ADVERTISEMENT

എല്ലാവരും തന്റെ ഉടമസ്ഥതയിലുള്ള ഫെയ്‌സ്ബുക്കിനെ 'ലൈക്' ചെയ്യണമെന്ന് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ആളായിരുന്നു കമ്പനിയുടെ മേധാവി മാര്‍ക് സക്കര്‍ബര്‍ഗ്. എന്നാല്‍, അദ്ദേഹം ഇപ്പോള്‍ പറയുന്നത് നിങ്ങള്‍ ലൈക് ചെയ്യുകയോ, ചെയ്യാതിരിക്കുകയോ ചെയ്യ്, എനിക്കതില്‍ വലിയ താത്പര്യമൊന്നുമില്ലെന്നാണ്.

 

അമേരിക്കയും യൂറോപ്യന്‍ യൂണിയനുമടക്കം പലരും ഫെയ്‌സ്ബുക്, ഗൂഗിള്‍ തുടങ്ങിയ കമ്പനികള്‍ക്കെതിരെ കടുത്ത നിലപാടുകള്‍ സ്വീകരിക്കാന്‍ ഒരുങ്ങുകയാണെന്നുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. താന്‍ ശക്തവും വിവാദപരവുമായ പല നിലപാടുകളും 2020ല്‍ എടുക്കാന്‍ പോകുകയാണെന്ന് സക്കര്‍ബര്‍ഗ് നേരത്തെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. തന്റെ നിലപാടുകള്‍ വെളിപ്പെടുത്താതിരുന്നത് അവ ആളുകളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെങ്കിലോ എന്നു കരുതിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 

അടുത്ത പതിറ്റാണ്ടില്‍ തന്റെ കമ്പനിക്കു വേണ്ടത് ലൈക്കുകളല്ല, മറിച്ച് ആളുകള്‍ തങ്ങളുടെ നിലപാടുകള്‍ മനസ്സിലാക്കുക എന്നതാണെന്നാണ് അദ്ദേഹം പറയുന്നത്. ആളുകളുടെ വിശ്വാസം നേടണമെങ്കില്‍ അവരുടെ നിലപാടുകള്‍ എന്താണെന്ന കാര്യത്തില്‍ വ്യക്തത വരണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പതിറ്റാണ്ടില്‍ ഫെയ്‌സ്ബുക്കിനും അതിന്റെ എക്‌സിക്യൂട്ടീവ് ടീമിനും ധാരളം ലൈക്കുകള്‍ കിട്ടുന്നുണ്ടോ, കമ്പനി നൂതനത്വം കൊണ്ടുവരുന്നതായി ആളുകള്‍ കരുതുന്നുണ്ടോ എന്നൊക്കെയറിയാന്‍ ധാരാളം പൈസ ഇറക്കിയിരുന്നു. അത്, വിഖ്യാതമായ 'ലൈക്' ചിഹ്നം സൃഷ്ടിച്ച കമ്പനിക്ക് ചേരുന്ന വിധത്തിലുള്ള ഒരു നീക്കമായിരുന്നു താനും. 

 

അവര്‍ ആളുകളുടെ താത്പര്യങ്ങള്‍ കാശാക്കുന്നതിലും വിജയിച്ചിരുന്നു. ഉപയോക്താക്കള്‍ ഫെയ്‌സ്ബുക്കിനെക്കുറിച്ച് എന്തു കരുതുന്നു, കമ്പനി ലോകത്തിന് എന്ത് ഗുണകരമായ മാറ്റമാണ് കൊണ്ടുവരുന്നത് എന്നതിനെക്കുറിച്ചൊക്കെ അഭിപ്രായസര്‍വേകളും നടത്തിയിരുന്നു. രാഷ്ട്രീയ കാര്യബോധമുള്ള പ്രസംഗം എഴുത്തുകാരെയും സക്കര്‍ബര്‍ഗ് ജോലിക്കെടുത്തിരുന്നു. കൂടാതെ, 2017ല്‍‌ രാജ്യതലവന്മാര്‍ ചെയ്യുന്ന രീതിയില്‍ ഫൊട്ടോഗ്രാഫര്‍മാരൊക്കെ അടങ്ങുന്ന സംഘവുമായി അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു.

 

എന്നാല്‍, ഇതൊന്നും തനിക്കു ഗുണം ചെയ്തില്ലെന്നും കഴിഞ്ഞ പതിറ്റാണ്ടിന്റെ അവസാന കാലഘട്ടത്തില്‍ രാഷ്ട്രീയക്കാര്‍ക്കും നിയമപാലകര്‍ക്കും മറ്റും യഥേഷ്ടം കൊട്ടാനുള്ള ചെണ്ടയായി മാറുകയാണ് താന്‍ ചെയ്തതെന്നും അദ്ദേഹം മനസ്സിലാക്കി. ഫെയ്‌സ്ബുക്കിനെതിരെ എല്ലാവശത്തു നിന്നും ഒരേസമയം വിമര്‍ശനമുയര്‍ന്നു. വ്യാജ വാര്‍ത്തയുടെ പ്രചാരണം, പോസ്റ്റുകള്‍ മോഡറേറ്റു ചെയ്യുന്നതിലെ പ്രശ്‌നം എന്നിങ്ങനെ എല്ലാ രീതിയിലും വിമര്‍ശനം വന്നുകൊണ്ടിരുന്നു. 

ഫെയ്‌സ്ബുക്കിന്റെ ബിസിനസ് മാതൃക അതിന്റെ ഉപയോക്താക്കളെ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒന്നാണെന്ന വിമര്‍ശനം പലരും ഏറ്റുപിടിച്ചു. ഇതു പേടിപ്പിക്കുന്ന തരത്തിലുള്ളതാണെന്ന് ചിലര്‍ വാദിച്ചു. അതേസമയം, വേറെ ചിലര്‍ പോസ്റ്റുകള്‍ എന്‍ക്രിപ്റ്റ് ചെയ്യുന്നതിനെതിരെ രംഗത്തുവന്നു. ഇതിലൂടെ ഇരപിടിയന്മാര്‍ക്കും മറ്റും യഥേഷ്ടം വിലസാവുന്ന പ്ലാറ്റ്‌ഫോമായി ഫെയ്‌സ്ബുക്ക് മാറുമെന്നാണ് വാദം.

 

എന്നാല്‍, താനിപ്പോള്‍ ചില നിലപാടുകള്‍ സ്വീകരിക്കാന്‍ പോകുകയാണ് എന്നാണ് സക്കര്‍ബര്‍ഗ് പറയുന്നത്. ചിലര്‍ക്ക് ഇഷ്ടപ്പെടും. ചിലര്‍ എതിര്‍ക്കും. താന്‍ എന്‍ക്രിപ്ഷന്‍ തീരുമാനവുമായി മുന്നോട്ടുപോകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ആളറിയാതെയുള്ള ചാറ്റുകള്‍ ചീത്ത ആളുകളെ സഹായിക്കലാണെന്ന ആരോപണം വകവയ്ക്കുന്നില്ല എന്നാണ് സക്കര്‍ബര്‍ഗ് പറയുന്നത്. ആളുകള്‍ ഫെയ്‌സ്ബുക്കില്‍ എന്തു ചെയ്യുന്നുവെന്നും മറ്റുമുള്ള കാര്യങ്ങള്‍ കമ്പനി അറിയുന്നതു കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

എന്നാല്‍, തങ്ങളുടെ പരസ്യ-കേന്ദ്രീകൃത ബിസിനസ് മോഡല്‍ നിലനിര്‍ത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇത് ഉപയോക്താക്കളുടെ ഡേറ്റയിലേക്ക് കടന്നുകയറുന്ന രീതിയിലുള്ള ഒന്നാണ്. എന്നാല്‍, അതിലൂടെ ഫെയ്‌സ്ബുക്കിന്റെ സേവനം എല്ലാവരിലേക്കും എത്തുമെന്ന് ഉറപ്പാക്കാമെന്നുംഅദ്ദേഹം പറയുന്നു. തന്റെ നിലപാടുകള്‍ക്ക് വലിയ സ്വീകാര്യത ലഭിക്കില്ലെന്നും എന്നാല്‍ സംശയലേശമന്യേ ചില തീരുമാനങ്ങള്‍ എടുക്കേണ്ടിയിരിക്കുന്നുവെന്നും ഈ വര്‍ഷം കൂടുതല്‍ കടുത്ത നിലപാടുകള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com