sections
MORE

ഭീകരർക്ക് എന്തിനു സ്വകാര്യത നല്‍കണമെന്ന് മോദി സർക്കാർ, ഫെയ്‌സ്ബുക്കിനെ പൂട്ടാൻ ഇന്ത്യ

modi-zucker
SHARE

വാട്‌സാപ്പിലെയും ഫെയ്‌സ്ബുക്കിലെയും സന്ദേശങ്ങള്‍ തങ്ങള്‍ക്കു വായിക്കാനാകണമെന്ന നിലപാടിലാണ് മോദി സർക്കാർ. ഇന്ത്യയും ലോകത്തെ ഏറ്റവും വലിയ സമൂഹ മാധ്യമ വെബ്‌സൈറ്റായ ഫെയ്‌സ്ബുക്കും തമ്മിലുള്ള വാദപ്രതിവാദങ്ങള്‍ സുപ്രീം കോടതിയില്‍ തുടരുകയാണ്. ഇത് സംബന്ധിച്ച് കഴിഞ്ഞ മാസം വാദം കേൾക്കുന്നതിനിടെയാണ് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ 'ഒരു ഭീകരനും സ്വകാര്യത അവകാശപ്പെടാനാവില്ലെന്ന് പറഞ്ഞത്. അതിനാൽ സന്ദേശങ്ങള്‍ വായിക്കാനാവില്ലെന്ന ഫെയ്‌സ്ബുക് വാട്‌സാപ് നിലപാട് അംഗീകരിക്കാനാവില്ലെന്നും അദ്ദേപം വാദിച്ചു.

ഫെയ്‌സ്ബുക്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വാട്‌സാപ് ഇന്ത്യയില്‍ ഏകദേശം 40 കോടി പേർ ഉപയോഗിക്കുന്നുണ്ടാകാം. ഗ്രൂപ്പുകളും മറ്റും സൃഷ്ടിച്ച് ഇവര്‍ തമ്മില്‍ സന്ദേശങ്ങളും ചിത്രങ്ങളും വിഡിയോയും എല്ലാം കൈമാറുന്നു. ഇവയ്ക്ക് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷനാണ് ഇപ്പോള്‍ നല്‍കുന്നത്. ഇതു കാരണം സർക്കാരിനോ സ്വതന്ത്ര ഏജന്‍സികള്‍ക്കോ ഇവിടെ നടക്കുന്ന കാര്യങ്ങള്‍ പരിശോധിക്കാനാകുന്നില്ല.

ഇനി ഫെയ്‌സ്ബുക് വഴങ്ങുന്നില്ലെങ്കില്‍ നിയമനിര്‍മാണത്തിലൂടെ അടുത്ത പണി നോക്കുമെന്ന കാര്യവും സർക്കാർ സത്യാവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചിരുന്നു. സമൂഹ മാധ്യമങ്ങള്‍ക്കായി പുതിയ നിയമങ്ങള്‍ കൊണ്ടുവരാനൊരുങ്ങുകയാണ്. വ്യക്തികളുടെ അവകാശങ്ങള്‍ക്കും ഇതോടൊപ്പം രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സര്‍വാധികാരത്തിനും സുരക്ഷയ്ക്കുമെതിരെ നീങ്ങുന്നവരെ നിലയ്ക്കു നിർത്താനുള്ള വഴി നോക്കുമെന്നാണ് സർക്കാർ പറഞ്ഞത്. നമ്മുടെ രാജ്യത്തേക്കു വന്നിട്ട് സർക്കാരിനു പരിശോധിക്കാനാകാത്തതരം സംവിധാനം നടത്തിക്കൊണ്ടുപോകാനാവില്ലെന്നും വേണുഗോപാല്‍ പറഞ്ഞു. സർക്കാരിനു വേണ്ടി ഹാജരായ മറ്റൊരു അഭിഭാഷകനായ തുഷാര്‍ മേത്ത പറഞ്ഞത് ജനങ്ങളുടെ സ്വകാര്യ വിവരങ്ങളിലേക്ക് അതിക്രമിച്ചു കയറാനല്ല, മറിച്ച് തീവ്രവാദികളില്‍ നിന്ന് അവര്‍ക്ക് സംരക്ഷണം നല്‍കാനാണ് ഉദ്ദേശമെന്നാണ്.

സമൂഹ മാധ്യമങ്ങളിലെ സന്ദേശങ്ങള്‍ ഡീക്രിപ്റ്റു ചെയ്യണമെന്നു പറഞ്ഞ് നിങ്ങള്‍ സോഷ്യല്‍ മീഡിയ കമ്പനികളുടെ പിന്നാലെ നടക്കുന്നത് എന്തിനാണെന്നാണ് സുപ്രീം കോടതി ജഡ്ജി ദീപക് ഗുപ്ത അന്ന് ചോദിച്ചത്. സന്ദേശങ്ങള്‍ ഡീക്രിപ്റ്റ് ചെയ്യാന്‍ നിയമം സർക്കാരിനെ അനുവദിക്കുന്നുണ്ട്. എന്നാല്‍ കമ്പനികള്‍ അതു സർക്കാരിനു വേണ്ടി ചെയ്തു തരണമെന്നു ഒരു നിയമത്തിലില്ലെന്നും അദ്ദേഹം വേണുഗോപാലിനോടു പറഞ്ഞു. നിങ്ങള്‍ സ്വന്തമായി ഒരു ഡീക്രിപ്ഷന്‍ സംവിധാനം ഉണ്ടാക്കുന്നതിനെ ആരും എതിര്‍ക്കുന്നില്ല.

ഉപയോക്താക്കളുടെ ഡേറ്റാ സർക്കാരിനു നല്‍കാന്‍ നിര്‍ബന്ധിക്കാനാവില്ല എന്നാണ് ഫെയ്‌സ്ബുക്കിന്റെ അഭിഭാഷകന്‍ മുകുല്‍ റാഷ്ടോഗി കോടതിയില്‍ വാദിച്ചത്. സ്വകാര്യതയുമായി ബന്ധപ്പെട്ട് പല സംസ്ഥാനങ്ങളിലായി സമൂഹ മാധ്യമങ്ങള്‍ക്കെതിരെ പല കേസുകളും നിലനില്‍ക്കുന്നുണ്ട്. ഇവയെല്ലാം സുപ്രീം കോടതിയിലേക്കു മാറ്റണമെന്ന് ഫെയ്‌സ്ബുക് ഓഗസ്റ്റില്‍ ആവശ്യപ്പെട്ടിരുന്നു.

തീവ്രവാദികളുടെ പ്രശ്‌നം കൂടാതെ വാട്‌സാപ്പിലൂടെ തത്പരകക്ഷികള്‍ തെറ്റായ വാര്‍ത്തകളും മറ്റും പ്രചരിപ്പിക്കുന്നു എന്നതും കമ്പനിക്കൊരു തലവേദനയാണ്. ഇതിനെതിരെയും വാട്‌സാപ് പല നടപടികളും സ്വീകരിച്ചുവെങ്കിലും വേണ്ടത്ര ഫലപ്രദമായില്ല. എന്തൊക്കെയായാലും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുകളിയില്ലെന്ന നിലപാടിലാണ് വാട്‌സാപ്. ഉപയോക്താക്കളുടെ ഡേറ്റ സർക്കാരിന് കൈമാറ്റം ചെയ്യണമെന്ന് നിയമം അനുശാസിക്കുന്നില്ല എന്നാണ് റാഷ്ടോഗി കോടിതിയില്‍ പറഞ്ഞത്. വാട്‌സാപ്പിന്റെയും മറ്റും സര്‍വറുകള്‍ ഇന്ത്യയ്ക്കു വെളിയിലാണ് എന്ന വാദമാണ് അവര്‍ ഉയര്‍ത്തുന്നത്. ഇതിനെതിരെയും നിയമനിര്‍മാണം ഉണ്ടായേക്കും. ഇന്ത്യക്കാരുടെ ഡേറ്റ രാജ്യത്തിനു വെളിയില്‍ കൊണ്ടുപോകരുതെന്നും നിയമം വന്നേക്കാം. രാജ്യത്തെ വിവിധ കീഴ്‌ക്കോടതികളിലായി ഈ വിഷയങ്ങളിലുള്ള കേസുകള്‍ പഠിച്ച ശേഷം ജനുവരി അവസാന ആഴ്ച വീണ്ടും വാദം കേള്‍ക്കുമെന്ന് കോടതി അറിയിച്ചിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA