ADVERTISEMENT

രാജ്യത്തെ പൗരത്വ പ്രക്ഷോഭകരെ സമാധാനിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ മറുപടിയിലെ കള്ളങ്ങള്‍ പൊളിച്ചടുക്കുകയാണ് സോഷ്യല്‍ മീഡിയ. മോദിയെ അര്‍ബന്‍ നാസിയെന്ന് വിശേഷിപ്പിച്ചും പൗരത്വമില്ലാത്തവർക്കുള്ള തടവറകളുടെ ചിത്രങ്ങൾ ട്വീറ്റ് ചെയ്യുകയും ചെയ്ത് സംവിധായകന്‍ അനുരാഗ് കശ്യപ് രംഗത്തുവന്നിരുന്നു. എന്നാൽ, കഴിഞ്ഞ കുറച്ചു ദിവസമായി അനുരാഗ് കശ്യപിന് ട്വിറ്ററിൽ സംഭവിച്ചതെന്ത്? ഞെട്ടിക്കുന്നതാണ് ചില കണക്കുകൾ.

 

2014 ഡിസംബറിൽ തുടങ്ങിയ അനുരാഗ് കശ്യപിന്റെ വെരിഫൈഡ് ട്വിറ്റർ അക്കൗണ്ടിൽ 5.24 ലക്ഷം പേരാണ് ഫോളോ ചെയ്തിരുന്നത്. എന്നാൽ, പൗരത്വ ബില്ലിനെയും ബിജെപിയെയും മോദിയേയും വിമർശിക്കാൻ ട്വീറ്റർ ഉപയോഗിക്കാൻ തുടങ്ങിയതോടെ കേവലം ദിവസങ്ങൾക്കുള്ളിൽ ഫോളോ ചെയ്യുന്നവരുടെ എണ്ണം 75,000 ആയി കുത്തനെ കുറഞ്ഞു. 

 

എന്നാൽ, ഇത് സംബന്ധിച്ച് വാർത്ത വന്നതോടെ അനുരാഗ് കശ്യപിന്റെ ട്വീറ്റുകൾ‌ പ്രതിഷേധക്കാർക്കിടയിൽ വൈറലാകുകയും ഏറെ വൈകാതെ തന്നെ ഫോളോ ചെയ്യുന്നവരുടെ എണ്ണം 5.702 ലക്ഷമായി ഉയരുകയും ചെയ്തു. ചില വിമർശനങ്ങളെ തുടർന്ന് നേരത്തെ നിരവധി തവണ ട്വിറ്ററിൽ നിന്നു വിട്ടുനിന്നിരുന്ന കശ്യപ് പൗരത്വ ബില്ലിനെതിരായ പ്രതിഷേധം വന്നപ്പോഴാണ് വീണ്ടും സജീവമായത്. 

 

സി‌എ‌എയ്‌ക്കെതിരായ രാജ്യവ്യാപക പ്രതിഷേധം ശക്തിപ്പെടാൻ തുടങ്ങിയപ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലേക്ക് മടങ്ങി വന്ന കശ്യപ് ബില്ലിനെ പരസ്യമായി വിമർശിച്ചു. മോദിയെ അര്‍ബന്‍ നാസിയെന്ന് വിശേഷിപ്പിച്ചായിരുന്നു ഒരു ട്വീറ്റ്. മുസ്‍ലിംകളെ തടവില്‍ പാര്‍പ്പിക്കുമെന്നാണ് പ്രചാരണം, എവിടെയാണ് തടവറകള്‍ നിര്‍മിച്ചിട്ടുള്ളതെന്നാണ് മോദിയുടെ ചോദ്യത്തിന് മറുപടിയായി ചിത്രങ്ങൾ സഹിതമാണ് ട്വീറ്റ് ചെയ്തത്.

 

പൗരത്വ ബില്ലിനെതിരെ ശക്തമായ നിലപാടെടുത്തയാളാണ് അനുരാഗ് കശ്യപ്. തന്‍റെ ഫോളോവേഴ്‌സിനെ ട്വിറ്റര്‍ മനഃപൂര്‍വ്വം പിന്‍വലിച്ചെന്നാണ് അനുരാഗ് ആരോപിക്കുന്നത്. ഡിസംബർ 21 ന് തന്റെ നിലവിലെ ഫോളവേഴ്സിന്റെ എണ്ണം സംബന്ധിച്ചുള്ള ഒരു സ്ക്രീൻഷോട്ടും പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ അദ്ദേഹത്തെ ഒരിക്കലും അൺ ഫോളോ ചെയ്തിട്ടില്ലെന്നും ഇത് ട്വിറ്റർ മനഃപൂർവ്വം ചെയ്യുന്നതാണെന്നും പലരും അദ്ദേഹത്തിന്റെ ട്വീറ്റിന് താഴെ അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com