ADVERTISEMENT

മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് നാട്ടിലേക്ക് ഫ്രീയായി വിഡിയോ കോൾ ചെയ്യാനുള്ള വലിയ സേവനമാണ് വാട്സാപ് മെസഞ്ചറുകൾ. എന്നാൽ ഈ മെസഞ്ചറുകളിൽ നിന്നെല്ലാം വിളിക്കുന്നതിന് യുഎഇയിൽ നിയന്ത്രണമുണ്ട്. എന്നാൽ ആ വിലക്ക് ഉടൻ തന്നെ നീക്കിയേക്കുമെന്നാണ് പുതിയ റിപ്പോർട്ട്. മിക്ക രാജ്യങ്ങളിലും വാട്സാപ്പിന്റെ എല്ലാ സേവനങ്ങളും ലഭ്യമാണ്. ഇതിനാലാണ് യുഎഇയും വാട്സാപ് വിലക്ക് നീക്കുന്നതെന്നാണ് അറിയുന്നത്.

 

നിലവിൽ യുഎഇയിൽ വാട്സാപ് ലഭിക്കുമെങ്കിലും വോയ്സ്, വിഡിയോ കോൾ വിളിക്കാൻ കഴിയില്ല. ഈ നിയന്ത്രണം നീക്കാനാണ് യുഎഇ ടെലികോം റെഗുലേറ്ററി അതോറിറ്റി ആലോചിക്കുന്നത്. ഇത് സംബന്ധിച്ച് വാട്സാപ് അധികൃതരുമായി യുഎഇ സർക്കാർ ചർച്ച നടത്തി കഴിഞ്ഞു.

 

കഴിഞ്ഞ വർഷം ആദ്യത്തിലാണ് മൈക്രോസോഫ്റ്റിന്റെ സ്കൈപിന് യുഎഇ വിലക്കേർപ്പെടുത്തിയത്. എന്നാൽ ഒരു സുപ്രഭാതത്തിൽ അതും വിലക്കിയതോടെ മലയാളികൾ ഏറെ പ്രതിസന്ധിയിരുന്നു. വാട്സാപ് വിലക്ക് നീങ്ങുന്നതോടെ പരിധികളില്ലാതെ മണിക്കൂറുകളോളം നേരിൽ കണ്ട് സംസാരിക്കാനുള്ള അവസരമാണ് യുഎഇയിലെ ഉപയോക്താക്കൾക്ക് ലഭിക്കുന്നത്.

 

വാട്സാപ്പുമായുള്ള സഹകരണം വർധിപ്പിക്കുകയും വോയ്‌സ് കോളുകൾക്കുള്ള വിലക്ക് ഉടൻ നീക്കുകയും ചെയ്യുമെന്ന് യുഎഇ ടെലികോം മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. വിവിധ കാര്യങ്ങളിൽ വാട്സാപ്പുമായി ഇപ്പോൾ നല്ല ധാരണയുണ്ടെന്നാണ് യുഎഇയുടെ നാഷണൽ ഇലക്ട്രോണിക് സെക്യൂരിറ്റി അതോറിറ്റി (നേസ) എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് അൽ കുവൈത്തി പറഞ്ഞത്.

 

മൈക്രോസോഫ്റ്റും ആപ്പിളുമായി യുഎഇ ടെലികോം റെഗുലേറ്റർ ചർച്ചകൾ നടത്തിവരികയാണെന്നും റിപ്പോർട്ടുകളുണ്ട്. ഐഎംഒ, ഫെയ്സ്ബുക്ക് മെസഞ്ചർ, വാട്സാപ്, സ്കൈപ് എന്നീ വോയ്സ്, വിഡിയോ കോളുകൾക്കാണ് വിലക്കുള്ളത്. എന്നാൽ ഗൂഗിൾ, ഫെയ്സ്ബുക്ക് ആപ്പുകൾക്ക് നിയന്ത്രണമുണ്ടെങ്കിലും സ്കൈപ്പ് വഴി വിഡിയോ കോൾ ആസ്വദിക്കാൻ നേരത്തെ സാധിച്ചിരുന്നു. എന്നാൽ രാജ്യത്തെ വോയ്‌സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ സര്‍വീസ് ലംഘിച്ചതിനെ തുടർന്നാണ് സ്കൈപ്പും വിലക്കിയത്.

 

വിദേശ കോൾ വഴി കോടികൾ വരുമാനം ലഭിച്ചിരുന്ന ടെലികോം കമ്പനികൾക്ക് ഫ്രീ വിഡിയോ കോൾ ആപ്പുകൾ വന്നതോടെ വൻ പ്രതിസന്ധി നേരിട്ടിട്ടുണ്ട്. വിഡിയോ കോളിങ് സേവനങ്ങൾക്ക് ബദൽ മാർഗങ്ങളുണ്ടെന്നും നേരത്തെ യുഎഇ ടെലികോം കമ്പനികൾ വ്യക്തമാക്കിയിരുന്നു. ബോടിം, സിമി എന്നിവയാണ് അൺലിമിറ്റഡ് വോയിസ് ആൻഡ് വിഡിയോ സേവനങ്ങളുടെ ഭാഗമായി മൊബൈൽ സേവനദാതാക്കൾ ലഭ്യമാക്കുന്നത്. പക്ഷേ മാസവരി നൽകി മാത്രമേ ഈ ആപ്പുകൾ ഉപയോഗിക്കാനാവൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com