ADVERTISEMENT

യാത്രയുടെയും ആഘോഷങ്ങളുടെയും സൗഹൃദത്തിന്റെയും കാഴ്ച്ചകള്‍ മാത്രമല്ല ഇന്‍സ്റ്റഗ്രാം. മനോവൈകല്യങ്ങളും ആത്മഹത്യാ പ്രവണതയും അടങ്ങിയവരുടെ അധികമാരും അറിയാത്ത മറ്റൊരു ലോകം ഇന്‍സ്റ്റഗ്രാമിനുണ്ട്. സെക്സ്, ബലാത്സംഗം, കുട്ടികളെ പീഡിപ്പിക്കൽ, ആത്മഹത്യ, കൊലപാതകം, വഞ്ചന ഒന്നിനും കുറവില്ലാത്ത ഇടമാണ് ഇൻസ്റ്റഗ്രാം. നോര്‍വെയില്‍ ഒരു പതിനെട്ടുകാരിയുടെ ആത്മഹത്യക്കു പിന്നാലെ പോയ മാധ്യമപ്രവര്‍ത്തകയായ അന്നൊമാര്‍ത്തെ മോളണ്ട് കണ്ടെത്തിയത് കൗമാരക്കാര്‍ക്കിടയില്‍ സമാനമായ 15 ആത്മഹത്യകളെങ്കിലും നടന്നുവെന്നാണ്.

 

ഒരു വര്‍ഷം മുൻപ് നോര്‍വെയിലെ ഒരു ചെറു പട്ടണത്തില്‍ മൂന്ന് കൗമാരക്കാരികളുടെ ആത്മഹത്യയെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കാന്‍ പോയതായിരുന്നു അന്നൊമാര്‍ത്തെ മോളണ്ട്. അതില്‍ ആന്‍ഡ്രിന്‍ എന്ന കുട്ടിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിറയെ ആത്മഹത്യാ പ്രവണതയുള്ള സന്ദേശങ്ങളായിരുന്നു. ആന്‍ഡ്രിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് നൂറോളം പേര്‍ ഫോളോ ചെയ്യുന്നുണ്ടായിരുന്നു. ഇത്തരം സന്ദേശങ്ങള്‍ നിരന്തരം പ്രത്യക്ഷപ്പെട്ടിട്ടും അവരാരും തന്നെ ഒന്നും ചെയ്തില്ല. അത് തികച്ചും അസ്വാഭാവികമായി തോന്നിയതോടെയാണ് അന്നൊമാര്‍ത്തെ മോളണ്ട് അന്വേഷണം തുടങ്ങിയത്.

 

ആദ്യമായി മ്ലാനവും ദുരൂഹവുമായ ഒരു പ്രൊഫൈല്‍ പടം സഹിതം ഇന്‍സ്റ്റഗ്രാമില്‍ വ്യാജ അക്കൗണ്ട് തുടങ്ങുകയാണ് ചെയ്തത്. സമാന സ്വഭാവത്തിലുള്ള കുറച്ചു സന്ദേശങ്ങള്‍ കൂടി ഇട്ടതോടെ ഇന്‍സ്റ്റഗ്രാം തന്നെ സമാനമായ അക്കൗണ്ടുകളുടെ നിര്‍ദേശങ്ങള്‍ നല്‍കിയത് അദ്ഭുതപ്പെടുത്തിയെന്ന് അന്നൊമാര്‍ത്തെ പറയുന്നു. 

 

മുൻപ് ട്വിറ്ററിലാണ് ഇത്തരം അക്കൗണ്ടുകള്‍ സജീവമായിരുന്നതെങ്കില്‍ ഇപ്പോള്‍ അവര്‍ ഇന്‍സ്റ്റഗ്രാമിലേക്ക് ചേക്കേറിയിരിക്കുകയാണ്. ആര്‍ക്കെല്ലാം തങ്ങളുടെ സന്ദേശങ്ങള്‍ കാണാനാകുമെന്ന് കൃത്യമായി നിയന്ത്രിക്കാനാകുമെന്നാണ് ഇന്‍സ്റ്റഗ്രാമിലേക്ക് ഇത്തരക്കാരെ പ്രധാനമായും ആകര്‍ഷിക്കുന്നത്. 

 

ആന്‍ഡ്രിന്റെ ആത്മഹത്യക്കു പുറകെ പോയ അന്നൊമാര്‍ത്തെ ഈ ഇന്‍സ്റ്റഗ്രാം നെറ്റ്‌വര്‍ക്കുമായി ബന്ധമുള്ള 15 നോര്‍വീജിയന്‍ പെണ്‍കുട്ടികളെങ്കിലും ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന ഞെട്ടിക്കുന്ന കണ്ടെത്തലിലാണ് അന്വേഷണം എത്തിയത്. ആകെ 130 പേര്‍ മാത്രമാണ് ആന്‍ഡ്രിന്റെ സമ്മതത്തോടെ അവരുടെ ഇന്‍സ്റ്റഗ്രാമിനെ ഫോളോ ചെയ്തിരുന്നത്. ഇവരുമായി ബന്ധമുള്ള 26,000 അക്കൗണ്ടുകള്‍ അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ വന്നു. പിന്നീട് ഇക്കൂട്ടത്തിലെ പൊതു അക്കൗണ്ടുകള്‍ ഒഴിവാക്കിയപ്പോള്‍ സംഖ്യ 5000ത്തിലെത്തി. 

 

Suicide-

മാനസിക സംഘര്‍ഷങ്ങള്‍ പ്രതിഫലിപ്പിക്കുന്ന സന്ദേശങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെക്കുന്ന അക്കൗണ്ടുകള്‍ മാത്രം തെരഞ്ഞെടുത്തപ്പോള്‍ ആയിരത്തോളം ആയി അക്കൗണ്ടുകളുടെ എണ്ണം കുറഞ്ഞു. ഇതില്‍ ഡെന്മാര്‍ക്ക്, ബ്രിട്ടന്‍, ജര്‍മ്മനി, ഓസ്‌ട്രേലിയ, യുഎസ് തുടങ്ങി ഇരുപതോളം രാജ്യങ്ങളില്‍ നിന്നുള്ള കൗമാരക്കാരികളുടെ അക്കൗണ്ടുകളായിരുന്നു കൂടുതലും. 

ഒറ്റനോട്ടത്തില്‍ പരസ്പരം സഹായിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്നവരുടെ കൂട്ടായ്മ എന്നേ ഈ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളെ തോന്നിക്കൂ. എന്നാല്‍ സ്വയം പീഡിപ്പിക്കുന്ന സന്ദേശങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും ആത്മഹത്യാ പ്രവണതയുള്ള ചിത്രങ്ങള്‍ക്കുമൊക്കെയാണ് വലിയതോതില്‍ ഈ കൂട്ടായ്മകളില്‍ പ്രചാരം ലഭിക്കുന്നത്. ഇത് ഫലത്തില്‍ കൂടുതല്‍ ശ്രദ്ധ ആഗ്രഹിക്കുന്ന കൗമാരക്കാരെ ആത്മഹത്യാ മുനമ്പിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ ആത്മഹത്യക്ക് പരമാവധി പ്രേരിപ്പിച്ച ശേഷം അരുത്, അത് ചെയ്യരുത്, ജീവിച്ചു കാണിക്കണം തുടങ്ങിയ സന്ദേശങ്ങള്‍ ഇടുന്നതും ഇത്തരം കൂട്ടായ്മകളിലെ പതിവാണെന്നും ഒരു വര്‍ഷം നീണ്ട പഠനത്തിന്റെ അനുഭവത്തില്‍ അന്നൊമാര്‍ത്തെ പറയുന്നു. 

 

എല്ലാവര്‍ക്കും എല്ലാത്തരം വികാരങ്ങളും പ്രതിഫലിപ്പിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു ആദ്യഘട്ടം മുതല്‍ ഇന്‍സ്റ്റഗ്രാമിന്റെ നയം. എന്നാല്‍ 2017ല്‍ ബ്രിട്ടിഷ് കൗമാരക്കാരി മോളി റസലിന്റെ ആത്മഹത്യയെ തുടര്‍ന്ന് ഇന്‍സ്റ്റഗ്രാമിനെതിരെയും വ്യാപകമായി വിമര്‍ശനം ഉയര്‍ന്നു. തുടര്‍ന്ന് ഈ ഫെബ്രുവരി മുതല്‍ അസ്വസ്ഥപ്പെടുത്തുന്നതും സ്വയം പീഢിപ്പിക്കുന്നതിന്റെയും ചിത്രങ്ങളും ദൃശ്യങ്ങളും ഒഴിവാക്കുമെന്നതിലേക്ക് ഇന്‍സ്റ്റഗ്രാം തിരുത്തി.

 

എന്നാല്‍, ഇപ്പോഴും ഇത്തരം കൂട്ടായ്മകള്‍ ഇന്‍സ്റ്റഗ്രാമില്‍ സജീവമാണെന്നതാണ് സത്യം. ഒറ്റനോട്ടത്തില്‍ അസ്വസ്ഥപ്പെടുത്തുന്ന ചിത്രങ്ങളും മറ്റും കുറഞ്ഞെങ്കിലും ആത്മഹത്യാപ്രവണതക്ക് മാറ്റം വന്നിട്ടില്ല. കട്ടിലില്‍ കിടക്കുന്ന ചിത്രമിട്ട് 'ഇത് എന്റെ അവസാന ദിവസം' എന്ന മട്ടില്‍ ടെക്സ്റ്റായി നല്‍കും. ജീവിതം വെച്ചുള്ള ഈ കളി പലപ്പോഴും തിരുത്താനാവാത്തവിധം ആത്മഹത്യയില്‍ കലാശിക്കുകയും ചെയ്യുന്നു. 

 

പതിനെട്ടു വയസ് തികയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ആന്‍ഡ്രിന്‍ ആത്മഹത്യ ചെയ്തത്. ഇന്‍സ്റ്റഗ്രാമും അതിന്റെ പ്രേരണയും ഇല്ലായിരുന്നെങ്കില്‍ തന്റെ മകള്‍ മരിക്കില്ലായിരുന്നുവെന്നാണ് ആന്‍ഡ്രിന്റെ മാതാവ് ഹെയ്ദി ഇന്നും കരുതുന്നത്.

 

കൂട്ടത്തില്‍ ഒന്നുകൂടി ഹെയ്ദി കൂട്ടിച്ചേര്‍ക്കുന്നു 'അവള്‍ കൂടുതല്‍ ദേഷ്യപ്പെടുമോ എന്ന് പേടിച്ച് ഇന്‍സ്റ്റഗ്രാമിനെക്കുറിച്ച് മകളോട് ഒന്നും ചോദിക്കാറില്ലായിരുന്നു. എന്നാല്‍, അതില്‍ പശ്ചാത്തപമുണ്ട്. എല്ലാ അമ്മമാരോടും ആ തെറ്റ് ആവര്‍ത്തിക്കരുതെന്നേ ഞാന്‍ പറയൂ. നിങ്ങളുടെ മക്കളോട് പേടിക്കാതെ അതേക്കുറിച്ച് സംസാരിക്കൂ. തുറന്ന് സംസാരിക്കൂ...'

English Summary: The woman who tracks 'dark' Instagram accounts

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com