sections
MORE

‘കള്ളൻ കപ്പലിൽ തന്നെ’, ഉന്നതരുടെ ഫോൺ ചോർത്തലിനു പിന്നിൽ സർക്കാരെന്ന് വാട്സാപ്

whatsapp
SHARE

വാട്സാപ്പിന്റെ സുരക്ഷ ഭേദിച്ച് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെയും രാഷ്ട്രീയക്കാരുടെയും ഫോണുകൾ ചോർത്തിയെന്ന വാര്‍ത്ത ഞെട്ടലുളവാക്കുന്നതായിരുന്നു. ഇസ്രയേലി കമ്പനിയായ എന്‍എസ്ഒ ഗ്രൂപ്പ് വികസിപ്പിച്ചെടുത്ത പെഗാസസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് ഇതു നടന്നിരിക്കുന്നതെന്ന് പിന്നീട് സ്ഥിരീകരിക്കപ്പെട്ടു. വാട്‌സാപ് ഇക്കാര്യത്തില്‍ പഴികേള്‍ക്കുകയുമാണ്. എന്നാല്‍ വാട്‌സാപ്പിനും ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തല്‍ നടത്താനുണ്ടത്രെ. കേന്ദ്ര സർക്കാർ മുൻപ് പെഗാസസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഇന്ത്യന്‍ പൗരന്മാരെ നിരീക്ഷിച്ചിരുന്നു എന്നാണ് അവര്‍ ആരോപിക്കുന്നത്. ഇവരില്‍ ഉന്നതശ്രേണിയിലുള്ള പണ്ഡിതര്‍, നിയമജ്ഞര്‍, സാമൂഹ്യപ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുമെന്നാണ് ആരോപണം.

അവസാനം വാട്‌സാപ്പിലൂടെ നടത്തിയ നിരീക്ഷണം നടന്നിരിക്കുന്നത് 2019 ലെ പൊതു തിരഞ്ഞെടുപ്പിനിടെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വാട്‌സാപ്, ടൊറോന്റോയിലെ സൈബര്‍ സുരക്ഷാ കമ്പനിയായ സിറ്റിസണ്‍ ലാബുമൊത്തു നടത്തിയ അന്വേഷണത്തിലാണ് പുതിയ കണ്ടെത്തലുകള്‍ നടത്തിയിരിക്കുന്നത്. അവര്‍ പറയുന്നത് പെഗാസസ് സോഫ്റ്റ്‌വെയര്‍ കമ്പനി സാധാരണ പിന്തുടരുന്നത് മനുഷ്യാവകാശ പ്രവര്‍ത്തകരെയും സാമൂഹ്യപ്രവര്‍ത്തകരെയും മാധ്യമ പ്രവര്‍ത്തകരെയുമാണ് എന്നാണ്. എന്നാല്‍ സിറ്റിസണ്‍ ലാബോ വാട്‌സാപോ ആരെയെല്ലാമാണ് പെഗാസസ് ലക്ഷ്യമിട്ടതെന്ന് വെളിവാക്കിയിട്ടില്ല എന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പക്ഷേ, ന്യൂസ്‌ലോണ്‍ഡ്രി (Newslaundry) വെബ്‌സൈറ്റ് ചില പേരുകള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. സർക്കാരാകുമോ ഈ നിരീക്ഷണത്തിനു പിന്നിലെന്ന സംശയവും ന്യൂസ്‌ലോണ്‍ഡ്രി ഉന്നയിക്കുന്നു.

അവര്‍ പുറത്തുവിട്ട പേരുകളില്‍ ശാലിനി ഗെരായും (Shalini Gera) ഉണ്ട്. മനുഷ്യാവകാശ പ്രവര്‍ത്തകയും അഭിഭാഷകയുമാണ് അവര്‍. ഏകദേശം രണ്ടാഴ്ച മുൻപ് സിറ്റിസണ്‍ ലാബ് തന്നെ വിളിച്ച് ഇക്കാര്യം പറഞ്ഞതായി ശാലിനി വെളിപ്പെടുത്തി. തന്റെ ഫോണില്‍ പതിയിരിക്കുന്ന സോഫ്റ്റ്‌വെയര്‍ പിടിപ്പിക്കാന്‍ ദശലക്ഷക്കണക്കിനു ഡോളര്‍ ചെലവാകുമെന്നും സർക്കാർ പോലെയൊരു സ്ഥാപനത്തിനു മാത്രമെ അതിനു പണം മുടക്കാനാകൂ എന്നും സിറ്റിസണ്‍ ലാബ് പറഞ്ഞതായി അവര്‍ പറഞ്ഞു.

പെഗാസസാണ് ഈ ആക്രമണത്തിനു പിന്നിലെന്നു വാട്‌സാപും സ്ഥിരീകരിച്ചിരിക്കുകയാണ്. ഇസ്രയേലി സര്‍വെയ്‌ലന്‍സ് കമ്പനിയായ എന്‍എസ്ഒ ഗ്രൂപ്പാണ് ഈ സോഫ്റ്റ്‌വെയറിനു പിന്നില്‍. വാട്‌സാപ് അവര്‍ക്കെതിരെ അമേരിക്കന്‍ ഫെഡറല്‍ കോടതിയില്‍ കേസുകൊടുത്തിരിക്കുകയാണ്. ഈ കേസില്‍ വാദപ്രതിവാദങ്ങള്‍ നടക്കുകയാണെങ്കില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പ്രതീക്ഷിക്കാം.

വാട്‌സാപ്പില്‍ എങ്ങനെയാണ് പെഗാസസ് സ്‌പൈവെയര്‍ പ്രവര്‍ത്തിക്കുന്നത്?

ഒരിക്കല്‍ ഇന്‍സ്‌റ്റാളായാല്‍ അത് ഓപ്പറേറ്റേഴ്‌സ് കമാന്‍ഡ് ആന്‍ഡ് കണ്ട്രോളുമായി (operator's command and control (C&C) ബന്ധപ്പെടാന്‍ തുടങ്ങും. അങ്ങനെ ഇരയുടെ സ്വകാര്യ വിവരങ്ങള്‍ അടക്കം കടത്തുകയാണ് ചെയ്യുന്നത്. കോണ്ടാക്ട് വിവരങ്ങള്‍, ടെക്‌സ്റ്റ് സന്ദേശങ്ങള്‍ തുടങ്ങിയവ മുതല്‍ ലൈവ് വേയിസ് കോളുകള്‍ വരെ വഴിതിരിച്ചുവിടും. ഇങ്ങനെ നിയമപരമല്ലാതെ ഒരാളുടെ വിവരങ്ങള്‍ കേള്‍ക്കുന്നയാള്‍ക്ക്, ഇരയുടെ ഫോണിന്റെ ക്യാമറയും മൈക്രോഫോണും വരെ ഉപയോഗിച്ച് അയാളുടെ നീക്കങ്ങള്‍ പകര്‍ത്താം. ജിപിഎസ് ഉപയോഗിച്ച് അയാള്‍ എവിടെ നില്‍ക്കുന്നുവെന്നും മനസിലാക്കാം. ആന്‍ഡ്രോയിഡിലും ഐഒഎസിലും ഇതു പ്രവര്‍ത്തിക്കും.

വാട്‌സാപ്പിനെതിരെ സർക്കാർ

സുരക്ഷ ഭേദിക്കപ്പെട്ട കാര്യത്തില്‍ സർക്കാർ വാട്‌സാപ്പിനോട് വിശദീകരണമാരാഞ്ഞിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ ഇനി ഉണ്ടാകാതരിക്കാനുളള നടപടികളും സ്വീകരിക്കുമെന്നും സർക്കാർ പറയുന്നു. ഈ ഡേറ്റാ ലീക്കില്‍ തങ്ങളുടെ ആശങ്ക ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചിട്ടുമുണ്ട്. ദശലക്ഷക്കണക്കിനു ഇന്ത്യക്കാരുടെ സ്വകാര്യതയുറപ്പാക്കാന്‍ എന്താണ് ചെയ്യുന്നതെന്ന് താന്‍ വാട്‌സാപ്പിനോടു ചോദിച്ചുവെന്നാണ് അദ്ദേഹം പറയുന്നത്.

English Summary: Is Indian Government Backing Pegasus Spyware? WhatsApp Reveals Shocking Info

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
FROM ONMANORAMA