കിലും തരത്തിലുള്ള നന്മ /പൊതുപ്രവർത്തനം എന്നതിനപ്പുറം പുതിയ തലമുറയെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന ഒരു മേഖലയായി ഓൺലൈൻ ചാരിറ്റി മാറാൻ കാരണം മുകളിൽ സൂചിപ്പിച്ച ആനുകൂല്യങ്ങളാണ് എന്നതിൽ ആർക്കും തർക്കം വേണ്ട.

ഇതിനെല്ലാമൊപ്പം മതവും, ജാതിയും, രോഗികളായവരുടെ അതിവൈകാരികതയും കൂട്ടിച്ചേർത്ത് ചാരിറ്റിക്കായി ആഹ്വാനം ചെയ്യുമ്പോഴാണ് പ്രവാസികളായിട്ടുള്ള ആളുകൾ ഏറ്റവും കൂടുതൽ ഇത്തരം ചതിയിപ്പെട്ടുപോകുന്നത്. ചുരുക്കിപ്പറഞ്ഞാൽ അധ്വാനിക്കാതെ ആഡംബരത്തിൽ ജീവികനായുള്ള പുത്തൻ തലമുറയിലെ ഏറ്റവും എളുപ്പമേറിയ ജോലിയായി ചാരിറ്റി മാറിയിരിക്കുന്നു എന്നുകാണാം.

ഒരുകാലത്ത് പുരുഷന്മാരായിരുന്നു ചാരിറ്റി തട്ടിപ്പുകൾ കൂടുതലായി നടത്തിയിരുന്നത് എങ്കിൽ ഇപ്പോഴത് സ്വയം തൊഴിൽ എന്ന രീതിയിൽ സ്ത്രീകൾ വീട്ടിലിരുന്നും ചെയ്യുന്ന എന്ത് തെല്ലൊന്നുമല്ല അദ്ഭുതപ്പെടുത്തുന്നത്. ജസ്റ്റ് ഒന്നു മുടി മുറിച്ചുകൊണ്ട് മുതൽ മുടക്കില്ലാതെ ചെയ്യാവുന്ന ബിസിനസ്സായതിനാലാണ് സ്ത്രീകളും ഇതിലേക്ക് ആകൃഷ്ടരാകുന്നത് എന്നതാണ് സത്യം. കൂടാതെ പെൺവാണിഭ മാഫിയകളും ഈ ഓൺലൈൻ ചാരിറ്റി തട്ടിപ്പുകാരോടൊപ്പം തോളോടുതോൾ ചേർന്ന് പോകുന്നുണ്ട് എന്നതിനുള്ള വ്യക്തമായ തെളിവുകളും കൈവശമുണ്ട്.

#വാൽ: പറഞ്ഞു നിർത്തുന്നത് ക്യാൻസറിന്റെ പേരിൽ പണം തട്ടിയ സ്ത്രീയെ ഇനിയും അപമാനിക്കരുത് എന്നതാണ്. അവർക്കെതിരെ നിയമപരമായി പരാതികൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. അതിൽ നടപടികൾ ഉണ്ടാകട്ടെ. കൂടാതെ അവർ പരസ്യമായി ക്ഷമാപണം നടത്തുകയും പൊതു ജനങ്ങളോട് മാപ്പപേക്ഷിക്കുകയും ചെയ്തുട്ടുണ്ട്.

ഓൺലൈൻ ചാരിറ്റി തട്ടിപ്പെന്ന കോടികൾ കൊണ്ട് അമ്മാനമാടുന്ന ആശുപത്രി മാഫിയകളും, കള്ളപ്പണ മാഫിയകളും, കച്ചവട മാഫിയകളും ഉൾപ്പെട്ട ഒരു മഞ്ഞുമലയുടെ അറ്റം മാത്രമാണ് മൊട്ടയടിച്ച് നാല് ലക്ഷം തട്ടിച്ച ആ സ്ത്രീ. അതുകൊണ്ടുതന്നെ മഞ്ഞുമലയുടെ വേരുകളാണ് ഇളക്കപ്പെടേണ്ടത് അല്ലാതെ സാഹചര്യങ്ങൾ മുതലെടുത്തു ഒരു സ്ത്രീ നടത്തിയ തട്ടിപ്പിന് അവരെ അപമാനപ്പെടുത്തി ആത്മഹത്യയിലേക്ക് തള്ളിവിട്ടുകൊണ്ടല്ല.

ആരും ക്രിമിനലുകളായി ജനിക്കുന്നില്ല, സാഹചര്യങ്ങളാണ് അവരെ സൃഷ്ടിക്കുന്നത് ! കുറ്റപ്പെടുത്തലുകളിലൂടെ സമൂഹം നൽകിയ ശിക്ഷകൾ അവർ തിരിച്ചറിയട്ടെ, ഓരോ ശിക്ഷയും തിരിച്ചറിവുകൾക്ക് വേണ്ടിയാകുമ്പോഴാണ് ശിക്ഷകൾ അർഥമുണ്ടാകുകയുള്ളൂ.

മറിച്ച് അവരുടെ ജീവനും രക്തത്തിനു ദാഹിച്ചുകൊണ്ടുള്ള ആക്രോശങ്ങൾ ഇനിയുണ്ടാകാതിരിക്കട്ടെ, അവസരങ്ങൾക്കായി നമുക്കിടയിലുള്ള പൊട്ടൻഷ്യൽ തട്ടിപ്പുകാർ ഈ അനുഭവത്തിന്റെ വെളിച്ചത്തിൽ ഇത്തരം സാമൂഹിക വിരുദ്ധ കുറ്റകൃത്യങ്ങളിൽ നിന്നും പാഠമുൾക്കൊള്ളട്ടെ !

English Summary: Online Charity

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
FROM ONMANORAMA