sections
MORE

ഡീപ്‌ഫെയ്ക് ഫെയ്‌സ്ബുക് നിരോധിച്ചു; മറ്റു സൈറ്റുകളില്‍ വ്യാജ അശ്ലീല വിഡിയോ തുടരും

fake-video
SHARE

ഡീപ്‌ഫെയ്ക് വിഡിയോകള്‍ ഇന്റര്‍നെറ്റിന്റെ പേടിസ്വപ്‌നമാണ്. ഇത്തരത്തില്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ആരെക്കുറിച്ചുമുളള വ്യജ വിഡിയോകള്‍ സൃഷ്ടിക്കാമെന്നത് ലോകത്തെ ഭയപ്പെടുത്തുന്നു. കുടുംബ ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്താനും കലാപത്തിനു വഴിവയ്ക്കാനുമൊക്കെ ഇത്തരം വിഡിയോകള്‍ ഉപയോഗിച്ചേക്കാമെന്നതാണ് ഇതിനു കാരണം. 

ഡീപ്‌ഫെയ്ക് വിഡിയോകളും അതിവേഗം പ്രചരിപ്പിക്കണമെങ്കില്‍ അതിന് ഫെയ്‌സ്ബുക്കും യുട്യൂബും പോലെയുള്ള പ്ലാറ്റ്‌ഫോമുകളുടെ സഹായം ആവശ്യമാണ്. വിപത്ത് മുന്നില്‍ക്കണ്ട് ഡീപ്‌ഫെയ്ക് വിഡിയോ ഫെയ്‌സ്ബുക്കിലൊ ഇന്‍സ്റ്റഗ്രാമിലോ അപ്‌ലോഡ് ചെയ്യുന്നത് നിരോധിച്ചിരിക്കുകയാണ് മാര്‍ക് സക്കര്‍ബര്‍ഗിന്റെ കമ്പനി. ഫെയ്‌സ്ബുക്കിന്റെ തീരുമാനം പരക്കെ സ്വാഗതം ചെയ്യപ്പെട്ടെങ്കിലും കമ്പനി മറ്റു പലതും കൂടുതലായി ചെയ്യേണ്ടിയിരിക്കുന്നു എന്നാണ് വ്യാജപ്രചരണങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ ആഗ്രഹിക്കുന്നവർ പറയുന്നത്.

ഉദാഹരണത്തിന് ആരുടെയെങ്കിലും ഹാസ്യാനുകരണമായോ, ആക്ഷേപഹാസ്യമായോ സൃഷ്ടിക്കപ്പെടുന്ന വിഡിയോകള്‍ പോസ്റ്റു ചെയ്യാന്‍ വിലക്കില്ലെന്നാണ് കമ്പനി പറയുന്നത്. അതും പോരെങ്കില്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ മികവില്ലാത്ത ഏതെങ്കിലും സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു സൃഷ്ടിച്ച വിഡിയോയും സ്വീകാര്യമാണെന്നും കമ്പനി പറയുന്നു. നല്ലൊരു നയമാണിത്. തിരിച്ചറിയാന്‍ സാധിക്കാത്ത വിധം എഐയുടെ സഹായത്തോടെ പുറത്തിറക്കുന്ന വിഡിയോ വന്‍ വെല്ലുവിളി തന്നെയാണെന്നാണ് വിറ്റ്‌നസ് എന്ന സംഘടനയുടെ പ്രോഗ്രാം ഡയറക്ടറായ സാം ഗ്രിഗറി പറഞ്ഞത്. പുതിയ നയം രൂപീകരണത്തില്‍ ഫെയ്‌സ്ബുക്കിന്റെ ഉപദേഷ്ടാക്കളില്‍ ഒരാളായിരുന്നു സാം.

ഡീപ്‌ഫെയ്ക് വിഡിയോയ്ക്ക് എതിരെയുള്ള യുദ്ധം മാത്രം പോര. വ്യാജവും, വികാരം ആളിക്കത്തിക്കുന്നതുമായുള്ള വിഡിയോകളും അതിവേഗം എടുത്തുമാറ്റാനും ഫെയ്‌സ്ബുക് ശ്രദ്ധിക്കണമെന്നാണ് സാം പറയുന്നത്. ഇതു കൂടാതെ, ഒരു വിഡിയോ വ്യാജമാണോ എന്ന് ഉപയോക്താക്കള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും അറിയാനുള്ള വ്യക്തമായ സൂചനകളും ഇതിനൊപ്പം നല്‍കണമെന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ട്. ആക്ഷേപഹാസ്യമൊക്കെ ആകാമെന്നു പറയുക വഴി ഡീപ്‌ഫെയ്ക് വിഡിയോകള്‍ ഓണ്‍ലൈനില്‍ തുടരും. അത്തരത്തിലൊരു വിഡിയോ ഫെയ്‌സ്ബുക് മേധാവി സക്കര്‍ബര്‍ഗിന്റെത് തന്നെയാണ്. ഈ വ്യാജ വിഡിയോയില്‍ അദ്ദേഹം അധികാരത്തെക്കുറിച്ചു സംസാരിക്കുന്നതായാണ് കാണിക്കുന്നത്. ഈ വിഡിയോ തങ്ങളുടെ നയത്തിന്റെ പരിധിക്കുള്ളില്‍ വരുന്നതാണെന്നും എടുത്തുമാറ്റേണ്ട കാര്യമില്ലെന്നുമാണ് കമ്പനിയുടെ നിലപാട്. അമേരിക്കന്‍ സ്പീക്കര്‍ നാന്‍സി പെലോസിയുടെ വ്യാജ വിഡിയോയും പുതിയ നയം വരുമ്പോഴും ഫെയ്‌സ്ബുക്കില്‍ തുടരും. എന്നാല്‍, വിഡിയോയ്ക്ക് ഒപ്പം അത് വ്യാജമാണെന്ന് എഴുതിയിട്ടുണ്ടെന്ന് ഫെയ്‌സ്ബുക് ഉദ്യോഗസ്ഥന്‍ അറിയിച്ചു. എന്നാല്‍, പെലോസിയുടെ വക്താവ് കമ്പനി ഇത് എടുത്തു മാറ്റാത്തതിനെ വിമര്‍ശിച്ചു. ഫെയ്‌സ്ബുക് പറയാന്‍ ശ്രമിക്കുന്നത് വിഡിയോ എഡിറ്റിങ് ടെക്‌നോളജിയാണ് പ്രശ്‌നമെന്നാണ്. അപ്പോഴും വ്യാജ വാര്‍ത്ത പ്രചരിപ്പിക്കാതിരിക്കാന്‍ ഫെയ്‌സ്ബുക്കിനാകുന്നുമില്ല.

സമൂഹ മാധ്യമങ്ങളില്‍ 2020ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യജ വിഡിയോയുടെ പ്രളയം തന്നെ ഉണ്ടായേക്കുമെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഭയപ്പെടുന്നത്. ഇത്തരം വിഡിയോ സൃഷ്ടാക്കള്‍ക്ക് അഴിഞ്ഞാടാനുള്ള സുവര്‍ണ്ണാവസരമാണ് വരുന്നതെന്ന് പിന്‍ഡ്രോപ് എന്ന സുരക്ഷാ കമ്പനിയുടെ മേധാവി വിജയ് ബാലസുബ്രമണ്യന്‍ പറഞ്ഞു. ഇതിനെതിരയെുള്ള ഏതൊരു നീക്കവും സ്വാഗതാര്‍ഹമാണ്. എന്നാല്‍, ഫെയ്‌സ്ബുക്കിന്റെ നീക്കത്തിന്റെ പരിധി ഇത്രമാത്രം കുറച്ചിരിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഫെയ്‌സ്ബുക് കൂടുതല്‍ കടുത്ത നടപടികള്‍ സ്വീകരിക്കണമെന്ന് വാദിക്കുന്നവരുടെ എണ്ണം കൂടുകയാണെങ്കിലും ഓണ്‍ലൈനിലെ വ്യാജപ്രചാരണങ്ങള്‍ക്കെതിരെയുള്ള നീക്കം വളരെ നല്ല തുടക്കമാണെന്നാണ് ചിലര്‍ പറയുന്നത്. ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ നിയമ വിഭാഗം പ്രൊഫസറായ ഡാനിയെലെ ക്രൈറ്റണ്‍ പറയുന്നത് ഫെയ്‌സ്ബുക്കിന്റെ നീക്കം നല്ലാതാണെന്നാണ്. പക്ഷേ, ഭാവിയില്‍ തെറ്റിധരിപ്പിക്കുന്ന വിഡിയോകള്‍ക്കെതിരെ കൂടുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് അവരും പറയുന്നത്. ചെയ്യാത്ത പ്രവൃത്തികള്‍ ഒരാളുടെ തലയില്‍ വച്ചുകെട്ടാന്‍ ഡിപ്‌ഫെയ്ക്കിലൂടെ സാധിക്കുന്നു. ലൈംഗിക വിഡിയോകളുടെ കാര്യം ഓര്‍ത്തു നോക്കൂ എന്നാണ് അവര്‍ പറഞ്ഞത്. ഡീപ് ഫെയ്ക് സെക്‌സ് വിഡിയോകള്‍ സൃഷ്ടിക്കാന്‍ സ്ത്രീകളുടെ മുഖം ഏതെങ്കിലും പോണ്‍ നടിയുടെ ഉടലിനോട് ചേര്‍ക്കുകയാണ് ചെയ്യുന്നത്. ഇതിന് പോണ്‍ നടികളുടെ സമ്മതവും വാങ്ങുന്നില്ല. ഡീഫ്‌ഫെയ്ക് അല്ലാതെ, ഷാലോഫെയ്ക് (അത്ര ആഴത്തിലല്ലാതെയുള്ള വ്യാജ വിഡിയോ) വിഡിയോയ്‌ക്കെതിരെയും ഫെയ്‌സ്ബുക് തിരിയണമെന്നാണ് പൊതുവെയുള്ള വാദം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
FROM ONMANORAMA