ADVERTISEMENT

സ്വകാര്യ ചാറ്റുകളിൽ ഒളിഞ്ഞുനോക്കാൻ പെഗാസസ് എന്ന സോഫ്റ്റ്വെയർ ഉപയോഗിച്ച സമീപകാല സൈബർ സുരക്ഷാ വീഴ്ചയുടെ പശ്ചാത്തലത്തിൽ, കേന്ദ്ര സർക്കാർ വാട്സാപ്പിന് പകരമായി ഒരു ബദൽ നിർമ്മിക്കുകയാണ്. മെച്ചപ്പെട്ട രഹസ്യാത്മകതയും സുരക്ഷയും നടപ്പിലാക്കുന്നതിനായി സർക്കാർ ജീവനക്കാർ തമ്മിലുള്ള ഔദ്യോഗിക ആശയവിനിമയത്തിനായി ഒരു തൽക്ഷണ സന്ദേശമയയ്‌ക്കൽ പ്ലാറ്റ്‌ഫോമിൽ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് പറയപ്പെടുന്നു. പ്ലാറ്റ്‌ഫോമിനെ ജിംസ് എന്നാണ് വിളിക്കുന്നത്.

 

ഔദ്യോഗിക കാര്യങ്ങള്‍ കൈമാറാന്‍ ഇപ്പോഴും സ്വകാര്യ കമ്പനികളുടെ ആപ്പുകളും സേവനങ്ങളുമാണ് സർക്കാർ ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്നത്. ഇതിന് അറുതി വരുത്താനായി പുതിയ ആപ് ടെസ്റ്റിങ് നടത്തിക്കൊണ്ടിരിക്കുകയാണ്. ഗവണ്‍മെന്റ് മെസേജിങ് സിസ്റ്റം അഥവാ ജിംസ് എന്നാണ് ഈ ആപ്പിന്റെ കോഡ് നാമം. വാട്‌സാപ്, ടെലിഗ്രാം തുടങ്ങിയ ജനപ്രിയ ആപ്പുകളുടെ മാതൃകയിലായിരിക്കും പുതിയ ആപ്പിന്റെ സൃഷ്ടി. ഒഡിഷ അടക്കം ഏതാനും സംസ്ഥാനങ്ങളില്‍ ആപ്പിന്റെ പൈലറ്റ് ടെസ്റ്റിങ് നടക്കുകയാണ്.

 

നാഷണല്‍ ഇന്‍ഫൊര്‍മാറ്റിക് സെന്റര്‍ അഥവാ എന്‍ഐസിയുടെ കേരളത്തിലെ വിഭാഗമാണ് ആപ്പിന്റെ നിര്‍മാണ മേല്‍നോട്ടം വഹിക്കുന്നത്. കേന്ദ്ര-സംസ്ഥാന ജീവനക്കാര്‍ സ്വന്തം ഡിപ്പാര്‍ട്ട്‌മെന്റിലേക്കും മറ്റു ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്കും ഇതുപയോഗിച്ചായിരിക്കും സന്ദേശങ്ങള്‍ കൈമാറുക. വിദേശത്തു നിന്നു വരുന്ന ആപ്പുകള്‍ നിശ്ചയമായും സ്വകാര്യതയ്ക്ക് ഭീഷണിയാണ് എന്നതാണ് ഈ രീതിയില്‍ ചിന്തിക്കാന്‍ സർക്കാരിനെ പ്രേരിപ്പിച്ചിരിക്കുന്നത്. വാട്‌സാപ്പിന്റെയും മറ്റും രീതിയില്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷനും ഇണക്കിയായിരിക്കും ആപ് ഉദ്യോഗസ്ഥരുടെ കൈകളില്‍ എത്തുക.

 

ചില ഇന്ത്യന്‍ ഉപയോക്താക്കളുടെ വാടാസാപ് അക്കൗണ്ടുകൾ പെഗാസസ് എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ചോർത്തിയെന്ന വാര്‍ത്ത വന്നതിനു ശേഷമാണ് സ്വന്തം ആപ് എന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ കൂടുതല്‍ ഉത്സാഹം കാണിക്കുന്നത്. സ്വന്തമായി നിര്‍മിക്കുന്ന ആപ് ആയതിനാല്‍ ജിംസ് കൂടുതല്‍ സുരക്ഷിതമായിരിക്കുമെന്നാണ് കരുതുന്നത്. ആപ്പിന്റെ പ്രവര്‍ത്തനത്തിനു വേണ്ട സെര്‍വറും ഇന്ത്യയ്ക്കുള്ളില്‍ തന്നെയായിരിക്കും സ്ഥാപിക്കുക. ഇതിലെ വിവരങ്ങള്‍ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ക്ലൗഡിലായിരിക്കും സൂക്ഷിക്കുക. എന്‍ഐസിയുടെ കീഴിലുള്ള ഡേറ്റാ സെന്ററുകള്‍ സർക്കാരിനും അതിന്റെ കീഴിലുള്ള ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്കും മാത്രമായിരിക്കും ഉപയോഗിക്കാനാകുക.

 

ടെസ്റ്റിങ് ഇപ്പോള്‍ നടത്തുന്നത് എന്‍ഐസിയുടെ ഉദ്യോഗസ്ഥര്‍ക്കിടയിലാണ്. ഈ ഘട്ടത്തിനു ശേഷം ആപ് ചില കേന്ദ്ര സർക്കാർ ഡിപ്പാര്‍ട്ട്‌മെന്റുകളെ കൂടി ഉള്‍പ്പെടുത്തി ടെസ്റ്റിങ് നടത്തും. ഒഡീഷയുടെ ഫിനാന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലേയും നാവികസേനയിലെയും ഉദ്യോഗസ്ഥര്‍ ഈ ഘട്ടത്തില്‍ പങ്കാളികളാകും. ജിംസിന്റെ പോര്‍ട്ടലും ഒരുങ്ങുന്നുണ്ട്. ഇതും ഭരണനിര്‍വ്വഹണത്തിന് ഉപയോഗിക്കും. ഈ പ്ലാറ്റ്‌ഫോം കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ക്ക് പ്രയോജനപ്പെടുത്താം. ജിംസിന്റെ ഐഒഎസ് വേര്‍ഷന്‍ 2019 സെപ്റ്റംബര്‍ ആദ്യയാഴ്ചയാണ് പുറത്തിറക്കിയത്. ഐഒഎസ് 11 മുതല്‍ മുകളിലേക്കുള്ള ഒഎസ് ഉള്ള ഐഫോണുകളിലും ഐപാഡുകളിലുമാണ് ഇത് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കുക. ആന്‍ഡ്രോയിഡ് വേര്‍ഷന്‍ കിറ്റ്കാറ്റ് (ആന്‍ഡ്രോയിഡ് 4.4.4) മുതലുള്ള ഫോണുകളിലും മറ്റും പ്രവര്‍ത്തിക്കും.

 

ഒഡിഷയുടെ ഫിനാന്‍സ് ഡിപ്പാർട്ട്മെന്റ് ജിംസ് ആപ് തുടക്കഘട്ടത്തില്‍ ടെസ്റ്റു ചെയ്യാനുള്ള ഒരുക്കം നടത്തിത്തിക്കഴിഞ്ഞു. കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ ഉദ്യോഗസ്ഥരോട് ആപ് ഇൻസ്റ്റാള്‍ ചെയ്ത് ടെസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടാതായാണ് അറിയുന്നത്. എല്ലാ ഫൈനാന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ക്കുമായി ഐന്‍ഐസി ഒരു ഗ്രൂപ് സൃഷ്ടിച്ച്, ഗ്രൂപ് ഇന്ററാക്‌ഷന്റെ കാര്യക്ഷമത പരീക്ഷിക്കുന്നുണ്ടെന്നും പറയുന്നു.

 

ഫെയ്‌സ്ബുക്കിന്റെ കീഴിലുള്ള വാട്‌സാപ് ആയിരുന്നു ഒട്ടുമിക്ക സർക്കാർ ഉദ്യോഗസ്ഥരും ഉപയോഗിച്ചിരുന്ന മെസേജിങ് പ്ലാറ്റ്‌ഫോം. എന്നാല്‍, ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് തുടങ്ങിയ വകുപ്പകള്‍ക്ക് ടെലിഗ്രാം ആയിരുന്നു പ്രിയം. ടെലിഗ്രാമിന്റെ കേന്ദ്രം ലണ്ടന്‍ ആയിരുന്നു. എന്നാല്‍, അടുത്തകാലത്തായി കാലിഫോര്‍ണിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'സിഗ്നല്‍' ആപ്പിനോടും ചില വകുപ്പുകള്‍ ഇഷ്ടം കാണിച്ചിരുന്നു. സിഗ്നലും ഒരു ക്രോസ്-പ്ലാറ്റ്‌ഫോം എന്‍ക്രിപ്റ്റഡ് മെസേജിങ് സേവനമായിരുന്നു. 

 

വണ്‍-ടു-വണ്‍ മെസേജിങ്, ഗ്രൂപ് മെസേജിങ് തുടങ്ങിയവ ഉണ്ടെങ്കിലും രേഖകളും മീഡിയയും മറ്റും അയയ്ക്കുന്നതിന് നിബന്ധനകളും ഉണ്ടായിരിക്കും. ഇതാകട്ടെ സർക്കാരിലെ അധികാരശ്രേണി പരിഗണിച്ചായിരിക്കും. എന്നു പറഞ്ഞാല്‍ ഓരോ പദവിയിലുമുള്ള ഉദ്യോഗസ്ഥര്‍ക്കും സന്ദേശങ്ങള്‍ അയയ്ക്കാവുന്ന മറ്റുദ്യോഗസ്ഥരും അല്ലാത്തവരും ഉണ്ടായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com