ADVERTISEMENT

യുട്യൂബിന് ലാഭകരമല്ലെന്ന് തോന്നുന്ന ഏത് അക്കൗണ്ടും ഡിസംബര്‍ പത്ത് മുതല്‍ അവര്‍ക്ക് പൂട്ടാന്‍ അധികാരമുണ്ടാകും. ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വിഡിയോ പ്ലാറ്റ്‌ഫോമായ യുട്യൂബാണ് തങ്ങളുടെ നയത്തില്‍ ഈ വന്‍ മാറ്റം വരുത്തിയിരിക്കുന്നത്. ഇത് വയറ്റത്തടിക്കാന്‍ പോകുന്നത് ഒരു കൂട്ടം വ്‌ളോഗര്‍മാരെയും സാധാരണക്കാരെയുമാണ്. 

 

ജിമെയില്‍ അക്കൗണ്ടുണ്ടെങ്കില്‍ സൗജന്യമായി ഓണ്‍ലൈനില്‍ വിഡിയോകള്‍ അപ്‌ലോഡ് ചെയ്യാന്‍ കഴിയും എന്നതായിരുന്നു യുട്യൂബിന്റെ ആരെയും ആകര്‍ഷിക്കുന്ന സവിശേഷതകളിലൊന്ന്. ഹിറ്റാകുന്ന വിഡിയോകള്‍ക്ക് യുട്യൂബ് പണം നൽകാൻ തുടങ്ങിയതോടെ യുട്യൂബിനെ മുതലാളിയായി സ്വീകരിച്ചാണ് പലരും വ്‌ളോഗര്‍മാരായത്.

 

2019 മെയ് മാസത്തെ കണക്കുകള്‍ പ്രകാരം ഓരോ മിനിറ്റിലും ലോകത്ത് പലയിടത്തു നിന്നുമായി 500 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വിഡിയോകള്‍ യുട്യൂബിലേക്ക് അപ്‌ലോഡ് ചെയ്യപ്പെടുന്നുണ്ട്. ജനപ്രീതി കൂടിയതോടെ അതിന്റെ പ്രശ്‌നങ്ങളും നിയമക്കുരുക്കും കമ്പനിക്ക് തലവേദനയായി വന്നു. ഇതിന്റെ ഭാഗമായി അവര്‍ തുടര്‍ച്ചയായി നയങ്ങള്‍ പരിഷ്‌ക്കരിച്ചു. ഈ വര്‍ഷമിത് മൂന്നാം തവണയാണ് യുട്യൂബ് തങ്ങളുടെ നയങ്ങളില്‍ മാറ്റം പ്രഖ്യാപിക്കുന്നത്.

 

കഴിഞ്ഞ സെപ്റ്റംബറില്‍ അമേരിക്കന്‍ ഫെഡറല്‍ ട്രേഡ് കമ്മിഷന്‍ 170 മില്യണ്‍ ഡോളറിന്റെ പിഴയാണ് യുട്യൂബിന്റെ മാതൃകമ്പനിയായ ഗൂഗിളിന് ചുമത്തിയത്. തങ്ങളുടെ സമ്മതമില്ലാതെ യുട്യൂബില്‍ വിഡിയോ അപ്‌ലോഡ് ചെയ്ത കുട്ടികളുടെ വിവരങ്ങള്‍ യുട്യൂബ് ശേഖരിച്ചു എന്നതായിരുന്നു മാതാപിതാക്കള്‍ നല്‍കിയ കേസ്. ഇതോടെയാണ് അവര്‍ കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്ന കാര്യങ്ങള്‍ കൂടി നയത്തില്‍ ഉള്‍പ്പെടുത്തിയത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ അവരുടെ രക്ഷാകര്‍ത്താക്കളുടെ മേല്‍ നോട്ടത്തില്‍ മാത്രമേ യുട്യൂബ് ഉപയോഗിക്കാവൂ എന്നത് അടക്കം അവര്‍ എഴുതിചേര്‍ത്തു. 

 

ഡിസംബര്‍ പത്തിന് വരുന്ന നയപരിഷ്‌കാരത്തില്‍ പ്രധാനം തങ്ങള്‍ക്ക് ലാഭകരമല്ലെന്ന് തോന്നുന്ന ഏത് അക്കൗണ്ടും പൂട്ടുമെന്ന യുട്യൂബിന്റെ പ്രഖ്യാപനമാണ്. അക്കൗണ്ടുകള്‍ പൂട്ടുന്ന കാര്യത്തില്‍ യുട്യൂബിന്റെ തീരുമാനം അന്തിമമായിരിക്കുമെന്നും വ്യക്തമാണ്. ഇതോടെ ഡിസംബര്‍ പത്തിന് ശേഷം ആര്‍ക്കെങ്കിലും അക്കൗണ്ട് നഷ്ടമായാല്‍ പരാതിപ്പെടാന്‍ പോലും അവസരം ലഭിച്ചേക്കില്ലെന്ന് ചുരുക്കം.

 

വ്‌ളോഗര്‍മാര്‍ ഒരു വരുമാനമാര്‍ഗമായാണ് യുട്യൂബിനെ കാണുന്നതെങ്കില്‍ സാധാരണ പലയൂസര്‍മാരും യുട്യൂബിനെ സൗജന്യമായി വിഡിയോ അപ്‌ലോഡ് ചെയ്ത് സൂക്ഷിക്കാവുന്ന ഇടമായാണ് കാണുന്നത്. കാര്യമായി ഹിറ്റ് ലഭിക്കുന്ന വ്‌ളോഗര്‍മാര്‍ യുട്യൂബിന്റെ പുതിയ നയം വരുമ്പോൾ രക്ഷപ്പെടാന്‍ സാധ്യതയുണ്ട്. എന്നാല്‍, വിഡിയോ സൂക്ഷിക്കാന്‍ യുട്യൂബിന്റെ 'സൗജന്യം' ഉപയോഗിക്കുന്നവരുടെ മേല്‍ തീര്‍ച്ചയായും പിടിവീഴും. എന്നാൽ ഒരു ദിവസം പെട്ടെന്ന് അക്കൗണ്ട് പൂട്ടില്ലെന്നും നിരീക്ഷണങ്ങൾക്ക് ശേഷം നിശ്ചിത സമയപരിധിക്ക് ശേഷമായിരിക്കും ഇത്തരം അക്കൗണ്ടുകൾ നീക്കം ചെയ്യുക എന്നും റിപ്പോർട്ടുകളുണ്ട്.

 

സ്വന്തം വിഡിയോകള്‍ പലരും കംപ്യൂട്ടറില്‍ പോലും സൂക്ഷിക്കാതെ യുട്യൂബിലാണ് സൂക്ഷിക്കാറ്. ഇന്റര്‍നെറ്റുണ്ടെങ്കില്‍ എപ്പോള്‍ വേണമെങ്കിലും കാണാമെന്നതും ചെലവില്ലെന്നതുമാണ് ഇങ്ങനെ ചെയ്യാന്‍ പ്രേരിപ്പിച്ചിരുന്നത്. പലരും വിഡിയോകള്‍ പ്രൈവറ്റായാണ് സൂക്ഷിക്കുക. ഇത്തരം ചാനലുകള്‍ തുടച്ചു നീക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. അപ്പോള്‍ തന്നെ സെര്‍വര്‍ സ്‌പേസിന്റെ കാര്യത്തില്‍ യുട്യൂബിന് വലിയ നേട്ടം ലഭിക്കും. 

 

സേവനം സൗജന്യമാണ് എന്നതുകൊണ്ടുതന്നെ യൂസര്‍മാര്‍ പ്രതീക്ഷിക്കുന്ന അത്രയും കാലം വിഡിയോകള്‍ സൂക്ഷിക്കാന്‍ തങ്ങള്‍ക്ക് യാതൊരു ബാധ്യതയുമില്ലെന്നു കൂടിയാണ് യുട്യൂബ് പ്രഖ്യാപിക്കുന്നത്. ആര്‍ക്കും സാമാന്യ നിയമങ്ങള്‍ക്ക് നിരക്കുന്ന എന്തും അപ്‌ലോഡ് ചെയ്യാവുന്ന പ്ലാറ്റ്‌ഫോം എന്ന നിലയില്‍ നിന്നും യുട്യൂബിന് സാമ്പത്തിക ലാഭമുള്ള നിങ്ങളുടെ വിഡിയോകള്‍ മാത്രം  സൂക്ഷിക്കാനുള്ള ഇടം എന്നതിലേക്ക് യുട്യൂബ് മാറുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com