ADVERTISEMENT

ബ്രിട്ടനില്‍ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ഐഡബ്ല്യുഎഫ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഇന്റര്‍നെറ്റ് വാച് ഫൗണ്ടേന്‍ (Internet Watch Foundation) പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നത് കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്നതടക്കമുള്ള അശ്ലീല കണ്ടെന്റ് പ്രചരിപ്പിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് സമൂഹ മാധ്യമ വെബ്‌സൈറ്റായ ട്വിറ്ററാണെന്നാണ്. പല വെബ് പ്ലാറ്റ്‌ഫോമുകളിലും പോസ്റ്റു ചെയ്യുന്ന ഇത്തരം ഉള്ളടക്കം ട്വിറ്ററില്‍ പങ്കുവയ്ക്കപ്പെടുകയാണ് ചെയ്യുന്നതെന്ന് പഠനം പറയുന്നു. ഇത്തരത്തില്‍ പ്രചരിക്കപ്പെടുന്ന കണ്ടെന്റില്‍ 49 ശതമാനവും ട്വിറ്ററിലൂടെയാണെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷമായി സമൂഹ മാധ്യമങ്ങളിലും സേര്‍ച് എൻജിനുകളിലും ക്ലൗഡ് സേവനങ്ങളിലും കണ്ട ഫോട്ടോകള്‍, വിഡിയോ, യുആര്‍എല്‍ ലിങ്കുകള്‍ തുടങ്ങിയവ പരിശോധിച്ചപ്പോള്‍ ലഭിച്ചത് 2,835 ഇത്തരം സംഭവങ്ങളാണ്. ഇവയില്‍ 1,396 എണ്ണവും ട്വിറ്ററിലൂടെയാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നതെന്നാണ് കണ്ടെത്തല്‍.

 

സംഖ്യ പറയുന്നതല്ല സത്യം

 

എന്നാല്‍, ഇത് 1,396 ചിത്രങ്ങളോ, വിഡിയോയോ പങ്കുവയ്ക്കപ്പെട്ടു എന്നല്ല കാണിച്ചുതരുന്നത്. മറിച്ച് ഈ യൂആര്‍എല്‍ ലിങ്കുകളിലൂടെ അവ പോസ്റ്റു ചെയ്യപ്പെട്ടിരിക്കുന്ന വെബ്‌സൈറ്റുകളിലേക്ക് കടക്കുമ്പോള്‍ തുറന്നുകിട്ടുക ഇത്തരം വിഡിയോകളുടെയും മറ്റും കുത്തൊഴുക്കായിരിക്കുമെന്നാണ് കുട്ടികളുടെ സുരക്ഷയ്ക്കായി പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. പലതും കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്ന ചിത്രങ്ങളും വിഡിയോകളും മാത്രം പോസ്റ്റു ചെയ്യുന്ന വെബ്‌സൈറ്റുകളിലേക്ക് നയിക്കുന്നു. കൂടാതെ ഇപ്പോള്‍ ഐഡബ്ല്യുഎഫ് പുറത്തുവിട്ട റിപ്പോര്‍ട്ട് മനുഷ്യർ കണ്ടെത്തിയ ഇത്തരം സംഭവങ്ങളെക്കുറിച്ചു മാത്രമാണ് പറയുന്നത്. സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു സ്‌കാന്‍ ചെയ്തു ലഭിച്ച ഫലങ്ങളും കൂടെ ഉള്‍ക്കൊള്ളിക്കുകയാണെങ്കില്‍ സംഖ്യ പല മടങ്ങു കൂടുതലായിരിക്കുമത്രെ.

 

ട്വിറ്റര്‍ മാത്രമല്ല ഉത്തരവാദി

 

പ്രതിഷേധാര്‍ഹമായ ഉള്ളടക്കം എവിടെ പോസ്റ്റ് ചെയ്യപ്പെട്ടു എന്നറിഞ്ഞതുകൊണ്ട് മാത്രം ഒരു ഗുണവുമില്ല എന്നാണ് ഐഡബ്ല്യുഎഫ് പറയുന്നത്. ഇവയുടെ ഉറവിടം കണ്ടെത്തുകയാണ് കുട്ടികളുടെ സുരക്ഷയ്ക്കായി ചെയ്യേണ്ട കാര്യമെന്ന് അവര്‍ പറയുന്നു. ഓണ്‍ലൈനായി പോസ്റ്റു ചെയ്യപ്പെടുന്ന ഇത്തരം ഫോട്ടോകളും വിഡിയോകളും ലിങ്കുകളുമൊക്കെ കണ്ടെത്തുക എന്ന ദൗത്യമാണ് ഐഡബ്ല്യുഎഫ് ഏറ്റെടുത്തിരിക്കുന്നത്. എല്ലാ സമൂഹ മാധ്യമ വെബ്സൈറ്റുകള്‍ക്കും ഇങ്ങനെ പോസ്റ്റു ചെയ്യുന്ന കണ്ടെന്റ് കണ്ടെത്താനും നീക്കം ചെയ്യാനും സംവിധാനങ്ങളുണ്ട്. ഇവ കണ്ടെത്താനായി അവര്‍ വിവിധതരം ഫില്‍റ്ററുകള്‍ വച്ചിരിക്കുന്നതു കൂടാതെ ഉദ്യോഗസ്ഥരെയും നിയമിച്ചിരിക്കുന്നു. എന്നാല്‍, ഐഡബ്ല്യുഎഫ് നിയമവിരുദ്ധമായ എന്തെങ്കിലും കണ്ടെത്തിയെന്നു പറഞ്ഞാല്‍ അത്, സമൂഹ മാധ്യമ വെബ്സൈറ്റുകളുടെ നിയന്ത്രണങ്ങള്‍ ഭേദിച്ച് ആര്‍ക്കും ലഭിക്കുന്ന രീതിയില്‍ പ്രചരിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. എന്നാല്‍, ഓര്‍ക്കേണ്ട മറ്റൊരു കാര്യം എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപഷനുള്ള വാട്‌സാപ് തുടങ്ങിയ സന്ദേശം കൈമാറല്‍ സംവിധാനത്തില്‍ എന്താണ് നടക്കുന്നതെന്നു മനസ്സിലാക്കാനുള്ള കഴിവ് ഐഡബ്ല്യുഎഫിന് ഇല്ല.

 

ഐഡബ്ല്യുഎഫിന്റെ കണക്കു പ്രകാരം 2018ല്‍ പോസ്റ്റു ചെയ്യപ്പെട്ടതില്‍ 1 ശതമാനത്തില്‍ താഴെ കുട്ടികളെ ഉപദ്രവിക്കുന്ന കണ്ടെന്റ് മാത്രമാണ് സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ഇത്തരം കണ്ടെന്റില്‍ 82 ശതമാനവും ഇതിനായി സൃഷ്ടിക്കപ്പെട്ട വെബ്‌സൈറ്റുകളില്‍ മാത്രമാണ് ലഭ്യമാക്കിയിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട കണ്ടെന്റിന് കുറവുവന്നിട്ടുണ്ടെങ്കിലും ഇത്തരം കണ്ടെന്റ് പ്രചരിക്കാതിരിക്കുന്നു എന്നുറപ്പാക്കാന്‍ കാര്യമായി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു എന്നാണ് ഐഡബ്ല്യുഎഫ് പറയുന്നത്. അവരുടെ കണക്കുപ്രകാരം, ഇത്തരം കണ്ടെന്റ് 2016ല്‍ ട്വിറ്ററിലൂടെ പ്രചരിച്ചത് ഏകദേശം 59 ശതമാനമാണ്. 2017ല്‍ ഇത് 52 ശതമാനമാണ്.

 

എന്നാല്‍, സമൂഹ മാധ്യമങ്ങളില്‍ ഇങ്ങനെ പോസ്റ്റ് ചെയ്യപ്പെടുന്ന കണ്ടെന്റിന്റെ എണ്ണം വല്ലാതെ കൂടുകയാണ് ചെയ്യുന്നതെന്നത് ഗൗരവകരമാണെന്നും പറയുന്നു. ഐഡബ്ല്യുഎഫ് 2016ല്‍ ഇത്തരം 742 സംഭവങ്ങളാണ് കണ്ടെത്തിയതെങ്കില്‍, 2017ലും 2018ലും അത് യഥാക്രമം 1016, 1077 ആയി വര്‍ധിച്ചു. എന്നുപറഞ്ഞാല്‍, ഇത്തരം കണ്ടെന്റ് പ്രചരിപ്പിക്കാന്‍ സമൂഹ മാധ്യമങ്ങളെ ഉപയോഗിക്കുന്നത് വര്‍ധിച്ചുവരുന്നു എന്നാണ്. ട്വിറ്ററിനെ കൂടാതെ, ഗൂഗിള്‍, ഫെയ്‌സ്ബുക്, ബിങ് തുടങ്ങിയ പ്രചാരം നേടിയ വെബ്‌സൈറ്റുകളെല്ലാം ഇതിനായി ഉപയോഗിക്കപ്പെടുന്നുണ്ട്.

 

ഐഡബ്ല്യുഎഫിന്റെ ഇടപെടല്‍

 

തങ്ങള്‍ കുട്ടികളെ ഉപദ്രവിക്കുന്നതു കാണിക്കുന്ന ദശലക്ഷക്കണക്കിനു ചിത്രങ്ങളും വിഡിയോകളും ലിങ്കുകളും കണ്ടെത്തുകയും അവ നീക്കം ചെയ്യാനായി വെബ്‌സൈറ്റ് നടത്തിപ്പുകാരോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് ഐഡബ്ല്യുഎഫ് മേധാവി സൂസി ഹാര്‍ഗ്രീവ്‌സ് പറഞ്ഞു. കുട്ടികള്‍ക്ക് ജീവിതകാലം മുഴുവന്‍ ഇതൊരു ബാധ്യതയാകുമായിരുന്നു. തങ്ങള്‍ ചെയ്യുന്ന ജോലിയില്‍ അഭിമാനിക്കുന്നുവെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം മാത്രം അവര്‍ കണ്ടെത്തിയത് 105,047 യുആര്‍എല്‍ ലിങ്കുകളാണ്.

 

കുട്ടികളുടെ ക്ഷേമത്തിനായി ബ്രിട്ടനില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയായ എന്‍എസ്പിസിസി പറയുന്നത് തുറന്ന പ്ലാറ്റ്‌ഫോമുകളില്‍ തന്നെ ഇത്തരം കണ്ടെന്റ് ലഭ്യമാക്കുന്നു എന്നത് ഈ കുറ്റകൃത്യത്തിന്റെ വ്യാപ്തി വെളിവാക്കുന്നു എന്നാണ്. സർക്കാരും മറ്റു നിയന്ത്രണ ഏജന്‍സികളും അടിയന്തരമായി ഈ പ്രശ്‌നത്തില്‍ ഇടപെടണെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com