ADVERTISEMENT

വാട്സാപ്, ഫെയ്സ്ബുക് ഉൾപ്പടെയുള്ള സോഷ്യല്‍മീഡിയകൾ ഉപേക്ഷിച്ചാല്‍ മാത്രം ജീവിതത്തിൽ പ്രത്യേകിച്ച് സന്തോഷമുണ്ടാവില്ലെന്ന് പഠനം. കന്‍സാസ് സര്‍വകലാശാലയിലെ ഗവേഷകരുടെ പഠനമാണ് സോഷ്യല്‍മീഡിയ ഉപയോഗം സംബന്ധിച്ച പല മുന്‍ധാരണകളേയും ചോദ്യം ചെയ്യുന്നത്. 

 

ബ്രിട്ടിഷ് പ്രൊഫസറായ ജെഫ്രി ഹാളിന്റെ നേതൃത്വത്തില്‍ അഞ്ച് ഗ്രൂപ്പാക്കി തിരിച്ചായിരുന്നു ആളുകളിലെ സോഷ്യല്‍മീഡിയ ഉപയോഗത്തെക്കുറിച്ച് പഠിച്ചത്. ഒരു മാസം നീണ്ട പഠനത്തില്‍ സോഷ്യല്‍മീഡിയ ഉപയോഗം അവരുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്നാണ് പ്രധാനമായും നിരീക്ഷിച്ചത്. 

 

ഒരു ഗ്രൂപ്പിനെ സാധാരണ നിലയില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിന് അനുവദിച്ചും ബാക്കിയുള്ളവരെ നാല് സംഘങ്ങളാക്കി തിരിച്ച് 7, 14, 21, 28 എന്നിങ്ങനെയുള്ള ദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ നിന്നും വിലക്കിയുമായിരുന്നു പരീക്ഷണം. ഈ സംഘങ്ങള്‍ക്ക് നിശ്ചിത ദിവസങ്ങള്‍ ഫെയ്സ്ബുക്, ഇന്‍സ്റ്റഗ്രാം, സ്‌നാപ്ചാറ്റ്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ നിന്നും വിട്ടു നില്‍ക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.

 

ഓരോ ദിവസവും ഗവേഷക സംഘം നല്‍കിയ ചെറു ചോദ്യാവലി സര്‍വേയില്‍ പങ്കെടുത്തവര്‍ പൂരിപ്പിച്ചു നല്‍കി. സ്വയം വിലയിരുത്തല്‍, ഏകാന്തത, സന്തോഷം, ജീവിതനിലവാരം തുടങ്ങി നിരവധി വിഷയങ്ങളിലൂന്നിക്കൊണ്ടുള്ള ചോദ്യങ്ങളായിരുന്നു ഓരോ ദിവസവും ചോദിച്ചത്. സര്‍വേയില്‍ പങ്കെടുത്തവര്‍ നല്‍കിയ ഉത്തരങ്ങളുടെ അടിസ്ഥാനത്തിലാണ് ഗവേഷക സംഘം സോഷ്യല്‍മീഡിയ ഉപയോഗിച്ചവരും ഉപയോഗിക്കാതിരുന്നവരും തമ്മില്‍ കാര്യമായ വ്യത്യാസമില്ലെന്ന തീരുമാനത്തിലെത്തിയത്. 

 

നേരത്തെ ഈ വര്‍ഷമാദ്യം ഓക്‌സ്‌ഫോഡ് സര്‍വകാശാലയിലെ ഗവേഷക സംഘം നടത്തിയ പഠനത്തിലും സമാനമായ രീതിയില്‍ സോഷ്യല്‍മീഡിയ കുഴപ്പക്കാരല്ലെന്ന നിഗമനത്തിലെത്തിയിരുന്നു. 12,000 കൗമാരക്കാരില്‍ നടത്തിയ ബൃഹത് സര്‍വേയായിരുന്നു അത്. ഓക്‌സ്‌ഫോഡ് പഠനപ്രകാരം കൗമാരക്കാരില്‍ 99.75 ശതമാനം പേരുടേയും ജീവിതത്തിലെ സന്തോഷവുമായി സോഷ്യല്‍മീഡിയക്ക് നേരിട്ട് ബന്ധമൊന്നുമില്ലെന്നാണ് കണ്ടെത്തിയത്. 

 

സോഷ്യല്‍മീഡിയയെ പഠനങ്ങള്‍ വെറുതേ വിടുമ്പോഴും സോഷ്യല്‍മീഡിയ നോക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ പലപ്പോഴും പ്രതിക്കൂട്ടിലാകുന്നുമുണ്ട്. സോഷ്യല്‍മീഡിയ നോക്കുന്നതിനായി ഉപയോഗിക്കുന്ന സ്മാര്‍ട് ഫോണുകളില്‍ നിന്നും ലാപ്‌ടോപുകളില്‍ നിന്നും പുറത്തേക്ക് വരുന്ന നീലവെളിച്ചം പലരെയും വലിയ തോതില്‍ ബാധിക്കാറുണ്ട്. പ്രത്യേകിച്ച് ദീര്‍ഘനേരം സ്മാര്‍ട് ഫോണുകളും ലാപ്‌ടോപും കംപ്യൂട്ടറുമെല്ലാം നോക്കിയിരിക്കുന്നവര്‍ക്ക് ഉറക്കം ലഭിക്കാന്‍ വൈകാറുണ്ട്. ഗ്ലാസ്‌ഗോ സര്‍വകലാശാലയിലെ ഗവഷേകര്‍ നടത്തിയ പഠനപ്രകാരം മൂന്ന് മണിക്കൂറില്‍ കൂടുതല്‍ സോഷ്യല്‍മീഡിയയില്‍ ചെലവിടുന്ന കൗമാരക്കാര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് കുറവ് ഉറക്കമേ ലഭിക്കുന്നുള്ളൂ എന്നാണ് കണ്ടെത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com