sections
MORE

ബിജെപിയുടെ വാട്സാപ് ക്യാംപയിനിൽ വിദ്യാർഥി പ്രക്ഷോഭകരെ പിടിച്ചിട്ടു, പിന്നെ സംഭവിച്ചതോ?

WhatsApp
SHARE

ഇന്ത്യയുടെ തലസ്ഥാനം രാഷ്ട്രീയ പോരുകളാൽ ഇളകിമറിയുകയാണ്. പൗരത്വ വിഷയത്തിൽ പ്രക്ഷോഭം നടക്കുന്നതിനിടെ തെരഞ്ഞെടുപ്പിലേക്കു നീങ്ങുകയുമാണ് ഡൽഹി എന്നതിനാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ നിരവധി വാട്‌സാപ് ഗ്രൂപ്പുകളാണ് പൊങ്ങിവന്നത്. പലരുടെയും ഫോണ്‍നമ്പറുകള്‍ അവരറിയാതെ ഇത്തരം ഗ്രൂപ്പുകളില്‍ ചേര്‍ക്കപ്പെടുന്നുവെന്ന വാര്‍ത്തയാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. ഭാരതീയ സംസ്‌കാരം (Bharatiya Sanskaar), എന്റെ ഇന്ത്യ മഹത്തരം (Mera Bharat Mahaan), ശരിയായ ദേശഭക്തന്‍ (Saccha Desh Bhakt Group), ഭാരത് ന്യൂസ് തുടങ്ങിയ പേരുകളിലും ഗ്രൂപ്പുകൾ തുടങ്ങിയിരുന്നു. ഇവയിലേക്ക് നിരവധി വിദ്യാർഥി പ്രക്ഷോഭകരെ ചേര്‍ക്കപ്പെട്ടു. ആ നിമിഷം തന്നെ അവർ ഗ്രൂപ്പിൽ നിന്ന് എക്സിറ്റാകുകയും ചെയ്തു.

ഇതില്‍ പ്രധാനപ്പെട്ട കാര്യമായി പറയുന്നത് ഇത്തരം പുതിയതായി തുടങ്ങിയ ഗ്രൂപ്പുകളില്‍ പലതും പൗരത്വ ബില്ലിനെ എതിര്‍ക്കുന്ന വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടു തുടങ്ങിയവയാണെന്നതാണ്. വിദ്യാര്‍ഥികള്‍ എത്തപ്പെട്ട വാട്‌സാപ് ഗ്രൂപ്പുകളില്‍ പ്രത്യക്ഷപ്പെടുന്ന മെസേജുകളിലേറെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ഹിന്ദു ദേശീയതയേയും സ്തുതിക്കുന്നതാണ്. പല നഗരങ്ങളിലും ബില്ലിനെതിരെ ഉയരുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത് യുവാക്കളാണ് എന്നതാണ് ഇവരെ ലക്ഷ്യമിടാന്‍ കാരണമെന്നാണ് കരുതുന്നത്.

പുതിയ വാടാസ്പ് ഗ്രൂപ്പുകളില്‍ 250 അംഗങ്ങളായിരിക്കും ഉണ്ടാകുക. അവയുടെ പൊതു സ്വഭാവം അവയില്‍ പോസ്റ്റു ചെയ്യപ്പെടുന്ന സവിശേഷ ദേശീയതയും മുഖ്യധാരാ മാധ്യമങ്ങള്‍ക്കെതിരെയുള്ള വിമര്‍ശനങ്ങളും കൊണ്ട് അനാവരണം ചെയ്യപ്പെടുന്നു. തങ്ങള്‍ ശരിക്കുള്ള വാര്‍ത്ത തരാം എന്നാണ് അവകാശവാദം. ഇത്തരം ഗ്രൂപ്പുകളില്‍ ചെന്നുപെടേണ്ടിവന്ന ചിലരെ ഇന്റര്‍വ്യൂ ചെയ്തിരുന്നു. മിക്കവരും പറഞ്ഞത് തങ്ങള്‍ക്ക് ലഭിച്ച ആദ്യ സന്ദേശം ഏകദേശം ഇങ്ങനെയാണെന്നാണ് – അഭിവാദനം! എന്തുണ്ട് വിശേഷം?  ടിവിയിലും പത്രത്തിലും കാണാത്ത കാര്യങ്ങള്‍ നമുക്കു ചര്‍ച്ച ചെയ്യാം. ഗ്രൂപ്പില്‍ ചേര്‍ന്നതിന് എല്ലാവര്‍ക്കും നന്ദി. ഇന്ത്യ വിജയിക്കട്ടെ.

ഇത്തരം ഗ്രൂപ്പുകളിലൊന്നില്‍ എത്തപ്പെട്ട വിദ്യാര്‍ഥി മറ്റൊരു കാര്യമാണ് പറഞ്ഞത്. അതില്‍ അശ്ലീലമായിരുന്നു ഉണ്ടായിരുന്നത്. പൗരത്വ ബില്ലിനെതിരെയുള്ള പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത് തങ്ങളുടെ വാദം പ്രചരിപ്പിക്കാനായി യുവ ഇന്ത്യക്കാര്‍ വാട്‌സാപ്പിനെയും ഫെയ്‌സ്ബുക്കിനെയും ഇന്‍സ്റ്റാഗ്രാമിനെയും പോലെയുള്ള സമൂഹമാധ്യമങ്ങളെ ആശ്രയിക്കുകയായിരുന്നു. പൗരത്വ ബില്ലിനെ അനുകൂലിക്കുന്നവര്‍ക്കു വേണ്ടിയും ഡിജിറ്റല്‍ യൂദ്ധക്കളത്തില്‍ ഗ്രൂപ്പുകള്‍ രൂപപ്പെട്ടു. ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റിയില്‍ അരങ്ങേറിയ അക്രമസംഭവങ്ങളെ തുടര്‍ന്ന് അതില്‍ തങ്ങള്‍ക്കു യാതൊരു പങ്കുമില്ലെന്നു പറയാനായി എബിവിപി മാറ്റങ്ങള്‍ വരുത്തിയ ചിത്രങ്ങളും മറ്റും പോസ്റ്റു ചെയ്തിരുന്നു.

കഴിഞ്ഞ ഒന്നു രണ്ടു മാസത്തിനിടെ തെറ്റായ വാര്‍ത്തകളും വ്യാജ പ്രചരണങ്ങളും വ്യാപകമാണെന്നാണ് വാര്‍ത്തകളുടെ നിജസ്ഥിതി പരിശോധിക്കുന്ന വെബ്‌സൈറ്റായ ആള്‍ട്ട്‌ന്യൂസിന്റെ സ്ഥാപകനായ പ്രതീക് സിന്‍ഹ പഞ്ഞത്. അത് പൗരത്വ ബില്ലിനെതിരെയുള്ള നീക്കം എത്ര നീണ്ടിരിക്കുന്നു എന്നതു സൂചിപ്പിക്കുന്നു. കൂടാതെ ഏറെ കാലത്തിനു ശേഷം ധാരാളം ചെറുപ്പക്കാരുടെ പിന്തുണ ലഭിച്ച ഒരു പ്രതിഷേധവും കൂടെയാണിതെന്നും കാണാം. പുതുതായി മുളച്ച വാട്‌സാപ് ഗ്രൂപ്പുകളെ നേരിട്ട് ബിജെപിയുമായി ബന്ധിപ്പിക്കാനുള്ള തെളിവുകള്‍ കുറവാണ്. എന്നാല്‍, അത്തരം ഗ്രൂപ്പുകളിലൊന്നില്‍ ചെന്നുപെട്ട സോനു യാദവ് എന്ന ബിബിഎ വിദ്യാര്‍ഥി അത്തരമൊരു സാധ്യത കണ്ടെത്തുകയുണ്ടായി. നോയിഡയിലെ അമിറ്റി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിയായ സോനു ചെന്നു പെട്ടത് 'നാമോ അഭിയാന്‍ 45' എന്നൊരു ഗ്രൂപ്പിലാണ്. സോനു ഗ്രൂപ്പ് മെമ്പര്‍മാരുടെ ഫോണ്‍ നമ്പറുകള്‍ ട്രൂകോളറിലിട്ട് പരിശോധിച്ചപ്പോള്‍ ഗ്രൂപ്പിന്റെ അഡിമിനുകളിലൊരാളുടെ പേര് അഭയ് വര്‍മ ബിജെപി (Abhay Verma Bjp) എന്നാണ് കണ്ടത്. ഇത് ബിജെപിയുടെ ഡൽഹി വൈസ് പ്രസിഡന്റിന്റെ പേരാണ്. തുടര്‍ന്ന് ഇതേപ്പറ്റിയുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ അഭയ് വിസമ്മതിച്ചു.

വ്യാജ വാര്‍ത്തയുടെ ഉറവിടം അറിയാനാകുന്നില്ല എന്നത് ഒരു പ്രശ്‌നമാണെന്ന് സിന്‍ഹ പറഞ്ഞു. പ്രത്യേകിച്ചും വാട്‌സാപ്പിലൂടെ പ്രചരിക്കുന്ന സന്ദേശങ്ങളുടെ ഉറവിടമറിയല്‍ ബുദ്ധിമുട്ടാണ്. ഇപ്പോള്‍ നമുക്ക് അറിയേണ്ടത് ആരാണ് ഇത്തരം വാര്‍ത്തകള്‍ പോസറ്റ് ചെയ്യുന്നതെന്നും അത്തരം ഗ്രൂപ്പുകള്‍ക്കു പിന്നിലാരാണ് എന്നുമാണെന്നും അദ്ദേഹം പറയുന്നു. യാദവ് ചേര്‍ക്കപ്പെട്ട വാട്‌സാപ് ഗ്രൂപ്പില്‍ ദീപിക പാദുക്കോണിനെതിരെയും പ്രതിഷേധം ഉണ്ടായിരുന്നു. നടിയുടെ ജെഎന്‍യു സന്ദര്‍ശനത്തിനു ശേഷമായിരുന്നു അത്.

വിദ്യാര്‍ഥികള്‍ മാത്രമല്ല ലക്ഷ്യം

എന്നാല്‍, വാട്‌സാപ് ഗ്രൂപ്പുകളും വ്യാജ പ്രചാരണങ്ങളുടെയും ഏക ലക്ഷ്യം പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ മാത്രമല്ല. ഡൽഹിയില്‍ ഐടി ജോലിക്കാരിയായ രാധികാ നാഗ്പാല്‍ ചെന്നു പെട്ട ഗ്രൂപ്പിന്റെ പേര് ഭാരത് മാതാ കീ ജയ് എന്നായിരുന്നു. ഗ്രൂപ്പിലുള്ള ആരെയും തനിക്കുപരിചയമില്ല എന്നാണ് രാധിക പറഞ്ഞത്. എന്നാല്‍, കോണ്‍ടാക്ട് ലിസ്റ്റില്‍ ഒരു മുസ്‌ലിം നാമധാരി പോലുമില്ല എന്നത് താന്‍ ശ്രദ്ധിച്ച കാര്യമാണെന്ന് രാധിക പറയുന്നു. ആരാണ് തന്നെ ഈ ഗ്രൂപ്പില്‍ പിടിച്ചിട്ടതെന്ന് ചിന്തിച്ചിരിക്കെ രാധികയ്ക്ക് ലഭിച്ച ഒരു സന്ദേശം ഇതായിരുന്നു – രോഗികള്‍ക്ക് ഡോക്ടറുടെ കയ്യക്ഷരം മനസ്സിലായില്ല എന്നു കരുതി ഡോക്ടര്‍ അതു വിശദീകരിക്കേണ്ട കാര്യമൊന്നുമില്ല- അതുകൊണ്ട് മോദിജി വിശദീകരിച്ചു നല്‍കേണ്ട കാര്യമൊന്നുമില്ല എന്നായിരുന്നു. മോദിജി, താങ്കള്‍, താങ്കള്‍ക്കിഷ്ടമുള്ള കാര്യങ്ങള്‍ ചെയ്‌തോളൂ.

'ഡൽഹി പൊലീസ് പവന്‍ സിങ്' എന്ന പേരില്‍ അറിയപ്പെടുന്ന യൂസര്‍ തനിക്ക് പൊലീസിലുള്ള ബന്ധം വെളിപ്പെടുത്തി. താന്‍ മാര്‍ച്ചില്‍ ഡൽഹി പൊലീസിന്റെ ഭാഗമാകുമെന്നാണ് അയാള്‍ പറഞ്ഞത്. ഡൽഹി പൊലീസില്‍ ആരൊക്കെ ചേരുന്നോ, അവരുടെ നമ്പറുകള്‍ ഇത്തരം ഗ്രൂപ്പുകളില്‍ ചേര്‍ക്കപ്പെടുന്നുവെന്നും സിങ് പറയുന്നു. പൊലീസ് ട്രെയ്‌നിങ് സെന്ററില്‍ എന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് നമ്പര്‍ എഴുതിയെടുത്തത് എന്നാണ് സിങ് പറയുന്നത്.

സ്വാധീനമുറപ്പിക്കലുകാര്‍

സൈബര്‍ പോരാളികള്‍ക്കിടയില്‍ യഥാര്‍ഥ ഉപയോഗക്താക്കളും ബോട്ടുകളും (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ഉണ്ടെന്നാണ് കരുതുന്നത്. രാഷ്ട്രീയ സന്ദേശം എത്തിക്കുക എന്നതാണ് ഇവയുടെ ലക്ഷ്യം. ഇത് ഇന്ത്യയില്‍ പുതിയ കാര്യമല്ല. 2014ലെ പൊതു തെരഞ്ഞെടുപ്പിനു ശേഷമാണ് ഇതിന്റെ പ്രഭാവം ശരിക്കും കണ്ടുതുടങ്ങുന്നതെന്ന് വാര്‍ത്തകള്‍ പറയുന്നു. ചില പ്രചരണങ്ങള്‍ മുഖ്യധാരാ മാധ്യമങ്ങളോ, എന്തിന് സർക്കാരോ ഏറ്റെടുക്കില്ല. അത് തങ്ങള്‍ക്ക് ചീത്തപ്പേരുണ്ടാക്കുമെന്ന കാരണത്താലാണെന്നും സുഖ്‌നിത് കൗര്‍ എന്ന വിദ്യാര്‍ഥി പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ 40,000 ലേറെ ഫോളോവര്‍മാരുള്ള സുഖ്‌നിത് പറയുന്നത് ഇത്തരം ഗ്രൂപ്പുകളിലൂടെയാണ് ആ പ്രചരണങ്ങള്‍ അഴിച്ചുവിടുന്നത് എന്നാണ്.

മറ്റൊരു പരിപാടി ഗ്രൂപ്പുകളിലേക്ക് നുഴഞ്ഞു കയറുക എന്നതാണ്. ജെഎന്‍യുവില്‍ നിന്ന് ഗ്രാജുവേഷന്‍ കഴിഞ്ഞ ഷ്രിമി ഗുപ്തയ്ക്ക് ഇത്തരം ട്രോളുകള്‍ ലഭിച്ചിരുന്നു. ഷ്രിമിക്ക് ഭാരത് പരിവാര്‍ എന്ന വാട്‌സാപ് ഗ്രൂപ്പില്‍ ചേരാനാണ് ക്ഷണം ലഭിച്ചത്. ഷ്രിമിയുടെ കൂട്ടുകാരി പ്രിയങ്ക ദാസിന് മേരാ ദില്‍ മേരി ജാന്‍ ഭാരത് എന്ന ഗ്രൂപ്പിലേക്കാണ് ക്ഷണം ലഭിച്ചത്. ഇരുവരും തങ്ങള്‍ക്ക് എന്തു സ്വീകരണമാണ് ലഭിക്കാന്‍ പോകുന്നത് എന്നതിനെക്കുറിച്ച് ബോധമുള്ളവരായിരുന്നു. പ്രചാരണ വേലയാണ് ഉദ്ദേശമെന്ന് നേരത്തെ തന്നെ അറിയാമായിരുന്നു. ഇത്തരം ഗ്രൂപ്പുകള്‍ സൃഷ്ടിക്കുന്നവരുടെ ലക്ഷ്യങ്ങളിലൊന്ന് പുതിയ മെമ്പര്‍മാരുടെ കയ്യില്‍ ഫോട്ടോകളും വിഡിയോയും ഉണ്ടെങ്കില്‍ അവ ഉപയോഗിക്കുക എന്നതുമാണ്. തനിക്ക് ക്ഷണം നല്‍കിയ ആളിനെ ബ്ലോക്ക് ചെയ്യുകയാണ് ചെയ്തതെന്ന് ഷ്രിമി പറയുന്നു.

മിക്ക സമൂഹ മാധ്യമങ്ങളും വിദേശ കമ്പനികളുടെ നിയന്ത്രണത്തിലായതിനാല്‍ ഇന്ത്യയുടെ സവിശേഷ സാഹചര്യം അവര്‍ക്കു മനസ്സിലാകുന്നില്ല എന്നും ഇത് ഇന്ത്യന്‍ ജനാധിപത്യത്തിന് വന്‍ ഭീഷണി സൃഷ്ടിച്ചേക്കാമെന്നും ആള്‍ട്ട്‌ന്യൂസ് സ്ഥാപകന്‍ ഭയപ്പെടുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA