sections
MORE

ടിക് ടോകിനെ കണ്ണടച്ച് വിശ്വസിക്കരുതെന്ന് വിദഗ്ധർ, അമേരിക്ക പോലും ഭയക്കുന്നു!

tik-tok
SHARE

ടിക് ടോകിന് ലോകത്താകെ 50 കോടിയോളം സജീവ ഉപയോക്താക്കളുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതില്‍ ഭൂരിഭാഗവും കൗമാരക്കാരോ ഇരുപതുകളുടെ തുടക്കത്തില്‍ പ്രായമുള്ളവരോ ആണ്. പുതിയ തലമുറയില്‍ വന്‍ പ്രചാരം നേടിയ ടിക് ടോകിന്റെ ആസ്ഥാനം ചൈനയാണ് എന്നതാണ് പല സാങ്കേതിക വിദഗ്ധരെയും അമേരിക്ക അടക്കമുള്ള രാജ്യങ്ങളേയും ആശങ്കപ്പെടുത്തുന്നത്.

ബൈറ്റ്ഡാന്‍സ് എന്ന ചൈനീസ് കമ്പനിയാണ് ടിക് ടോകിന്റെ ഉടമകള്‍. വ്യക്തികളുടെ സ്വകാര്യതയില്‍ മാത്രമല്ല രാജ്യങ്ങളുടെ സുരക്ഷയെ പോലും ടിക് ടോക് പോലുള്ള ആപ്ലിക്കേഷനുകള്‍ക്ക് സ്വാധീനിക്കാനാകുമെന്ന മുന്നറിയിപ്പാണ് മുഴങ്ങുന്നത്. കഴിഞ്ഞ പ്രസിഡൻഡ് തിരഞ്ഞെടുപ്പില്‍ സോഷ്യല്‍ മീഡിയ വലിയ സ്വാധീനം ചെലുത്തിയ അമേരിക്കയില്‍ നിന്നാണ് ഇതില്‍ കൂടുതലും. 

15 സെക്കൻഡ് മാത്രം നീളുന്ന വിഡിയോകളാണ് ടിക് ടോകില്‍ കൂടുതലും. ടിക് ടോകില്‍ ലഭ്യമായ ടൂളുകളിലൂടെ ആര്‍ക്കും എളുപ്പത്തില്‍ വിഡിയോ റെക്കോഡ് ചെയ്യാനാകും. എണ്ണം പറഞ്ഞ സിനിമാ തമാശ രംഗങ്ങളുടെയും പാട്ടുകളുടെയും ഓഡിയോകളും ടിക് ടോക് യൂസര്‍മാരുടെ തന്നെ സൃഷ്ടികളും നിരവധിയാണ്.

ഇത്തരത്തില്‍ നിര്‍മിക്കുന്ന ചെറുവിഡിയോകള്‍ ഓരോ അക്കൗണ്ടിന്റെയും ഫോളോവേഴ്‌സിന് മാത്രമല്ല സമാന വിഡിയോകളില്‍ താത്പര്യമുള്ള അപരിചിതരിലേക്ക് കൂടി ടിക് ടോക് എത്തിക്കുന്നു. ഇതോടെ പല വിഡിയോകള്‍ക്കും അപ്രതീക്ഷിതമായ സ്വീകാര്യതയാണ് ലഭിക്കുന്നത്. ടിക് ടോകിന്റെ എതിരാളികളായ പല ആപ്പുകളിലും വിഡിയോകള്‍ക്ക് പരമാവധി നൂറുകണക്കിന് ലൈക്ക് കിട്ടുമെങ്കില്‍ ടിക് ടോക്കില്‍ ലക്ഷക്കണക്കിന് ലൈക്കുകളാണ് വാരിക്കോരി ലഭിക്കുന്നത്.

ഈ സോഷ്യല്‍മീഡിയയിലെ ജനകീയതയും കൗമാരക്കാരെ ടിക് ടോകിലേക്ക് ആകര്‍ഷിക്കുന്നതില്‍ പ്രധാനമാണ്. ടിക് ടോക് തങ്ങളുടെ ആപ്ലിക്കേഷന്‍ വലിയ തോതില്‍ പരസ്യം നല്‍കിയിരുന്നു. വരുമാനത്തിന്റെ വലിയ ഭാഗവും പരസ്യത്തിന് ഉപയോഗിക്കുകയാണ് ടിക് ടോകിന്റെ രീതിയെന്ന് ഫെയ്സ്ബുക് തലവന്‍ മാര്‍ക്ക്‌ സക്കര്‍ബര്‍ഗ് തന്നെ പറഞ്ഞിട്ടുണ്ട്. 

woman-finds-missing-husband-on-tik-tok

ഇഷ്ടവിഷയങ്ങള്‍ തിരഞ്ഞ് പോകാന്‍ ടിക് ടോകില്‍ അവസരമുണ്ട്. കൂട്ടത്തില്‍ ട്രന്‍ഡിങ്ങായ ഹാഷ് ടാഗുകളും കാണാനാകും. ഇന്റര്‍നെറ്റിലെ പല പുതു തരംഗങ്ങളും പിറക്കുന്ന ഇടമായി ടിക് ടോക് മാറിക്കഴിഞ്ഞു. അതേസമയം, പ്രതിഷേധങ്ങളുടെയും ക്യാംപയിനുകളുടെയും മറ്റും വിഡിയോകളും ചൈനക്ക് താല്‍പര്യമില്ലാത്തവയും ടിക് ടോകില്‍ നിന്നും അപ്രത്യക്ഷമാകുന്നുവെന്ന ആരോപണമുണ്ട്.

ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുമ്പോഴും തീരുമാനങ്ങള്‍ വരുന്നത് ചൈനയില്‍ നിന്നാണെന്ന് മുന്‍ ടിക് ടോക് ജീവനക്കാരന്‍ വെളിപ്പെടുത്തിയിരുന്നു. സ്വകാര്യതയെക്കുറിച്ച് നിങ്ങള്‍ക്ക് ആശങ്കയുണ്ടെങ്കില്‍ ടിക് ടോകിനെ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് മുന്‍ ഫെയ്സ്ബുക് ചീഫ് സെക്യൂരിറ്റി ഓഫിസറും നിലവില്‍ സ്റ്റാന്‍ഫര്‍ഡ് സര്‍വ്വകലാശാല പ്രൊഫസറുമായ അലക്‌സ് സ്റ്റാമസ് ട്വീറ്റു ചെയ്തത്. ടിക് ടോകില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ വരാറില്ലെങ്കിലും ഉപയോക്താക്കളുടെ വിവരങ്ങള്‍ പലരീതിയില്‍ ഉപയോഗിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന ആശങ്കയും അമേരിക്കയിലെ പല സെനറ്റര്‍മാരും പങ്കുവെക്കുന്നുണ്ട്.

അതേസമയം, ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങളെക്കുറിച്ച് ആശങ്ക വേണ്ടെന്നാണ് ടിക് ടോക് ഉടമകള്‍ പറയുന്നത്. ഓരോ രാജ്യങ്ങളിലെ ഉപയോക്താക്കളുടെ വിവരങ്ങളും അതാത് രാജ്യങ്ങളിലാണ് സൂക്ഷിക്കുന്നതെന്നും ചൈനയിലേക്ക് കൈമാറുന്നില്ലെന്നുമാണ് അവരുടെ വിശദീകരണം. 

വലിയ തോതില്‍ വിമര്‍ശനങ്ങളും പരാതികളും ഉയര്‍ന്ന സാഹചര്യത്തില്‍ അമേരിക്കയിലെ ടിക് ടോകിന് സ്വയംഭരണം നല്‍കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. അമേരിക്കയില്‍ ടിക് ടോകിനെ ബ്ലോക്ക് ചെയ്താല്‍ കമ്പനിക്ക് 26.5 ദശലക്ഷം ഉപയോക്താക്കളെയാകും നഷ്ടമാവുക. ബ്രിട്ടനിലും ടിക് ടോകിനെതിരെ നിയന്ത്രണങ്ങള്‍ക്ക് നീക്കം നടക്കുന്നുണ്ട്. അശ്ലീല ഉള്ളടക്കം ചൂണ്ടിക്കാണിച്ച് ഇന്ത്യയില്‍ മദ്രാസ് ഹൈക്കോടതി ടിക് ടോകിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, കമ്പനി പിന്നീട് സമര്‍പ്പിച്ച ഹര്‍ജിയില്‍ നിരോധനം നീക്കുകയായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
FROM ONMANORAMA