sections
MORE

എല്ലാവരും ഫെയ്‌സ്ബുക് ഡിലീറ്റു ചെയ്യണമെന്ന് ഇലോണ്‍ മസ്‌ക്; സക്കര്‍ബര്‍ഗിനെതിരെ ബാരൻ കോഹനും

zuckerberg
SHARE

ടെസ്‌ല വാഹനക്കമ്പനിയുടെ ഉടമയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌കും ഫെയ്‌സ്ബുക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗും തമ്മില്‍ ഒരു സ്വരച്ചേര്‍ച്ചയുമില്ലെന്ന കാര്യം അത്ര രഹസ്യമൊന്നുമല്ല. ഇവര്‍ തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ ഇന്നും ഇന്നലെയും തുടങ്ങിയതുമല്ല. സക്കര്‍ബര്‍ഗിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെക്കുറിച്ചുള്ള അറിവ് 'പരിമിതമാണ്' എന്നു പറഞ്ഞ് 2017ല്‍ മസ്‌ക് ഒന്നു കളിയാക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതൊന്നുമല്ല മസ്‌ക് അടുത്തിടെ ഫെയ്‌സ്ബുക് ഡിലീറ്റു ചൈയ്യാന്‍ ആഹ്വാനം ചെയ്യാനുണ്ടായ കാരണം.

ഇപ്പോള്‍, മസ്‌ക് ഫെയ്‌സ്ബുക്കിനെ മുടന്തന്‍ (lame) എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഓസ്‌കാര്‍ അവര്‍ഡ് ജോതാവായ നടന്‍ എസ്. ബാരന്‍ കോഹന്‍ ഫെയ്‌സ്ബുക്കിനെ നിശിതമായി ആക്രമിച്ചതിനു പിന്നാലെയാണ് മസ്‌ക് തന്റെ ശരവും തൊടുത്തത്. കോഹന്‍ ചോദിക്കുന്നത്, 250 കോടി ആള്‍ക്കാര്‍ക്കുള്ള വെള്ളം ഒരാളാല്‍ നിയന്ത്രിക്കാന്‍ നമ്മള്‍ അനുവദിക്കില്ല. 250 കോടി ആളുകളുടെ വൈദ്യുതിയുടെ നിയന്ത്രണവും നമ്മള്‍ ഒരാളെ ഏല്‍പ്പിക്കില്ല. പിന്നെ എന്തിനാണ് നമ്മള്‍ ഒരാളെ 250 കോടി ആള്‍ക്കാരുടെ ഡേറ്റ പരിശോധിക്കാന്‍ അവനുവദിച്ചിരിക്കുന്നത്? ഫെയ്‌സ്ബുക്കിനെ സർക്കാരുകള്‍ നിയന്ത്രിക്കണം. അല്ലാതെ അതിനൊരു ചക്രവര്‍ത്തിയല്ല വേണ്ടത് എന്നാണ് കൊഹന്‍ പറഞ്ഞത്. ഇതേ തുടര്‍ന്നാണ് മസ്‌ക് തന്റെ ആഹ്വാനം നടത്തിയത്. 

ഇവരുടെ ട്വീറ്റുകള്‍ക്കു തൊട്ടു താഴെയായി റെനാറ്റാ കൊണ്‍കോളി എന്നൊരാള്‍ ഫെയ്‌സ്ബുക്കിനെക്കുറിച്ചു നേരത്തെ മുതല്‍ ഇന്ത്യയില്‍ പ്രചരിച്ചിരുന്ന ഒരു തമാശയും എടുത്തു ചേര്‍ത്തിട്ടുണ്ട്. ഇന്ത്യക്കാരനായ ഒരു ബാലന്‍ സക്കര്‍ബര്‍ഗിനോട് പറഞ്ഞത്, എന്റെ ഡാഡി പറയുന്നത് നിങ്ങള്‍ ഞങ്ങളുടെ കാര്യങ്ങളില്‍ ഒളിഞ്ഞു നോക്കിക്കൊണ്ടിരിക്കുകയാണ് എന്ന്. ഈ സാങ്കല്‍പ്പിക സാഹചര്യത്തില്‍ സക്കര്‍ബര്‍ഗ് നല്‍കുന്ന മറുപടി ഇതാണ്: അയാള്‍ നിന്റെ അച്ഛനല്ല. ഇത്തരം പല പ്രതികരണങ്ങളും ഈ ട്വീറ്റിനു താഴെയായി കാണാം.

മസ്‌കിന്റെ ഫെയ്‌സ്ബുക് വിരോധം പ്രശസ്തമാണ്. എന്നാല്‍, അദ്ദേഹം ട്വിറ്ററില്‍ 'നിർത്താതെ' എഴുതുന്നുമുണ്ട്. ബാരന്‍ കോഹന്റെ ആഗ്രഹം ഫെയ്‌സ്ബുക്കിനുമേല്‍ നിയന്ത്രണം വരണമെന്നാണ്. വ്യാജ വാര്‍ത്തയും അധിഷേപങ്ങളും യഥേഷ്ടം പ്രചരിപ്പിക്കാമെന്നതാണ് അദ്ദേഹത്തിന്റെ ആരോപണം. എന്നാല്‍, 2020ല്‍ ഏകദേശം 200 കോടി ഉപയോക്താക്കളുള്ള ഫെയസ്ബുക്കിന് ഈ വിമര്‍ശനങ്ങളൊന്നും പ്രശ്‌നമല്ല. അടുത്തിടെ കൊറോണാ വൈറസിനെക്കുറിച്ചും നിരവധി തെറ്റിധാരണാജനകവും ഭീതിജനകവുമായ പോസ്റ്റുകള്‍ ഫെയ്‌സ്ബുക്കിലൂടെ പരന്നിരുന്നുവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

എന്നാല്‍, ഫെയ്‌സ്ബുക് ഡിലീറ്റു ചെയ്യാന്‍ ആവശ്യപ്പെടുന്ന ആദ്യത്തെയാള്‍ മസ്‌ക് അല്ല. മുൻപ് 2018ല്‍, കേംബ്രിജ് അനലിറ്റിക്കാ വിവാദം പരന്നപ്പോള്‍ വാട്‌സാപ്പിന്റെ സഹസ്ഥാപകനായ ബ്രയാന്‍ ആക്ടണും ഇതേ ആവശ്യമുന്നയിച്ചിരുന്നു. ആപ്പിള്‍ കമ്പനിയുടെ സഹസ്ഥാപകനായ സ്റ്റീവ്വോസ്‌നിയാകും ആളുകള്‍ ഫെയ്‌സ്ബുക് ഉപേക്ഷിക്കണമെന്ന് 'റെക്കമെന്‍ഡ്' ചെയ്തിരുന്നു. പല തരം ആളുകളുണ്ട്. ചിലര്‍ക്ക് സ്വകാര്യത നഷ്ടപ്പെടുന്നതാണ് പ്രശ്‌നം. പക്ഷേ, തന്നെപ്പോലെയുള്ളവര്‍ ഫെയ്‌സ്ബുക് ഒഴിവാക്കാനൊരു വഴികണ്ടെത്തുകയാണ് വേണ്ടതെന്നാണ് അദ്ദേഹം പറഞ്ഞത്.

മസ്‌ക് തന്റെ ഫെയ്‌സ്ബുക് അക്കൗണ്ട് 2018ല്‍ ഡിലീറ്റു ചെയ്തിരുന്നു. താന്‍ ഫെയ്‌സ്ബുക് ഡിലീറ്റു ചെയ്യാന്‍ തീരുമാനിച്ചത് എന്തെങ്കിലും രാഷ്ട്രീയ കാരണത്താലോ, ആരെങ്കിലും തന്നെ നിര്‍ബന്ധിച്ചതിനാലോ അല്ല. എനിക്കത് ഫെയ്‌സ്ബുക് ഇഷ്ടമല്ല എന്നതു മാത്രമാണ് കാരണമെന്നാണ് മസ്‌ക് പറഞ്ഞത്. അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഇന്ത്യയും ഫെയ്‌സ്ബുക്കിന് ചില നിയന്ത്രണങ്ങള്‍ കൊണ്ടുവന്നേക്കും. ചൈനയില്‍ നിന്ന് ഫെയ്‌സ്ബുക് ഇപ്പോഴേ പുറത്താണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA