ADVERTISEMENT

ഐഫോണ്‍, ഐപാഡ് എന്നിവയില്‍ ഫെയ്‌സ്ബുക് ഉപയോഗിക്കുന്നവര്‍ ജാഗ്രതപുലര്‍ത്തണമെന്ന് ആവശ്യപ്പെട്ടു പുറത്തുവന്ന റിപ്പോര്‍ട്ട് പറയുന്നത് ഉപയോക്താക്കള്‍ തങ്ങളുടെ ഫീഡിലൂടെ സ്‌ക്രോള്‍ ചെയ്യുന്ന സമയത്ത് അവരറിയാതെ ഐഫോണിന്റെ/ഐപാഡിന്റെ ക്യാമറ ഉപയോഗിച്ച് ഫെയ്‌സ്ബുക്ക് അവരെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുണ്ടാകാം എന്നാണ്. വെബ് ഡിസൈനറായ ജോഷ്വ മാഡക്‌സ് ആണ് ഇതു കണ്ടെത്തിയത്. ഇത് സംബന്ധിച്ച് തന്റെ ട്വിറ്ററില്‍ അദ്ദേഹം വിഡിയോയും കമന്റും പങ്കുവച്ചിരുന്നു.

മാഡക്‌സ് പറയുന്നത് താന്‍ ഫെയ്‌സ്ബുക് ആപ് ഐഒഎസില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഈ വിചിത്ര കാര്യം കണ്ടെത്തിയതെന്നാണ്. താന്‍ ഫീഡ് സ്‌ക്രോള്‍ ചെയ്യുന്ന സമയത്ത് ഫോണിന്റെ അല്ലെങ്കില്‍ ഐപാഡിന്റെ ക്യാമറ ആവശ്യമില്ലാതെ ഓണാകുന്നു എന്നാണ് അദ്ദേഹം നിരീക്ഷിച്ചത്. ഇതേതുടര്‍ന്ന് മറ്റ് ഉപയോക്താക്കളും ഇതു പരീക്ഷിച്ചു നോക്കുകയും മാഡക്‌സിന്റെത് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നു കണ്ടെത്തുകയുമായിരുന്നു. മാഡക്‌സ് തന്നെ അഞ്ച് വ്യത്യസ്ഥ ഉപകരണങ്ങളില്‍ ഇതു കണ്ടു. ഈ ഉപകരണങ്ങളെല്ലാം ഐഒഎസ് 13.2.2 ആണ് ഉപയോഗിച്ചിരുന്നത്. ഈ പ്രശ്‌നം ഐഒഎസ് 13.1.3ല്‍ കണ്ടെത്താനായില്ലെന്നും പറയുന്നു. പിന്നീടു നടത്തിയ ടെസ്റ്റുകള്‍ പറയുന്നത് ഐഒഎസ് 12ല്‍ ഇത്തരമൊരു പ്രശ്‌നമില്ല എന്നാണ്.

ഫെയ്‌സ്ബുക് ആപ്പിന് ഐഒഎസ് ഉപകരണത്തിന്റെ ക്യാമറയുടെ അക്‌സസ് കൊടുത്തിട്ടുണ്ടെങ്കില്‍ മാത്രമെ ഇത്തരം പെരുമാറ്റം ഉണ്ടാകുന്നുള്ളു എന്നും കണ്ടെത്തിയിട്ടുണ്ട്. വിവേകശാലികളായ ഉപയോക്താക്കള്‍ വര്‍ഷങ്ങളായി ആവശ്യമുള്ളപ്പോള്‍ ക്യാമറ ആക്‌സസ് നല്‍കിയ ശേഷം ബോധപൂര്‍വം പിന്‍വലിക്കുകയാണല്ലോ ചെയ്യുന്നത്. എന്നാല്‍ ആക്‌സസ് നല്‍കാത്ത ഉപയോക്താക്കളുടെ ഉപകരണങ്ങളിലും ആപ് ക്യാമറ ഉപയോഗിക്കാന്‍ ശ്രമിക്കുന്നതായി കണ്ടെത്തിയതാണ് ഈ പ്രശ്‌നം ഗൗരവമുള്ളതാണെന്ന് ചിലര്‍ കരുതാന്‍ കാരണം. ആക്‌സസില്ലാത്ത ഉപകരണങ്ങളില്‍ ആപ് ക്യാമറ ഉപയോഗിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഐഒഎസ് അത് ബ്ലോക്ക് ചെയ്യുന്നതായും കണ്ടെത്തി. എന്നാല്‍ ഇത് ഐഒഎസിലെ ഫെയ്‌സ്ബുക് ആപ്പിനുളളിലെ ഒരു ബഗ് മാത്രമാണോ എന്നും സ്ഥരീകരിച്ചിട്ടില്ല.

ഫെയ്‌സ്ബുക്കിന്റെ കൈയിലിരിപ്പു വച്ചു നോക്കുമ്പോള്‍ ആപ്പിന്റെ ഈ പ്രവര്‍ത്തനം പേടിപ്പിക്കുന്നതാണെന്നാണ് ടെക്‌നോളജി വിദഗ്ധര്‍ പറയുന്നത്. ഉപയോക്താക്കളുടെ സ്വകാര്യതയിലേക്കു കടന്നുകയറുന്ന കാര്യത്തില്‍ ഫെയ്‌സ്ബുക് അടുത്തിടെ കാട്ടിക്കൂട്ടിയതായി കണ്ടെത്തിയിട്ടുള്ള കാര്യങ്ങളൊന്നും അവര്‍ക്കനുകൂലമല്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഉപയോക്താക്കള്‍ നിശ്ചയമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യം ക്യാമറ ഉപയോഗിക്കാന്‍ അനുവദിച്ചിരിക്കുന്ന ഏത് ആപ്പിനും അതു പ്രവര്‍ത്തിക്കുന്ന സമയത്ത് നിങ്ങളുടെ അനുമതിയില്ലാതെ ക്യാമറ പ്രവര്‍ത്തിപ്പിക്കാനാകും എന്നതാണെന്നും അവര്‍ മുന്നറിയിപ്പു നല്‍കുന്നു. ആവശ്യമുള്ള സമയത്തു മാത്രം ക്യാമറ മൈക്രോഫോണ്‍ തുടങ്ങിയവയ്ക്ക് ആക്‌സസ് നല്‍കുകയും ആവശ്യം കഴിയുമ്പോള്‍ അതു പിന്‍വലിക്കുകയും ചെയ്യുന്നത് ശീലമാക്കണമെന്നാണ് ഉപദേശം. പുതിയ സംഭവവികാസത്തെക്കുറിച്ച് ഫെയ്‌സ്ബുക് ഇതുവരെ പ്രതികരിച്ചിട്ടില്ല.

2017ല്‍ ഫീലിക്‌സ് ക്രൗസ് എന്ന ഗവേഷകനും ആപ്പുകളുടെ ഇത്തരം പെരുമാറ്റം തുറന്നു കാട്ടിയിരുന്നു. അക്കാലത്ത് അദ്ദേഹവും ഉപയോക്താക്കള്‍ക്കു നല്‍കിയ ഉപദേശം ക്യാമറ അക്‌സസ് ആവശ്യമുണ്ടെങ്കില്‍ മാത്രം നല്‍കിയാല്‍ മതി എന്നായിരുന്നു. ആപ് ഉപയോഗിക്കുമ്പോള്‍ ക്യാമറ ആക്‌സസ് നല്‍കാന്‍ അല്‍പം സമയം ചെലവഴിക്കണമെന്നതു മാത്രമാണ് ഉപയോക്താവ് ഇവിടെ ചെയ്യേണ്ടിവരുന്നത്. പക്ഷേ ഇതിലൂടെ നിങ്ങളുടെ സ്വകാര്യ നിമിഷങ്ങള്‍ കമ്പനികളുടെയും മറ്റും കൈയ്യിലെത്തുന്നില്ലെന്ന് ഉറപ്പാക്കാമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

എന്തിനാണ് കമ്പനികള്‍ ഇതു ചെയ്യുന്നത്?

സ്വകാര്യ ഡേറ്റ വിലമതിക്കാനാകാത്തതാണ്. ഡേറ്റാ ഉപയോഗിച്ച് ഉപയോക്താവിനെ അറിഞ്ഞ് പരസ്യം നല്‍കാനാകുന്നതാണ് പല സ്വകാര്യ കമ്പനികളുടെയും വിജയ രഹസ്യം. കൂടാതെ പ്രത്യേകിച്ചും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മറ്റും സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന കമ്പനികള്‍ക്ക് ഇതൊരു നിര്‍മാണസാമഗ്രി കൂടിയാണ്. ഇങ്ങനെയൊക്കെ ശേഖരിക്കുന്ന ഡേറ്റ ചില കമ്പനികള്‍ ഉപയോക്താവിന്റെ പ്രൊഫൈലുമായി ബന്ധിപ്പിച്ചു തന്നെ സൂക്ഷിക്കുന്നു. ഇത് ഭാവിയില്‍ എങ്ങനെ ഉപയോഗിക്കപ്പെടാമെന്ന കാര്യത്തിലും പേടിയുണ്ട്. വെറുതെയാണോ യൂറോപ്പിലെയും അമേരിക്കയിലേയും എല്ലാം വിദഗ്ധര്‍ ഫെയ്‌സ്ബുക്കിനും ഗൂഗിളിനും മൂക്കുകയറിടേണ്ട സമയം അതിക്രമിച്ചുവെന്നു പറയുന്നത്.

English Summary: Facebook is secretly using your iPhone’s camera as you scroll your feed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com