ADVERTISEMENT

എല്ലായിടത്തും സ്ഥാപിച്ചിരിക്കുന്ന സിസിടിവികളെ പേടിച്ച് മുഖംമൂടി ആക്രമണങ്ങളാണ് കൂടുതല്‍ സുരക്ഷിതമെന്നു കരുതുന്നവരുടെ എണ്ണം കൂടുകയാണിപ്പോള്‍. ജെഎന്‍യു ക്യംപസിനുള്ളില്‍ അഴിഞ്ഞാടിയ മുഖംമൂടിയണിഞ്ഞ അക്രമികളിൽ ആരുടെയും മുഖം ടിവി ചാനലുകളിലും പത്രങ്ങളിലും വന്നില്ല എന്നത് ആക്രമണത്തിനു പിന്നിലുള്ളവര്‍ക്ക് ആശ്വസിക്കാനിട നല്‍കുന്നുവെന്നു തോന്നിപ്പിച്ചിരുന്നു. എന്നാൽ ഈ സമയത്താണ് ഒരു ദേശീയ മാധ്യമം വാട്‌സാപ്പില്‍ പ്രചരിച്ച 'ദേശവിരുദ്ധരെ പ്രഹരിക്കുക' ('thrash the anti-nationals') എന്ന സന്ദേശം ചില ഗ്രൂപ്പുകളില്‍ കണ്ടെത്തിയത്.

ഈ സന്ദേശം പ്രചരിപ്പിച്ച ആറു മൊബൈല്‍ നമ്പറുകളുടെ ഉടമകളുമായി പത്രപ്രതിനിധികള്‍ സംസാരിക്കുകയുമുണ്ടായി. ആറില്‍ മൂന്നു പേര്‍ പറഞ്ഞത് ആരോ തങ്ങളുടെ മൊബൈല്‍ നമ്പര്‍ ദുരുപോയോഗം ചെയ്ത് ഈ സന്ദേശങ്ങള്‍ പോസ്റ്റു ചെയ്യുകയായിരുന്നുവെന്നാണ്. വേറൊരാള്‍ പറഞ്ഞത് തന്റെ ഒരു കൂട്ടുകാരനാണ് സന്ദേശം പോസറ്റു ചെയ്തത് എന്നാണ്. മറ്റൊരാള്‍ പറഞ്ഞത് താന്‍ ജെഎന്‍യു വിദ്യാര്‍ത്ഥിയാണ്. സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസില്‍ പിഎച്ഡി ചെയ്യുന്നു. ഞാന്‍ എബിവിപിക്കാരനാണ്. പത്രപ്രവര്‍ത്തകര്‍ ജെഎന്‍യുവിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിക്കുന്നു, എന്നാണ്. ഇതു പറഞ്ഞ് മണിക്കൂറുകള്‍ക്കു ശേഷം ഈ വിദ്യാര്‍ത്ഥി തന്റെ അഭിപ്രായത്തില്‍ ചില മാറ്റങ്ങള്‍ വരുത്തി. ഞാന്‍ ജെഎന്‍യുവില്‍ പഠിക്കുന്നു. പക്ഷെ, ആ സന്ദേശം ഞാനല്ല പോസ്റ്റ് ചെയ്തത്. ആരോ എന്റെ നമ്പര്‍ ദുരുപയോഗം ചെയ്യുകയായിരുന്നു, എന്നാണ് പിന്നിട് നിലപാടെടുത്തത്.

'ലെഫ്റ്റ് ടെറര്‍ ഡൗണ്‍ ഡൗണ്‍' ('Left Terror Down Down') എന്ന ഗ്രൂപ്പില്‍ പോസ്റ്റു ചെയ്ത ഒരു സന്ദേശം പറയുന്നത് ഞങ്ങള്‍ക്ക് ജെഎന്‍യുവില്‍ ദേശവിരുദ്ധരെ ആക്രമിക്കുക എന്നത് ഭയങ്കര രസമായിരുന്നു ('We have so much fun at JNU. Maza aa gaya. In saalon ko deshdrohiyoko maarke.') എന്നാണ്. അയാളോട് അന്വേഷിച്ചപ്പോള്‍ പറഞ്ഞത് ഹരിയാനയില്‍ നിന്നുളള വിദ്യാര്‍ത്ഥിയാണെന്നും, തന്റെ ഒരു സുഹൃത്താണ് ഈ പോസ്റ്റിട്ടതെന്നും എന്നാണ്. തനിക്ക് രാഷ്ട്രീയമേ അറിയില്ലെന്നും സുഹൃത്തുമായി ഇതിന്റെ പേരിൽ വഴക്കിട്ടെന്നും വിദ്യാർഥി പറഞ്ഞു. ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ ദേശവിരുദ്ധരാണോയെന്ന് അറിയില്ലെന്നും ഈ വിദ്യാർഥി കൂട്ടിചേർക്കുന്നു.

'saalon ko hostel mai ghuske tode' എന്ന പോസ്റ്റിട്ടയാള്‍ പറഞ്ഞതിങ്ങനെ: "ഞാൻ നോയിഡയില്‍ താമസിക്കുന്നു. ആരാണ് നിങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍ നല്‍കിയത്" ഇത്രയും ചോദിച്ച് ഫോണ്‍ കട്ടു ചെയ്തു. ഇടതന്‍മാര്‍ക്കെതിരെയുള്ള സഖ്യം ('Unity Against Left') എന്ന ഗ്രൂപ്പില്‍ പോസ്റ്റിട്ട ഒരാള്‍ ഗ്രൂപ്പിന്റെ പേര് 'Sanghi goons murdabad' എന്നാക്കിയ ശേഷം ഗ്രൂപ്പ് വിട്ടു. ഇയാള്‍ പറഞ്ഞത് താന്‍ കേരളത്തില്‍ നിന്നുള്ളയാളാണ് എന്നാണ്. ആരോ എന്നെ ഈ ഗ്രൂപ്പില്‍ പിടിച്ചിട്ടതാണ്. ഞാന്‍ എബിവിപിയെ അത്രമേല്‍ വെറുക്കുന്നു. എനിക്ക് ആക്രമ സംഭവങ്ങളുമായി യാതൊരു ബന്ധവുമില്ല. ഞാനാണ് ഗ്രൂപ്പിന്റെ പേര് മാറ്റിയത് എന്നാണ്. തങ്ങള്‍ക്ക് ഈ അക്രമവുമായി യാതൊരു ബന്ധവുമില്ല എന്ന് എബിവിപി അറിയച്ചിട്ടുണ്ട്.

വാട്‌സാപ് സന്ദേശങ്ങളടക്കമുള്ള സാമൂഹ്യ മാധ്യമ പോസ്റ്റുകളും ഫോണ്‍ കോളുകളും മറ്റും ചുവടുപിടിച്ച് അന്വേഷണം നടത്തിയാല്‍ യഥാര്‍ത്ഥ പ്രതികള്‍ വലയിലാകുമോ എന്നതാണ് അറിയാനിരിക്കുന്നത്. നൂറോളം പേരാണ് അക്രമം നടത്തിയതെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി. ഇത്രയധികം പേരെ ഒരുമിച്ചു കൂട്ടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതിനാല്‍ തന്നെ ആളുകളെ ഒരുമിപ്പിക്കാനായി നടത്തിയ ശ്രമത്തിന്റെ ഭാഗമായി പല സന്ദേശങ്ങളും കോളുകളും ലഭിക്കാവുന്നതാണ്. ഭയചകിതരായ അധ്യാപകരും വിദ്യാര്‍ത്ഥികളും സഹായത്തിനായി ഉറക്കെ നിലവിളിച്ചെങ്കിലും പൊലീസ് അനങ്ങിയില്ല എന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അക്രമത്തിനിരയായവരില്‍ 22 പേര്‍ വിദ്യാര്‍ത്ഥികളാണ്. രണ്ട് അധ്യാപകരും രണ്ട് ഗാര്‍ഡുകളും പരിക്കേറ്റവരുടെ പട്ടികയിലുണ്ട്.

വൈകീട്ട് 6.30നു തുടങ്ങിയ അക്രമം 7.30 വരെ നീണ്ടു. അതിനു ശേഷമാണ് പൊലീസ് എത്തുന്നതത്രെ. ഞായറാഴ്ച രാത്രിയില്‍ 700 പൊലീസുകാര്‍ ക്യാംപസിനുളളില്‍ ഉണ്ട്.

English Summary: Will Whatapp Betray The JNU Attacker

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com