ADVERTISEMENT

കോടിക്കണക്കിനു സ്മാർട് ഫോണുകളില്‍ തങ്ങളുടെ സേവനം വാട്‌സാപ് അവസാനിപ്പിക്കുന്നു. അടുത്ത മാസങ്ങളിൽ തന്നെ പഴയ ഒഎസുകളിൽ പ്രവർത്തിക്കുന്ന കൂടുതൽ ഫോണുകളിൽ നിന്ന് വാട്സാപ് സേവനം ഉപേക്ഷിക്കുമെന്നാണ് അറിയുന്നത്. ആപ്പിളിന്റെ ഐഒഎസ് 8, അതിനു മുൻപിറങ്ങിയ ഒഎസുകളിൽ പ്രവർത്തിക്കുന്ന ഫോണുകളിലൊന്നും 2020 ഫെബ്രുവരി‍ 1 മുതൽ വാട്സാപ് കിട്ടില്ല. നിരവധി ഐഫോണുകളും ആന്‍ഡ്രോയിഡ് മൊബൈലുകളും ഈ പട്ടികയില്‍ പെടും. ആൻഡ്രോയിൽ 2.3.7 നും അതിനു മുൻപുമുളള ഒഎസുകളിൽ പ്രവർത്തിക്കുന്ന ഫോണുകളെയും വാട്സാപ് ഉപേക്ഷിക്കുകയാണ്.

 

കാലഹരണപ്പെട്ട സ്മാര്‍ട് ഫോണുകള്‍ മാറ്റി പുതിയത് വാങ്ങാൻ വാട്‌സാപ് നേരത്തെ തന്നെ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. ഈ ഒഎസുകളിൽ പ്രവർത്തിക്കുന്ന ഫോണുകളിൽ നേരത്തെ തന്നെ പുതിയ വാട്സാപ് അക്കൗണ്ട് തുടങ്ങാൻ അനുവദിച്ചിരുന്നില്ല. നിലവിൽ അക്കൗണ്ടുകൾ റീ വെരിഫൈ ചെയ്യാനും സാധിക്കില്ല. 

 

2019 ഡിസംബർ 31 ന് തന്നെ എല്ലാ വിൻഡോസ് ഫോണുകളിൽ നിന്നും വാട്സാപ് വിടപറഞ്ഞിരുന്നു. വിൻഡോസ് 10 ൽ പ്രവർത്തിക്കുന്ന ഫോണുകളിൽ ഇപ്പോൾ വാട്സാപ് ലഭിക്കുന്നില്ല. 2016 ആദ്യത്തിലാണ് വാട്‌സാപ് പഴയ ഫോണുകളിലെ സേവനം അവസാനിപ്പിച്ച് തുടങ്ങിയത്. വാട്സാപ്പിൽ പുതിയ സൗകര്യങ്ങൾ കൊണ്ടുവരുന്നതിന്റെയും സുരക്ഷ കൂട്ടുന്നതിന്റെയും ഭാഗമായാണിത്. പഴയ ഫോണുകളുള്ളവർക്കു തുടർന്നും വാട്സാപ് വേണമെങ്കിൽ പുതിയ ഫോൺ വാങ്ങാതെ നിവൃത്തിയില്ലെന്നും കമ്പനി വ്യക്തമാക്കി.

 

പഴയ മോഡല്‍ കൈവശമുള്ളവര്‍ എത്രയും പെട്ടെന്ന് പുതിയ മോഡല്‍ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാനാണ് വാട്‌സാപ് എൻജിനീയര്‍മാര്‍ നല്‍കുന്ന നിര്‍ദ്ദേശം. ഔദ്യോഗിക ബ്ലോഗിലാണ് വാട്‌സാപ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2009ല്‍ ആരംഭിച്ച വാട്‌സാപ് നിരവധി പുതിയ ഫീച്ചറുകളാണ് പരീക്ഷിക്കുന്നത്. ഇതെല്ലാം പഴയ ഒഎസുകളിൽ പ്രവർത്തിക്കില്ല. 

 

വാട്‌സാപ്പ് തുടങ്ങിയപ്പോള്‍ ആപ്പിള്‍ ആപ്പ് സ്റ്റോറിന് മാസങ്ങള്‍ മാത്രമേ പ്രായമായിരുന്നുള്ളൂ. അന്ന് 70 ശതമാനത്തോളം സ്മാര്‍ട് ഫോണുകളും ബ്ലാക്ക്‌ബെറി, നോകിയ തുടങ്ങിയവയുടേതായിരുന്നു. എന്നാല്‍ ഇന്ന് 99.5 മൊബൈല്‍ ഫോണുകളും പ്രവര്‍ത്തിക്കുന്നത് ഗൂഗിള്‍, ആപ്പിള്‍, മൈക്രോസോഫ്റ്റ് എന്നിവയുടെ പ്ലാറ്റ്‌ഫോമിലാണ്. അന്ന് ഈ കമ്പനികള്‍ക്ക് 25 ശതമാനം പോലും വിപണിയില്‍ സ്വാധീനമുണ്ടായിരുന്നില്ല. കാലത്തിന് അനുസരിച്ചുള്ള മാറ്റമാണ് തങ്ങള്‍ നടത്തുന്നതെന്നാണ് വാട്‌സാപ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com